UPDATES

താജ് വിവാന്റയിലെ ഒരു സദസ്സിന് മുന്‍പില്‍ ഈ ആദിവാസി യുവാവ് സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു; നിങ്ങള്‍ക്ക് മധുവിനെ അറിയാമോ?

“ഏറ്റവും താഴെ നിലയില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ നല്ല മനക്കട്ടി വേണം. ഞാന്‍ പഠിച്ച പാഠമാണ്. അനുഭവിച്ച് പഠിച്ച പാഠം.”

നിങ്ങള്‍ക്ക് മധുവിനെ അറിയാമോ?

തന്റെ മുന്നിലിരുന്നവരോട് ആ ഇരുപത്തിയൊന്നുകാരന്‍ ചോദിച്ചു. തിരുവനന്തപുരം വഴുതക്കാട്ടുള്ള താജ് വിവാന്റായിരുന്നു വേദി. അവിടെയുണ്ടായിരുന്നവരില്‍ പാശ്ചാത്യ വസ്ത്രധാരണത്തില്‍ എത്തിയ ഉത്തരേന്ത്യക്കാരുണ്ടായിരുന്നു. മലയാളികളായി വളരെ കുറച്ച് പേര്‍. മധു എന്ന പേര് അതില്‍ എത്രപേര്‍ തിരിച്ചറിഞ്ഞെന്നറിയില്ല. അറിഞ്ഞവര്‍ക്കൊക്കെ, ചെറിയൊരു അത്ഭുതമായിരുന്നു. ഈ വേദിയില്‍ എന്തുകൊണ്ട് ഇങ്ങനെയൊരു പരിചയപ്പെടുത്തല്‍ എന്നോര്‍ത്ത്! ടാറ്റ സ്ട്രിയീവ് നല്‍കുന്ന പരിശീലനത്തിന്റെ ഭാഗമായി താജ് വിവാന്റയില്‍ ഫുഡ് ആന്‍ ബിവറേജസ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു. ടാറ്റയുടെയും താജിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള ചടങ്ങില്‍, കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ ഒരു യുവാവ്, സ്വയം പരിചയപ്പെടുത്തലിന്റെ ഭാഗമായി തന്നെ അടയാളപ്പെടുത്തിയത് കേരളം ഇന്നും തലകുനിച്ച് മാത്രം ഓര്‍ക്കുന്നൊരു ആദിവാസിയുടെ പേരിലായത് എന്തുകൊണ്ടായിരിക്കും! അതിനുള്ള ഉത്തരം ആ ചോദ്യമുന്നയിച്ച യുവാവിന്റെ അടുത്ത വാക്കുകളില്‍ ഉണ്ട്.

ഞാന്‍ മധുവിന്റെ നാട്ടുകാരനാണ്. മധുവിന്റെ ബന്ധുവും കൂടിയാണ്…

ഇത് സുരേഷ്. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍പ്പെട്ട താഴെ ഭൂതയാര്‍ സ്വദേശിയായ കുറുമ്പ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവ്. പുതൂരില്‍ സൈലന്റ് വാലി ഭാഗത്ത് ഒരു മല കയറുന്നിടത്താണ് മധുവിന്റെ വീടെങ്കില്‍ ആ മല കയറിയിറങ്ങുന്നിടത്താണ് സുരേഷിന്റെ വീട്. സുരേഷ് ഇപ്പോള്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേ കോഫി ഡേയില്‍ ജോലി നോക്കുന്നു. താജ് വിവാന്റയില്‍ മൂന്നു മാസത്തെ ഫുഡ് ആന്‍ഡ് ബിവറേജസ് കോഴ്‌സ് പൂര്‍ത്തിയാക്കി, താജ് മലബാറില്‍ നിന്നും ഒരു മാസത്തെ പരിശീലനവും നേടിയശേഷമാണ് കഫേ കോഫി ഡേയില്‍ ജോലി ആരംഭിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സുരേഷ് തന്റെ ഹ്രസ്വമായ സംസാരത്തിലൂടെ ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം അത്ഭുതപ്പെടുത്തുകയായിരുന്നു. 21 വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ അതുപോലൊരു വേദിയെ ആദിവാസിയുടെ അതിജീവന പോരാട്ടത്തെക്കുറിച്ച് വളരെ ചരുങ്ങിയ വാക്കുകളിലാണ് ബോധ്യപ്പെടുത്തിയത്.

ജീവിതത്തില്‍ പല കാര്യങ്ങളും നേരിടേണ്ടി വരും. അതൊക്കെ ധൈര്യമായി നേരിടുക മാത്രമാണ് ചെയ്യാനാവുക, അല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് സുരേഷ് പറഞ്ഞത് സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുകൊണ്ടായിരുന്നു.

അവിടെ ഉണ്ടായിരുന്നവരില്‍ എത്രപേര്‍ക്ക് അട്ടപ്പാടിയെ കുറിച്ച് അറിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. വിഐപികളായിട്ടുള്ളവരൊന്നും ഞങ്ങളെക്കുറിച്ച് കേട്ടിട്ടേയുണ്ടാവില്ല. ഒരു പക്ഷേ കേരളത്തിന്റെ എല്ലാ ഭാഗത്തും ഞങ്ങളുടെ അട്ടപ്പാടിയെ കുറിച്ച് കേള്‍ക്കുന്നത് മധുവിലൂടെയായിരിക്കണം. അങ്ങനെയൊരു തിരിച്ചറിയല്‍ ഒട്ടും സന്തോഷം തരുന്നതല്ല. ഞങ്ങള്‍ക്കത് ദുഖവും നിരാശയുമാണ്. ആ വേദിയില്‍ വച്ച് എനിക്കങ്ങനെ പറയേണ്ടി വന്നതും ഉള്ളിലെ വിഷമം കൊണ്ടാണ്. ഞാന്‍ നന്നായി സംസാരിച്ചെന്നു പറഞ്ഞ് എല്ലാവരും കൈയടിച്ചു. ജിഎം വന്ന് എന്നെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും ഞാന്‍ കരഞ്ഞു പോയിരുന്നു. ഒരു ആദിവാസി എന്ന നിലയില്‍ ഞാന്‍ നേരിട്ടു വന്ന പ്രതിസന്ധികളെല്ലാം മനസില്‍ പെട്ടെന്ന് ഓടിവന്നപ്പോഴാണ് വിഷമത്തോടെയാണെങ്കിലും എനിക്കങ്ങനെയൊക്കെ പറയേണ്ടി വന്നത്. ആരോടെങ്കിലുമുള്ള ദേഷ്യത്തിലല്ല, മധുവിനെ എനിക്ക് അറിയാമായിരുന്നു, ഞാന്‍ കാണാറുണ്ടായിരുന്നു. ഇന്ന് ആ മധുവില്ല… പക്ഷേ ഇന്നും എന്റെ നാട്ടില്‍ മധുമാര്‍ പലരുമുണ്ട്. മാനസികമായി സുഖമില്ലാതെ നടക്കുന്നവര്‍. അവരെ കാണുമ്പോള്‍ ഇപ്പോള്‍ എനിക്കു പേടിയുണ്ട്.

"</p

ഉള്‍ക്കാടുകളിലായി കഴിയുന്നവരാണ് കുറുമ്പ സമുദായക്കാര്‍. വിദ്യാഭ്യാസപരമായി അത്രയധികം മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് കുറുമ്പരെ കുറിച്ച് പറയാന്‍ കഴിയാത്തത് അവരുടെ താത്പര്യക്കുറവ് കൊണ്ടല്ല, പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നതില്‍ അവര്‍ നിസ്സഹായരായി പോകുന്നതുകൊണ്ടാണ്. പ്ലസ് ടു വരെയൊക്കെ പോയി പഠനം നിര്‍ത്തേണ്ടി വരുന്നവരാണ് കൂടുതലും. ഊരുകളില്‍ നിന്നും പോയി വരിക എന്നത് ഇന്നും അസാധ്യമാണ്. അതിനാല്‍ ഹോസ്റ്റലുകളില്‍ നിന്നൊക്കെ വേണം പഠിക്കാന്‍. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ ഉണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി അത്രയധികം പ്രോത്സാഹനം അവര്‍ക്ക് കിട്ടുന്നില്ല. പഠിച്ചതിന്റെയത്ര അടിസ്ഥാനത്തില്‍ ഒരു ജോലി കിട്ടുന്നതും വിരളം.

സുരേഷിന് കുട്ടിക്കാലത്ത് തന്നെ പഠിച്ച് വളരണം എന്നായിരുന്നു ആഗ്രഹം. കര്‍ഷകനായ അച്ഛന്റെയും കൂലിപ്പണിക്കാരിയായ അമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു സുരേഷ്. മൂത്തത് ചേച്ചി. പ്രമേഹ രോഗിയായ ചേച്ചിക്ക് പത്താം ക്ലാസ് കൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു. മക്കളെ കഴിയുന്നത്ര പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന മാതാപിതാക്കളായിരുന്നതിനാല്‍ എത്ര കഷ്ടപ്പെട്ടാലും താന്‍ പഠിച്ചോളാം എന്ന സുരേഷിന്റെ ആവിശ്യത്തിനൊപ്പം അവരും നിന്നു. താവളത്ത് കുക്കുമ്പാളം ഗവ. യുപി സ്‌കൂളില്‍ നാല് വരെ പഠിച്ചു. അഞ്ചാം ക്ലാസു മുതല്‍ പത്തുവരെ കൊല്ലം കുളത്തൂപ്പുഴ എംആര്‍എസ്സില്‍. അതിനുശേഷം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഒറ്റപ്പാലം വരോട് പോയി. അവിടെ സുഹൃത്തുക്കളുടെയും ചില ബന്ധുക്കളുടെയുമൊക്കെ സഹായത്തോടെ ഒരു വാടക വീട്ടില്‍ നിന്നു പഠിച്ചു. വിഎച്ച്എസ്‌സി ഹ്യുമാനിറ്റീസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ആയിരുന്നു പഠിച്ചത്. അങ്ങനെയാണ് ഏവിയേഷന്‍ കോഴ്‌സ് പഠിക്കാന്‍ സുരേഷിന് ആഗ്രഹം ഉണ്ടായത്. ആ കോഴ്‌സ് ചെയ്താല്‍ ഒരു ജോലി ഉറപ്പാണെന്ന് അധ്യാപകര്‍ ഉള്‍പ്പൊടെ പറഞ്ഞതോടെയാണ് എറണാകുളത്തേക്ക് പോരുന്നത്. ഒന്നൊന്നര ലക്ഷം രൂപ ഫീസ് ആവശ്യമായിരുന്നു. വാഴക്കൃഷിയില്‍ നിന്നും കിട്ടിയ വരുമാനവും അമ്മ അയല്‍ക്കൂട്ടത്തില്‍ നിന്നെടുത്ത വായ്പുമൊക്കെ ചേര്‍ന്ന് പകുതി തുകയുണ്ടാക്കി. അതു നല്‍കി കോഴസിനു ചേര്‍ന്നു. പഠനത്തിനൊപ്പം തുണിക്കടയില്‍ ഒരു ജോലിയും നോക്കിയാണ് സുരേഷ് മുന്നോട്ടു പോയത്. എന്നാല്‍ ആ കോഴ്‌സിന് അംഗീകാരം ഇല്ലെന്ന് അറിഞ്ഞത് വൈകിയാണ്. പിന്നീട് കുറെ നാള്‍ ഊരില്‍ തന്നെ കഴിഞ്ഞു. പക്ഷേ, കുടുംബത്തിലെ പ്രാരാബ്ദവും കടവും സുരേഷിനെ വീണ്ടും എറണാകുളത്തേക്ക് എത്തിച്ചു. ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക് നിന്നു. അവിടെ നിന്നും കുടുംബത്തിലെ കടം കുറച്ചൊക്കെ തീര്‍ക്കാന്‍ കഴിഞ്ഞു.

ഊരില്‍ വന്ന് നില്‍ക്കുന്ന സമയത്താണ് മഹിള സമക്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ സുരേഷ് വരുന്നത്. മഹിള സമക്യയുടെ കീഴില്‍ ‘അക്കരെ'(അക്കരെ എന്നാല്‍ ഇരുള ഭാഷയില്‍ ആഗ്രഹം എന്നര്‍ത്ഥം) എന്നൊരു പ്രൊജക്ട് ഉണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായ സഹായങ്ങളും അവര്‍ക്ക് താത്പര്യമുള്ള കോഴ്‌സുകളുമായി ബന്ധപ്പെടുത്തി കൊടുക്കലുമൊക്കെയാണ് അക്കരെയിലൂടെ ലക്ഷ്യമിടുന്നത്. ഏവിയേഷന്‍ കോഴ്‌സിന്റെ കാര്യത്തില്‍ സഹായമര്‍ഭ്യത്ഥിച്ചാണ് മഹിള സമക്യക്കാരെ ബന്ധപ്പെട്ടതെങ്കിലും അതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു (മഹിള സമക്യക്കാരുടെ അന്വേഷണത്തിലാണ് സുരേഷ് പഠിച്ചിരുന്ന കോഴ്‌സിന് അംഗീകാരമില്ലെന്ന് കണ്ടെത്തിയതും). പിന്നീട് മഹിള സമക്യ വഴിയാണ് താജില്‍ ഫുഡ് ആന്‍ഡ് ബിവറേജസ് കോഴ്‌സിനു ചേരുന്നതും.

കുറുമ്പ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പൊതുവെ പൊതുസമൂഹത്തോട് അവരുടെ ഭാഷാശൈലിയാല്‍ ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടെങ്കിലും സുരേഷിനെ കുറിച്ച് ട്രെയിനര്‍മാര്‍ പറയുന്നത് ഏറ്റവും മിടക്കനായ കുട്ടിയും ഏറ്റവും നല്ലരീതിയില്‍ ആശയവിനിമയം നടത്തുന്നവനും എന്നായിരുന്നു. എല്ലാ കാര്യങ്ങളും വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന സുരേഷിനെ അധ്യാപകര്‍ക്കെല്ലാം ഇഷ്ടമായിരുന്നുവെന്നതിനു തെളിവായിരുന്നു താജില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ്. കോഴ്‌സ് കഴിഞ്ഞ് പരിശീലവനവും പൂര്‍ത്തിയാക്കിയ സുരേഷിന് അവന്‍ ആഗ്രഹിക്കുന്നിടത്ത് ജോലി നല്‍കാനും അധികൃതര്‍ ഒരുക്കമായിരുന്നു. സുരേഷ് തന്നെയാണ് ബെംഗളൂരു വിമാനത്താവളത്തിലെ കഫേ കോഫിഡേയിലെ ജോലി തെരഞ്ഞെടുക്കുന്നത്. വിദേശത്തേക്ക് പോകണമെന്ന ആഗ്രഹം മനസിലുണ്ട്. ഇന്‍ഡിഗോയിലെ ഒരു അഭിമുഖത്തിന് പോയിരുന്നുവെങ്കിലും പ്രവര്‍ത്തി പരിചയത്തിന്റെ കുറവ് മൂലം ജോലി നേടാന്‍ കഴിഞ്ഞില്ല. സുരേഷ് പക്ഷേ പ്രതീക്ഷ വിട്ടിട്ടില്ല. ആഗ്രഹം പോലെ, ആഗ്രഹിച്ചിടത്ത് ഒരു ജോലി തനിക്ക് ഉടന്‍ കിട്ടുമെന്ന് സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

നമ്മുടെ കുടുംബം നിലനിര്‍ത്തണമെങ്കില്‍ കഠിനമായി കഷ്ടപ്പെടണം. ഇവിടെ വരെ എത്താന്‍ എനിക്കും ഒപ്പം നിന്ന എന്റെ കുടുംബത്തിനും ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ചേച്ചി ഒരു ആശുപത്രിയില്‍ ജോലിക്കു പോകുന്നുണ്ട്. അച്ഛനുമമ്മയ്ക്കും അവര്‍ക്ക് കിട്ടുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. അനിയന്‍ പ്ലസ് ടു കഴിഞ്ഞ് ഇപ്പോള്‍ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു സാര്‍ അദ്ദേഹത്തിന്റെ അനുഭവം. ഒരിക്കല്‍ പറയുകയുണ്ടായി. അച്ഛന്റെ പണം തന്റെ പഠനത്തിനായി ചെലവഴിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് സ്വയം ജോലികളൊക്കെ ചെയ്താണ് പഠിച്ചതെന്നും പിന്നീട് ജോലി കിട്ടിയപ്പോള്‍ തന്റെ പഠനത്തിനായി അച്ഛന്‍ തന്ന പണമെല്ലാം മടക്കി കൊടുത്തിട്ടുണ്ടെന്നും. അദ്ദേഹവും പഠിക്കുന്ന സമയത്ത് ഏതോ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന് സന്തോഷമായിരുന്നുവെന്ന്. പക്ഷേ, എന്റെ കാര്യത്തില്‍, ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി നോക്കുമ്പോള്‍ മനസില്‍ വിഷമയായിരുന്നു. ജോലി ചെയ്യുന്നതിനല്ല, എന്നെപ്പോലൊരാള്‍ക്ക് പഠിക്കാന്‍ വേണ്ടി എത്രത്തോളം ബുദ്ധിമുട്ടണമെന്നോര്‍ത്ത്. എനിക്ക് ഇപ്പോള്‍ സമ്പാദിക്കാനൊക്ക വരുമാനമൊന്നും ആയിട്ടില്ല. എന്നാല്‍ എനിക്കതിന് എത്രയും വേഗം ആകേണ്ടിയിരിക്കുന്നു. എന്റെ കുടുംബത്തെ സംരക്ഷിക്കണം. അതിനായി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ ഞാന്‍ തയ്യാറാണ്.

തനിക്ക് ഇവിടെ വരെയെത്താന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഇത്രയെങ്കിലും ആകാന്‍ കഴിഞ്ഞതില്‍ തന്നെ സുരേഷ് ഏറെ ആശ്വസിക്കുന്നുണ്ട്. എങ്കില്‍ പോലും ഒരു ആദിവാസി എന്ന നിലയില്‍ തുടരേണ്ടി വരുന്ന നിസ്സഹായതകളും ആകുലതകളും ഇപ്പോഴും തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നതാണ് ആ വേദിയില്‍ വച്ച് തന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നു കൂടി സുരേഷ് പറയുന്നൂ.

"</p

എവിടെ ചെന്നാലും ഇന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ നിസ്സഹായത ഞങ്ങളെ പിന്തുടരുന്നുണ്ട്. കാരണം, അത്തരം ആള്‍ക്കാരെ ഞങ്ങള്‍ക്ക് എവിടെയും കാണേണ്ടി വരികയാണ്. ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസം നേടിയവരെത്ര പേരുണ്ട്. പക്ഷേ,ആ യോഗ്യതകള്‍വച്ച് കിട്ടേണ്ട ജോലികള്‍ കിട്ടുന്നുണ്ടോ? ഞങ്ങളില്‍ എത്രപേര്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്? നിങ്ങള്‍ക്ക് മധുവിനെ അറിയുമോ എന്നു ചോദിച്ചതും ഞാന്‍ മധുവിന്റെ നാട്ടില്‍ നിന്നാണ് വരുന്നതെന്നു പറഞ്ഞതും ഈ ചോദ്യങ്ങളില്‍ നിന്നുള്ള പ്രതിഷേധവും വിഷമവും കൊണ്ടാണ്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസം കിട്ടണം. അതാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞങ്ങള്‍ പഠിക്കാം, പഠിച്ച് ജോലിക്ക് അപേക്ഷിക്കാം. അവിടെ ഞങ്ങളെ പിന്തള്ളിയില്ലെങ്കില്‍ ഞങ്ങള്‍ വിജയിച്ചു കാണിക്കാം. അങ്ങനെ വന്നാല്‍ ഞങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല, ചോദിക്കാതെ എടുത്തു കഴിക്കാന്‍ തോന്നുന്നത്ര പട്ടിണിക്കാരാവില്ല. അല്ലെങ്കില്‍ തന്നെ ഞങ്ങളെപ്പോഴാണ് കട്ടിട്ടുള്ളത്? കൈയേറിയും ചോദിക്കാതെയും ഞങ്ങളെന്താണ് എടുത്തിട്ടുള്ളത്? കട്ടതും കൈയേറിയെടുത്തതുമെല്ലാം ഞങ്ങളുടേതായിരുന്നില്ലേ? ഞങ്ങളുടെ കാട് പോയി, മണ്ണ് പോയി, കൃഷി പോയി… എല്ലാം നഷ്ടപ്പെട്ടവരില്‍ നിന്നും തിരിച്ചു വരാന്‍ ശ്രമിക്കുകയാണ് ആദിവാസി. അതിനവന് വേണ്ടത് വിദ്യാഭ്യാസമാണ്. അതിനുള്ള സൗകര്യങ്ങളാണ് ചോദിക്കുന്നതും.

എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞൊരു കാര്യമുണ്ട്. ഏറ്റവും താഴെ നിലയില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ നല്ല മനക്കട്ടി വേണം. ഞാന്‍ പഠിച്ച പാഠമാണ്. അനുഭവിച്ച് പഠിച്ച പാഠം. മനക്കട്ടി ഇല്ലെങ്കില്‍ ആദിവാസി ഒരു പടി പോലും ഉയരില്ല. ഉയരാന്‍ സമ്മതിക്കില്ല. ഞങ്ങളെ ഒപ്പം നിര്‍ത്താന്‍ ഇപ്പോഴും മടിയാണ്. ആദിവാസിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ഒരു ജോലി സ്വന്തമാക്കാനായതുമൊക്കെ എന്നെ ഒപ്പം ചേര്‍ത്തി പിടിച്ചു നിര്‍ത്താന്‍ മനസുള്ളവര്‍ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്. അവഗണിക്കാതെ, നിങ്ങള്‍ക്കൊപ്പം ഞങ്ങളെയും കൂട്ടുമെങ്കില്‍ എന്നെപ്പോലെ, എന്നെക്കാള്‍ വലിയവരായി എത്രയോ പേര്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും വരുമെന്നോ!

"</p

ചടങ്ങില്‍ സദസില്‍ നിന്നും പല ചോദ്യങ്ങളും ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍ സംബന്ധമായുമൊക്കെ സര്‍ട്ടിഫിക്കറ്റ് സ്വീകര്‍ത്താക്കളോട് ഉണ്ടായി. സുരേഷിനോട് ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു;

കഫേ കോഫി ഡേയില്‍ ജോലി ചെയ്യുമ്പോള്‍ കസ്റ്റമേഴ്‌സില്‍ നിന്നും അപര്യാദയായ പെരുമാറ്റം ഉണ്ടാകാം. ആ സമയം ദേഷ്യം തോന്നാറുണ്ടോ? ഉണ്ടായാല്‍ എന്തു ചെയ്യും?

അതിനുള്ള ഉത്തരം ഇതായിരുന്നു;

എന്തു തരം പെരുമാറ്റം കസ്റ്റമേഴ്‌സില്‍ നിന്നും ഉണ്ടായാലും ഞാന്‍ ഒന്നും തന്നെ പുറത്തു കാണിക്കില്ല. ഞാന്‍ അവര്‍ക്കു മുന്നില്‍ സന്തോഷവാനായാണ് നില്‍ക്കുന്നതെന്ന് അഭിനയിച്ചു കാണിക്കും. മോഹന്‍ലാലിനെ പോലെ. മോഹന്‍ലാല്‍ ഒക്കെ അഭിനയിച്ചല്ലേ ജീവിക്കുന്നത്. അതുപോലെ നമുക്കും അഭിനയിച്ച് ജീവിക്കാം…

ചിന്തിച്ചാല്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ കിട്ടുന്ന ഒരു മറുപടി….

നവകേരളത്തിലെ ഒരു ആദിവാസി അടിമ; അവന് വിളിപ്പേര് പൊട്ടാടി; ഞെട്ടിക്കും ഈ ജീവിത ചിത്രം

ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

അറിവ് തരൂ, ഞങ്ങളുടെ വിശപ്പ് മാറട്ടെ; ചോലനായ്ക്കര്‍ക്കിടയിലെ ആദ്യ ബിരുദാനന്തര ബിരുദധാരി വിനോദ് സംസാരിക്കുന്നു

ആദിവാസികളെ മുഴുവന്‍ കുറ്റക്കാരാക്കുന്നതിന് മുമ്പ് അവരെ അവരായി കാണാന്‍ തയാറാകണം; അവബോധവും ഉണ്ടാക്കണം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍