UPDATES

ട്രെന്‍ഡിങ്ങ്

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല കയറാനെത്തിയ 6 സ്ത്രീകള്‍ ഇവരാണ്

ആദ്യദിനം വിധിക്കെതിരെ നിലനിന്നിരുന്ന പ്രതിഷേധം വൈകുന്നേരത്തോടെ അക്രമത്തിലേക്കും പോലീസ് നടപടികളിലേക്കും തിരിയുകയായിരുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്് ശേഷം തുലാമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നപ്പോള്‍ ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ച് മൂന്നു ദിവസത്തിനിടെ ഇതുവരെയെത്തിയത് ആറ് സ്ത്രീകള്‍. വിശ്വാസികള്‍ എന്ന നിലയില്‍ നാലുപേര്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ തങ്ങളുടെ ജോലിയെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു രണ്ട് പേരുടെ ആവശ്യം.

തുലാമാസ പുജകള്‍ക്കായി നടതുറന്ന 17 രാവിലെ 10 മണിയോടെ് ആന്ധ്രയില്‍ നിന്നും കുടുംബസമേതം എത്തിയ മാധവിയാണ് ഇക്കൂട്ടത്തില്‍ ആദ്യം മലചവിട്ടിയത്. പമ്പ കടന്ന് അല്‍പം മുന്നോട്ട് പോയ ഇവരെ അദ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം മാധ്യമങ്ങളുടെയും, പിന്നീട് പ്രതിഷേധക്കാരുടെയും കണ്ണില്‍പ്പെടുകയായിരുന്നു. 45 കാരിയാണ് താനെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ പമ്പയില്‍ നാമ ജപങ്ങളുമായി പ്രതിഷേധിച്ചിരുന്ന രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള സേവ് ശബരിമല പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കുടുംബം മലകയറാതെ മടങ്ങുകയും ചെയ്തു. ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് ഈ സമയം ഉണ്ടായിരുന്നില്ലെന്നതും ഇവരുടെ മടക്കം വേഗത്തിലാക്കി.

ഇതിനിടെയാണ് പത്തനംതിട്ട ബസ്സ്റ്റാന്റില്‍ പമ്പയിലേക്കുള്ള ബസ് കാത്തിരുന്ന ചേര്‍ത്തല സ്വദേശി ലിബി എന്ന യുവതി നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ ഇവര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തുകയായിരുന്നു. ലിബിയുടെ വസ്ത്രധാരണം ഉള്‍പ്പെടെ ആക്ഷേപമുന്നിയിച്ചായിരുന്നു യാത്രക്കാര്‍ ഇവരെ തടഞ്ഞത്. ഇതിനിടെ പോലീസെത്തി ലിബിക്ക് സുരക്ഷ ഒരുക്കുകയും ചെയ്തു. ശബരിമലയക്ക് പോവാന്‍ തന്നെയാണ് തന്റെ തീരുമാനം എന്ന് വ്യക്തമാക്കിയതോടെ യുവതിക്ക് നേരെ കയ്യേറ്റ ശ്രമം ഉള്‍പ്പെടെ ഉണ്ടായി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക മാറ്റിയ ഇവരെ പോലീസ് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ന്യൂസ് ഗില്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തക കൂടിയായിരുന്നു ലിബി.

ഇവരെ തടഞ്ഞ 50 പേര്‍ക്കെതിരെ കേസും പിറകെ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി ലിബിക്കെതിരെ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ടു സംഭവങ്ങളോടെ ആദ്യദിനം വിധിക്കെതിരെ നിലനിന്നിരുന്ന പ്രതിഷേധം വൈകുന്നേരത്തോടെ അക്രമത്തിലേക്കും പോലീസ് നടപടികളിലേക്കും തിരിയുകയായിരുന്നു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിച്ച രണ്ടാം ദിനം പൊതുവെ ശാന്തമായിരുന്നു. ഇതിനിടെ ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിന്റെതായിരുന്നു അടുത്ത ഊഴം. സഹപ്രവര്‍ത്തകനൊപ്പം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച സുഹാസിനി പോലീസ് സുരക്ഷയിലായിരുന്നു യാത്ര ആരംഭിച്ചത്. എന്നാല്‍ പമ്പ പിന്നിട്ട് മരക്കൂട്ടത്തെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം ഇവരെ തടഞ്ഞു. മുന്നോട്ട് പോവാന്‍ കഴിയാത്തവിധത്തില്‍ പ്രതിഷേധവും അധിക്ഷേപവും തുടര്‍ന്നതോടെ ഇനി മുന്നോട്ട് പോവേണ്ടെന്ന നിലപാടെടുത്ത് അവരും മടങ്ങുകയായിരുന്നു.

തുടര്‍ന്ന് പമ്പ പോലീസ് സ്റ്റേഷനിലെത്തിയ അവര്‍ താന്‍ ആക്രമിക്കപ്പെട്ടതിനാലാണ് പിന്‍മാറിയതെന്ന് പരാതിയും നല്‍കി. ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോയില്‍ ജോലിചെയ്യുന്ന സുഹാസിനി ദക്ഷിണേഷ്യന്‍ പ്രതിനിധികൂടിയാണ്. വന്‍ സുരക്ഷയിലാണ് ഇവരെയും സഹ പ്രവര്‍ത്തകനെയും പോലീസ് കൊച്ചിയിലെത്തിച്ചത്. യുപി സ്വദേശിയാണ് സുഹാസിനി.

ഇതിന് പിറകെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോജോ ടിവിയുടെ പ്രതിനിധിയായ കവിതാ ജക്കാല തനിക്ക് സന്നിധാനത്ത് ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്ന ആവശ്യപ്പെട്ട് പമ്പ പോലീസിനെ സമീപിച്ചത്. എന്നാല്‍ സമയം ഏറെ വൈകിയെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരാകരിച്ച പോലീസ് വെള്ളിയാഴ്ച ഇതിന് ആവശ്യമായ സൗകര്യം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. കൊച്ചി സ്വദേശിനിയായ രഹ്ന ഫാത്തിമ എന്ന യുവതിയും ദര്‍ശനത്തിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ സമീപിക്കുകയും ചെയ്തു. ആചാര പ്രകാരം കെട്ട് എടുത്തായിരുന്നു രഹ്ന ഫാത്തിമ മലകയറാന്‍ എത്തിയത്. ഇരുവരുമായി 200 ഓളം പോലീസുകാരുടെ അകമ്പടിയില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംഘം സന്നിധാനത്തിലേക്ക്. കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലാതെ ശബരിമല ക്ഷേത്രത്തിന് സമീപത്തെത്തിയ സംഘത്തെ പക്ഷെ ഒരു ഭക്തര്‍ വലിയ നടപ്പന്തലിന് സമീപത്ത് വച്ച് തടയുകയായിരുന്നു.

പ്രതിഷേധക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തിയ ഐജിതങ്ങളുടെ ജോലി നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതിനിടെ മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ നിന്നു നേരിട്ടു നിര്‍ദേശവും വന്നു. പിറകെ, അചാര ലംഘനം നടന്നാല്‍ ക്ഷേത്ര നട അടയ്ക്കുമെന്ന് തന്ത്രി നിലപാടെടുത്തതോടെ ക്ഷേത്രത്തിന് 100 മീറ്റര്‍ അകലെ നിന്നും പോലീസ് യുവതികളെയും കൊണ്ട് മടങ്ങി.

അടുത്തകാലത്ത് കേരളത്തിലുണ്ടായ ചില പുരോഗമന മുന്നേറ്റങ്ങളിലെല്ലാം സാന്നിധ്യമായിരുന്ന യുവതിയായിരുന്നു രഹന ഫാത്തിമ എന്ന കൊച്ചി സ്വദേശിനി. ചുംബനസമരത്തിലൂടെയാണ് രഹനയെ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കാനാരംഭിച്ചത്. ചുംബന സമരത്തിന് ശേഷം ശരീരം കൊണ്ടുള്ള പ്രതിഷേധങ്ങളുമായി രഹന സജീവമായി തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതിന് അവര്‍ മതവാദികളുടെ വധഭീഷണിയും ഇവര്‍ നേരിട്ടു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുതെന്നായിരുന്നു മതവാദികളുടെ ആവശ്യം. പുരുഷന്മാര്‍ മാത്രം പുലി വേഷം കെട്ടുന്ന തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായും 2016ല്‍ രഹന പ്രത്യക്ഷപ്പെട്ടിരുന്നു.

മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമാണ് ആന്ധ്രാ സ്വദേശിയായ കവിത. സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിക്കാന്‍ കവിത ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുന്നു എന്നാണ് ഇവരുടെ സന്ദര്‍ശനത്തെ മോജോ ടിവി തങ്ങളുടെ ഫേസ്ബുക്ക് പേജ് പറയുന്നത്. ഹൈദരാബാദ് സ്വദേശിയാണ് ഇവര്‍.

ഇതിനിടെ താന്‍ വിശ്വാസിയാണെന്നും തനിക്ക് വിദ്യാരംഭ ദിനത്തില്‍ അയ്യപ്പനെ കാണണം എന്നും വ്യക്തമാക്കി തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയും പമ്പയിലെടുത്തി. മേരി സ്വീറ്റി എന്ന പേരുവെളിപ്പെടുത്തിയ ഇവര്‍ തനിക്ക ലഭിച്ച ഉള്‍വിളിയുടെ അടിസ്ഥാനത്തിലാണ് താനെത്തിയതും ഇവര്‍ പോലീസിനോടും മാധ്യമങ്ങളോടും പ്രതികരിച്ചു. എന്നാല്‍ ഇവരെ പോലീസ് ഇടപ്പെട്ട് മടക്കി അയക്കുകയായിരുന്നു.

വികാരം ഇളക്കിവിടുന്നവര്‍ ആരൊക്കെ? പി എസ് ശ്രീധരന്‍ പിള്ള മുതല്‍ ദീപാ രാഹുല്‍ ഈശ്വര്‍ വരെ കളിക്കുന്നത് തീക്കളി

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

അയ്യപ്പവേഷം ധരിച്ച അക്രമികളെ നേരിടാൻ അയ്യപ്പവേഷം ധരിച്ച പോസ്റ്റ് മോഡേണിസ്റ്റുകൾ: ചില വാദങ്ങളും പ്രതിവാദങ്ങളും

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍