UPDATES

വിദേശം

“ഗ്രെറ്റ തൻബർഗ്: അവളിപ്പോഴും ഒരു കൗമാരക്കാരിയാണ്; ജനശ്രദ്ധ അവളെ ബാധിച്ചിട്ടില്ല”

അവളുടെ മറുപടികൾ നേരിട്ടുള്ളതും ആത്മാർത്ഥവുമായിരുന്നു. അവൾ മറ്റ് കാലാവസ്ഥാ പ്രവർത്തകരെപ്പോലെ അതിവിപ്ലവകാരിയല്ലെന്നതും ശ്രദ്ധിച്ചു.

വളരെ കുറച്ച് സമയത്തിനുള്ളിൽ ഗ്രെറ്റ തൻബർഗ് ഒരു ആഗോള ബിംബമായി പരിണമിച്ചു. ഇരുവശങ്ങളിൽ കൊമ്പു കെട്ടിയിട്ട അവളുടെ മുടിയും, സ്വന്തം കൈകള്‍ കൊണ്ട് skolstrejk för klimatet എന്നെഴുതി വെച്ച ബോര്‍ഡും, കൂർത്ത നോട്ടവുമായി അവൾ ലോകത്തെമ്പാടും തരംഗമായി മാറി. ഒരു വർഷം മുമ്പാണ് സ്കൂളിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും അവൾ സമരത്തിനിറങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഈ സ്വീഡിഷ് പെൺകുട്ടി നടത്തിയ സമരം ലോകം ഏറ്റെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോർക്കിൾ ഇവൾ നടത്തിയ പ്രസംഗം പതിനായിരങ്ങളാണ് കേട്ടത്. ആഗോള കാലാവസ്ഥാ സമരമായി ഇത് മാറി.

ഒരു യുവാവിന് അയാളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ആവശ്യമായ സ്വകാര്യത നഷ്ടപ്പെടുന്നത് കാണുന്നത് എപ്പോഴും നിർഭാഗ്യകരമായ കാര്യമാണ്. പക്ഷെ തൻബർഗ് ഒരു സങ്കീർണമായ വ്യക്തിത്വമാണ്. അവൾ അവളുടെ പ്രായത്തെക്കാൾ ചെറുതായാണ് തോന്നുക. അവളുടെ സംസാരം പക്ഷെ, അധികാരപരതയുള്ളതാണ്. ഒരു കുട്ടിയാണ് അവളെന്നത് പരിഗണിക്കുമ്പോൾ അത് അനാവശ്യമായതാണെന്ന് പറയണം. “നിങ്ങളെന്റെ സ്വപ്നങ്ങളും ബാല്യകാലവും മോഷ്ടിച്ചു. നിങ്ങൾക്ക് അതിനെങ്ങനെ ധൈര്യം വരുന്നു,” ഐക്യരാഷ്ട്രസഭയിലെ ലോകനേതാക്കളോട് അവൾ ചോദിച്ചു. പണവും അനന്തമായ സാമ്പത്തിക വളർച്ചയും വെറും കെട്ടുകഥകൾ മാത്രമാണെന്നും അവൾ പറഞ്ഞു. ഇത് പൊതുജനങ്ങളുടെ ബഹുമാനം പിടിച്ചുപറ്റാൻ അവളെ സഹായിച്ചു.

കഴിഞ്ഞയാഴ്ച എനിക്കവളെ നേരിട്ട് കാണാൻ കഴിഞ്ഞു. സന്തോഷകരമെന്നു പറയട്ടെ, അവളിപ്പോഴും ഒരു വ്യക്തിയാണ്. അതിനേക്കാളപ്പുറം അവളൊരു കൗമാരക്കാരിയാണ്.

ഞാൻ കരുതുന്നത്, യഥാർത്ഥത്തിൽ അവളുടെ കടുത്ത കൗമാരപരതയാണ് അവള്‍ക്ക് ഇത്രയേറെ സ്വാധീനം ചെലുത്താൻ ശേഷിയുണ്ടാക്കിയത്.

തൻബർഗും മറ്റുചില യുവ കാലാവസ്ഥാ പ്രവർത്തകരും ആംനസ്റ്റി ഇന്റർനാഷണൽ നൽകുന്ന അംബാസ്സഡർ ഓഫ് കോൺസയൻസ് അവാർ‌ഡ് സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ 17 വർഷത്തിനിടയിൽ ഈ അവാർഡ് ലഭിച്ചിട്ടുള്ള മറ്റുള്ളവരിൽ നെൽസൺ മണ്ഡേല, കോലിൻ കേപർനിക്ക്, ഐ വീവേയ് എന്നിവരുമുണ്ട്. ഒരു ജീൻസും സ്നീക്കേഴ്സും, പിങ്ക് ടാങ്ക് ടോപ്പും ധരിച്ച് തൻബർഗ് എത്തി. അവൾ ചെറിയ കുട്ടിയാണ്. നിശ്ശബ്ദയാണ്. ഉള്ളിൽ അങ്ങേയറ്റത്തെ ഊർജ്ജസ്ഫോടനമുള്ളതായി തോന്നി.

ഞങ്ങൾക്ക് സംസാരിക്കാൻ അൽപസമയം കിട്ടി. വലിയ ജനശ്രദ്ധ കിട്ടുന്നത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. “ആളുകൾക്കിടയിലാകുമ്പോൾ ഞാനെന്റെ മസ്തിഷ്കം അടച്ചുവെക്കുന്നു. കൂടുതൽ ക്ഷീണിതയാകാതിരിക്കാനാണ് ഞാൻ ശ്രദ്ധിക്കുന്നത്. കാരണം എല്ലാം ഉള്ളിലെടുക്കാൻ എനിക്കാകില്ല. ജനശ്രദ്ധയിൽ പെടുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഞാനത് ഇഷ്ടപ്പെടുന്നില്ല. ഈ ജനശ്രദ്ധ ഉപയോഗിച്ച് ഞാൻ ചിലത് പറയാനാഗ്രഹിക്കുന്നു. ഈ പ്ലാറ്റ്ഫോം നല്ല ചിലതിനായി ഉപയോഗിക്കാൻ ഞാനാഗ്രഹിക്കുന്നു,” അവൾ പറഞ്ഞു.

അവളുടെ മറുപടികൾ നേരിട്ടുള്ളതും ആത്മാർത്ഥവുമായിരുന്നു. അവൾ മറ്റ് കാലാവസ്ഥാ പ്രവർത്തകരെപ്പോലെ അതിവിപ്ലവകാരിയല്ലെന്നതും ശ്രദ്ധിച്ചു.

കൗമാരപ്രായക്കാർക്ക് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടി വിജയിക്കാൻ കഴിയുമോയെന്ന സന്ദേഹം ഞാനുന്നയിച്ചപ്പോൾ അവൾ പറഞ്ഞു: “അവർക്ക് എന്തും ചെയ്യാൻ കഴിയും. മാറ്റമുണ്ടാക്കാൻ ഒരുപാട് വഴികളുണ്ട്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍