UPDATES

ഒരു ട്വീറ്റില്‍ എല്ലാം മാറിമറിഞ്ഞു; മൂന്നു ചക്രത്തിലോടുന്ന ‘സ്കോര്‍പിയോ’യ്ക്ക് പകരം മിനിവാന്‍ നല്‍കി ആനന്ദ് മഹീന്ദ്ര

2015-ല്‍ ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങിയ 2010 മോഡല്‍ ഓട്ടോറിക്ഷ അരലക്ഷം രൂപ കൂടി മുടക്കി രൂപമാറ്റം വരുത്തുകയായിരുന്നു സുനില്‍ കുമാര്‍.

കഴിഞ്ഞ മാര്‍ച്ച് 19-നായിരുന്നു സംഭവം. ഓട്ടോറിക്ഷയുടെ പിന്‍ഭാഗം രൂപമാറ്റം വരുത്തി സ്‌കോര്‍പിയോ മോഡലിലാക്കിയ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുമ്പോള്‍ പാലക്കാട് സ്വദേശി അനില്‍ പണിക്കര്‍ മഹീന്ദ്ര കമ്പനിയുടെ ഹൈദരാബാദ് ഓഫീസില്‍ ഡപ്യൂട്ടി ജനറല്‍ മാനേജറായി ജോലിയില്‍ കയറിയിട്ട് ഒന്നര മാസമേ ആയിരുന്നുള്ളൂ. ഈ വിചിത്രമായ ഫോട്ടോ മഹീന്ദ കമ്പനിയുടമ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും ചെയ്തു അനില്‍. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആനന്ദ് മഹീന്ദ്രയുടെ മറുപടി വന്നതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു.

പത്തനംതിട്ട പുല്ലാട് സ്വദേശി സുനില്‍ കുമാര്‍ പി.എസ് എന്നയാളിന്റേതായിരുന്നു ഈ ഓട്ടോറിക്ഷ. 2015-ല്‍ ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങിയ 2010 മോഡല്‍ ഓട്ടോറിക്ഷ അരലക്ഷം രൂപ കൂടി മുടക്കി രൂപമാറ്റം വരുത്തുകയായിരുന്നു സുനില്‍ കുമാര്‍. സ്‌കോര്‍പിയോയുടെ രൂപത്തോടുള്ള താത്പര്യമായിരുന്നു കാരണം. പിന്നീട് ബന്ധുവിന് ഓടിക്കാന്‍ കൊടുത്ത ശേഷം ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന സുനിലിനെ തേടി പിന്നീടുള്ള ദിവസങ്ങളില്‍ നിര്‍ത്താതെ ഫോണ്‍ വിളികളും സന്ദര്‍ശകരുമെത്തി. കാരണം, സുനിലിന്റെ ആ ഓട്ടോ ആനന്ദ് മഹീന്ദ്രയ്ക്ക് വേണം. പകരം മറ്റൊരു വാഹനം സമ്മാനിക്കും.

അനില്‍ പണിക്കരുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ അത് റീട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര ഓട്ടോ ഉടമയെ കണ്ടെത്താന്‍ സഹായിക്കാമോ എന്നും ട്വിറ്ററില്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെ മഹീന്ദ്രയുടെ ഓഫീസില്‍ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കാമോ എന്നഭ്യര്‍ത്ഥിച്ചതായും അനില്‍ അഴിമുഖത്തോട് പറഞ്ഞു. അനില്‍ ചെയ്തത് നാട്ടിലുള്ള സുഹൃത്ത് റോയ്‌സ് വഴി സുനിലിനെ കണ്ടെത്തുകയായിരുന്നു.

“റോയ്‌സ് കാണുമ്പോള്‍ കോതമംഗലത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയാണ് സുനില്‍ കുമാര്‍. സംസാരിക്കാന്‍ പോലും മടി കാണിച്ചിരുന്ന സുനിലിനു വേണ്ടി സംസാരിച്ചതൊക്കെ ഹോട്ടലിലെ മാനേജരാണ്. ജോയ്‌സിന്റെ ഫോണിലൂടെ സുനിലുമായി സംസാരിച്ച ശേഷം ഇക്കാര്യങ്ങള്‍ ആനന്ദ് മഹീന്ദ്രയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തു”- അനില്‍ വ്യക്തമാക്കി.

ഇതിനു സമാന്തരമായി കേരളത്തിലെ മഹീന്ദ്ര ഫിനാന്‍സിലുള്ള ജീവനക്കാരും സുനിലിനെ തേടി പരക്കം പാഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ അവരും സുനിലിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 26-ന് സുനിലിന് പുതിയ സുപ്രോ മിനി വാന്‍ പകരമായി നല്‍കി മഹീന്ദ്ര ഓട്ടോറിക്ഷ ഏറ്റെടുത്തു. ഇനിയത് മുംബൈയിലെ മഹീന്ദ്ര വാഹന മ്യൂസിയത്തിലായിരിക്കും ഉണ്ടാവുകയെന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റില്‍ പറയുന്നത്.

സുനിലിന്റെ ‘സ്കോര്‍പിയോ’ ഓട്ടോറിക്ഷയും അനില്‍ പണിക്കരും

 

എവിടെ നിന്നാണ് ആ ഫോട്ടോ കിട്ടിയതെന്ന് ഓര്‍മയില്ലെന്ന് അനില്‍ പറയുന്നു. “നേരത്തെ ജെ.സി.ബി കമ്പനിയുടെ മുംബൈ ഓഫീസിലായിരുന്നു ജോലി. മഹീന്ദ്രയുടെ ഹൈദരാബാദ് ഓഫീസില്‍ ജോലിക്ക് കയറിയിട്ട് ഒന്നര മാസമേ ആയുള്ളൂ. വാഹനങ്ങള്‍ വാങ്ങി രൂപം വരുത്തുന്നവരെ കുറിച്ച് കമ്പനിക്ക് താത്പര്യമുള്ളതിനാല്‍ കൈയിലുണ്ടായിരുന്ന ഫോട്ടോ ശേഖരത്തില്‍ നിന്ന് ഈ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. 4.7 മില്യണ്‍ ഫോളോവേഴ്‌സാണ് ആനന്ദ് മഹീന്ദ്രയ്ക്കുള്ളത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ എന്റെ ട്വീറ്റിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു”- അനില്‍ പണിക്കര്‍ പറയുന്നു.

എന്തായാലും സുനിലിനു പുതിയ വാഹനം സമ്മാനിച്ച് ഓട്ടോറിക്ഷ സ്വന്തമാക്കിയതിനെ കുറിച്ച് ആനന്ദ് മഹീന്ദ്ര തന്നെ ഇന്നലെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഓട്ടോ ഉടമയെ കണ്ടെത്താന്‍ സഹായിക്കാമോ എന്ന തന്റെ പഴയ ട്വീറ്റ് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് അനില്‍ പണിക്കരുടെ പഴയ ട്വീറ്റും ഒപ്പം സുനില്‍ രണ്ടു വാഹനങ്ങളുടെയും നടുക്ക് നില്‍ക്കുന്ന ചിത്രവും സഹിതം അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍