UPDATES

ഓഫ് ബീറ്റ്

നാരീവിരുദ്ധ പരിസ്ഥിതി വാദം പൂക്കുന്ന ശബരിമല പൂങ്കാവനം

ശബരിമലയിലെ അവശേഷിച്ച കാടും മലയും പമ്പാ നദിയും ജൈവികതയും നന്മയും മഴയും കാറ്റും പൂവും കായും ഉണ്‍മയും ഐശ്വര്യവുമെല്ലാം സ്ത്രീസാമീപ്യമുണ്ടായാല്‍ നശിച്ച് നാറാണക്കല്ല് പിടിക്കും എന്ന തരത്തിലുള്ള ശക്തമായ പ്രചാരണമാണ് നടക്കുന്നത്.

ശബരിമലയില്‍ ഋതുമതികളായ വനിതകളെ പ്രവേശിക്കാന്‍ അനുവദിക്കണോ വേണ്ടയോ എന്നത് ഇന്ന് ഒരു പ്രധാന ചര്‍ച്ചയാണല്ലോ. ഈ വിഷയം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ സജീവ പരിഗണനയിലിരിക്കുന്ന സമയവുമാണ്. യുഡിഎഫ് ഭരണകാലത്ത് സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് കോടതിയില്‍ സത്യവാങ്മൂലം കൊടുത്തെങ്കിലും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ നേരെ തിരിച്ചാണ്. ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ അറുപിന്‍ന്തിരിപ്പന്‍ നിലപാടുകളുള്ള ആര്‍എസ്എസ് പോലും ശബരിമലയില്‍ സ്ത്രീജനങ്ങളെ പ്രവേശിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചത് അടുത്തകാലത്ത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതേസമയം തന്നെ സുഗതകുമാരി ടീച്ചറെപ്പോലുള്ളവര്‍ സ്ത്രീപ്രവേശനത്തോടുള്ള കടുത്ത എതിര്‍പ്പ് തുടരുകയും ചെയ്യുന്നുണ്ട്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ 400 വര്‍ഷം പഴക്കമുള്ള സ്ത്രീവിരോധം അവസാനിപ്പിച്ചത് ശബരിമല വിഷയത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കും എന്ന് കരുതാം. തൃപ്തി ദേശായിയുടെ നേത്യത്വത്തില്‍ നടന്ന സമരവും, സുനിത പാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും, സിനിയര്‍ അഡ്വക്കേറ്റ് നീലിമയും സാമൂഹ്യ പ്രവര്‍ത്തക വിദ്യ ബാലും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയുമാണ് ശനി ശിഗ്നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് വഴിതെളിച്ചത്.

ശബരിമലയുടെ കാര്യത്തില്‍ ഇന്ത്യന്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദ-പ്രതിവാദം നടക്കുകയാണ്. ശബരിമലയില്‍ സ്ത്രീകളെ അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്താന്‍ പരിഷ്കൃതമെന്ന് സ്വയം ഊറ്റം കൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാട് നിരത്തുന്ന ന്യായങ്ങള്‍ ഇവയാണ്: അത് ആചാരത്തിന്റേതാണ്, പാരിസ്ഥിതികമാണ്, ആര്‍ത്തവത്തിന്റേതാണ്, ബ്രഹ്മചര്യത്തിന്റേതാണ്, സ്ത്രീസുരക്ഷയുടേതാണ്, കായികക്ഷമതയുടേതാണ്, സുഗതകുമാരി ടീച്ചറുടെ ഭാഷയില്‍ മര്യാദയുടേതാണ്. അതോ യഥാര്‍ത്ഥത്തില്‍ പുരുഷകേന്ദ്രീകൃത ആചാരാനുഷ്ഠാന മൂല്യബോധത്തിന്റേതാണോ, എന്നുവച്ചാല്‍ അതൊരു പുരുഷപ്രശ്നമാണോ?

ആചാരത്തിന്റെ സ്ത്രീവിരുദ്ധത

ഒരുകാലത്ത് ആചാരങ്ങളും വിശ്വാസങ്ങളുമായി കൊണ്ടാടപ്പെട്ടവയാണ് പിന്നീട് ദുരാചാരങ്ങളും അനാചാരങ്ങളുമായി തീർന്നതെന്നത് ചരിത്രം. വൈക്കം, ഗുരുവായൂർ ക്ഷേത്രങ്ങളില്‍ ഒരുകാലത്ത് ജാതിയിൽ താഴ്ന്നവരെ അകറ്റിനിർത്തിയിരുന്നത് ആ കാലത്തെ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടുതന്നെയായിരുന്നു. കീഴാളര്‍ പ്രവേശിച്ചാല്‍ ദൈവങ്ങള്‍ അശുദ്ധമാക്കപ്പെടുകയും തത്ഫലമായി ദൈവകോപത്താല്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്നതായിരുന്നു വിശ്വാസവും, അതിനനുസരിച്ചായിരുന്നു അന്നത്തെ ആചാരവും. ഈ വിശ്വാസങ്ങളും ആചാരങ്ങളും സവര്‍ണ്ണാധിപത്യത്തിന്റെ ജാത്യടിസ്ഥാനത്തിലുള്ള മനുഷ്യവിരുദ്ധ ഉള്ളടക്കത്തിന്റെ സാമൂഹിക ക്രമമായിരുന്നതുകൊണ്ടാണ് പിന്നീട് അവ അനാചാരങ്ങളായിത്തീര്‍ന്നത്. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾ നടക്കുമ്പോൾ വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരിൽ സവർണ്ണാധികാരകേന്ദ്രങ്ങൾ അക്രമങ്ങള്‍ അഴിച്ചുവിട്ടതും അതുകൊണ്ടാണ്. പക്ഷേ സത്യാഗ്രഹങ്ങൾ വിജയിക്കുകയും ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കുകയും ചെയ്തതിനുശേഷം അന്നത്തെ വിശ്വാസവും ആചാരവും ദുരാചാരങ്ങളായി പരിണമിച്ചതും കോരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. കീഴാളജാതിക്കാര്‍ പ്രവേശിച്ചതിനാല്‍ യാതൊരുവിധ ദൈവ കോപമോ ദുരന്തമൊ ഒന്നും ഉണ്ടായതായി കേരള ചരിത്രത്തില്‍ പിന്നീട് കേട്ടിട്ടുമില്ല. അപ്പോള്‍ ആചാരങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നും തിരുത്തുന്നതിന് വേണ്ടിയുള്ളതാണെന്നും ഇതില്‍ നിന്നും മനസിലാക്കാം. പക്ഷെ വൈക്കത്തും ഗുരുവായൂരും ജാതിയായിരുന്നു പ്രശ്നമെങ്കില്‍ ശബരിമലയില്‍ ലിംഗമാണ് എന്നതാണ് ഇതിലെ കാതലായ വ്യത്യാസം. ജാതി-മത മൂല്യബോധത്തിനും അപ്പുറത്താണ് ലിംഗ കേന്ദ്രീക്യത മൂല്യബോധത്തെ കുടിയിരുത്തിയിട്ടുള്ളത്. ശബരിമല വിഷയത്തില്‍ യുവതികളുടെ ലിംഗ നീതി/തുല്ല്യത മാനിക്കപ്പെടാത്തത് പുരുഷാധിപത്യകേന്ദ്രിത മൂല്യബോധത്തിന്റെ പ്രശ്നമെന്നതിനാലാണ്. ജാതി-മത ഭേദമന്യേ ഈ പുരുഷകേന്ദ്രിത ബോധത്തിനാണ് കേരളീയ സമൂഹത്തില്‍ ആധിപത്യമെന്നതാണ് ശബരിമലയില്‍ നിന്നും സ്ത്രീക്ക് മാറിനില്‍ക്കേണ്ടിവരുന്നതും അവിടുത്തെ ആചാരം സ്ത്രീവിരുദ്ധമായതും. അതുകൊണ്ട് ശബരിമലയിലെ സ്ത്രീ, സാമുഹ്യ-പ്രക്യതി വിരുദ്ധ ആചാരം തിരുത്തേണ്ടിവന്നാല്‍ പിന്നോട്ടടിക്കപ്പെടുന്നത് ആചാര-അനുഷ്ടാനങ്ങളുടെ പുരുഷാധിപത്യ മേല്‍ക്കോയ്മയായിരിക്കും എന്നതിലാണ് ഇതൊരു പുരുഷപ്രശ്നമാകുന്നത്.

നാരീവിരുദ്ധ പരിസ്ഥിതി വാദം

“അത്യനർഘമായി കാത്തുസൂക്ഷിക്കേണ്ട ആ വനഭൂമികൾ ഇപ്പോൾതന്നെ കോടികണക്കിന് പാദങ്ങളുടെ ചവിട്ടിതേക്കലും മാലിന്യവിസർജനവും വാഹനങ്ങളുടെ പുകയും വെടിക്കെട്ടും തിക്കുംതിരക്കുംകൊണ്ട് ശ്വാസംമുട്ടി ക്ഷയിക്കുകയാണ്. ഇങ്ങനെയല്ല ഒരു പുണ്യഭൂമിയെ പരിപാലിക്കേണ്ടത്. പമ്പയെ ഇപ്പോൾത്തന്നെ വിസർജ്യങ്ങളുടെ ഒരു പെരും ഓടയാക്കി തീർത്തുകഴിഞ്ഞു. ഇനി ലക്ഷക്കണക്കിന് സ്ത്രീകളും വന്ന് മുങ്ങാൻ തുടങ്ങിയാൽ പമ്പയും തലതല്ലിക്കരഞ്ഞ് സരസ്വതീനദിയെപ്പോലെ അദൃശ്യയായിത്തീരുകയില്ലേ? ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ഒരു വൻ സുനാമിയെത്തന്നെ സൃഷ്‌ട്ടിച്ചേക്കും” -ഇത് സുഗതകുമാരി ടീച്ചറുടെ മാതൃഭൂമി പത്രത്തിലെ (11/2/2016) ലേഖനത്തിൽ നിന്നെടുത്ത വരികളാണ്. സ്ത്രീകള്‍ സൃഷ്‌ടിക്കുന്ന സുനാമിയില്‍ ഒലിച്ച് പോകുന്നത് ശബരിമലയല്ല, പുരുഷകേന്ദ്രിത മൂല്യബോധത്തിന്റെ സാമൂഹ്യവ്യവസ്ഥയാണ്.

ശബരിമലയിലെ അവശേഷിച്ച കാടും മലയും പമ്പാ നദിയും ജൈവികതയും നന്മയും മഴയും കാറ്റും പൂവും കായും ഉണ്‍മയും ഐശ്വര്യവുമെല്ലാം സ്ത്രീസാമീപ്യമുണ്ടായാല്‍ നശിച്ച് നാറാണക്കല്ല് പിടിക്കും എന്ന തരത്തിലുള്ള ശക്തമായ പ്രചാരണമാണ് നടക്കുന്നത്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പുരുഷാധിപത്യ മൂല്യബോധത്തിന്റെ സാമൂഹ്യ വ്യവസ്ഥയെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ഭരണകൂടവും അതിന്റെ വക്താക്കളും ഏതറ്റം വരെയും പോകും എന്നതാണ് ചരിത്രം. കേരളത്തിലെ പുരുഷന്മാര്‍ യഥേഷ്ടം കയറിയിറങ്ങിയപ്പോഴും, പിന്നീട് തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലേയും ആന്ധ്രാപ്രദേശിലേയും പുരുഷന്മാര്‍ ശബരിമലയിലേക്ക് ഒഴുകിയപ്പോഴും പരിസ്ഥിതി നാശത്തിന്റെ പേരില്‍ ഒരു നിയന്ത്രണവും ഉണ്ടായിട്ടില്ല, എന്നതുമാത്രമല്ല മണ്ഡല മഹോല്‍സവത്തെ അന്തര്‍ദേശീയ തീര്‍ത്ഥാടന കോന്ദ്രമാക്കാന്‍ നാനാദിക്കില്‍നിന്നും പുരുഷ ശരണം വിളികള്‍ ഉയര്‍ന്നുകൊണ്ടുമിരുന്നു. ദേശീയ-അന്തര്‍ദേശീയ പുരുഷലോകമൊട്ടുക്കും വന്നാലും തകരാത്ത പരിസ്ഥിതി സ്ത്രീ കയറിയാല്‍ തകരും എന്ന യുക്തി എന്തായാലും മനുഷ്യത്വത്തിന്റേതല്ല; ദൈവത്തിന്റേതും.

ശബരിമല വികസനവും ശബരി റെയിലുമൊന്നും ഇക്കൂട്ടര്‍ക്ക് പരിസ്ഥിതി പ്രശ്നമായി തോന്നാറുമില്ല എന്നത് രസകരമാണ്. ഇതിനുവേണ്ടി മുറിക്കേണ്ടുന്ന ലക്ഷക്കണക്കിന് മരങ്ങളും, ഇടിച്ച് നിരപ്പാക്കേണ്ടുന്ന മലകളും, റയില്‍വേ സ്റ്റേഷനു വേണ്ടിയും പാലങ്ങള്‍ക്കു വേണ്ടിയും ഉയരാന്‍പോകുന്ന കോണ്‍ക്രീറ്റ് കാടുകളുമൊന്നും പരിസ്ഥിതിക്ക് പ്രശ്നമാവില്ല; ശബരിമല സ്ത്രീ നിഷിദ്ധമായിരിക്കുന്നിടത്തോളം കാലം. ഇവരുടെ പരിസ്ഥിതിവാദത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തരെ വഞ്ചിക്കുന്ന മകരജ്യോതിയെങ്കിലും ഒഴിവാക്കാന്‍ (അത് കത്തിക്കുന്നതാണ് എന്ന് ദേവസം ബോര്‍ഡ് സമ്മതിച്ച സാഹചര്യത്തില്‍) ആവശ്യപ്പെടുമായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവും ലിംഗനീതിയും ചര്‍ച്ചാവിഷയമാകുമ്പോള്‍ മാത്രം ഉയര്‍ന്നുവരുന്ന ഈ പരിസ്ഥിതി പ്രേമം എന്തായാലും വിദ്യാഭ്യാസ-നവോത്ഥാന മൂല്യങ്ങള്‍കൊണ്ട് പുകള്‍പെറ്റ കേരളീയപാരമ്പര്യത്തിന് യോജിച്ചതല്ല. സ്ത്രീയെ പ്രകൃതിയും ഭൂമീദേവിയുമാക്കി ചൂഷണം ചെയ്യുകയും അതേസമയം അവളെ പരിസ്ഥിതിനാശത്തിന്റെ വക്താവായി മുദ്രകുത്തുകയും ചെയ്യുന്ന പുരുഷബുദ്ധി അപാരമാണ്. “നാരികള്‍ നാരികള്‍! വിശ്വവിപത്തിന്റെ നാരായവേരുകള്‍, നാരകീയാഗ്നികള്‍!” എന്ന ചങ്ങമ്പുഴയുടെ വരികള്‍ ഉദ്ധരിച്ച് ഈ കപട പരിസ്ഥിതിവാദികള്‍ ആഗോള പാരിസ്ഥിതിക പ്രശ്നത്തെ അഭിസംബോധന ചെയ്യുമോ എന്നേ ഇനി അറിയേണ്ടതുള്ളു.

ആര്‍ത്തവത്തിന്റെ അശുദ്ധി-രാഷ്ട്രീയം

ശബരിമല സന്നിധാനത്തേക്കുള്ള പ്രവേശനം ദേഹശുദ്ധിയുടെ അടിസ്ഥാനത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത്. ദേഹശുദ്ധിയുടെ മാനദണ്ഡം ആരാണ് തീരുമാനിച്ചത്? സ്ത്രീയുടെ ആര്‍ത്തവം അശുദ്ധിയുടെതെന്ന് തീരുമാനിച്ചത് എന്ത് തെളിവിന്റെ പിന്‍ബലത്തിലാണ്? സ്ത്രീപ്രവേശിച്ചാല്‍ സന്നിധാനം അശുദ്ധമാക്കപ്പെടുമെന്നും ചൈതന്യം നഷ്ടപ്പെടുമെന്നും ദേവപ്രശ്നം നടത്തി തന്ത്രി കുടുംബത്തിലെ പുരുഷന്‍മാര്‍ തിരുമാനിച്ചിരിക്കുന്നു. അതുകൊണ്ടാണ് പത്തുവയസുകാരി സന്നിധാനത്തെത്തിയതിനെതുടര്‍ന്ന് ശുദ്ധികലശം നടത്തി സമൂഹത്തെയാകെ അപമാനിച്ചത്, അയ്യപ്പനെയും. ആര്‍ത്തവത്തിന് പ്രായപരിധിയുണ്ടോ? ആര്‍ത്തവത്തെ എങ്ങിനെയാണ് അശുദ്ധമാക്കിത്തീര്‍ത്തത്? പുതിയതായി പിറക്കേണ്ടുന്ന ഒരു ജീവന്റെ നേര്‍പകുതിയല്ലെ ഈ പുറത്തേക്ക് ഒഴുകുന്നത്. ബാക്കി പകുതിയായ പുരുഷന്റെ ദിവസമുറയെ കാത്തിരുന്ന് കണ്ണ് കഴച്ചപ്പോള്‍, തന്റെ മറുപാതിയെ കിട്ടാതെ തല്‍ക്കാലം വിടവാങ്ങുന്ന ഒന്നോ അതിലധികമോ ജീവന് നിദാനമാകേണ്ടത് എങ്ങനെയാണ് അശുദ്ധമാകുക. ഏറ്റവും ശുദ്ധമായതിനല്ലേ ഒരു ജന്മം നല്‍കേണ്ടതിന്റെ നേര്‍പകുതിയാവാന്‍ സാധിക്കുകയുള്ളു. എന്തുകൊണ്ട് വിശ്വാസ-ആചാര കാര്യങ്ങളില്‍ മല-മൂത്രവിസര്‍ജനവും ശുക്ലവും ശുദ്ധി-അശുദ്ധി സങ്കല്‍പ്പത്തിനുള്ളില്‍ വരുന്നില്ല? അല്ലെങ്കില്‍ ആര്‍ത്തവം മാത്രം എന്തുകൊണ്ട് വരുന്നു?

പുരുഷനെ ദോഷകരമായി ബാധിക്കുന്നതൊന്നും പുരുഷാധിപത്യ ബോധം നിര്‍മ്മിക്കുന്ന സാമൂഹ്യ-വ്യവസ്ഥയില്‍ ഉള്‍പ്പെടില്ലെന്നത് സ്വഭാവികം. ആര്‍ത്തവമൊരിക്കലും പുരുഷനെ തേടിവരില്ലല്ലോ, അതുകൊണ്ട് സ്ത്രീകളെ രണ്ടാം ലിംഗമാക്കി പ്രതിഷ്ഠിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന ഒന്നാന്തരം ആയുധമാണ് ആര്‍ത്തവമെന്ന അറിവ് പുരുഷസമൂഹം തന്ത്രപരമായി നിര്‍മ്മിച്ചെടുത്തു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ വീട്ടുവേല ചെയ്യാന്‍ ഓരോ വീട്ടിലും ഒരുപാട് സ്ത്രീകളുണ്ടായിരുന്നതുകൊണ്ട്, മെന്‍സസാവുന്ന സ്ത്രീയെ പടിക്ക് പുറത്താക്കിയിരുന്നു. പ്രധാനവീട്ടില്‍ നിന്നും അവരെ പുറത്താക്കുകയും മാസക്കുളിക്ക് ശേഷം തിരിച്ച് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെയും ഉന്നയിച്ചിരുന്ന അശുദ്ധിപ്രശ്നത്തിന്റെ ആചാരം അണുകുടുംബത്തില്‍ എത്തിയപ്പോള്‍ പുരുഷന് ഉപേക്ഷിക്കേണ്ടിവന്നു. എന്തുകോണ്ടെന്നാല്‍, അണുകുടുംബത്തില്‍ ശമ്പളമില്ലാത്ത വീട്ടുജോലി ചെയ്യാന്‍ പകരക്കാരില്ലെന്ന പ്രധിസന്ധിയെ മറികടക്കാന്‍ മറ്റു വഴികളില്ല എന്നതുതന്നെ. അപ്പോള്‍ സാമൂഹ്യസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ആണ്‍ജീവിതങ്ങള്‍ക്ക് അനുകൂലമായി മാത്രം നിര്‍മ്മിച്ചെടുക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള അശുദ്ധിയുടെ ആചാരമെന്ന് സാരം.

നെയ്യും, ശര്‍ക്കരയും, അവിലും, മലരും, പൂവും ഉണ്ടാക്കുന്നതിന്റെ അദ്ധ്വാനശക്തിയില്‍ ഗണ്യമായ പങ്ക് വഹിക്കുന്നത് ആര്‍ത്തവമുള്ള സ്ത്രീകളാണ്. ഇത് കൊണ്ടുപോയി സന്നിധാനത്ത് അഭിഷേകം ചെയ്യുമ്പോളും പൂജിക്കുമ്പോളും ഇല്ലാത്ത അശുദ്ധി ശബരിമലയിലെ സ്ത്രീസാമിപ്യവും, അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിലെ വനിതാ യാത്രക്കാരും വനിതാ കണ്‍ട്രക്ടറും ഉണ്ടാക്കും എന്നുപറയുന്നതിലെ ഉദ്ദേശ്യം മനസിലാക്കാന്‍ ഗവേഷണബുദ്ധിയൊന്നും ആവശ്യമില്ല. കുടിയാന്മാരായ കീഴാളരുടെ അദ്ധാനഫലം പത്തായത്തില്‍ നിറയ്ക്കുന്നതിനും ആഹാരമാക്കുന്നതിലും ഇല്ലാത്ത അയിത്തം അവര്‍ ദൃഷ്‌ടിയില്‍പ്പെട്ടാല്‍ ഉണ്ടായിരുന്ന ജന്മിത്വ കാലത്തെ ആചാരത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ലിത്. അതുകൊണ്ട് സ്ത്രീകളുടെ തികച്ചും ജീവശാസ്ത്രപരമായ ഒരു സാധാരണകാര്യത്തെ മാസമുറയുടെ തിരക്കഥയുണ്ടാക്കി അവരെ രണ്ടാംതരമാക്കി തുല്യനീതി നിഷേധിക്കാനുള്ള ഒരു പദ്ധതിയാണിതെന്ന് കാണാം. തേനിച്ചയുടെ ചർദ്ദിയായ തേന്‍ നിവേദിച്ച്, പഞ്ചാമൃതമായി സേവിക്കുമ്പോള്‍ ഉണ്ടാവാത്ത അശുദ്ധിപ്രശ്നം മനുഷ്യസ്ത്രീയുടെ സാമിപ്യത്തിന് കല്‍പ്പിച്ചുനല്‍കുന്നതിലുള്ളത് പുരുഷ-സവര്‍ണ്ണമേല്‍ക്കോയ്മയുടെ ലിംഗവിവേചനത്തിന്റെ രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല.

EXPLAINER: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമോ? സുപ്രീം കോടതിയില്‍ നടക്കുന്നതെന്ത്?

അയ്യപ്പന്റെ/ഭക്തരുടെ ബ്രഹ്മചര്യം

“മനസാ കര്‍മ്മണാ വാചാ
സര്‍വാവസ്ഥാസു സര്‍വ്വഥാ
സര്‍വ്വത്ര മൈഥുനത്യാഗം
ബ്രഹ്മചര്യമുദച്യതേ” –

മനസ്സുകൊണ്ടും കര്‍മ്മംകൊണ്ടും വാക്കുകൊണ്ടും എല്ലാ അവസ്ഥകളിലും എല്ലായ‌്പ്പോഴും പൂര്‍ണ്ണമായി കാമത്തില്‍ നിന്നുള്ള (ഇണചേരല്‍) വിട്ടുനില്‍ക്കല്‍ ആണ് ബ്രഹ്മചര്യം എന്നര്‍ത്ഥം. ലൈംഗിക സുഖങ്ങളുടെ ത്യജിക്കലാണ് ബ്രഹ്മചര്യത്തിന്റെ പൊരുള്‍. ബ്രഹ്മചാരി എന്നത് ആകാശത്ത് നില്‍ക്കുന്ന ഒന്നല്ല, സ്ത്രീ-പുരുഷന്‍മാര്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിലാണ് ബ്രഹ്മചാരിയും നിലനില്‍ക്കുന്നത്. എതിര്‍ലിംഗാനുരാഗിയായ പുരുഷനെ സംബന്ധിച്ച് സ്ത്രീയുള്ളതുകോണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണ് ബ്രഹ്മചര്യത്വമെന്നത്. സ്ത്രീയില്ലെങ്കില്‍ സ്ത്രീസങ്കല്‍പ്പവുമില്ലാ സര്‍വ്വത്ര മൈഥുനത്യാഗവുമില്ല. സ്ത്രീകളുടെ സാമീപ്യത്തില്‍തന്നെ പൂര്‍ണ്ണമായി കാമവിമുക്തനാവാന്‍ കഴിയണം, അല്ലാത്തവര്‍ ഒളിച്ചോടിയിട്ടും കാര്യമില്ല. സുന്ദരികളായ സ്ത്രീകളെ കാണുന്നതുവരെ മാത്രം ആയുസുള്ള ഒന്നാണോ ആണ്‍-ബ്രഹ്മചര്യം. അതല്ലെങ്കില്‍ പെണ്‍സാമിപ്യമുണ്ടായാല്‍ നിയന്ത്രണം പോകുന്നതാണോ? ഒരു മനുഷ്യനായ ബ്രഹ്മചാരി അത്തരത്തിലല്ലാ എന്നാണ് ഭാരതീയ ദാര്‍ശനിക പാരമ്പര്യം പറഞ്ഞുതരുന്നത്. അപ്പോള്‍പ്പിന്നെ നിത്യബ്രഹ്മചാരിയായ അയ്യപ്പന്റെയും, കഠിനവ്രതാനുഷ്ഠനായ അയ്യപ്പഭക്തരുടെയും ബ്രഹ്മചര്യം എത്രകണ്ട് ശക്തമായിരിക്കണം. പെണ്ണിനെക്കണ്ടാല്‍ കൈവിട്ടുപോകുമെങ്കില്‍ അത്തരക്കാര്‍ കപടബ്രഹ്മചാരികളാണ് എന്ന് പറയേണ്ടിവരും. ശബരിമല അയ്യപ്പനെയും അയ്യപ്പഭക്തരേയും ആരെങ്കിലും കപടബ്രഹ്മചാരിയായി കാണാന്‍ ആഗ്രഹിക്കുമോ? എന്നാല്‍ ശബരിമലയില്‍ ബ്രഹ്മചര്യത്തെ മുന്‍നിര്‍ത്തി സ്ത്രീപ്രവേശനം നിഷേധിക്കുന്നവര്‍ അറിഞ്ഞോ അറിയാതേയോ പറഞ്ഞുവക്കുന്നത് അയ്യപ്പന്‍/അയ്യപ്പഭക്തന്‍ കപടബ്രഹ്മചാരിയാണെന്നാണ്. നേരേമറിച്ച്, സ്ത്രീസാമീപ്യമുണ്ടായാല്‍ ബ്രഹ്മചാരിക്ക് അപകടമുണ്ടാവാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കയായിരിക്കുമോ ഇക്കൂട്ടരുടെത്? അങ്ങനെയെങ്കില്‍ അതൊരു ദൈവമാകുമോ, യഥാര്‍ത്ഥ ഭക്തരാകുമോ?

മാത്രവുമല്ല, എതിര്‍ലിംഗാനുരാഗികളെ മാത്രം കണക്കിലെടുത്താണ് ഈ വിഷയത്തില്‍ സ്ത്രീകളെ തടഞ്ഞുനിര്‍ത്തുന്നത്. എന്നാല്‍ പുരുഷ-സ്വവര്‍ഗ്ഗാനുരാഗിയുടെ ബ്രഹ്മചര്യം സ്ത്രീകളെ ആശ്രയിച്ചല്ലല്ലോ നിലനില്‍ക്കുന്നത്. ഒരു പുരുഷ-സ്വവര്‍ഗ്ഗാനുരാഗിക്ക് കാമവികാരം മറ്റ് പുരുഷന്‍മാരിലായിരിക്കുമല്ലോ. അപ്പോള്‍ ബ്രഹ്മചര്യത്വ വിഷയത്തില്‍ സ്ത്രീകളോടെടുത്തിട്ടുള്ള അതേ യുക്തിതന്നെ, ഒരു പുരുഷ-സ്വവര്‍ഗ്ഗാനുരാഗി അയ്യപ്പഭക്തനായി മലചവിട്ടിയാല്‍ പുരുഷഭക്തരോടും സ്വീകരിക്കേണ്ടിവരുമല്ലോ. സ്വവര്‍ഗ്ഗാനുരാഗത്തിന്റെ അസ്തിത്വം അംഗീകരിക്കപ്പെടാത്ത/ചര്‍ച്ചചെയ്യപ്പെടാത്ത കാലത്തെ പുരുഷബോധം നിര്‍മ്മിച്ച ബ്രഹ്മചര്യക്കഥയില്‍ പുതിയകാലഘട്ടം കൊണ്ടുവന്ന പ്രതിസന്ധിയാണിത്. എന്തായാലും വിശ്വസിയായ ജനസാമാന്യം ശബരിമല അയ്യപ്പന്‍/ഭക്തന്‍ അത്രക്ക് ദുര്‍ബലനാണെന്ന് കരുതുന്നുണ്ടാവില്ല. വിശ്വാമിത്രന്റെ തപസ്സിളക്കിയതുപോലെ ഈ 21-ാം നൂറ്റാണ്ടില്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പന്റെ തപസ്സിളക്കാന്‍ സ്ത്രീകളില്‍ ഒരു മേനകയുണ്ടാവുമെന്ന് കരുതാനുംവയ്യ. അതുകൊണ്ടുതന്നെ സ്ത്രിപ്രവേശനം നിഷേധിക്കുവാനുള്ള കാരണമായി ബ്രഹ്മചര്യത്തെ പഴിക്കുന്നതിന് യാതൊരുവിധ പ്രസക്തിയുമില്ല.

സ്ത്രീസുരക്ഷ, കായികക്ഷമത, മര്യാദ

ശബരിമലയിലെ തിക്കിലും തിരക്കിലും സ്ത്രീകള്‍ സുരക്ഷിതരായിരിക്കില്ല, അവള്‍ പീഡിപ്പിക്കപ്പെടും എന്നൊക്കെയാണ് വിചിത്രമായ മറ്റെരു വാദം. അയ്യപ്പഭക്തന്‍മാര്‍ നാല്‍പ്പത്തൊന്ന് ദിവസത്തോളം വ്രതമെടുത്ത്, മനസ്സും ശരീരവും ശുദ്ധമാക്കി, വഴിയില്‍ കിടന്നുറങ്ങി, ഉണ്ട്, ബ്രഹ്മചാരിയായി, ത്യാഗികളായാണ് മല ചവിട്ടുന്നത്. ഇത് പുണ്യം കിട്ടുന്നതിനും മോക്ഷം നേടുന്നതിനുമാണ്, അല്ലാതെ സ്ത്രീശരീരങ്ങളെ കാമിക്കാനും പീഡിപ്പിക്കാനല്ലെന്നും ആചാര-വിശ്വാസങ്ങളുടെ മറവില്‍ മുറവിളികൂട്ടുന്നവര്‍ അംഗീകരിക്കണം. ഇനി പീഡിപ്പിക്കാനായി ആരെങ്കിലും വരുന്നുണ്ടെങ്കില്‍തന്നെ നമ്മുടെ നാട്ടില്‍ പീഡനത്തിന് പ്രായമില്ലല്ലോ. മൂന്ന് വയസുള്ള പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ എഴുപതു കഴിഞ്ഞ മുത്തശ്ശിമാര്‍ വരെ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ കേരളത്തില്‍, പത്ത് വയസില്‍ താഴെയുള്ള‌ പെണ്‍കുട്ടികളും അമ്പത്കഴിഞ്ഞ അമ്മമാരും നിലവില്‍ മലകയറുന്നുണ്ടല്ലോ. പക്ഷെ ഇതുവരെ ഒരുപീഡന കേസുകളും ശബരിമലയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേട്ടിട്ടില്ല. അഥവാ നിര്‍ഭാഗ്യവശാല്‍ ആരെങ്കിലും പീഡിപ്പിച്ചാല്‍ തന്നെ നാട്ടിലെ നിയമമനുസരിച്ച് കേസെടുത്ത് ശിക്ഷിക്കണം. അല്ലാതെ സ്ത്രീകളെ പൂട്ടിയിടുകയല്ലല്ലോ വേണ്ടത്.

പീഡിപ്പിക്കപ്പെടുമെന്നു കാട്ടി ശബരിമല ചവിട്ടാന്‍ അനുവദിപ്പിക്കാത്തവരുടെ യുക്തിവച്ച് സ്ത്രീകളെ ഭൂലോകത്ത് തന്നെ പ്രവേശിപ്പിക്കാന്‍ കഴിയില്ലല്ലോ, ഈ ഭൂമിയില്‍ എല്ലായിടത്തും അവള്‍ പീഡിപ്പിക്കപ്പെടുന്നു (ഗര്‍ഭപാത്രത്തില്‍പ്പോലും). സ്ത്രീകള്‍ ശൂന്യാകാശത്തും എവറസ്റ്റിന്റെ മണ്ടയിലും എത്തിക്കഴിഞ്ഞിട്ടും, ശബരിമല കയറുന്നതിനുവേണ്ട കായികക്ഷമതയില്‍ ചിലര്‍ക്കുള്ള ആശങ്ക സഹതാപംപോലും അര്‍ഹിക്കുന്നില്ല. മലകയറുന്നതിലും, വ്രതമെടുക്കുന്നതിലും, തിക്കും-തിരക്കും അതിജീവിക്കുന്നതിലും അമ്പത്കഴിഞ്ഞവര്‍ക്കില്ലാത്ത ആരോഗ്യപ്രശ്നം യുവതികളില്‍ ആരോപിക്കുന്നതിന്റെ യുക്തി എന്തായാലും സ്ത്രീസ്നേഹം കൊണ്ടല്ലല്ലോ. ശബരിമല-സ്ത്രീപ്രവേശനം നിഷേധിക്കുന്നത് മര്യാദയുടെ പേരിലാണെങ്കില്‍, ആ മര്യാദ തിരുമാനിക്കുന്നവരെത്തേടി ചെന്നാല്‍ സുഗതകുമാരി ടീച്ചറുടെ അഭിപ്രായത്തിന് അടിസ്ഥാനമില്ലെന്നും മനസിലാവും.

സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പടെ ഒരുവിഭാഗം സ്ത്രീകള്‍തന്നെ ശബരിമല പ്രവേശനത്തിനേയും അവിടുത്തെ ആചാരമുറ തിരുത്തുന്നതിനേയും അംഗീകരിക്കുന്നില്ല. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് മാധ്യമ ചര്‍ച്ചക്കെത്തുന്ന ചില പുരുഷകേസരികളും അത്യാഹ്ലാദത്തോടെ പറയുന്നത് കോടതി വിധിച്ചാലും ഇവിടുത്തെ സ്ത്രീജനങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറാവില്ല എന്നാണ്.

ഈ രണ്ട് വാദങ്ങളും ഒര്‍മ്മിപ്പിക്കുന്നത് അടിമത്ത്വത്തിനെതിരായ പോരാട്ടത്തിനിടയില്‍, ചങ്ങലയെന്റെ സ്വന്തമാണെന്ന് പറയുന്ന അടിമയെയല്ലാതെ മറ്റൊന്നല്ല. നൂറ്റാണ്ടുകളുടെ അടിമജീവിതം അടിമയാക്കപ്പെട്ടവര്‍ക്ക് ഒരു ശീലമുണ്ടാക്കുകയും, ചങ്ങല ആ ജീവിതങ്ങളുടെ ഭാഗമായിത്തീരുകയും, അങ്ങനെയവര്‍ക്ക് ചങ്ങലക്കെട്ടില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ക്കൂടി കഴിയാത്ത ഒരവസ്ഥ സംജാതമാക്കുകയും ചെയ്യും. ചങ്ങല അവരുടെ അവകാശമാണെന്നും സ്വന്തമാണെന്നും ഉള്ള തോന്നല്‍ അടിമ-ഉടമ വ്യവസ്ഥ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുക്കും. ഇങ്ങനെയാണ് പുരുഷ ഉടമ സ്ത്രീയെ സുന്ദരിയാക്കി, പതിവ്രതയാക്കി, കന്യകയാക്കി, ഭൂമിദേവിയാക്കി, വൈകാരികയാക്കി, അമ്മയാക്കി, ഭാര്യയാക്കി, ദുര്‍ബലയാക്കി, താലികെട്ടി, സീമന്തരേഖയില്‍ സിന്ദൂരമണിയിച്ച്(ചങ്ങലകള്‍) അടിമയാക്കിത്തീര്‍ത്തത്. ഇതെല്ലാം ഞങ്ങളുടെ സ്വന്തമാണെന്നും അവകാശമാണെന്നും സ്ത്രീകള്‍ തന്നെ പറഞ്ഞുകോണ്ടിരിക്കും. ഇതിനോട് കലഹിക്കുന്നവളെ മരംകേറിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി പീഡിപ്പിക്കും. (ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സമരംനയിച്ച തൃപ്തി ദേശായിയെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരുകൂട്ടര്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ഓര്‍ക്കുമല്ലോ.) അതുകോണ്ടാണ് ശബരിമലയുടെ കാര്യത്തില്‍ ഒരുവിഭാഗം സ്ത്രീകള്‍ തന്നെ പ്രവേശനം വേണ്ടായെന്നു പറയുന്നതും, അനുവദിച്ചാലും അവര്‍ കയറില്ലെന്ന ആത്മവിശ്വസം ആണ്‍കോയ്മ പ്രകടിപ്പിക്കുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആര്‍എസ്എസിനെന്ത് ശബരിമലയില്‍ കാര്യം? എസ് ഹരീഷിനെ ആര്‍ക്കാണ് പേടി? നിലപാടിന്റെ പ്രശ്നമാണ്

അതുകൊണ്ട് സ്ത്രീകളെ, ഇനിയും കാത്തിരിക്കണമെന്ന് പറയാന്‍ അനുവദിക്കരുത്

ഗീരീഷ് സി. ജി.

ഗീരീഷ് സി. ജി.

കേരള സർവ്വകലാശാലയിൽ തത്വശാസ്ത്ര വിഭാഗത്തിൽ ഗവേഷകനാണ് ലേഖകൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍