UPDATES

2007 മുതല്‍ ‘നസീര്‍ പി കെ കെഎസ്ആര്‍ടിസി’ എന്നാണ് ഈ മനുഷ്യന്റെ പേര്; ഇനി..?

ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരില്‍ ഒരാളാണ് മൂവാറ്റുപുഴ സ്വദേശി നസീര്‍ പികെ.

സുരക്ഷിതമായ പാതയിലൂടെ അമിതാവേശം കാണിക്കാതെ മുന്നോട്ട് ഒടിച്ചുകൊണ്ടു പോവുകയായിരുന്നു നസീര്‍ തന്റെ കുടുംബം. ദുര്‍ഘടമേറിയൊരു തുടക്കത്തില്‍ നിന്നാരംഭിച്ച ആ യാത്രയില്‍ അയാളുടെ ഭാര്യയും രണ്ട് കുട്ടികളുമായിരുന്നു സഹായാത്രികര്‍. എന്നാല്‍ കഴിഞ്ഞ തങ്കളാഴ്ച്ച സന്തോഷകരമായ ആ യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. മുന്നോട്ടു പോകാന്‍ ദൂരമേറെയുണ്ട്. എന്നാല്‍, ഇനിയെന്ത് ചെയ്യണമെന്നറിയാതെ വഴിയിലിറങ്ങി പകച്ചു നില്‍ക്കുകയാണ് നസീര്‍, മൂന്നു ജീവിതങ്ങളെ ചേര്‍ത്ത് പിടിച്ച്.

ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരില്‍ ഒരാളാണ് മൂവാറ്റുപുഴ സ്വദേശി നസീര്‍ പികെ. അപ്രതിക്ഷിതമായി നേരിടേണ്ടി വന്ന തിരിച്ചടിയില്‍ ആദ്യം പകച്ചുപോയെങ്കിലും അനുകൂലമായൊരു തീരുമാനം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഉള്ളിലെ ഭയവും ആകുലതയും മറച്ചുപിടിക്കാന്‍ നോക്കുന്നു നസീര്‍; അയാളെപ്പോലുള്ള നൂറുകണക്കിനു പേരുടെ പ്രതിനിധിയായി.

കഴിഞ്ഞ ഞായറാഴ്ച നസീറിന്റെ വീട്ടില്‍ ഒരു മംഗള കര്‍മം നടന്നിരുന്നു. മകളുടെ വിവാഹ നിശ്ചയം. മാര്‍ച്ചില്‍ വിവാഹം നടത്താന്‍ തീരുമാനമായി. തന്റെ ജീവിതത്തില്‍ ഭംഗിയായി പൂര്‍ത്തിയാക്കേണ്ടൊരു ഉത്തരവാദിത്വത്തിന്റെ ചിന്തകളുമായാണ് തിങ്കളാഴ്ച്ച നസീര്‍ എറണാകുളം ഡിപ്പോയില്‍ എത്തുന്നത്. ഒരു പതിറ്റാണ്ടിലേറെയായി അണിയുന്ന കണ്ടക്ടര്‍ കുപ്പായം ഇട്ട് ഡ്യൂട്ടിക്ക് കയറാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴായിരുന്നു, ഇനിയാ ജോലി തനിക്കില്ലെന്നു നസീര്‍ അറിയുന്നത്. മനസിന് അംഗീകരിക്കാന്‍ കഴിയാത്ത വാര്‍ത്ത. തലയ്ക്ക്‌ കനം കൂടിയപോലെ, കണ്ണില്‍ ഇരുട്ട് പരന്നു…ആദ്യമായിട്ടായിരുന്നു നെഞ്ച് അങ്ങനെ മിടിച്ചത്…കരയാതിരിക്കാന്‍ കഴിഞ്ഞില്ല.

പെയിന്റിംഗിന്റെ പണിയായിരുന്നു ആദ്യം. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ട് സെന്റ് ഭൂമിയില്‍ ഒരു ചെറിയ വീട്. പെയിന്റിംഗ് പണിക്കു പോയാല്‍ ദിവസം മൂന്നുറൂ രൂപ കിട്ടും. പക്ഷേ, എപ്പോഴും പണിയുണ്ടാകണമെന്നില്ല. മക്കളുടെ വിദ്യാഭ്യാസം, വീട്ട് ചെലവ്. കുടുംബത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിരിക്കുകയാണ്. സുരക്ഷിതമായൊരു തൊഴില്‍ വേണം. അങ്ങനെയാണ് കണ്ടക്ടര്‍ ലൈസന്‍സ് എടുത്തശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നത്. ഒടുവില്‍ വിളിവന്നു. ഇന്റര്‍വ്യൂവും എല്ലാ കഴിഞ്ഞ് അയ്യായിരം രൂപ ഡിപ്പോസിറ്റും അടച്ച് 2007 ജൂലൈ മാസത്തില്‍ കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് കയറി. അന്നു മുതല്‍ നസീര്‍ പി കെ എന്ന പേരിനൊപ്പം കെഎസ്ആര്‍ടിസി എന്നു കൂടി ചേര്‍ത്തു.

വരുന്ന ജൂലൈയില്‍ 12 വര്‍ഷം തികയുമായിരുന്നു ജോലിക്ക് കയറിയിട്ട്. ഇപ്പോള്‍ 11 വര്‍ഷവും ഏഴ് മാസവും കഴിഞ്ഞു. സ്ഥിരപ്പെടും എന്ന പ്രതീക്ഷിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇങ്ങനെ ഇറക്കി വിടുന്നത്. ഇക്കാലമത്രയും ആത്മാര്‍ത്ഥതയോടെ തന്നെയാണ് തൊഴിലെടുത്തത്. മൂന്നൂറു രൂപ ദിവസക്കൂലി കിട്ടിയിരുന്നിടത്ത് നിന്നും 110 രൂപ ദിവസ വേതനത്തില്‍ കെഎസ്ആര്‍ടിസിയില്‍ കയറുമ്പോള്‍ കാശ് അല്ല നോക്കിയത്, സുരക്ഷിതമായൊരു തൊഴിലായിരുന്നു. ഈ ജോലി കൊണ്ട് എന്റെ കുടുംബത്തെ നോക്കാം. സ്ഥിര വരുമാനമായി. ജീവിതത്തെ കുറിച്ച് ആശ്വസിക്കാനും ആഗ്രഹിക്കാനും ഈ ജോലിയെന്നെ സഹായിച്ചു. വലിയ അത്യാഗ്രഹങ്ങളൊന്നുമില്ലായിരുന്നു. ഉള്ളതുകൊണ്ട് കഴിഞ്ഞുപോകാന്‍ എനിക്കും ഭാര്യക്കും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും അറിയായിരുന്നു. പക്ഷേ ഇനിയെന്ത്?

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

ഒരു ഡ്യൂട്ടിക്ക് 480 രൂപയയിരുന്നു ഇപ്പോള്‍ കിട്ടിയിരുന്നത്. 20-25 ഡ്യൂട്ടി ചെയ്യും. ആ ദിവസം വച്ച് കണക്കു കുട്ടിയാല്‍ എത്ര തുക കിട്ടുമോ അതാണ് മാസ വരുമാനം. മക്കളുടെ പഠനം, വീട്ട് ചെലവ്, മറ്റ് അത്യാവശ്യങ്ങള്‍ എല്ലാം അതുകൊണ്ടാണ് നിവര്‍ത്തിച്ചിരുന്നത്. ഇനിയെനിക്കങ്ങനെയൊരു വരുമാനം ഇല്ല. ഞങ്ങള്‍ എംപാനലുകാര്‍ കെഎസ്ആര്‍ടിസിയില്‍ കയറി സുഖിച്ചു ജീവിക്കുന്നവരൊന്നും ആയിരുന്നില്ല. പരമാവധിയായ 25 ഡ്യൂട്ടി ചെയ്താലും 480 രൂപ വച്ച് ഒരു മാസം കിട്ടുന്ന ശമ്പളം 12,000. അതില്‍ കൂടുതല്‍ കൂലിപ്പണിക്കാര്‍ക്ക് കിട്ടും. 20 ഡ്യൂട്ടി ഒരുമാസം തികയ്ക്കണമെന്നത് നിര്‍ബന്ധമാണ്. ചെയ്തില്ലെങ്കില്‍ ആയിരം രൂപ ഫൈന്‍ അടയ്ക്കണം. ഇതൊക്കെയായിരുന്നു ജീവിതം. എങ്കില്‍ പോലും ഒരാത്മാര്‍ത്ഥ കുറവും ഇന്നോളം കാണിച്ചിട്ടില്ല.

നസീറിന്റെ ഇടതു കണ്ണിനു താഴെയൊരു പാടുണ്ട്. ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ താഴെ വീണുണ്ടായ പരിക്ക്. പിന്നീടൊരിക്കല്‍ ഡ്യൂട്ടിക്കിടയില്‍ ഫിറ്റ്സ് വന്നു ബസില്‍ വീണു. വലത് കൈയൊടിഞ്ഞു. നാലു മാസത്തോളമാണ് ജോലിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. കെഎസ്ആര്‍ടിസിയില്‍ നിന്നും ഒരു രൂപ പോലും സഹായം കിട്ടിയില്ല. സഹപ്രര്‍ത്തകരല്ലാതെ ഒരാള്‍ പോലും അന്വേഷിച്ചു വന്നില്ല. ജോലിക്ക് പോകാതിരുന്ന കാലത്ത് ശമ്പളവും ഇല്ല. അതിലൊന്നും ആരോടും പരാതിയും പറഞ്ഞില്ല, ഒന്നും ചോദിച്ചും പോയില്ല. ഈ സ്ഥാപനം രക്ഷപ്പെടണമെന്നു മാത്രമെ ആഗ്രഹിച്ചിട്ടുള്ളൂ. അടിമാലി-മൂന്നാര്‍ റൂട്ടിലെ യാത്രക്കാരോട് തിരക്കിയാല്‍ അറിയാം. ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. യാത്രക്കാരോട് കൂട്ടുകാരോടും സ്വന്തക്കാരോടും എന്നപോലെയാണ് പെരുമാറിയിരുന്നത്. ആ സ്‌നേഹം അവര്‍ക്കുമുണ്ടായിരുന്നു. അടിമാലി സ്റ്റാന്‍ഡില്‍ ബസ് ഇടുമ്പോള്‍ യാത്രക്കാരെ വിളിച്ചു കയറ്റുമായിരുന്നു. സധാരണ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ ചെയ്യാത്ത കാര്യമാണ്. കയറുന്നവര്‍ കയറട്ടെ എന്നു കരുതും. ഞാന്‍ പക്ഷേ, പ്രൈവറ്റ് ബസുകാര്‍ ചെയ്യുമ്പോലെ യാത്രക്കാരെ വിളിക്കും. അത് പ്രൈവറ്റുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ അവരില്‍ നിന്നും മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു. ആ കേസ് ഇപ്പോഴും അടിമാലി കോടതിയില്‍ നടക്കുന്നുണ്ട്.

എന്റെ അന്നമാണ് കെഎസ്ആര്‍ടിസി എന്നാണ് ഞാന്‍ പറയുക. ഫെയ്‌സ്ബുക്കില്‍ എന്റെ പേരു തന്നെ നസീര്‍ പികെ കെഎസ്ആര്‍ടിസി എന്നാണ്. പന്ത്രണ്ട് വര്‍ഷത്തോളമായില്ലേ, സ്ഥിരമാകും എന്നു കരുതി. പക്ഷേ, എല്ലാം പോയി. സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് കരുതിയില്ല. അതാണ് സ്വയം നിയന്ത്രിക്കാനാകാതെ കരഞ്ഞുപോയത്. എന്നെക്കാള്‍ ദയനീയമായ അവസ്ഥയുള്ളവരുണ്ട്. കേറി കിടക്കാന്‍ സ്വന്തമായൊരു വീടുപോലുമില്ലാത്തവര്‍, ഈ ജോലി കണ്ട് ലോണ്‍ എടുത്തവര്‍. എനിക്കാണെങ്കില്‍ ചെറുതാണെങ്കിലും വാടക കൊടുക്കേണ്ടാത്ത ഒരു വീട് ഉണ്ടല്ലോ. പട്ടിണിയാണെങ്കിലും പുറത്താരും അറിയാതെ അതിനകത്ത് കിടക്കാമല്ലോ. ഞങ്ങള്‍ നാലും അല്ലാതെ പുറത്താരും അറിയില്ലല്ലോ…ഞാനോരടും ഒന്നും പറയാനും പോയിട്ടില്ല. ഇപ്പോള്‍ വാര്‍ത്തയൊക്കെ വന്നപ്പോഴാണ് നാട്ടുകാരില്‍ പലരും അറിയുന്നത്. എല്ലാം ശരിയാകും ജോലി തിരിച്ചു കിട്ടുമെന്നൊക്കെയാണ് എല്ലാവരും പറയുന്നത്. അങ്ങോട്ട് കാണിച്ചതിന്റെ സ്‌നേഹമാണ് അവരില്‍ നിന്നും കിട്ടുന്നത്. ഞങ്ങടെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം അങ്ങനെയുള്ളവരുടെ കൂടെ പ്രാര്‍ത്ഥനകള്‍ ചേരുമ്പോള്‍ കൈവിട്ടു പോയത് തിരിച്ചു കിട്ടുമായിരിക്കും. മക്കളും ഭാര്യയും അതു തന്നെയാണ് പറയുന്നത്. ഞാന്‍ വിഷമിക്കാതിരിക്കാനാണ് അവര് നോക്കുന്നത്. ഇതില്ലെങ്കില്‍ നമുക്ക് വേറെ വഴിയുണ്ടാകുമെന്ന് അവര് പറയുമ്പോള്‍, അത് തന്നെ വിചാരിച്ച് ഞാനും ധൈര്യം കൊള്ളും.

എന്റെ മോള്‌ടെ വിവാഹ നിശ്ചയായിരുന്നു കഴിഞ്ഞ ഞായറാഴ്ച്ച. മാര്‍ച്ചില്‍ കല്യാണം നടത്തണം. നിശ്ചയം നടത്തിയതിന്റെ പിറ്റേ ദിവസമാണ് ജോലി പോയത്. ഉള്ള കിടപ്പാടം വിറ്റിട്ട് ആണെങ്കില്‍ പോലും എന്റെ കുഞ്ഞിന്റെ വിവാഹം ഞാന്‍ നടത്തും. പക്ഷേ, മുന്നോട്ട് പിന്നെയും യാത്ര കിടക്കുകയല്ലേ…

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍