UPDATES

ട്രെന്‍ഡിങ്ങ്

ലോകത്തെ നടുക്കിയ അമേരിക്കയുടെ വിയത്നാം കൂട്ടക്കൊലയ്ക്ക് 50 വയസ്സ്, സമാനതകളില്ലാത്ത മാധ്യമ ധീരതയ്ക്കും

കൂട്ടക്കുരുതിക്കിടയില്‍ അന്തിച്ചുപോയ കുട്ടികളുടെയും വൃദ്ധരുടെയും മുഖങ്ങളിലെ ഭയവും ദുരിതവും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചിത്രങ്ങളാണ്

ആധുനിക യുദ്ധചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളില്‍ ഒന്നു നടന്നിട്ടു 50 വര്‍ഷം തികയുന്നു; 1968 മാര്‍ച്ച് 16-ന് വിയത്നാമിലെ മൈ ലായ് ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊല. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, ഒരു റിപ്പോര്‍ട്ടറും ഒരു ഛായാഗ്രാഹകനും മൈ ലായില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ കൂട്ടക്കൊലയുടെയും ബലാത്സംഗങ്ങളുടെയും കൊള്ളിവെപ്പുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു. സ്വന്തം രാജ്യം നടത്തുന്ന യുദ്ധത്തിനിടയിലും കാണിച്ച ആ വിപരീത ദിശയിലുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ധൈര്യം, ഇന്നിപ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷമുള്ള അതിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, ഒരു സമഗ്രാധികാര നീക്കങ്ങള്‍ നടത്തുന്ന ഒരു കേന്ദ്രസര്‍ക്കാരിന് മുന്നില്‍ താണുവണങ്ങി നില്‍ക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് അന്യമാണ്.

ആ കൂട്ടക്കൊലയും അത് മറച്ചുവെക്കാനുള്ള ശ്രമങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ആധുനിക മാധ്യമപ്രവര്‍ത്തനത്തിലെ ഇതിഹാസമായി -സീമൌര്‍ ഹെര്‍ഷ്- ആഗോള ചരിത്രത്തെ പുനസംഘടിപ്പിച്ച പരമ്പരകളെഴുതി. 1969 നവംബര്‍ രണ്ടാം വാരത്തില്‍ Dispatch News Service എന്ന വാര്‍ത്ത ഏജന്‍സിയില്‍ ഹെര്‍ഷ് തന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍, കൂട്ടക്കൊലയുടെ യഥാര്‍ത്ഥ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ വന്നു. Plain Dealer എന്ന പ്രാദേശിക പത്രത്തിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

പിന്നീടുള്ള കാലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മഹത്തായ ചിത്രങ്ങളായി അവ സ്വീകരിക്കപ്പെട്ടു. ചാര്‍ലി കമ്പനി, ഒന്നാം ബറ്റാലിയന്‍, ഇരുപതാം ഇന്‍ഫന്‍ട്രി റെജിമെന്റ് എന്ന അമേരിക്കന്‍ സേന വിഭാഗത്തോടൊപ്പം 1968 മാര്‍ച്ച് 16-നു രാവിലെ വിയത്നാമിലെ മൈ ലായ് ഗ്രാമത്തില്‍ ഇറങ്ങിയ യുദ്ധ ഛായാഗ്രാഹകനായിരുന്നു റോണ്‍ ഹെയ്ബെര്‍ലെ.

ഗ്രാമീണര്‍ പരിഭ്രാന്തരായില്ല; അമേരിക്കന്‍ സേന പ്രശ്നങ്ങളൊന്നും കൂടാതെ മുമ്പും മധ്യ വിയത്നാം തീരത്തുള്ള ആ പ്രദേശത്ത് വന്നുപോയിട്ടുണ്ട്. പക്ഷേ അന്ന് മിനിറ്റുകള്‍ക്കുളില്‍ സൈന്യം വെടിവെയ്ക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ അമേരിക്കന്‍ സൈന്യം വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനു മനുഷ്യരെ കൊന്നുതള്ളി. അവരുടെ ക്രൂരതകളുടെ ചിത്രങ്ങള്‍ ഹെയ്ബെര്‍ലെ പ്രസിദ്ധീകരിച്ചപ്പോള്‍-ഒരു വര്‍ഷത്തിന് ശേഷം- അവ ഞെട്ടിക്കുന്ന ഒരു സത്യം വെളിപ്പെടുത്തി; മറ്റെവിടെയുമുള്ള, ഏത് സൈനികരെയും പോലെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകള്‍ ചെയ്യാന്‍ അമേരിക്കന്‍ ‘boys’ നും കഴിയുമെന്ന്.

കൂട്ടക്കുരുതിക്കിടയില്‍ അന്തിച്ചുപോയ കുട്ടികളുടെയും വൃദ്ധരുടെയും മുഖങ്ങളിലെ ഭയവും ദുരിതവും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചിത്രങ്ങളാണ്. യു എസ് വിയത്നാമില്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ചുള്ള അവകാശവാദങ്ങളും സംഘര്‍ഷത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള കള്ളപ്രചാരങ്ങളുമാണ്, മറ്റ് അരഡസന്‍ മാധ്യമങ്ങള്‍ക്കൊപ്പം Plain Dealer (പിന്നീടത് Life Magazine ആയി) ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, പൊളിഞ്ഞുവീണത്. യുദ്ധ-വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് അത്തരം പ്രചോദനങ്ങള്‍ വേണ്ടിയിരുന്നില്ലെങ്കിലും സാധാരണ അമേരിക്കക്കാര്‍ പെട്ടെന്നു ചോദിച്ചുതുടങ്ങി, വിയത്നാമില്‍ നമ്മളെന്താണ് ചെയ്യുന്നത്?

ക്രൂരതകള്‍ കൂടുന്തോറും അത്തരം ചിത്രങ്ങള്‍ എടുക്കുന്നത് ഒരു സ്വാഭാവിക പ്രതികരണമായിരുന്നു എന്നു ഹെയ്ബെര്‍ലെ പറഞ്ഞു. “ആ ദൌത്യത്തില്‍ എന്താണ് നടക്കുന്നത് എന്നു പകര്‍ത്തുകയായിരുന്നു ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ എന്റെ ചുമതല,” ആ ചിത്രങ്ങളെടുത്ത് 50 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അദ്ദേഹം പറഞ്ഞു. “ഞാന്‍ പകര്‍ത്തുന്നത് ചരിത്രപ്രധാനമാണെന്നും, പ്രത്യേകിച്ച് ആ കൂട്ടക്കൊല, എനിക്കറിയാമായിരുന്നു. ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു, “ഇത് ശരിയല്ല.” അത് മനസിനെ കുലുക്കിമറിക്കുന്നതായിരുന്നു.”

സൈന്യം നല്കിയ ലെയ്ക ക്യാമറ ഉപയോഗിച്ചല്ല ഹെയ്ബെര്‍ലെ അത് പകര്‍ത്തിയത്. സ്വന്തം നിക്കോണ്‍ ക്യാമറ ഉപയോഗിച്ചായിരുന്നു. അതേ സൈനിക നോട്ടം അതിലും വരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്.

ആ മാരകമായ പ്രഭാതം ഹെയ്ബെര്‍ലെക്കൊപ്പം അടുത്ത കാല്‍നൂറ്റാണ്ടുകാലം സഞ്ചരിച്ചു. 2011-ല്‍ അദ്ദേഹം വീണ്ടും മൈ ലായിലേക്ക് തിരിച്ചെത്തി. അവിടെ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട ഡുക് ട്രാന്‍ വാനിനെ കണ്ടു. 1968 മാര്‍ച്ചില്‍ ഡുക്കിന് 8 വയസായിരുന്നു. ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ഡുക്കുമായി ഹെയ്ബെര്‍ലെ സംസാരിച്ചപ്പോളാണ് ഡുക്കിന് പൊടുന്നനെ ഒരു വെള്ളിടി പോലെ മനസിലായത്, 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാറയ്ക്ക് പിറകില്‍ മരിച്ചുകിടക്കുന്നതായി ഹെയ്ബെര്‍ലെയ് പകര്‍ത്തിയ ചിത്രത്തിലെ സ്ത്രീ ഡുക്കിന്റെ അമ്മയായിരുന്നു-ന്യൂഗെയ്ന് തി തൌ.

തന്റെ 20 മാസം പ്രായമുള്ള പെങ്ങളോടൊപ്പം അമ്മൂമ്മയുടെ വീട്ടിലേക്ക് തന്നോടു ഓടിപ്പോകാന്‍ അമ്മ ആവശ്യപ്പെട്ടതായി ഡുക് പറഞ്ഞു. തലയ്ക്ക് മുകളില്‍ ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടപ്പോള്‍ പെങ്ങളെ സംരക്ഷിക്കാന്‍ ഡുക് തറയിലേക്ക് വീണുകിടന്നു. ആ ചിത്രവും ഹെയ്ബെര്‍ലെയ് പകര്‍ത്തിയിരുന്നു.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും സുഹൃത്തുക്കളായി. ഡുക് ഇപ്പോള്‍ ജീവിക്കുന്ന ജര്‍മ്മനിയില്‍ ഹെയ്ബെര്‍ലെയ് അയാളെ സന്ദര്‍ശിച്ചു. “വീട്ടില്‍ കുടുംബത്തിനായി ഡുക് ഒരു ചെറിയ ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ട്,” ഹെയ്ബെര്‍ലെയ് പറഞ്ഞു. “ഞാനാണയാളുടെ അമ്മയുടെ അവസാന ചിത്രം എടുത്തത്. അതുകൊണ്ട് മൈ ലായില്‍ ഞാനുപയോഗിച്ച നിക്കോണ്‍, എന്റെ ക്യാമറ, അയാളുടെ ക്ഷേത്രത്തിലേക്ക് കൊടുത്തു.” ഹെയ്ബെര്‍ലെയ പിന്നെ പല തവണ മൈ ലായില്‍ എത്തി. കൂട്ടക്കൊലയുടെ 50-ആം വാര്‍ഷികത്തിനും എത്തി.

ചിത്രങ്ങള്‍ ഇവിടെ കാണാം: https://goo.gl/ykn6Ak

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍