UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ കേണും കരഞ്ഞുമൊക്കെ ബോധവത്കരിച്ചോളൂ; പക്ഷേ, ഉള്ള ബോധത്തെക്കൂടി ഇല്ലാതാക്കരുത്

സുഗതകുമാരി, ലെഗ്ഗിങ്സ് എന്ന അടിവസ്ത്രം എന്നൊക്കെ വമ്പന്‍ ലേഖനങ്ങള്‍ എഴുതുന്ന പഴയ തിരുവിതാംകൂര്‍ രാജ്ഞി, പത്രപ്രവര്‍ത്തക ലീലാമേനോന്‍, പെണ്ണിനെ കാണുമ്പോള്‍ ലിംഗവിറ ഉണ്ടാകുന്ന കുഴിമറ്റം

ഒരു 18 വയസുകാരി പെണ്‍കുട്ടി അഭിമാനപൂര്‍വ്വം ഒരു കവയത്രിയെ അഭിമുഖം ചെയ്യുന്നു. കവിതകളെക്കുറിച്ച്, സ്ത്രീകളെക്കുറിച്ച് സ്ത്രീ വിമോചനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കവയത്രി- അവരുടെ ഓരോ വാക്കുകളും ആരാധനയോടെ ശ്രവിച്ചിരിക്കുന്ന രണ്ടു കണ്ണുകള്‍- നമ്മുടെ സ്ത്രീകളോട് ഇനി ടീച്ചര്‍ക്ക് എന്താണ് പറയാനുളളത് എന്ന ചോദ്യത്തിന് തന്റെ മെലിഞ്ഞ കൈകളില്‍ മുഖം താങ്ങി അവര്‍ പറഞ്ഞു… ‘ഇല്ല കുട്ടീ, എനിക്കൊന്നും പറയാന്‍ ഇല്ല- എനിക്ക് മടുത്തു തുടങ്ങി- എത്ര പറഞ്ഞാലും മാറ്റമില്ലാത്ത സ്ത്രീകള്‍- സ്വന്തം അവസ്ഥകള്‍ അറിഞ്ഞ് കുറച്ചൊക്കെ ഒതുങ്ങി കഴിയാന്‍ വയ്യാത്തവരോട് എന്ത് പറയാന്‍‘; ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയതോടെ ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ നിന്ന് ആരാധനയും അഭിമാനവും ബഹുമാനവും വാതിലുകള്‍ തുറന്നു പുറത്തേക്കിറങ്ങി പോകുന്നത് ഞാനറിഞ്ഞു. പെണ്‍കുട്ടി വളര്‍ന്നു- ചിന്തകള്‍ ഒട്ടും വളരാത്ത കവയത്രി, മാധവിക്കുട്ടിയുടെ അനുസ്മരണ സമ്മേളത്തില്‍ പറയുന്നതിന് പത്രപ്രവര്‍ത്തക കൂടിയായ പെണ്‍കുട്ടി വീണ്ടും സാക്ഷിയായി. ‘അവര്‍ (മാധവിക്കുട്ടി) എപ്പോഴും എന്നോട് പറയും, നിങ്ങളുടെ മകളെ കുറച്ചു ദിവസം ആരുടെ എങ്കിലും കൂടെ ഒരു യാത്രക്ക് വിടൂ, അവള്‍ ജീവിതം എന്താന്നൊക്കെ കണ്ടു വരട്ടെ, എന്ന്. ഹോ എനിക്ക് ആ വാക്കുകള്‍ നിങ്ങളോട് പറയ്യാന്‍ തന്നെ ലജ്ജയാകുന്നു.‘ മുഖം ഒന്ന് ചുളിച്ചുകൊണ്ട് കവയത്രിയുടെ 2010-ലെ ശരീരത്തിനുള്ളില്‍ ജീവിക്കുന്ന പഴമക്കാരിയെ മനസുകൊണ്ട് തള്ളിക്കളഞ്ഞ് അവള്‍ പുറത്തേക്കു നടന്നു.

മാതൃഭൂമിയിലെ ‘മൊഴിമുത്തി’ല്‍ ഇന്നലെ കണ്ട ഏറ്റവും പിന്തിരിപ്പന്‍ വാചകങ്ങളാണ് എന്നെ മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളെയും കുറിച്ചോര്‍മ്മിപ്പിച്ചത്. ഈ സംഭവങ്ങളില്‍ വിവരിക്കുന്ന അതേ കവയത്രി തന്നെയാണ് മൊഴിമുത്ത് ഡയലോഗും പറഞ്ഞത് എന്നതിനാല്‍ എന്നിലെ ആ പെണ്‍കുട്ടിക്ക് അത്ഭുതം ഒന്നും തോന്നിയില്ല എന്ന് പറയാം.

ഒരാളിലെ സവര്‍ണ്ണബോധ്യങ്ങളെ, മേല്‍ക്കോയ്മ അധികാരങ്ങളെ, പാരമ്പര്യത്തോടും സംസ്‌കാരത്തോടും ഉള്ള അമിത ഭ്രമങ്ങളെ സ്ത്രീ വിമോചനത്തെയും സ്വാതന്ത്ര്യങ്ങളേയും കുറിച്ചുള്ള തെറ്റായ ധാരണകളെയും കൃത്യമായി അടയാളപ്പെടുത്താന്‍ ആ ഒന്നോ രണ്ടോ വാചകങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നുണ്ട്. 21-ാം നൂറ്റാണ്ടിലും നമ്മള്‍ ‘വഴിപിഴച്ചുപോകുന്ന പെണ്‍കുട്ടി’കളെയും അവരുടെ ഭാവിയെയും ഓര്‍ത്തു വേവുകയാണ് എന്നത് എന്തൊരു ലജ്ജാവഹമാണ്. സ്ത്രീ എന്നാല്‍ സമൂഹം നിര്‍മിക്കുന്ന നേര്‍വഴികള്‍ക്കൊത്ത് സഞ്ചരിച്ച്- കുടുംബമെന്ന പവിത്രതയെ കാത്തുസൂക്ഷിച്ച് – കുട്ടികളെന്ന വരദാനത്തെ വളര്‍ത്തി – അടങ്ങിയും ഒതുങ്ങിയും – കഴിയേണ്ടവരാണ് എന്ന് ഇത്ര ലോകം കണ്ട ഒരു കവയത്രി പറഞ്ഞു കേള്‍ക്കുന്നത് നമ്മുടെ ദുര്യോഗം എന്നല്ലാതെന്ത് പറയാന്‍.

കൂടുതല്‍ സ്വാതന്ത്ര്യം ‘കൊടുക്കുന്നതാണ്’ അല്ലെങ്കില്‍ ‘ലഭിക്കുന്നതാണ്’ സ്ത്രീകളുടെ ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട് സുഗതകുമാരിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന പലരും. മൊബൈല്‍ ഫോണുകള്‍, ഇന്റര്‍നെറ്റ് അവ തുറന്നു കൊടുത്ത പരിധികള്‍ ഇല്ലാത്ത ലോകം; അവിടെ അഴിഞ്ഞാടി തന്നിഷ്ടക്കാരികളായി നടക്കുന്ന സ്ത്രീകള്‍- ഈ ലോകത്തിനിതെന്തു പറ്റി? അവര്‍ ചോദിക്കുകയാണ്. ഇതില്‍ ഒരു സുഗതകുമാരി മാത്രമല്ല, ലെഗ്ഗിങ്സ് എന്ന അടിവസ്ത്രം എന്നൊക്കെ വമ്പന്‍ ലേഖനങ്ങള്‍ എഴുതുന്ന പഴയ തിരുവിതാംകൂര്‍ രാജ്ഞി മുതല്‍ പത്രപ്രവര്‍ത്തക ലീലാമേനോന്‍, പെണ്ണിനെ കാണുമ്പോള്‍ ലിംഗവിറ ഉണ്ടാകുന്ന കുഴിമറ്റം… പട്ടിക നീണ്ടു കിടക്കുകയാണ്.

ഭര്‍ത്താവിന്റെ തല്ലു കിട്ടുന്നില്ല എന്നതാണ് ഒരു ദാമ്പത്യത്തിന്റെ മനോഹാരിത കണക്കാക്കുന്ന അളവുകോല്‍ എന്നും, നിന്നേം കുഞ്ഞിനേം നോക്കുന്ന ഭര്‍ത്താവ്- സ്‌നേഹിക്കുന്ന അച്ഛനമ്മമാര്‍- ഇവരെയൊക്കെ നിഷേധിച്ചും എതിര്‍ത്തും ഈ പെണ്‍കുട്ടികള്‍ എന്തിനാണ് സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്നത്? തീരുമാനങ്ങള്‍ എടുക്കുന്നത്? തനിക്കു തന്റേതായ ഇടം വേണം എന്ന് വാശി പിടിക്കുന്നത്? സ്ത്രീക്ക് ‘മാനാഭിമാന’ത്തോടെ ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഒക്കെ കിട്ടിയാല്‍ അതിനപ്പുറത്തേക്ക് ആശിക്കുന്നത് അവളുടെ അഹമ്മതിയല്ലേ എന്ന് ചോദിക്കുകയാണ് അവര്‍. സുഗതകുമാരി പണ്ടു പറഞ്ഞ വാചകങ്ങള്‍ ആവര്‍ത്തിച്ചാല്‍- തീയിലേക്ക് എടുത്തുചാടാന്‍ വെമ്പുന്ന ചിത്രശലഭങ്ങളെ പോലെയുള്ള പെണ്‍കുട്ടികള്‍- ഒരു പൂമ്പാറ്റയെ പോല്‍ അത്രമേല്‍ നിഷ്‌കളങ്കവും മൃദുവും ആവേണ്ട കുട്ടികള്‍ തന്നിഷ്ടക്കാരായി മാറുകയോ എന്റെ വൈക്കത്തപ്പാ! പിന്തിരിപ്പന്‍ ആണ് എന്ന് നെറ്റിയില്‍ പച്ചകുത്തുക എന്നതിന് പകരമായിരിക്കുമോ ഇത്തരം മൊഴിമുത്തുകള്‍?

ഒരു സ്ത്രീയ്ക്ക് വേണ്ട സ്വാതന്ത്ര്യം അത് തീരുമാനിക്കുന്നത് അവള്‍ തന്നെയാണ് എന്നും, അതൊരിക്കലും അവളുടെ കൂടെയുള്ള പുരുഷനുമായി താരതമ്യം നടത്തിയല്ല തീരുമാനിക്കേണ്ടത് എന്നും, സ്ത്രീയും പുരുഷനും ട്രാന്‍സ്ജന്‍ഡേഴ്സും മറ്റനേകം ലൈംഗികസ്വത്വങ്ങളും അടങ്ങുന്ന സമൂഹത്തെ നിയന്ത്രിക്കുന്നത് പുരുഷാധിപത്യവ്യവസ്ഥയാണ് എന്നും, സ്ത്രീകളും പുരുഷന്മാരും അതിന്റെ പ്രചാരകര്‍ ആണെന്നും-ഈ വ്യവസ്ഥയില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനൊപ്പം തന്നെ സമൂഹം കെട്ടിവയ്ക്കുന്ന ജന്‍ഡര്‍ റോളുകള്‍ കൈകാര്യം ചെയ്യാനാകാതെ പുരുഷന്മാരും ഇതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നും – അതിനെ മറികടക്കാനും എതിര്‍ക്കാനും ശ്രമിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത് എന്നും, പറഞ്ഞു നില്‍ക്കുന്ന ബോധ്യങ്ങളില്‍ നിന്ന് കലഹിച്ചും പഠിച്ചും പഠിപ്പിച്ചും ഒരു പടി മുന്നോട്ട് നടക്കുമ്പോള്‍, പിറകിലേക്ക് വലിച്ച് ‘നല്ല കുട്ടി’ പ്രതിച്ഛായകളിലേക്ക് അടക്കി നിര്‍ത്താന്‍ കൃത്യമായ ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം അബദ്ധപ്രസ്താവനകളെ ഞാന്‍ കാണുന്നത്. മധ്യവര്‍ഗ്ഗ സദാചാര ബോധ്യങ്ങള്‍ സ്വന്തം ജീവിതത്തതില്‍ നിലനിര്‍ത്തി പോരുന്ന പല കൗണ്‍സലര്‍മാറും ഇതേ അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. വ്യത്യസ്തതകളെ അംഗീകരിക്കാനാകാത്ത – സ്വന്തമായി അഭിപ്രായം പറയുന്നവളെ അഹങ്കാരിയും തന്റേടിയുമായി മാത്രം ചിത്രീകരിച്ച് അടക്കി നിര്‍ത്തുന്ന ബോധവത്കരണങ്ങള്‍.

പ്രിയപ്പെട്ട കവയത്രി, (ടീച്ചര്‍ എന്ന വിളി പലരാലും പലതിനാലും അശ്ലീലമായത് കൊണ്ട്) നിങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടുവോളം ‘ബോധവത്കരണം’ കൊടുത്തുകൊള്‍ക. പക്ഷെ അവര്‍ സ്വന്തമായി ചിന്തിക്കുമ്പോള്‍, സ്വതന്ത്രമായി തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അവരെ അടക്കി നിര്‍ത്താന്‍ ഇത്രയേറെ പിന്തിരിപ്പന്‍ ആശയങ്ങള്‍ വിളിച്ചു പറയരുത്, അതിനു പ്രചാരം കൊടുക്കരുത്. നിങ്ങള്‍ ആര്‍എസ്എസിനെ സാംസ്‌കാരിക സംഘടനയായി കണ്ടുകൊള്‍ക- പക്ഷെ ചോറ് കഴിക്കുന്ന ഞങ്ങള്‍ അത് അംഗീകരിക്കണം എന്ന് പറയരുത്. നിങ്ങള്‍ നിങ്ങളുടെ സവര്‍ണ്ണ ബോധ്യങ്ങളെ മുറുകെ പിടിച്ച് കേണും കരഞ്ഞും പേര്‍ത്തും കവിത എഴുതിക്കൊള്‍ക- പക്ഷെ കവിതയിലെ ജ്വലിക്കുന്ന തീനാമ്പുകള്‍ക്കു നേരെ ഞങ്ങളും കണ്ണടയ്ക്കണം എന്ന് പറയരുത്.

ബോധവത്കരിച്ചുകൊള്ളു; ഉള്ള ബോധങ്ങളെ ഇല്ലായ്മ ചെയ്യരുത്; പ്ലീസ്, വേണ്ടാഞ്ഞിട്ടാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍