UPDATES

മുണ്ടുടുത്ത യേശുവോ? കോവില്‍പാളയം പള്ളിയുടെ മതസൌഹാര്‍ദ ആരാധനയുടെ കഥ

എകെജി ഈ പള്ളിക്കുള്ളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്

മുണ്ടുടുത്ത യേശുവോ? കളിയല്ല. അങ്ങനെ ഒരു തിരുരൂപത്തെ കാണണമെങ്കില്‍ കോവില്‍ പാളയത്ത് ചെല്ലണം. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കോവില്‍ പാളയം. അവിടെ കോവില്‍ പാളയം പള്ളി എന്നറിയപ്പെടുന്ന ഒരു ലാറ്റിന്‍ പള്ളിയുണ്ട്. മുണ്ടുടുത്ത യേശുവിന്‍റെ രൂപമുള്ള ഇന്ത്യയിലെ തന്നെ അപൂര്‍വ്വം പള്ളികളില്‍ ഒന്നാണിത്. ഉയര്‍ത്തെഴുന്നേറ്റ യേശുവിന്റെ പ്രതിരൂപമാണ് മുണ്ടുടുത്ത യേശു എന്നാണ് വിശ്വാസം. ഈസ്റ്റര്‍ കഴിഞ്ഞു മൂന്നാം നാളാണ് ഇവിടത്തെ പെരുന്നാള്‍ ആഘോഷം.

ഈ പള്ളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും അത്ഭുത കഥകളും നാട്ടില്‍ പ്രചാരത്തിലുണ്ട്. ആരോഗ്യമാതാ ആണ് ഇവിടത്തെ മധ്യസ്ഥ.

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന ഈ പള്ളിയില്‍ തികച്ചും വ്യത്യസ്തമായ ചില ആചാരങ്ങള്‍ നിലനിന്നിരുന്നു. നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും നാട്ടില്‍ വരള്‍ച്ചയും ക്ഷാമവും ഉണ്ടാകുമ്പോഴും വിശ്വാസികളും മറ്റ് മതസ്ഥരും ഒത്തുകൂടി കോഴികളെ അറുത്തു വനപൂജ ചെയ്യുകയും കോഴിയിറച്ചിയും ചോറും ഉണ്ടാക്കി എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുകയും ചെയ്തിരുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ നാട്ടില്‍ തുടര്‍ച്ചയായി യുദ്ധങ്ങള്‍ ഉണ്ടാവുകയും നാട്ടില്‍ കടുത്ത ക്ഷാമം നേരിടുകയും ചെയ്തപ്പോള്‍ അന്നത്തെ ചോഴ, കൊങ്ക് നാടിന്റെ ഭാഗമായിരുന്ന സേലം, തിരുച്ചിറപ്പള്ളി, ഡിണ്ടുകല്‍, ആര്‍ക്കാട് എന്നീ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ തൊഴില്‍ തേടിയും ടിപ്പുവിന്‍റെ പടയോട്ടത്തില്‍ നിന്നു രക്ഷപ്പെടാനും വേണ്ടി പാലക്കാടുള്ള ഈ പ്രദേശത്ത് വന്നു താമസിക്കുകയായിരുന്നു. യുദ്ധകാലമായതിനാല്‍ കൂടുതല്‍ ജനങ്ങളും കൂടാരം കെട്ടി താമസിച്ചിരുന്നതിനാല്‍ ഈ സ്ഥലം പാളയം എന്ന പേരില്‍ അറിയപ്പെട്ടെന്നും പിന്നീട് ഇത് പെരിയ കോവില്‍ പാളയം ആയി മാറി എന്നും പറയപ്പെടുന്നു.

ഫ്രാന്‍സിസ്കന്‍ സഭയിലെ യാക്കോബ് പെരേര അച്ചന്‍  കോഴിക്കോട് ബിഷപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം രണ്ട് കപ്യാന്‍മാരുടെ കൂടെ ഇവിടെ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചു. ഇവിടെ കുടിയേറിയവരില്‍ കൂടുതല്‍ ജനങ്ങളും യേശു സഭ സന്യാസികളുടെ മത ബോധനത്തില്‍ ആകൃഷ്ടരായി ക്രിസ്തുമതത്തില്‍ ചേര്‍ന്നു. വീടുകളില്‍ പ്രാര്‍ഥനകളും മറ്റും നടത്തി വന്നു.

പാലക്കാട് പ്രദേശം ആ സമയത്ത് മൈസൂര്‍ മിഷനറിയുടെ കീഴിലായിരുന്നു. അവിടെ നിന്നു കോവില്‍ പാളയത്ത് എത്തിയ ഫ്രാന്‍സിസ്കോ സവേറിയോ ബവോണി അച്ചന്‍ പാലക്കാട് രാജാവ് ദാനമായി കൊടുത്ത സ്ഥലത്തു 1761 ല്‍ പരിശുദ്ധ ആരോഗ്യ മാതാവിന്റെ പള്ളി പണിതു എന്നാണ് ചരിത്രം. ടിപ്പുവിന്‍റെ പടയോട്ട കാലത്ത് ബാംഗ്ലൂരിലേക്ക് തിരിച്ചു പോയ ബവോണി അച്ചന്‍ ടിപ്പുവിന്‍റെ മരണ ശേഷം പെരിയ കോവില്‍ പാളയത്തിലേക്ക് തിരിച്ചു വന്നു. പെരിയ കോവില്‍ പാളയത്തെ കേന്ദ്രമാക്കി പാലക്കാട് പ്രദേശത്ത് ക്രിസ്ത്യന്‍ സമുദായത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. 33 പ്രദേശങ്ങള്‍ക്കും അമ്മ പള്ളിയായി കോവില്‍ പാളയം അറിയപ്പെട്ടു. 1799 ലാണ് ബവോണിയച്ചന്‍ മരണപ്പെട്ടത്. അച്ചന്റെ ശരീരം പെരിയ കോവില്‍ പാളയം പള്ളിയില്‍ തന്നെയാണ് അടക്കം ചെയ്തത്.

നാട്ടില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുകയും കൊടിയ വരള്‍ച്ച ഉണ്ടാവുകയും ചെയ്തപ്പോള്‍ ഇവിടത്തെ വിശ്വാസികള്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. അങ്ങനെ കുറെക്കാലം പ്രാര്‍ഥനകളൊന്നുമില്ലാതെ പള്ളി അടഞ്ഞു കിടന്നിരുന്നു. പില്‍ക്കാലത്ത് ഈ പള്ളിയില്‍ എകെജി ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പതിനാല് കുടുംബങ്ങളാണ് ഇപ്പോള്‍ ഈ പള്ളി ഇടവകയില്‍ ഉള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഫാദര്‍ മറിയന്‍ ജോസഫാണ് ഈ പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. പള്ളിയുടെ ചരിത്രത്തെയും ഐതിഹ്യത്തെയും കുറിച്ച് ഫാദര്‍ മറിയന്‍ ജോസഫ് സംസാരിക്കുന്നു.

1760-കളിലാണ് ഈ പള്ളി നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ഈ പ്രദേശത്തെ ആദ്യത്തെ പള്ളിയാണിത്. പ്രദേശത്തെ മുപ്പത്തി മൂന്നു ഗ്രാമങ്ങള്‍ക്കുള്ള ഒരേയൊരു പള്ളി. ഇവിടത്തെ അച്ചന്‍റെ പേര് ഫ്രാന്‍സിസ് ബവോണി എന്നായിരുന്നു. സ്പെയിനില്‍ നിന്നു വന്ന ആളാണ്. പുള്ളിയാണ് ഇവിടെ വന്നിട്ട് ആദ്യം ഇത് തുടങ്ങിയത്. ഇവിടെ വന്ന് ചെറിയ ഒരു പള്ളിയുണ്ടാക്കി. തിരുവിതാംകൂറിന്‍റെ സബ് ആണ് കൊല്ലങ്കോട് സംസ്ഥാനം. അവര് ഇവരെ പോയി കണ്ട് സംസാരിച്ചു. അങ്ങനെ ഈ പ്രദേശത്തെ കുറെ സ്ഥലം ഈ പള്ളിക്ക് വേണ്ടി കൊടുത്തു. അങ്ങനെ പള്ളി തുടങ്ങി. അതിനു ശേഷമാണ് ടിപ്പു സുല്‍ത്താന്‍റെ പടയോട്ടമൊക്കെ ഉണ്ടാകുന്നത്. 1798 – 99 കാലത്ത് ടിപ്പു സുല്‍ത്താന്‍റെ പടയോട്ട കാലത്ത് ഇവിടങ്ങളിലെ ഏകദേശം അമ്പലങ്ങളും പള്ളികളും എല്ലാം നശിപ്പിച്ചു എല്ലാവരെയും ഓടിച്ചതാണ്. ആ ആള്‍ക്കാരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ഉള്ളത്. അവരൊക്കെ ആദ്യം അവിടുന്നു ഇങ്ങോട്ട് വന്നു, പിന്നെ ഇവിടുന്നു അങ്ങോട്ട് പോയവരാണ്. ആ സമയത്ത് ബവോണി അച്ചന്‍ ഇവിടുന്നു രക്ഷപ്പെടാന്‍ വേണ്ടി വീണ്ടും ബാംഗ്ലൂരിലേക്ക് പോയി. ടിപ്പു സുല്‍ത്താന്‍റെ മരണത്തിന് ശേഷം വീണ്ടും ഇങ്ങോട്ട് വന്നു. നഷ്ടപ്പെട്ടതൊക്കെ വീണ്ടും പുന:ര്‍നിര്‍മ്മിച്ചു. ബവോണി അച്ചന്‍ ഇവിടെ നിന്നാണ് മരിച്ചത്.

അതിനു ശേഷം പള്ളിയില്‍ വന്ന അച്ചന്‍ ഫാദര്‍ ആന്റണിയായിരുന്നു. 1839 കളിലാണ് ഫാദര്‍ ആന്‍റണി വരുന്നത്. ആ കാലത്താണ് ഇവിടെ വെള്ളമില്ലാതാവുകയും കൃഷി നശിക്കുകയും കാലികള്‍ ചത്തൊടുങ്ങുകയും പ്ലേഗ് പടര്‍ന്ന് പിടിക്കുകയും ഒക്കെ ചെയ്തത്. ഇവിടെ കുറെക്കാലം മഴ പെയ്തിരുന്നില്ല. പിന്നെ ആളുകള്‍ക്ക് ഉപജീവന മാര്‍ഗ്ഗം ഇല്ലാതായി. കന്നുകാലികള്‍ ഒക്കെ ചത്തൊടുങ്ങി. പ്ലേഗ് പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചു. അപ്പോള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഇവിടെ ഇനി ജീവിക്കാന്‍ പറ്റില്ല എന്നു വന്നപ്പോള്‍ ആ കാലത്ത് തന്നെ വളരെ കുറഞ്ഞ വിലക്ക് വസ്തു ഒക്കെ കൊടുത്തിട്ട് ബാക്കിയുള്ളവരും ഉപജീവനത്തിനായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. അന്ന് ഇവിടെ ഉണ്ടായിരുന്ന ഒന്നുരണ്ട് കുടുംബങ്ങളും പിന്നെ കുറച്ചു ഹിന്ദുക്കളും ഒക്കെ ഈ പള്ളിയെ നോക്കി നിലനിര്‍ത്തുകയായിരുന്നു.

പണ്ടു തൊട്ടേ കോയമ്പത്തൂര്‍ ഡയോസിസിന്റെ കീഴിലായിരുന്നു ഈ പള്ളി. മലയാളം, തമിഴ് ഭാഷാ വ്യത്യാസം കാരണം അവര്‍ക്ക് പ്രത്യേകിച്ച്, വാളയാറ്, വേലന്താവളം തുടങ്ങിയ അതിര്‍ത്തി പ്രദേശത്തെ അഡ്മിനിസ്ട്രേഷന്‍ ഒന്നും ശരിയാവുന്നില്ലായിരുന്നു. ഒന്ന് ഇവിടത്തെ ഓഫീസ് കാര്യങ്ങളും ഭാഷയും എല്ലാം മലയാളത്തിലാണ്. കോയമ്പത്തൂരില്‍ നിന്നു വരുന്ന അച്ചന്‍മാരും മറ്റും തമിഴ് ഭാഷ മാത്രം അറിയുന്നവരാണ്. ഇവിടത്തെ ഡോക്യുമെന്‍റ്സും മറ്റും നോക്കാന്‍ അവര്‍ക്ക് പൊതുവേ ബുദ്ധിമുട്ടാണ്. വരുന്ന അച്ചന്‍മാര്‍ തന്നെ ഓരോരുത്തരും ഒന്നോ രണ്ടോ വര്‍ഷം ഒക്കെയെ നില്‍ക്കുകയുള്ളൂ. ഇതിനുള്ളില്‍ പാലക്കാട്, ചിറ്റൂര്‍, കഞ്ചിക്കോട്, അട്ടപ്പള്ളം, വാളയാറ്, ഷോളപ്പാറ, മേനോന്‍പാറ, കോഴിപ്പാറ തുടങ്ങി ഏകദേശം പതിനഞ്ച് ഇടവകകള്‍ ഉണ്ടായിരുന്നു. ഏകദേശം ഏഴെട്ട് അച്ചന്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു. ഇതിന്‍റെ ചരിത്രത്തിന് അവര്‍ അത്ര പ്രാധാന്യം  കൊടുത്തിരുന്നില്ല. 2016 ലാണ് ഇത് വേറൊരു പുതിയ രൂപതയാക്കിയത്. സുല്‍ത്താന്‍പേട്ട് രൂപത. ഇപ്പോള്‍ ഇത് എല്ലാ രീതിയിലും കേരളത്തിലെ രൂപതയുടെ കീഴില്‍ ഉള്‍പ്പെട്ടു. അപ്പോഴും കുറെ ഡോക്യുമെന്‍റ്സ് അവരുടെ കയ്യില്‍ ആയിരുന്നു. ഈ പള്ളിയുടെ ചരിത്രങ്ങളും ബാക്കിയുള്ള റെക്കോര്‍ഡുകളും ആള്‍ക്കാര്‍ പറഞ്ഞു കൊടുത്ത് എഴുതിയ വലിയ പുസ്തകങ്ങള്‍ കുറേയൊക്കെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

കഞ്ചിക്കോട് പള്ളിയിലെ അച്ചനായിരുന്നു ഇവിടത്തെ കാര്യങ്ങള്‍ നോക്കിയിരുന്നത്. മാസത്തില്‍ ഒരിക്കല്‍ ആദ്യത്തെ ശനിയാഴ്ച അവര്‍ ഇവിടെ വരും. രാവിലെ ഏഴു മണിക്ക് വന്നിട്ട് അവര്‍ പത്തു പതിനൊന്നു മണിയാകുമ്പോള്‍ പോകും. അത് മാത്രമേ നടക്കുന്നുണ്ടായിരുന്നുള്ളൂ. ഇതൊക്കെ ഡവലപ് ചെയ്തു നല്ല രീതിയില്‍ കൊണ്ടുവരണം എന്നൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടത്തെ പെരുന്നാളിന് മാത്രം ഇവിടെ ഫാദര്‍ ഉണ്ടാകും. ഏകദേശം മൂന്നു വര്‍ഷത്തിന് മുന്‍പ് വരെ അതായിരുന്നു അവസ്ഥ. 2014 വരെ ഇവിടെ സ്ഥിരമായിട്ട് അച്ചന്‍മാര്‍ ഉണ്ടായിരുന്നില്ല. ഇവിടെ കഞ്ചിക്കോട് ഒരു പള്ളിയുണ്ട്. കുറെ വര്‍ഷം അതിന്റെ ഒരു സബ് ആയിട്ടാണ് ഈ പള്ളിയെ കണ്ടിരുന്നത്. അവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്നുള്ളത് മാറ്റി മാസത്തില്‍ ആദ്യത്തെ ശനിയാഴ്ച എല്ലാവര്‍ക്കും നോട്ടീസൊക്കെ കൊടുക്കും. കൊഴിഞ്ഞാമ്പാറ, വാളയാര്‍ തുടങ്ങിയ പ്രദേശത്തെ ആള്‍ക്കാര്‍ മൂന്നു കിലോമീറ്റര്‍ നടന്ന് ഒക്കെ പള്ളിയില്‍ വരുമായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആളുകള്‍ വരുന്നത് കൊണ്ട് പള്ളിയുടെ പലഭാഗങ്ങള്‍ ചിതലരിച്ചും മറ്റും പോയിരുന്നു. അങ്ങനെയാണ് പള്ളി പുതുക്കി പണിയുന്നത്. ഇതിന്‍റെ പൌരാണികത്വം ഒക്കെ കണക്കിലെടുത്തു ഈ പള്ളിയെ ഒരു തീര്‍ഥാടന കേന്ദ്രമാക്കാന്‍ തീരുമാനിച്ചു. 2014 മെയ് മാസം ഈ പള്ളിയെ തീര്‍ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചു. അന്ന് വലിയ ചടങ്ങൊക്കെ ഉണ്ടായിരുന്നു. അതിനുശേഷമാണ് എന്നെ അപ്പോയിന്‍റ് ചെയ്യുന്നത്. എന്‍റെ സ്ഥലം മേനോന്‍പാറയാണ്. ഞാന്‍ ഇവിടെ വന്നിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. അതിനുമുമ്പ് മദ്രാസ്, മധുരൈ, തിരുനെല്‍വേലി, മൂന്നാര്‍, ആന്ധ്രയില്‍ ഒക്കെയായിരുന്നു. ഞാന്‍ പഠിച്ചതൊക്കെ തമിഴ്നാട്ടിലാണ്. എന്‍റെ അച്ഛന്‍ മലയാളിയും അമ്മ തമിഴ്നാട്ടിലുമാണ്. അച്ഛന്‍ തമിഴ്നാട്ടില്‍ ഡെപ്യൂട്ടി കളക്ടറായിരുന്നു.

ഫാദര്‍ മറിയന്‍ ജോസഫ്

ഈ പ്രദേശത്തെ എല്ലാവരുടെയും വിശ്വാസത്തിന്‍റെ ഒരു കേന്ദ്രം ഈ പള്ളിയായിരുന്നു. ഇതാണ് ഈ പ്രദേശത്തെ ഒരു മദര്‍ ചര്‍ച്ച്. ഒരുപാട് കാലം ഒന്നും ചെയ്യാതെ വിട്ടുപോയ സ്ഥലമാണ്. ഇപ്പോഴാണ് ഇവിടെ താമസിച്ച് സ്ഥലങ്ങളൊക്കെ അളന്നെടുത്ത് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചയാണ് ഇവിടെ പ്രാര്‍ഥന ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും ഉണ്ട്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ട്. ഈസ്റ്റര്‍ കഴിഞ്ഞിട്ട് മൂന്നാമത്തെ ദിവസമാണ് ഇവിടെ പെരുന്നാള്. അതിന് എല്ലാ ഭാഗത്ത് നിന്നും ആള്‍ക്കാര്‍ എത്തും. നല്ല തിരക്കുണ്ടാകും.

പണ്ട് വലിയ പെരുന്നാള്‍ ആഡംബരമായിട്ടു കൊണ്ടാടുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ചെണ്ടമേളം ഒക്കെ ഉണ്ടാകും. രണ്ടുമൂന്നു ദിവസം തമിഴ് നാട്ടിലെ ഡിണ്ടിഗല്‍, കോയമ്പത്തൂര്‍, ഈറോഡ്, സേലം, മധുരൈ ഇവിടെനിന്നെല്ലാം ആളുകള്‍ വരുമായിരുന്നു. കൊല്ലത്തില്‍ ഒരിക്കല്‍ ഈസ്റ്റര്‍ കഴിഞ്ഞ അടുത്ത ആഴ്ചയില്‍ ഇവിടുന്നു പോയ ആള്‍ക്കാരൊക്കെ അവരുടെ പഴയ ഓര്‍മ്മയില്‍ തിരിച്ചു വന്നു ഒരാഴ്ച ഇവിടെ തന്നെ തങ്ങും. പള്ളിക്ക് ചുണ്ണാമ്പടിക്കാനും പള്ളി വൃത്തിയാക്കാനും ഒക്കെ അവര് കൂടും. പള്ളിയിലെ തിരുവുത്സവം നടക്കുന്നത് ആ സമയത്താണ്.

പഴയ പള്ളി (ഫയല്‍ ചിത്രം)

ഇവിടെയുള്ള മാതാവിന്റെ രൂപങ്ങളില്‍ ഒന്നു വുഡന്‍ സ്റ്റാച്യൂ ആണ്. അത് വിദേശത്തു നിന്നു കൊണ്ടുവന്നതാണ്. ഒന്നു ഓട് കൊണ്ട് ഉണ്ടാക്കിയതാണ്. മാതാവിന്റെ രൂപവുമായി ബന്ധപ്പെട്ട് ഒരുപാട് അത്ഭുതങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇവിടെ വരള്‍ച്ചയും പ്ലേഗും ഒക്കെ വന്നപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ഒരച്ചന് മാതാവ് സ്വപ്നത്തില്‍ ഒരു സ്ഥലം കാണിച്ച് അവിടെ ഒരു കിണര്‍ കുഴിക്കാന്‍ പറഞ്ഞെന്നും കുറച്ചു താഴ്ചയില്‍ കുഴിച്ചപ്പോള്‍ തന്നെ വെള്ളം കിട്ടി. ഈ പ്രദേശത്ത് എവിടേയും വെള്ളം ഉണ്ടായിരുന്നില്ല. മൊത്തം മൂന്നു കിണര്‍ ഉണ്ടായിരുന്നു. ഒരെണ്ണം പഞ്ചായത്തിന് കൊടുത്തു. പള്ളിയുടെ ഉള്ളിലും ഒരു കിണറുണ്ട്. അതിനു ഏകദേശം ഒരു പത്തു മുപ്പത്തിയഞ്ചടി താഴ്ചയുണ്ടാകും. ഇന്നും അതില്‍ രണ്ടടി -മൂന്നടി വെള്ളം ഉണ്ട്. മൂന്നാമത്തെ കിണര്‍ ഇരുനൂറ് മീറ്റര്‍ അകലെയാണ്. അതും പബ്ലിക് യൂസിന് കൊടുത്തത് കാരണം കുറെക്കാലം ഉപയോഗിച്ച് ഉപയോഗിച്ച് അത് ഇടിഞ്ഞു വീണു. അത് മൂടി അതിന്‍റെ തൊട്ടടുത്ത് കുഴല്‍കിണര്‍ ഇട്ടിട്ടു അത് പഞ്ചായത്ത് ബോര്‍ ആയിട്ട് ഉപയോഗിക്കുന്നുണ്ട്. ഇവിടത്തെ ജനങ്ങള്‍ക്ക് അവരുടെ ജീവിത പുരോഗതിക്ക് മാതാവിനോടുള്ള പ്രാര്‍ഥന കൊണ്ട് നടന്നിട്ടുണ്ട് എന്നാണ് ജനങ്ങളുടെ വിശ്വാസം. അതുകൊണ്ട് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഈ പള്ളിയില്‍ കൂടുതല്‍ ഭക്തിയും വിശ്വാസവും ഉണ്ട്. എല്ലാ മതത്തിലും ഉള്ള ആളുകള്‍ കുട്ടികളെയും കൊണ്ടൊക്കെ വന്നു മാതാവിനെ പ്രാര്‍ഥിക്കും. ചിക്കന്‍ പോക്സ് ഒക്കെ വന്നാല്‍ ഉപ്പും കുരുമുളകും ഒക്കെ കൊണ്ട് വന്നു ആളുകള്‍ പ്രാര്‍ത്ഥിക്കും. വെഞ്ചരിച്ചു വെച്ച വെള്ളം എല്ലാവരും എടുത്തു കുടിക്കും.

അത്ഭുതങ്ങളില്‍ ഒരു കള്ളന്‍റെ കഥയുണ്ട്. ഒരുദിവസം പള്ളിക്കകത്ത് കയറിയ ഒരു കള്ളന്‍ പള്ളിയിലുള്ള ഒരു പെട്ടി തുറന്ന് അതിനകത്തുള്ളതൊക്കെ എടുക്കാന്‍ ശ്രമിച്ചു. അയാളുടെ കൈ ആ പെട്ടിയില്‍ കുടുങ്ങി. പിറ്റേദിവസം രാവിലെ കപ്യാര് വന്നു നോക്കുമ്പോള്‍ കള്ളനെ കണ്ടു. പള്ളിയുടെ വാതില്‍ എല്ലാം തുറന്നു കിടക്കുന്നുണ്ടായിരുന്നു. കള്ളന്‍ കപ്യാരോട് പറഞ്ഞു പെട്ടുപോയി രക്ഷിക്കണം എന്ന്. കപ്യാര്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. കള്ളന്‍ മാതാവിനോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. കൈ പഴയതുപോലെ ആയി.

തിരുഉത്സവം (ഫയല്‍ ചിത്രം)

പണ്ട് മഴയില്ലാതിരിക്കുകയും കടുത്ത വരള്‍ച്ച ഉണ്ടാകുകയും ചെയ്യുമ്പോഴും പ്ലേഗ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോഴും അല്ലെങ്കില്‍ അതുപോലുള്ള പൊതുവായിട്ടുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവിടത്തെ ആള്‍ക്കാര്‍ എല്ലാരും ചേര്‍ന്നിട്ട് വനപൂജ ചെയ്യും. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് പുഴയുടെ തീരത്ത് പോയി ഓരോ വീട്ടില്‍ നിന്നും കൊണ്ട് വരുന്ന കോഴികളെയോ ആടിനെയോ അറുത്ത് പൂജ ചെയ്യും. പിന്നെ ആ ഇറച്ചി പാകം ചെയ്തു ചോറൊക്കെ വെച്ചു എല്ലാവരും ചേര്‍ന്ന് അവിടെ വെച്ചു തന്നെ കഴിക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇതിന് ക്രിസ്ത്യന്‍സ്, ഹിന്ദൂസ്, മുസ്ലിംസ് എന്നൊന്നും വേര്‍തിരിവില്ല. ഇതില്‍ എല്ലാവരും പങ്കെടുക്കുമായിരുന്നു. അത് പള്ളിയിലെ പെരുന്നാള്‍ പോലെയല്ല. ഞാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു, അഞ്ചെട്ട് കൊല്ലമായിട്ടു എങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന്. എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോഴാണ് അവര്‍ പറഞ്ഞത് ഇത്തരം വനപൂജകള്‍ ഒക്കെ നമ്മള്‍ ഇടയ്ക്കു ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴത്തെ ജനറേഷന് അതൊന്നും ചെയ്യാന്‍ താത്പര്യം ഇല്ല എന്നുള്ളതാണ്. ഞാന്‍ അവരോടു പറഞ്ഞു, നിങ്ങള്‍ അത് എങ്ങനെയാണെന്ന് വെച്ചാല്‍ ചെയ്തോ എന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഒരു പൂവന്‍ കോഴിയെ അറുത്ത് ഭക്ഷണം ഒക്കെ ഉണ്ടാക്കി. പള്ളിയില്‍ വരുന്ന ചില ആളുകളും കുറച്ചു നാട്ടുകാരും എല്ലാം കൂടെ അമ്പതോളം ആള്‍ക്കാര്‍ ഉണ്ടായിരുന്നു.  അവര്‍ക്ക് ഭക്ഷണം കൊടുത്തു. ഈ വര്‍ഷം ഇതുപോലെ നൊയമ്പിന് മുന്‍പുള്ള നേര്‍ച്ചയോടൊപ്പം ആ ചടങ്ങും നടത്തി. ഒരു പത്തു മുന്നൂറ് ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അവര്‍ കൊണ്ടുവന്ന കോഴിയയെയും ആടിനെയും ഒക്കെ അറുത്ത് വനപൂജ നടത്തി. ഇത് സ്ഥിരമായിട്ടുള്ളതല്ല. മഴയില്ലാതിരിക്കുക, കന്നുകാലികള്‍ക്ക് രോഗം ബാധിക്കുക അങ്ങനെയൊക്കെ വരുമ്പോള്‍ ആളുകള്‍ ചെയ്യുന്ന നേര്‍ച്ചയാണത്. ഈ പ്രദേശത്ത് ചിക്കന്‍ പോക്സ്, മലേറിയ ഒക്കെ പടര്‍ന്ന് പിടിച്ചാല്‍ ആളുകള്‍ ചെയ്യുന്ന ഒരു കാര്യമാണ് ഇത്.

ആദ്യകാലത്തൊക്കെ പ്രാര്‍ത്ഥനയൊക്കെ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇപ്പോ ആ തലമുറകള്‍ ഒക്കെ പോയി. അന്നത്തെ ആളുകള്‍ക്ക് ഹിന്ദു, മുസ്ലിം അങ്ങനത്തെ വേര്‍തിരിവൊന്നും ഇല്ല. അക്കാലത്ത് ഹിന്ദുക്കള്‍ക്ക് ഈ പ്രദേശത്ത് അമ്പലം ഒന്നും ഉണ്ടായിരുന്നില്ല. അമ്പലങ്ങളൊക്കെ വന്നിട്ട് അമ്പതു വര്‍ഷമൊക്കെയേ ആയിക്കാണൂ. അതിനു മുന്‍പ് ഈ ഒരു പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരും കൂടെ ചേര്‍ന്നിട്ടാണ് പെരുന്നാളൊക്കെ ആഘോഷിക്കുക. ഇപ്പോഴും പെരുന്നാള്‍ വരുമ്പോള്‍ എല്ലാരും ചേര്‍ന്നിട്ട് തന്നെയാണ് നടത്തുക. ഒരു പ്രശ്നവും ഇല്ലാതെ പെരുന്നാള്‍ നടത്താന്‍ എല്ലാ മത വിഭാഗങ്ങളിലും ഉള്ള ആളുകള്‍ സഹകരിക്കും. മാതാവിനോടുള്ള നന്ദി അവര്‍ക്ക് ഇന്നുണ്ട്. ഇപ്പോ എല്ലാരും ഒന്നാണ് എന്നുള്ള ആ തലമുറയൊക്കെ പോയി. എല്ലാവരും ഈ പ്രദേശത്തിന്റെ മക്കളാണെന്നുള്ള കണ്‍സെപ്റ്റ് ഒക്കെ പോയി. ഇപ്പോ എല്ലാറ്റിനും രാഷ്ട്രീയമാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് ഒന്നിച്ചു ചേരാന്‍ കഴിയുന്നില്ല.

ചിത്രങ്ങള്‍: രാഖി സാവിത്രി

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍