UPDATES

ട്രെന്‍ഡിങ്ങ്

കുടിക്കാന്‍ ഒരു തുള്ളി വെള്ളമുണ്ടാകില്ല; യു എന്‍ പട്ടികയില്‍ ബംഗളൂരുവാണ് ലോകത്ത് മൂന്നാം സ്ഥാനത്ത്

കേപ് ടൌണിനെ കൂടാതെ ഐക്യ രാഷ്ട്ര സംഘടനയുടെ പട്ടികയിലുള്ള ജലക്ഷാമം നേരിടുന്ന 11 നഗരങ്ങള്‍

കുടിവെള്ളക്ഷാമ ഭീഷണി നേരിടുന്ന ആധുനികയുഗത്തിലെ ആദ്യത്തെ പ്രധാന നഗരമായി മാറിക്കൊണ്ടിരിക്കുകയാണ് കേപ് ടൌണ്‍. വിദഗ്ദ്ധര്‍ കാലങ്ങളായി മുന്നറിയിപ്പു തരുന്ന പ്രശ്നത്തിന്റെ – വെള്ളക്ഷാമത്തിന്റെ – തീവ്രമായ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ് ദക്ഷിണാഫ്രിക്കയിലെ ഈ വരള്‍ച്ചാബാധിതപ്രദേശത്തിന്റെ അവസ്ഥ. ഭൂമിയുടെ ഉപരിതലം 70% ഭാഗവും വെള്ളത്താല്‍ മൂടിയതാണെങ്കിലും, വിചാരിക്കുന്നത്ര സമൃദ്ധമല്ല വെള്ളം- പ്രത്യേകിച്ചും കുടിവെള്ളം. വെറും 3%മാത്രമാണ് ശുദ്ധമായത്. ഒരുകോടിയിലധികം ആള്‍ക്കാര്‍ക്ക് വെള്ളം ലഭ്യമല്ല. 2.7കോടി ആള്‍ക്കാര്‍ക്ക് വര്‍ഷത്തില്‍ ഒരുമാസത്തേക്കെങ്കിലും വെള്ളം ദുര്‍ലഭമാകുന്നുമുണ്ട്. ലോകത്തെ 500 വലിയ നഗരങ്ങളില്‍ 2014ല്‍ നടത്തിയ സര്‍വേ പ്രകാരം നാലിലൊന്ന് നഗരങ്ങളില്‍ ‘ജലസമ്മര്‍ദ്ദം’ അനുഭവിക്കുന്നുണ്ട്.

യു.എന്‍ കണക്കനുസരിച്ച്, ശുദ്ധജലത്തിന്റെ ആവശ്യകത ആഗോളതലത്തില്‍ 2030 ആവുമ്പോഴേക്കും 40% വര്‍ദ്ധിക്കും. നന്ദി പറയേണ്ടത് കാലാവസ്ഥാവ്യതിയാനം, മനുഷ്യരുടെ പ്രവൃത്തികള്‍, ജനസംഖ്യാപെരുപ്പം എന്നിവയുടെ കൂട്ടുകെട്ടിനോടാണ്. ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കേപ് ടൌണ്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ജലക്ഷാമം നേരിടാന്‍ പോകുന്ന മറ്റു 11 നഗരങ്ങള്‍ ഇതാ.

1. സാവോ പോളോ

ബ്രസീലിന്റെ സാമ്പത്തിക തലസ്ഥാനവും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പത്തുനഗരങ്ങളില്‍ ഒന്നുമായ സാവോ പോളോ, 2015ല്‍ പ്രധാന ജലസംഭരണിയുടെ ശേഷിയില്‍ 4% കുറവുണ്ടായപ്പോള്‍ കേപ് ടൌണിന്റേതിന് സമാനമായ അഗ്നിപരീക്ഷ നേരിട്ടു. ആ പ്രതിസന്ധിഘട്ടത്തിന്റെ മൂര്‍ദ്ധന്യത്തില്‍, 21.7മില്യണ്‍ നിവാസികള്‍ക്ക് 20ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് വിതരണത്തിനുണ്ടായിരുന്നത്. മാത്രമല്ല , വെള്ളം കൊള്ളയടിക്കുന്നത് തടയാന്‍ പോലീസിന് വെള്ളം കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് അകമ്പടിയായും വരേണ്ടി വന്നു.

2014 നും 2017 നും ഇടയില്‍ തെക്കുകിഴക്കന്‍ ബ്രസീലിനെ ബാധിച്ച വരള്‍ച്ചയെ പഴിക്കാമെങ്കിലും, സാവോ പോളോയിലെത്തിയ യു.എന്‍ വിദഗ്ദ്ധസംഘം രാജ്യത്തെ അധികാരികളുടെ ‘ശരിയായ ആസൂത്രണത്തിന്റെയും നിക്ഷേപത്തിന്റെയും അഭാവത്തെ’ വിമര്‍ശിക്കുന്നു. 2016ല്‍ വെള്ളത്തിന്റെ പ്രതിസന്ധിഘട്ടം കടന്നു എന്ന് കരുതപ്പെട്ടതാണ്. പക്ഷേ, 2017 ജനുവരിയില്‍ പ്രധാനശേഖരങ്ങള്‍ പ്രതീക്ഷിച്ചതിലും 15% കുറവായിരുന്നു. അത് നഗരത്തിന്റെ ഭാവി ജലവിതരണത്തെ സംശയത്തിലാഴ്ത്തി.

2. ബംഗളൂരു

ടെക്നോളോജിക്കല്‍ ഹബ് എന്ന നിലയില്‍ ബാംഗളൂരുവിന്റെ വളര്‍ച്ചയ്ക്കു പിന്നാലെയുള്ള ഭൂമിവികസനത്തിന്റെ വര്‍ദ്ധനവ് ദക്ഷിണേന്ത്യന്‍ നഗരമായ ബാംഗളൂരുവിലെ പ്രാദേശിക അധികാരികളെ കുഴപ്പത്തിലാക്കുന്നുണ്ട്. അവര്‍ നഗരത്തിലെ ജല-മലിനജല സംവിധാനങ്ങള്‍ നിയന്ത്രിക്കാന്‍ പാടുപെടുന്നുമുണ്ട്. കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കിക്കൊണ്ട് നഗരത്തിലെ പഴക്കംചെന്ന ജല വിതരണ കുഴലുകള്‍ക്ക് അടിയന്തിരമായ മാറ്റം ആവശ്യമാണ്. ദേശീയ ഗവണ്‍മെന്റിന്റെ ഒരു റിപ്പോര്‍ട്ടില്‍, നഗരത്തിലെ പകുതിയിലധികം കുടിവെള്ളം പാഴായിപ്പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചൈനയെപ്പോലെത്തന്നെ ഇന്ത്യയും ജലമലിനീകരണംകൊണ്ട് പ്രയാസപ്പെടുന്നുണ്ട്. ബാംഗ്ലൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. കൃഷിയാവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും മാത്രം ഉപയോഗിക്കാവുന്ന വെള്ളമാണ് 85% എന്ന് നഗരത്തിലെ തടാകങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ഒരൊറ്റ തടാകത്തില്‍പ്പോലും കുടിക്കാനോ കുളിക്കാനോ യോഗ്യമായ വെള്ളം ഇല്ല.

കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്

3. ബീജിങ്

ഒരു നിശ്ചിത സ്ഥലത്ത് ഒരാള്‍ക്ക് വര്‍ഷത്തില്‍ 1000 ക്യുബിക് മീറ്ററിനേക്കാള്‍ കുറവ് ശുദ്ധജലം ആണ് ലഭിക്കുന്നത് എങ്കില്‍ അതിനെ ജലദൌര്‍ലഭ്യമായി ലോകബാങ്ക് തരം തിരിക്കുന്നു. 2014ല്‍ ബീജിങ്ങിലെ 20 മില്യണിലധികം നിവാസികള്‍ ഓരോരുത്തര്‍ക്കും 145 ക്യുബിക് മീറ്ററാണ് വെള്ളം ലഭിച്ചത്. ലോകജനസംഖ്യയിലെ 20% ചൈനയിലാണങ്കിലും ലോകത്തിലാകെയുള്ള ശുദ്ധജലത്തിന്റെ വെറും 7% മാത്രമാണ് അവര്‍ക്ക് ലഭ്യമാകുന്നത്. കൊളംബിയ സര്‍വകലാശാലയുടെ പഠനം കണക്കാക്കുന്നത്, രാജ്യത്തിന്റെ സംഭരണത്തില്‍ 2000നും 2009നും ഇടയില്‍ 13%ന്റെ കുറവുണ്ടെന്നാണ്.

മലിനീകരണത്തിന്റെ പ്രശ്നവും അവിടെയുണ്ട്. 2015ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബീജിങ്ങിലെ ഉപരിതലജലത്തിന്റെ 40% കാര്‍ഷിക-വ്യാവസായിക ആവശ്യങ്ങള്‍ക്കപോലും ഉപയോഗിക്കാന്‍ കഴിയാത്തവിധം മലിനമാക്കപ്പെട്ടിരിക്കുന്നു.

വന്‍തോതിലുള്ള ജലവൈവിദ്ധ്യപദ്ധതികള്‍ വഴി ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ ചൈനീസ് അധികാരികള്‍ ശ്രമിച്ചിട്ടുണ്ട്. ബോധവത്കരണ പരിപാടികള്‍ അവതരിപ്പിക്കുകയും വന്‍കിട ബിസിനസ് ഉപയോക്താക്കള്‍ക്ക് വില കൂട്ടുകയും ചെയ്തു.

കഥയില്ലെങ്കിലും നമുക്ക് ജീവിക്കാം; വെള്ളം ഇല്ലാതെയോ? സാറാ ജോസഫ്

4. കെയ്റോ

ലോകത്തിലെ മഹത്തായ നാഗരിതകളില്‍ ഒന്നിന് നിര്‍ണ്ണായക അടിത്തറയായിരുന്ന നൈല്‍ നദി ആധുനിക യുഗത്തില്‍ ആയാസം അനുഭവിക്കുകയാണ്. ഈജിപ്തിലെ 97% വെള്ളത്തിന്റെയും ഉറവിടമാണ് നൈല്‍ നദി. അതോടൊപ്പം, വര്‍ദ്ധിച്ചുവരുന്ന അസംസ്കൃത കാര്‍ഷിക-ഗാര്‍ഹിക മാലിന്യങ്ങളുടെ ലക്ഷ്യസ്ഥാനംകൂടിയാണത്.

5. ജക്കാര്‍ത്ത

മറ്റു പല തീരദേശ നഗരങ്ങളുമെന്നപോലെ, ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത ഉയരുന്ന സമുദ്രനിരപ്പിന്റെ ഭീഷണിയാണ് നേരിടുന്നത്. പക്ഷേ ജക്കാര്‍ത്തയില്‍ മനുഷ്യരുടെ നേരിട്ടുള്ള പ്രവൃത്തികള്‍ കാരണം പ്രശ്നം കൂടുതല്‍ വഷളായിരിക്കുന്നു. കാരണം, നഗരത്തിലെ പത്തുമില്യണ്‍ നിവാസികളില്‍ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന പകുതിയോളം പേര്‍ അനധികൃതമായി കിണര്‍ കുഴിക്കുന്നത് വ്യാപകമാണ്. ഈ പ്രവൃത്തി ഭൂഗര്‍ഭജലസ്രോതസ്സുകളെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുംവിധം വലിച്ചെടുക്കുന്നു. അതിന്റെ ഫലമായി, 40% ഓളം ജക്കാര്‍ത്ത ഇപ്പോള്‍ സമുദ്രനിരപ്പിന് താഴെയാണെന്ന് ലോകബാങ്ക് കണക്കാക്കുന്നു.

കനത്ത മഴ പെയ്തെങ്കിലും ജലസ്രോതസ്സുകള്‍ നിറഞ്ഞില്ല എന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. കോണ്‍ക്രീറ്റിന്റെയും ടാറിന്റെയും അതിപ്രസരം മൂലം തുറസ്സായ സ്ഥലങ്ങള്‍ മഴവെള്ളത്തെ ആഗിരണം ചെയ്യാത്തതാണ് കാരണം.

ഹരിതഗൃഹ വാതകങ്ങളുടെ വികിരണം ഭൂമിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും: ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

6. മോസ്കോ

ലോകത്തിലെ ശുദ്ധജല സംഭരണികളുടെ നാലിലൊന്ന് റഷ്യയിലാണ്. പക്ഷേ, സോവിയറ്റ് യുഗത്തിലെ വ്യാവസായികപാരമ്പര്യം വരുത്തിവെച്ച മലിനീകരണപ്രശ്നങ്ങള്‍ രാജ്യത്തെ മഹാമാരിപോലെ ബാധിച്ചിരിക്കുകയാണ്. ജലവിതരണത്തിന്റെ 70%വും ഉപരിതലജലത്തെ ആശ്രയിച്ചിരിക്കുന്ന മോസ്കോയെ ഇത് വിശേഷിച്ചും ആകുലപ്പെടുത്തുന്നുണ്ട്. റഷ്യയിലെ 35% മുതല്‍ 65% വരെ കുടിവെള്ളസംഭരണികള്‍ ആരോഗ്യനിലവാരം പുലര്‍ത്തുന്നില്ലെന്ന് ഔദ്യോഗിക കാര്യനിര്‍വഹണ സ്ഥാപനങ്ങള്‍ സമ്മതിക്കുന്നു.

7. ഇസ്താംബുള്‍

ടര്‍ക്കിഷ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കനുസരിച്ച്, 2016ല്‍ ജലത്തിന്റെ ആളോഹരിവിതരണം 1700 ക്യുബിക് മീറ്ററായി കുറഞ്ഞതോടെ രാജ്യം സാങ്കേതികമായി ജലക്ലേശപരിതസ്ഥിതിയിലാണ്. 2030 ഓടെ സ്ഥിതിഗതികള്‍ ജലക്ഷാമത്തോളം വഷളാവുമെന്ന് പ്രാദേശിക അധികാരികള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സമീപവര്‍ഷങ്ങളില്‍ ഇസ്താംബുള്ളിലെ ജനസാന്ദ്രതയേറിയ ഇടങ്ങള്‍ (14 മില്യണ്‍ നിവാസികള്‍) വരള്‍ച്ചാമാസങ്ങളില്‍ ജലദൌര്‍ലഭ്യം നേരിടുന്നുണ്ട്.2014ന്റെ തുടക്കത്തില്‍ നഗരത്തിലെ സംഭരണിയുടെ അളവ് 30% ഓളം കുറഞ്ഞു.

2018 അത്ര ശുഭകരമാവില്ല; കാത്തിരിക്കുന്നത് സംഹാരശേഷിയുളള ഭൂകമ്പങ്ങള്‍, ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

8. മെക്സികോ സിറ്റി

മെക്സിക്കന്‍ തലസ്ഥാനത്തെ 21 മില്യണ്‍ നിവാസികളില്‍ പലര്‍ക്കും ജലക്ഷാമം ഒരു പുത്തരിയല്ല.അഞ്ചിലൊരാള്‍ക്ക് കുറച്ചു മണിക്കൂറുകള്‍ മാത്രമാണ് പൈപ്പില്‍ വെള്ളം കിട്ടുന്നത്. വേറെ 20% ആള്‍ക്കാര്‍ക്ക് ദിവസത്തില്‍ ഏതെങ്കിലും ഒരു നേരം വെള്ളം കിട്ടും. നഗരത്തില്‍ ആവശ്യമായതില്‍ 40% ഓളം വെള്ളം വിവിധ സ്രോതസ്സുകളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പക്ഷേ മലിനജലം പുന:ചംക്രമണം ചെയ്യാന്‍ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. പൈപ്പ് ശൃംഖലകളിലെ പ്രശ്നങ്ങള്‍മൂലം 40% ഓളം വെള്ളം നഷ്ടമാകുന്നതായി കണക്കാക്കപ്പെടുന്നു.

ട്രംപാക്രമണം പരിസ്ഥിതിയോട്; ഇത് ഭൂമിക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം

9. ലണ്ടന്‍

ജലദൌര്‍ലഭ്യത്തിന്റെ കാര്യം പറയുമ്പോള്‍ ലോകത്തിലെ എല്ലാ നഗരങ്ങളില്‍നിന്നും ലണ്ടന്‍ നഗരത്തെ പെട്ടെന്ന് ആരും ആദ്യം പരിഗണിക്കുകയില്ല. പക്ഷേ യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമാണ്.600 മില്ലിമീറ്റര്‍ ശരാശരി മഴ പെയ്യുന്ന (പാരിസ് ശരാശരിയേക്കാള്‍ കുറവും ന്യൂയോര്‍ക്കിലേതിന്റെ പകുതിയും) ലണ്ടന്‍ 80% വെള്ളം നദികളില്‍നിന്നാണ് (തെംസും ലേയും) എടുക്കുന്നത്.

ലണ്ടന്റെ പാഴ്ജലനിരക്ക് 25% ആണ്. ഗ്രേറ്റര്‍ ലണ്ടന്‍ അഥോറിറ്റി പറയുന്നതനുസരിച്ച്, നഗരം അതിന്റെ ശേഷിയുടെ അവസാനത്തില്‍ എത്തുകയാണ്. 2025ഓടെ വിതരണപ്രശ്നങ്ങള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്. 2040 ആവുമ്പോഴേക്കും ഗൌരവതരമായ ക്ഷാമവും നേരിടും. ഹോസ് പൈപ്പ് നിരോധനം (നനയ്ക്കാനും മറ്റുമായുള്ള വെള്ളത്തിന്റെ ഉപയോഗ നിരോധനം) ഭാവിയില്‍ സാധാരണമായിത്തീരാനാണ് സാധ്യത.

കാലാവസ്ഥ മാറ്റങ്ങളെ നേരിടാനുള്ള ശേഷി ഗ്രാമീണ സ്ത്രീകള്‍ക്കുണ്ട്: പഠനം

10. ടോക്കിയോ

ജപ്പാന്റെ ഈ തലസ്ഥാനനഗരം, യുഎസ് പടിഞ്ഞാറന്‍ തീരത്തെ, മഴയ്ക്കു പേരുകേട്ട സിയാറ്റിലിനു സമാനമായ മഴനിരക്ക് ആസ്വദിക്കുന്നുണ്ട്. വര്‍ഷത്തില്‍ നാലു മാസത്തില്‍ മാത്രമാണ് മഴ നന്നായി പെയ്യുന്നത്. ആ വെള്ളം ശേഖരിച്ചു വെക്കേണ്ടതുണ്ട്. കാരണം പ്രതീക്ഷിച്ചതിനേക്കാള്‍ വരള്‍ച്ചയുള്ള മഴക്കാലം ജലദൌര്‍ലഭ്യത്തിലേക്ക് നയിച്ചേക്കാം. ടോക്കിയോയിലെ കുറഞ്ഞത് 750 പൊതു-സ്വകാര്യ കെട്ടിടങ്ങളില്‍ മഴക്കൊയ്ത്തും മഴവെള്ളവിനിയോഗ സംവിധാനങ്ങളും ഉണ്ട്.

30 മില്യണ്‍ ആള്‍ക്കാര്‍ക്ക് വാസസ്ഥലമായ ടോക്കിയോയിലെ ജലവിതരണസംവിധാനം 70% ഉപരിതല ജലത്തെ (പുഴകള്‍, തടാകങ്ങള്‍, ഉരുകിയ മഞ്ഞ്) ആശ്രയിച്ചിരിക്കുന്നു.പൈപ്പ് ലൈനിലെ അടിസ്ഥാനസൌകര്യങ്ങളില്‍ നടത്തിയ സമീപകാല നിക്ഷേപങ്ങള്‍ ചോര്‍ച്ച വഴി ജലം പാഴാവുന്നത് 3% ആയി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.

ഭൂമി കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിലമരുന്നു

11. മിയാമി

ഫ്ലോറിഡയിലെ ഈ യുഎസ് സംസ്ഥാനം ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന അഞ്ച് യുഎസ് സംസ്ഥാനങ്ങളില്‍ ഒന്നാണ്. എന്തായാലും, അവിടത്തെ ഏറ്റവും പ്രശസ്ത നഗരമായ മിയാമിയില്‍ ഒരു പ്രതിസന്ധി ശക്തിപ്രാപിച്ചുവരുന്നുണ്ട്.അടുത്ത പ്രദേശങ്ങളിലുള്ള ചതുപ്പുകള്‍ നശിപ്പിക്കാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നടപ്പിലാക്കിയ പദ്ധതിക്ക് ഒരു അപ്രതീക്ഷിതഫലം ഉണ്ടായി. അറ്റ്‍ലാന്റിക് സമുദ്രത്തില്‍നിന്നുള്ള വെള്ളം നഗരത്തിലെ പ്രധാന ശുദ്ധജലസ്രോതസ്സായ ബിസ്‍കെയ്ന്‍ അക്വിഫറിനെ മലിനമാക്കി.

1930കളില്‍ത്തന്നെ പ്രശ്നം കണ്ടെത്തിയെങ്കിലും, ഇപ്പോഴും കടല്‍വെള്ളം അകത്തേക്ക് നുഴഞ്ഞുകയറുന്നുണ്ട്. പ്രത്യേകിച്ചും, ഈ അമേരിക്കന്‍ നഗരത്തില്‍ സമുദ്രനിരപ്പുയരുന്നതിന്റെ തോത് കൂടുതലാണ് എന്നതുകാരണം. ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ സ്ഥാപിച്ച ഭൂമിക്കടിയിലെ പ്രതിരോധമാര്‍ഗ്ഗങ്ങളിലേക്ക് വെള്ളം കയറുന്നുമുണ്ട്. അയല്‍പക്ക നഗരങ്ങള്‍ മുമ്പേതന്നെ ബുദ്ധിമുട്ടിലാണ്. മിയാമിയില്‍നിന്ന് മൈലുകള്‍ മാത്രം ദൂരത്ത് വടക്കുവശത്ത് സ്ഥിതിചെയ്യുന്ന ഹല്ലാന്‍ഡെയ്ല്‍ ബീച്ചിലെ എട്ടു കിണറുകളില്‍ ആറെണ്ണവും ഉപ്പുവെള്ളം കയറുന്നതിനാല്‍ പൂട്ടേണ്ടിവന്നു.

കടല്‍ ഒരു കരയെ തിന്നുന്ന വിധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍