UPDATES

ട്രെന്‍ഡിങ്ങ്

പ്രധാനമന്ത്രിക്ക് മുന്‍ സൈനികരുടെ കത്ത്: സ്വയംപ്രഖ്യാപിത ഹിന്ദുസംരക്ഷകരുടെ അതിക്രമങ്ങള്‍ ഏറെക്കാലം നോക്കിനില്‍ക്കാനാവില്ല

ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും മതേതരമൂല്യങ്ങളും സംരക്ഷിക്കണം; ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളെ അപലപിക്കുന്നു

രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും വെറുപ്പിനും ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് 114 മുന്‍ സൈനികരുടെ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അഭിപ്രായ വ്യത്യാസം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്നും ഭരണഘടനയോട് മാത്രമാണ് തങ്ങള്‍ക്ക് കൂറെന്നും വ്യക്തമാക്കിയിട്ടുള്ള കത്തില്‍, ഏറെക്കാലം ഇതിങ്ങനെ നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും സൈനികര്‍ പറയുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന ലിബറലും മതേതര മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടില്ലെങ്കില്‍ അത് ഈ രാജ്യത്തോട് തങ്ങള്‍ ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നും സൈനികര്‍ കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം

രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ച ഏതാനും സൈനികരാണ് ഞങ്ങള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഞങ്ങള്‍ക്ക് ബന്ധമില്ല. രാജ്യത്തിന്റെ ഭരണഘടനയോട് മാത്രമാണ് ഞങ്ങള്‍ക്ക് പ്രതിബദ്ധത.

ഇങ്ങനെയൊരു കത്തെഴുതുന്നതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട്. പക്ഷേ, രാജ്യത്തെ മുഴുവന്‍ മൂടി നില്‍ക്കുന്ന ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റെയും അന്തരീക്ഷം കാണുമ്പോള്‍ ഞങ്ങളുടെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്നു രാജ്യത്തുള്ള ഭയത്തിന്റേയും ഭീഷണിയുടേയും വെറുപ്പിന്റെയും സംശയത്തിന്റേയും അന്തരീക്ഷത്തിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയായ Not in My Name-ന് ഒപ്പം ഞങ്ങളും നില്‍ക്കുന്നു.

നാനാത്വത്തില്‍ ഏകത്വം എന്നതാണ് സൈന്യത്തിന്റെ നിലപാട്. വിവിധ മതക്കാരായ, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ ജാതിക്കാരായ, വിവിധ സംസ്‌ക്കാരക്കാരായ ആളുകള്‍ തോളോട് തോള്‍ ചേര്‍ന്ന് രാജ്യത്തിന്റെ സരുക്ഷയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. തുറന്നതും സത്യസന്ധവും നീതിയുക്തവുമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഞങ്ങളൊരു കുടുംബമാണ്. ഇന്ത്യയുടെ ബഹുസ്വരതയിലാണ് ഞങ്ങളുടെ പാരമ്പര്യം. അതിന്റെ വൈവിധ്യത്തെ ഞങ്ങള്‍ ആഘോഷിക്കുകയൂം ചെയ്യുന്നു.

എന്നാല്‍ ഇന്ന് രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നത് നമ്മുടെ സൈന്യത്തേയും ഭരണഘടനയേയും തകര്‍ക്കുന്നതാണ്. ഹിന്ദൂയിസത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അതിക്രമങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. മാധ്യമസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലിനെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, യൂണിവേഴ്‌സിറ്റികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പണ്ഡിതര്‍ തുടങ്ങിയവരെ ദേശവിരുദ്ധരായി ചിത്രീകരിച്ചുകൊണ്ട് അവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനെയും ഞങ്ങള്‍ അപലപിക്കുന്നു. ഈ സമയത്ത് ഭരണകൂടം നോക്കിനില്‍ക്കുകയാണ്.

ഇത് അധികകാലം ഞങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങളും ലിബറല്‍ മൂല്യങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഈ രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്. വൈവിധ്യമാണ് നമ്മുടെ ശക്തി. അഭിപ്രായ വ്യത്യാസം രാജ്യദ്രോഹമല്ല മറിച്ച്, അത് ജനാധിപത്യത്തില്‍ അത്യാവശ്യമായിട്ടുള്ള ഘടകമാണ്.

ഭരണഘടനയുടെ അന്തഃസത്ത എല്ലാ വിധത്തിലൂം പരിരക്ഷിക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ ശ്രമിക്കുമെന്നും ഞങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍