UPDATES

ഇവിടെ കറന്‍റില്ല, കക്കൂസില്ല, കുടിവെള്ളമില്ല; ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു പെണ്‍കുട്ടി; ഈ കണ്ണുനീര്‍ കേരളം കാണുമോ?

എല്ലാ കുട്ടികളും അവരുടെ വീട്ടില്‍ നിന്നാണ് സ്‌കൂളില്‍ വരുന്നത്, എനിക്കു മാത്രം വീടില്ല

നിരത്തിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകള്‍ക്കുമേല്‍ വിരിച്ചിട്ടിരിക്കുന്ന പഴകിയ സാരികളാണ് പതിമൂന്നുകാരി അരണ്യയുടെ ഇപ്പോഴത്തെ വീടിന്റെ ചുമരുകള്‍! പരുപരുത്ത സിമന്റ് തറയുടെ ഇത്തിരിവട്ടമാണ് ഈ എട്ടാംക്ലാസുകാരിയുടെ വീടകം. അവിടെ അവളുടെ അച്ഛനുണ്ട്, അമ്മയുണ്ട്, പത്തുവയസുകാരി അനിയത്തിയുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ അടുക്കളയില്ല, കുളിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാനോ ഒരു കുളിമുറിയോ കക്കൂസോ ഇല്ല… അരണ്യക്കും അനിയത്തിക്കും ഓടിക്കളിക്കാന്‍ സ്വന്തം മുറ്റമില്ല… അഭയാര്‍ത്ഥികളെ പോലെ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ഒരു കമ്യൂണിറ്റി ഹാളിന്റെ ഉള്ളില്‍ കഴിഞ്ഞു കൂടെണ്ടി വരുന്ന ഒരു ദളിത് കുടുംബത്തിന്റെ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമാണ് അരണ്യ എന്ന പെണ്‍കുട്ടി.

"</p

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ പെരുന്നാട് പഞ്ചായത്തിലെ ബിമ്മരത്താണ് അരണ്യയുടെ വീട്. ഓഗസ്റ്റ് പതിനഞ്ചാം തീയതി ബിമ്മരത്ത് മൂന്നിടങ്ങളിലായി അടുപ്പിച്ചിടുപ്പിച്ച് ഉണ്ടായ ഉരുള്‍പൊട്ടലാണ് അരണ്യക്ക് വീടില്ലാതാക്കിയത്. ഉരുള്‍പൊട്ടിയൊലിച്ചുപോയ വഴിയിലായിരുന്നു അരണ്യയുടെ വീട്. പഞ്ചായത്തില്‍ നിന്നും അനുവദിച്ച് കിട്ടിയ വീടിന്റെ നിര്‍മാണം നടക്കുന്നതേയുണ്ടായിരുന്നുള്ളൂ. താത്കാലികമായി ഒരു ഷെഡ് കെട്ടിയായിരുന്നു അവര്‍ താമസിച്ചിരുന്നു. ഇനി ആ വീട് വാസയോഗ്യമല്ല. നിര്‍മാണത്തിലിരുന്ന വീടിന്റെ അടിത്തറയ്ക്കു കീഴിലെ മണ്ണ് ഇളകിപോയിരിക്കുന്നു. പൊട്ടിവന്ന വലിയൊരു ഉരുളന്‍ കല്ല് കെട്ടിയുയര്‍ത്തിയ ഭിത്തിയില്‍ ചാരിയെന്ന പോലെ നില്‍ക്കുകയാണ്. യാതൊരു കാരണവശാലും ഇനിയവിടെ താമസിക്കാന്‍ കഴിയില്ല. ഉണ്ടായിരുന്ന ഭൂമിയും ഒഴുകിപോയി. ഇതേ അവസ്ഥ നേരിട്ടവര്‍ ബിമ്മരത്ത് വേറെയുണ്ടെങ്കിലും താത്കാലികമായെങ്കിലും താമസിക്കാന്‍ അവര്‍ക്ക് ബന്ധുവീടുകളുണ്ട്. അതിനുള്ള സാഹചര്യം പോലും ഇല്ലാത്തതുകൊണ്ടാണ് സുരേഷും ഭാര്യ ബിന്ദുവും രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന വന വികസന സമിതിയുടെ കീഴിലുള്ള കമ്യൂണിറ്റി ഹാളിലേക്ക് പോയത്. ഒപ്പം ഉണ്ടായിരുന്നവരൊക്കെ മറ്റിടങ്ങളിലേക്ക് മാറിയെങ്കിലും സുരേഷിനും കുടുംബത്തിനും എങ്ങോട്ടും പോകാന്‍ ഇല്ലാതിരുന്നതുകൊണ്ട് അവിടെ തന്നെ കഴിയേണ്ടി വന്നു. ഓഗസ്റ്റ് 15 മുതല്‍ അവര്‍ അവിടെ തന്നെ കഴിയുകയാണ്. ഭൂമിയും വീടും നല്‍കാമെന്ന് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പ് അധികൃതരുമൊക്കെ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും എപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് അറിയില്ല. കൂലിപ്പണിക്കാരനാണ് സുരേഷ്. ഭാര്യ ബിന്ദുവും തൊഴിലുറപ്പ് പോലുള്ള ജോലികള്‍ക്ക് പോകുമെങ്കിലും ഹൃദ്രോഗിയാണ്. ഇവരുടെ മൂത്ത കുട്ടിയാണ് അരണ്യ. അവളും ഒരു രോഗി.

"</p

സങ്കടം വന്ന് കരഞ്ഞുപോകുമെങ്കിലും അവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ചോദിക്കുന്നവരോട് ചിറ്റാര്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് മീഡയത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അരണ്യയാണ് കാര്യങ്ങള്‍ പറയുന്നത്;

എല്ലാ കുട്ടികളും അവരുടെ വീട്ടില്‍ നിന്നാണ് സ്‌കൂളില്‍ വരുന്നത്. ഞാനും അനിയത്തിയും മാത്രം അങ്ങനെയല്ല. ഞങ്ങള്‍ക്കിപ്പോള്‍ സ്വന്തമായി വീടില്ല. ഇവിടെയാണ് ഞങ്ങള്‍ താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു ചെറിയ വീട് നേരത്തെ ഉണ്ടായിരുന്നു. ചെറുതായിരുന്നെങ്കിലും അത് ഞങ്ങളുടെ സ്വന്തമായിരുന്നു. ഇപ്പോള്‍ സ്വന്തമായി ഞങ്ങള്‍ക്ക് ഒന്നും ഇല്ല. സ്‌കൂളില്‍ പോകുന്നത് വല്യമ്മയുടെ വീട്ടില്‍ ചെന്നിട്ടാണ്.

ഞാന്‍ ആയിരുന്നു ക്ലാസില്‍ ഒന്നാമത്. ടീച്ചര്‍മാര്‍ക്കൊക്കെ എന്നെ വല്യ കാര്യായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ പുറകിലാണ്. ഒന്നും പഠിക്കാന്‍ പറ്റണില്ല. എപ്പോഴും സങ്കടാ… ഇവിടെ കറണ്ട് ഇല്ല, മെഴുകു തിരി വെളിച്ചം മാത്രമാണ്. കുളിമുറിയോ കക്കൂസോ ഇല്ല. കുടിക്കാന്‍ വെള്ളം പോലും ഇല്ല. മറ്റു വീടുകളില്‍ ചെന്ന് വെള്ളം കോരിക്കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. കുളിക്കാനും കക്കൂസില്‍ പോകാനുമൊക്കെ ഞാനും അനിയത്തിയും അമ്മയുമൊക്കെ എവിടെയെങ്കിലും പോണം. ആഹാരം വയ്ക്കാന്‍ പോലും സ്ഥലമില്ല. അകത്ത് പാചകം ചെയ്യരുതെന്നാണ് ഫോറസ്റ്റുകാര്‍ പറഞ്ഞിരിക്കുന്നത്. അമ്മ മുറ്റത്തിട്ടാണ് പാചകം ചെയ്യുന്നത്. മഴയോ കാറ്റോ വന്നാല്‍ ഒന്നും വയ്ക്കാന്‍ പറ്റില്ല. മഴയും കാറ്റുമൊക്കെ വരുമ്പോള്‍ എനിക്ക് ഭയങ്കര പേടിയാണ്. അനിയത്തിയാണെങ്കില്‍ കരയും. ഞങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. ഇവിടെയിരുന്ന് ഞാനും അനിയത്തിയും എപ്പോഴും കരച്ചിലാണ്. എന്നാണ് നമ്മുടെ വീട്ടിലേക്ക് പോണതെന്ന് അവള്‍ ചോദിക്കുമ്പോള്‍ എനിക്ക് സങ്കടം വരും.

"</p

അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ചെറിയ പൈസയല്ലേ കിട്ടൂ. അച്ഛനും അമ്മയും സങ്കടപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ അവരുടെ മുന്നില്‍ ചിരിക്കും. പക്ഷേ, ചിലപ്പോഴൊക്കെ ഞാന്‍ കരഞ്ഞുപോകും അപ്പോള്‍ അച്ഛനും അമ്മയും കരയും. എനിക്കും അനിയത്തിക്കും കൂടി സ്‌കൂള്‍ ബസിന് മാസം രണ്ടായിരം രൂപ കൊടുക്കണം. അച്ഛന് അതുണ്ടാക്കാന്‍ പോലും കഴിയാറില്ല. ആരെങ്കിലും നമ്മലെ സഹായിച്ചില്ലെങ്കില്‍ എങ്ങനെ കുറച്ച് സ്ഥലം വാങ്ങി ചെറുതാണെങ്കിലും ഒരു വീട് വയ്ക്കുമെന്ന് അച്ഛന്‍ സങ്കടപ്പെടാറുണ്ട്. അതു കാണുമ്പോള്‍ ഞാനും കരഞ്ഞുപോകും.

"</p

എനിക്ക് സ്‌കൂളില്‍ ഒരുപാടൊന്നും കൂട്ടുകാരില്ല. ഇപ്പോള്‍ ഉള്ളവരോട് പോലും ഞാന്‍ അധികം കൂട്ടുകൂടുന്നില്ല. ഞങ്ങള്‍ക്ക് വീടൊന്നും ഇല്ലാത്തതല്ലേ… ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ വിഷമം വരും. പഠിക്കാനും പറ്റുന്നില്ല. ടീച്ചര്‍മാര്‍ക്കൊക്കെ ഞങ്ങളുടെ കാര്യം അറിയാം. ഒരു ദിവസം ഇവിടെ ഞങ്ങളെ കാണാന്‍ വരാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും ഇവിടെ നിന്നൊന്നു പോയാല്‍ മതിയെന്നാണ് എല്ലാ ദിവസും പ്രാര്‍ത്ഥിക്കുന്നത്. എനിക്ക് ഒരു ടീച്ചര്‍ ആകണമെന്നാണ് മോഹം. അനിയത്തിക്ക് കമ്പ്യൂട്ടര്‍ എന്‍ജിനീയറും. ഞങ്ങള്‍ക്ക് ഒരു ജോലി കിട്ടിയാല്‍ അച്ഛന്റെം അമ്മേടേം കഷ്ടപ്പാട് ഇല്ലാതാക്കാം. ഞങ്ങളെ രണ്ടുപേരേം കൂടി പഠിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എനിക്ക് കൂടുതല്‍ പഠിക്കാന്‍ പറ്റിയില്ലെങ്കിലും അനിയത്തിയെ പഠിപ്പിക്കണം. അവള്‍ക്ക് ഇഷ്ടമുള്ള ജോലി കിട്ടണം. അതിനു വേണ്ടി കഷ്ടപ്പെടാന്‍ ഞാനും തയ്യാറാണ്. പക്ഷേ, ഒരു വീട് പോലും ഇല്ലാത്ത ഞങ്ങള്‍ക്ക് അതിനൊക്കെ ആകുമോയെന്ന് അറിയില്ല…

അരണ്യക്ക് പറയാനുള്ളത് കാണൂ..

ഇരു കണ്ണുകളില്‍ ഇരുട്ടുമായി ജീവിക്കുന്ന കാര്‍ത്ത്യായിനി; പ്രളയം ബാക്കി വെച്ച വേദനകള്‍

“ഡാം പൊട്ടി വരണതാ…നമ്മളെങ്ങോട്ട് ഓടീട്ടും കാര്യമില്ല…”

വീടിനുള്ളില്‍ തലപ്പൊക്കം വെള്ളത്തില്‍ മുങ്ങിനിന്നത് മൂന്ന് ദിവസം; മരവിച്ച് മരിക്കാഞ്ഞത് ഭാഗ്യമെന്ന് സരോജിനി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍