UPDATES

ട്രെന്‍ഡിങ്ങ്

ഒരു ഒളിച്ചോട്ടത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം; വേണമെങ്കില്‍ പ്രണയത്തിന്റെ പരസ്യം കൊടുക്കാമെന്ന് പത്രം

ദേശാഭിമാനി പത്രത്തില്‍ കൊടുത്ത ഫോട്ടോയിലൂടെയാണ് സന്തോഷിന്റെയും ഹേപ്പിയുടെയും ഒളിച്ചോട്ട വാര്‍ഷികം ലോകം അറിയുന്നത്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

പ്രണയിക്കുന്ന ആളെ ആദ്യമായി കണ്ടതിന്റെയും വിവാഹത്തിന്റെയും ഒക്കെ വാര്‍ഷികം ആഘോഷിക്കുന്നത് പതിവാണ്. സന്തോഷിന്റെയും ഹേപ്പിയുടെയും ആഘോഷം അല്‍പം വ്യത്യസ്തമാണ്. ഒളിച്ചോടിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണ് ‘സന്തോഷം’ പേരാക്കിയ ഈ ദമ്പതികള്‍ ഇന്ന് ആഘോഷിക്കുന്നത്.

ദേശാഭിമാനി പത്രത്തില്‍ കൊടുത്ത ഫോട്ടോയിലൂടെയാണ് സന്തോഷിന്റെയും ഹേപ്പിയുടെയും ഒളിച്ചോട്ട വാര്‍ഷികം ലോകം അറിയുന്നത്. ഗള്‍ഫില്‍ മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് നാട്ടിലുള്ള ഭാര്യയെ ഒന്ന് ഞെട്ടിക്കാനായാണ് പത്രത്തില്‍ ഫോട്ടോ നല്‍കിയത്. പത്രം വന്നത് മുതല്‍ കൗതുകം പങ്കു വെക്കാനും ആശംസകളറിയിക്കാനും ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഹേപ്പിയുടെ ഞെട്ടലും സന്തോഷവുമൊക്കെ അമ്മയറിയാതെ ഷൂട്ട് ചെയ്ത് അച്ഛനയക്കുന്നത് ഇവരുടെ ഒറ്റമകളാണ്.

തൃശ്ശൂര്‍ പഴുവില്‍ സ്വദേശികളായ ഇവര്‍. ബാല്യകാലം തൊട്ടേ ഉറ്റ സുഹൃത്തുക്കളാണ്. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ നമ്മള്‍ തമ്മിലെന്താണെന്ന ആശയക്കുഴപ്പം വന്നതോടെ പ്രണയത്തിന്റെ വഴിയിലായി. ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന, നാടകവും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്ന സന്തോഷിനെ വിവാഹം ചെയ്യാന്‍ ഹേപ്പിയുടെ മധ്യവര്‍ഗ്ഗ കുടുംബം അനുവദിക്കില്ല എന്ന് ഉറപ്പായതോടെയാണ് രണ്ടാളും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഇരുപത്തൊന്നാം വയസ്സില്‍ കൂട്ടുകാരന്‍ കടം നല്‍കിയ രണ്ടായിരം രൂപയുടെ മൂലധനത്തില്‍ തൊഴില്‍ രഹിതരായ രണ്ട് പേരങ്ങ് ഒളിച്ചോടി. വാടകക്ക് വിളിച്ച കാറിലേക്ക് ഹേപ്പി വന്ന് കയറിയ ദിവസമാണ് ഇന്നത്തെ ഈ ഇരുപത്തഞ്ചാം വാര്‍ഷികം. അന്ന് പോയി രജിസ്റ്റര്‍ ചെയ്ത ദാമ്പത്യം താലി കെട്ടി ഉറപ്പിക്കാനൊന്നും പോയതുമില്ല.

ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തകനാണ് സന്തോഷ്. ഹേപ്പിയും ബിരുദ വിദ്യാര്‍ത്ഥിനിയായ മകളും നാട്ടില്‍. രണ്ടാഴ്ചയിലൊരിക്കല്‍ ഫോണ്‍ ചെയ്യുമ്പോഴുള്ള മണിക്കൂറുകള്‍ നീളുന്ന വര്‍ത്തമാനമാണ് ഇവരുടെ പ്രണയത്തിന്റെ കൗതുകത്തെ നിലനിര്‍ത്തുന്നത്. ഇടക്കിടെ മുങ്ങുന്ന പൂച്ചയുടേയും അയലത്തെ ചേച്ചിമാരുടേയും കഥകളുമൊക്കെയായുളള വിശേഷങ്ങള്‍. ഓഷോയേയും മാര്‍ക്‌സിനേയും ഒക്കെ വായിക്കാനിഷ്ടപ്പെടുന്ന സന്തോഷ്, പുസ്തക വായനയോ രാഷ്ട്രീയ നിരീക്ഷണമോ ഒന്നും ശീലമില്ലാത്ത ഹേപ്പിയുടെ മാനവികവും നൈസര്‍ഗികവുമായ വിശാലതയെ കുറിച്ചാണ് അത്ഭുതം കൂറുന്നത്.

വിവാഹ വാര്‍ഷിക ദിനം ഇത് വരെ ആഘോഷിച്ചിട്ടില്ലെങ്കിലും ഒളിച്ചോട്ട വാര്‍ഷികം ആഘോഷിക്കാമെന്ന് കരുതിയപ്പോള്‍ ഒരു പ്രമുഖ മലയാള പത്രത്തിലേക്കാണ് സന്തോഷ് ആദ്യം ഫോട്ടോ അയച്ചത്. എന്നാല്‍ ഒളിച്ചോട്ടത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം എന്ന തലക്കെട്ട് നല്‍കാനാകില്ലെന്ന നിലപാടായിരുന്നു അവര്‍ക്ക്. വേണമെങ്കില്‍ പ്രണയത്തിന്റെ വാര്‍ഷികം എന്ന് കൊടുക്കാമെന്നും. മാതാപിതാക്കളുടെ സമ്മതമില്ലാതെ രണ്ട് പേര്‍ വിവാഹം കഴിച്ചാല്‍ അതിനെ മോശമായ അര്‍ത്ഥത്തില്‍ ഒളിച്ചോട്ടം എന്ന് പറയുന്ന ഒരു സമൂഹത്തില്‍ ആ വാക്ക് തന്നെ ഉപയോഗിക്കേണ്ടതിന്റെ രാഷ്ട്രീയം പ്രധാനമാണെന്നാണ് സന്തോഷിന്റെ നിലപാട്. ആ ശാഠ്യമാണ് പിന്നീട് ദേശാഭിമാനിയിലേക്കെത്തിച്ചത്.

അച്ഛന്റേയും അമ്മയുടേയും ഒളിച്ചോട്ടം പത്രത്തില്‍ വരുന്നത് മുതിര്‍ന്ന മകള്‍ക്ക് പ്രശ്‌നമാകില്ലേ എന്നായിരുന്നു മറ്റൊരു ആശങ്ക. മുതിര്‍ന്നു കഴിഞ്ഞതുകൊണ്ട് തന്നെ അത്തരം പരിഗണനകള്‍ ആവശ്യമില്ലെന്നും അതിലൊരു പ്രശ്‌നം കരുതേണ്ടെന്നുമാണ് ചോദിച്ചവരോടൊക്കെ സന്തോഷ് പറഞ്ഞിരുന്നത്. പക്ഷേ ഈ ഫോട്ടോ ഇടാന്‍ മുഴുവന്‍ പിന്തുണ നല്‍കിയതും, ഒളിച്ചോട്ട വാര്‍ഷികത്തിന് അമ്മയ്ക്ക് സമ്മാനം നല്‍കാന്‍ മുന്നിലുള്ളതുമൊക്കെ മകള്‍ ഉജ്വലയാണ്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍