UPDATES

മസ്ജിദുനൂര്‍ പള്ളി എന്തുകൊണ്ട് കേരളമാണ് അഥവാ മഴക്കെടുതിയിലും വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്ക് അറിയാത്ത കേരളം

മസ്ജിദുനൂര്‍ എന്നാല്‍ പ്രകാശത്തിന്റെ ആരാധനാലയം എന്നാണ് അര്‍ത്ഥം.

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന കാലവര്‍ഷക്കെടുതി ഈശ്വരനെ നിന്ദിച്ചു കൊണ്ടുള്ള കമ്യൂണിസ്റ്റ് ഭരണം കൊണ്ടാണെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദൈവം കോപിച്ചതാണെന്നുമൊക്കെ പറഞ്ഞു നടക്കുന്നവര്‍ നിലമ്പൂര്‍ ചാലിയാറിലെ നമ്പൂരിപ്പൊട്ടിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുനൂര്‍ പള്ളിയിലേക്ക് വരണം, അതല്ലെങ്കില്‍ ഈ വാര്‍ത്ത വായിക്കുകയെങ്കിലും വേണം. എന്തുകൊണ്ടാണ് ഈ നാട് വര്‍ഗീയതയ്ക്ക് വളരാന്‍ ഇടം നല്‍കാതിരിക്കുന്നതെന്നും ഈ നാട്ടിലെ മനുഷ്യര്‍ ജാതിമതരാഷ്ട്രീയത്തിനപ്പുറം സാഹോദര്യം പുലര്‍ത്തുന്നതെന്നും നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാക്കാം. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു പോലും പ്രചാരണം നടക്കുമ്പോഴാണ് ഒരു മുസ്ലിം ആരാധനാലയം അതിന്റെ വാതിലുകള്‍ ദുരിതക്കെടുതിയനുഭവിക്കുന്നവര്‍ക്കായി തുറന്നിട്ടിരിക്കുന്നത്.

മസ്ജിദുനൂര്‍ എന്നാല്‍ പ്രകാശത്തിന്റെ ആരാധനാലയം എന്നാണ് അര്‍ത്ഥം. കേരളം കണ്ട ഏറ്റവും ഭീകരമായ പ്രകൃതിക്ഷോഭത്തിന്റെ ഇരകളായി മാറിയ നിലമ്പൂരിലെ നമ്പൂരിപ്പൊട്ടിക്ക് അടുത്ത പ്രദേശമായ പൂളപ്പൊട്ടിയിലെ 17 കുടുംബങ്ങള്‍ക്ക് അഭയം നല്‍കിക്കൊണ്ട് ഒരു ആരാധനാലയം എങ്ങനെയാകണം എന്നതിനു മാതൃകയായിരിക്കുകയാണ് നമ്പൂരിപ്പൊട്ടി മസ്ജിദുനൂര്‍ പള്ളി; പേരിന്റെ അര്‍ത്ഥം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെയാണ് പൂളപ്പൊട്ടിയില്‍ വെള്ളം പൊങ്ങിയത്. ഏകദേശം പുലര്‍ച്ചെ മൂന്നു മണിയോടെ വീടുകളുടെ മുക്കാല്‍ ഭാഗത്തോളം വെള്ളം ഉയര്‍ന്നു. 17 വീടുകളുടെ ജനല്‍പ്പൊക്കത്തോളം വെള്ളം വന്നു. ഒമ്പതോളം വീടുകള്‍ക്ക് കാര്യമായ നാശമുണ്ടായി. ഇതില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായി തന്നെ ഉപയോഗശൂന്യമായി. സാഹചര്യം അതീവ ഗുരുതരമായതോടെയാണ് പഞ്ചായത്ത് അധികൃതര്‍ മസ്ജിദുനൂര്‍ പള്ളി ഭാരവാഹികളെ ബന്ധപ്പെടുന്നത്. സമീപം തന്നെ ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം ഉണ്ടെങ്കിലും അവിടെയും അവസ്ഥ മോശമാണ്. സ്‌കൂള്‍ മുറ്റം അരയോളം വെള്ളം കയറിയ നിലയിലായിരുന്നു. കക്കൂസുകള്‍ വെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലും. ഈ സാഹര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പ് അവിടെ തുറക്കുന്നത് അസാധ്യം. അങ്ങനെയൊരു നില വന്നപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കം മസ്ജിദുനൂര്‍ പള്ളിയുടെ ഭരണനേതൃത്വം വഹിക്കുന്ന ഹ്യൂമന്‍ സര്‍വീസ് ട്രസ്റ്റിന്റെ ചെയര്‍മാന്‍ വാഹിബിനെ അടക്കം കണ്ട് കാര്യങ്ങള്‍ പറഞ്ഞത്.

പഞ്ചായത്ത് അധികൃതര്‍ അങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കുകപോലും വേണ്ടിവന്നില്ല ഞങ്ങള്‍ക്ക്. 17 കുടുംബങ്ങളെയാണ് പള്ളിയുടെ രണ്ടാം നിലയില്‍ താമസസൗകര്യം ഒരുക്കിയത്. ജാതിയോ മതമോ ഒന്നുമവിടെ പ്രശ്‌നമായിരുന്നില്ല. ദുരിതമനുഭവിക്കുന്ന മനുഷ്യനെ സഹായിക്കാന്‍ ഒന്നും തടസ്സമാകരുത്. സര്‍വമതസ്ഥരും ഒരുമയോടെ കഴിയുന്ന പ്രദേശമാണിവിടെ. ഞങ്ങള്‍ക്കിടയില്‍ ജാതിയോ മതമോ ഒന്നും ഇല്ല. അങ്ങനെയുള്ളപ്പോള്‍ ഈയൊരു സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് ഒന്നും തടസ്സമല്ല. 17 കുടുംബങ്ങളില്‍ നിന്നായി 71 ഓളം പേരാണ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍. പ്രായമായവര്‍ തൊട്ട് ചെറിയ കുട്ടികള്‍ വരെയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും നാട്ടുകാരുമടക്കം ഇവിടെ സഹായം ചെയ്യാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. റവന്യു മന്ത്രി കഴിഞ്ഞ ദിവസം പള്ളി സന്ദര്‍ശിച്ചിരുന്നു. ഒരു ആരാധാനലയം എങ്ങനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടതിന്നതിന് ഉദ്ദാഹരണമാണ് മസ്ജിദുനൂര്‍ പള്ളിയെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ നാടിന്റെ മാതൃക ഈ സാഹോദര്യം തന്നെയാണ്. ഈ മാതൃകയാണ് നാം മറ്റുള്ളവര്‍ക്ക് മുന്നില്‍ വയ്ക്കുന്നതും; ട്രസ്റ്റ് ചെയര്‍മാന്‍ വാഹിബ് അഴിമുഖത്തോട് പറയുന്നു.

പള്ളിയിലെ ക്യാമ്പില്‍ നിന്നും ചിലരൊക്കെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോള്‍ മാറിയിട്ടുണ്ട്. അത് ഇവിടുത്തെ സൗകര്യങ്ങളിലോ മറ്റെന്തെങ്കിലും കാര്യങ്ങളിലോ ഉണ്ടായ ബുദ്ധിമുട്ടുകള്‍ കൊണ്ടല്ലെന്നും ദുരിതാശ്വാസ സഹായങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ക്യമ്പുകളിലേക്ക് മാറണമെന്നുള്ളതുകൊണ്ടാണെന്നും ജനങ്ങള്‍ പറയുന്നു. മസ്ജിദുനൂര്‍ പള്ളിയില്‍ കഴിയുന്നവര്‍ക്ക് യാതൊരുവിധ കുറവും വരുത്താതെയാണ് സംരക്ഷണം നല്‍കുന്നതെന്നും എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്നവര്‍ ഇവിടെയുണ്ടെന്നും അവര്‍ സാക്ഷ്യം പറയുന്നു.

പൂളപ്പൊട്ടിയില്‍ ഇപ്പോള്‍ ദ്രുതവേഗത്തില്‍ ദുരാതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നാട്ടുകരും സന്നദ്ധസേവന സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. പരിസരങ്ങളും വീടകങ്ങളുമൊക്കെ ശുചിയാക്കി താമസസജ്ജമാക്കി കൊണ്ടിരിക്കുകയാണ്. എല്ലാം ശരിയാകുന്നതുവരെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഇവിടെ എത്തിയിരിക്കുന്നവരെ തങ്ങള്‍ സംരക്ഷിക്കുമെന്നാണ് പള്ളിയധികൃതര്‍ പറയുന്നത്.

മുപ്പത് വര്‍ഷമായി മസ്ജിദുനൂര്‍ പള്ളി നമ്പൂരിപ്പൊട്ടിയില്‍ നിര്‍മിച്ചിട്ട്. കഴിഞ്ഞ 25 വര്‍ഷമായി പള്ളിയുടെ നേതൃത്വത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സേവന പ്രവര്‍ത്തികള്‍ നടത്തി വരുന്നുണ്ട്. ആരാധാനലയം എന്നതിനപ്പുറം മനുഷ്യന് ജാതിയും മതവും ഒന്നും നോക്കാതെ സഹായവും സംരക്ഷണവും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പെരുന്നാള്‍ സമയത്തും മറ്റും എല്ലാമതവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്കും ഞങ്ങള്‍ ഭക്ഷണസാധനങ്ങളായും മറ്റും ഒരു പങ്ക് നല്‍കും. ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പള്ളിയാണിത്. ചില മുസ്ലിം യാഥാസ്ഥികരില്‍ നിന്നും മുറുമുറുപ്പുകള്‍ ഉയരുമ്പോള്‍ പോലും അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ മുന്നോട്ടു പോവുകയാണ്. ഈ പ്രദേശത്ത് പല മത വിഭാഗത്തില്‍പ്പെട്ടവരുണ്ട്. പക്ഷേ, ഞങ്ങള്‍ക്കിടയില്‍ മതത്തിന്റെ വേര്‍തിരിവുകളില്ല. മുന്‍പും ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല; വഹാബ് പറയുന്നു.

വഹാബ് അഴിമുഖത്തോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പൂളപ്പൊട്ടിയില്‍ വീണ്ടുമൊരു ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഇടിവെട്ടുന്നു എന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. എന്നാല്‍ അല്‍പ്പ സമയത്തിനകം തിരിച്ചു വിളിച്ചിട്ടു പറഞ്ഞു, ഇടി വെട്ടിയതല്ല, ഉരുള്‍പൊട്ടിയതാണ്. വെള്ളം ഇനിയും പൊങ്ങും, ദുരിതം ഒഴിഞ്ഞിട്ടില്ല, ഇനിയും ജോലിയുണ്ട്, ഞങ്ങളുടെ സഹോദരങ്ങളെ സംരക്ഷിക്കണം’ എന്നു പറഞ്ഞ് വഹാബ് ഫോണ്‍ വച്ചു…

സഹോദരങ്ങള്‍ എന്ന് വഹാബ് പറഞ്ഞത് മുസ്ലിങ്ങളെ കുറിച്ചല്ല, മുസ്ലിമും ഹിന്ദുവും എല്ലാം ഉള്‍പ്പെടുന്ന മനുഷ്യരെ കുറിച്ചാണ്.

വലിയൊരു ദുരന്തം വന്നപ്പോള്‍ അതിനെ എങ്ങനെയെല്ലാമാണ് കേരളം ഒറ്റക്കെട്ടെടോ നേരിടുന്നതെന്നതിന് ഒരു ഉദ്ദാഹരണം മാത്രമാണ് നിലമ്പൂരിലെ മസജിദുനൂര്‍ പള്ളി. പക്ഷേ, ഈ രാജ്യത്തിന് മാതൃകയാക്കാന്‍ ഇങ്ങനത്തെ ഒറ്റ ഉദ്ദാഹരണം തന്നെ ധാരളമാണ്. ജാതിയോ മതമോ രാഷ്ട്രീയമോ അല്ല, ഒരു മനുഷ്യന്‍ മറ്റൊരുവനെ മനുഷ്യനായി തന്നെ തിരിച്ചറിയുന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ഇനിയെങ്കിലും വിഷം വമിപ്പിക്കുന്നവര്‍ തിരിച്ചറിയട്ടേ…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍