UPDATES

ട്രെന്‍ഡിങ്ങ്

അഭിമന്യുവിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് എസ് എഫ് ഐ, പ്രതിമയല്ല പ്രതികളെ പിടിക്കുകയാണ് വേണ്ടതെന്ന് കെ എസ് യു

വിചാരണ നാളെ തുടങ്ങും

കേരളത്തിലെ ക്യാംപസുകളിലെ അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇര എന്ന് വിശേഷിപ്പിക്കാവുന്ന അഭിമന്യുവിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്. മൂന്നാർ വട്ടവടയിലെ ദരിദ്ര കർഷക കുടുംബത്തിൽ നിന്ന് മികച്ച വിദ്യാഭ്യാസം എന്ന  സ്വപ്നവുമായി എറണാകുളം മഹാരാജാസ് കോളേജിലേക്ക് വണ്ടികയറിയ തങ്ങളുടെ പോരാളിയായ മകന്റെ ഓർമ്മകൾക്കു മുന്നിൽ നിറകണ്ണുകളോടെ നിൽക്കുകയാണ് മാതാപിതാക്കൾ. അഭിമന്യുവിന്റെ മരണത്തിന് ഒരു വർഷത്തിനുള്ളിൽ തന്നെ  അവന്റെ സ്വപ്നമായിരുന്ന വട്ടവടയിലെ ലൈബ്രറിയും അതിനെത്തുടർന്ന് സ്വന്തമായ വീട് എന്ന ലക്ഷ്യവും സാക്ഷാത്കരിച്ചു കഴിഞ്ഞുവെങ്കിലും കൊലക്കേസിലെ പ്രതികളുടെ വിചാരണ ഒന്നാം ചരമവാർഷിക ദിനത്തിൽ ആരംഭിക്കാൻ ഇരിക്കുന്നതേയുള്ളൂ. കേസിൽ അറസ്റ്റിലായ പ്രതികളെ ജൂലൈ രണ്ടാം തീയതി മുതൽ എറണാകുളത്തെ കോടതിയിൽ ഹാജരാക്കി വിചാരണ തുടങ്ങും. രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച അർധരാത്രി രണ്ടു മണിക്ക് ശേഷം അഭിമന്യു കൊല്ലപ്പെട്ട അതേ ഇടത്തു വച്ച് അനുസ്മരണ പരിപാടികൾ നടന്നു.

എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നിൽ മത തീവ്രവാദ വർഗ്ഗീയ ശക്തികളുടെ ശക്തമായ സ്വാധീനവുമുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് അഴിമുഖത്തോട് പറഞ്ഞു. “യഥാർത്ഥത്തിൽ അഭിമന്യുവിനെ തിരഞ്ഞു പിടിച്ചു കൊന്നു എന്നതല്ല വസ്തുത മറിച്ച് ഏറ്റവും കൃത്യമായ നിലപാടുകൾ ഉള്ള എസ്എഫ്ഐക്കാരെ ഉന്മൂലനം ചെയ്യാനുള്ള ക്യാമ്പസ് ഫ്രണ്ട് എൻഡിഎഫ് പോലെയുള്ള സംഘടനകളുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായിരുന്നു ഈ കൊലപാതകം. താൻ സത്യം എന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ അത് മഹാരാജാസിന്റെ ചുമരുകളിൽ എഴുതിവെക്കാൻ അഭിമന്യു ഒരിക്കലും മടിച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തിന് ശത്രുക്കൾ ഉണ്ടാക്കിക്കൊടുത്തത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ വളരെ വൈകാരികമായി സമീപിക്കുന്ന പാർട്ടി ഓർമ്മകളെ മൂലധനമാക്കി കൊണ്ട് വർഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുക തന്നെ ചെയ്യും.” സച്ചിൻ പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തനാണ് എന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തുന്ന മാധ്യമങ്ങളുടെ നിക്ഷിപ്ത താൽപര്യത്തെ ചെറുത്തു തോൽപ്പിക്കും എന്നും അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന കാര്യത്തില്‍ എസ്എഫ്ഐക്ക് പൂർണ ബോധ്യം ഉള്ളതായും അദ്ദേഹം പറഞ്ഞു. പ്രതികളുടെ എണ്ണം കുറവായതിനാൽ അന്വേഷണം തൃപ്തികരമല്ല എന്ന് ചിലരെങ്കിലും പറയുന്നുണ്ട്. എന്നാൽ പ്രതികളുടെ എണ്ണത്തിലല്ല കാര്യം. എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് പോലീസ് അന്വേഷണം നടത്തിയത്. സമയമെടുത്ത് അന്വേഷണം നടത്തുന്നതിൽ ഞങ്ങൾക്ക് യാതൊരു പരാതിയുമില്ല. കൃത്യത ഉണ്ടാവുകയും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യുകയാണ് ആവശ്യം. ഈ ആവശ്യം മുൻനിർത്തി അനുസ്മരണ ദിനത്തിൽ മഹാരാജാസിനു പുറമേ തൊടുപുഴയിലും വട്ടവടയിലും യോഗം ചേരുന്നുണ്ട്.

സ്വന്തം കാര്യം നോക്കാൻ ആണെങ്കിൽ തനിക്ക് മറ്റേതെങ്കിലും പ്രസ്ഥാനത്തിൽ വിശ്വസിച്ചാൽ പോരെ എന്നു പറഞ്ഞിരുന്ന അഭിമന്യുവിന്‍റെ ജീവന് മതിയായ സംരക്ഷണം നൽകാനായില്ലെന്ന് മാത്രമല്ല പ്രതികളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും അലംഭാവം കാണിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അനാസ്ഥ ഉണ്ടായി എന്ന മട്ടിലുള്ള ബന്ധുവിന്റെ അഭിപ്രായപ്രകടനത്തോട് എസ്എഫ്ഐ ജില്ലാ ഘടകത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ അഭിമന്യുവിന്റെ അടുത്ത ബന്ധുക്കൾ ആരും തന്നെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നും അകന്ന ഒരു ബന്ധു ഇത്തരം ഒരു ആരോപണം ഉന്നയിച്ചപ്പോൾ തന്നെ അഭിമന്യുവിൻറെ അച്ഛനും സഹോദരനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണം അതിൻറെ വഴിക്ക് നടക്കട്ടെ തങ്ങൾക്ക് ആശങ്കകൾ ഇല്ല എന്നുമാണ് അവർ അറിയിച്ചതെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു.

അതേസമയം അഭിമന്യുവിന്‍റെ ഓർമ്മ നിലനിർത്താൻ മഹാരാജാസ് കോളേജിൽ അനാച്ഛാദനം ചെയ്യാനിരിക്കുന്ന സ്തൂപത്തിന്റെ നിർമ്മാണത്തിനെതിരെ കെഎസ്‌യു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. സർക്കാർ ഭൂമി കൈയേറിയാണ് വിദ്യാർത്ഥി സംഘടന കോളേജിനുള്ളിൽ സ്തൂപം പണിതതെന്ന് ആരോപിച്ച കെഎസ്‌യു അനാച്ഛാദന ചടങ്ങ് സ്റ്റേ ചെയ്യണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോളേജിൽ സംഘർഷാവസ്ഥ ഒഴിവാക്കാനായി ജാഗ്രത സ്വീകരിക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകുകയാണുണ്ടായത്. എന്നാൽ പ്രതിമയല്ല പ്രതികളെ പിടിക്കുകയാണ് വേണ്ടതെന്ന കെഎസ്‌യു നിലപാട് മാറ്റമില്ലാതെ തുടരുന്നതായി മഹാരാജാസിലെ കെഎസ്‌യു നേതാവായ പ്രിയ പറഞ്ഞു. അഭിമന്യുവിന്‍റെ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌യുവും പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നുണ്ട്. പത്തിലേറെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട രണ്ട് പ്രതികളെ ഉൾപ്പെടെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട് എന്നാണ് കെഎസ്‌യുവിന് ലഭിക്കുന്ന വിവരം. ഇതിൽനിന്നുതന്നെ അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോകുക അല്ല സർക്കാരിന്റെയും എസ്എഫ്ഐയുടെ  ലക്ഷ്യം എന്നതും വ്യക്തമാണ് എന്നും പ്രിയ കൂട്ടിച്ചേർത്തു.

അഭിമന്യു എസ്എഫ്ഐയുടെ “നിലപാടുകളുടെ” രക്തസാക്ഷി ആണെന്ന് എബിവിപി എറണാകുളം ജില്ലാ സെക്രട്ടറി ലിബീഷ് പറഞ്ഞു. “അഭിമന്യു രക്തസാക്ഷി ആക്കപ്പെട്ടതാണ്,  SFI യുടെ തല തിരിഞ്ഞ നിലപാടുകൾ കാരണം. ക്യാമ്പസുകളിൽ  തങ്ങളല്ലാതെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പ്രവർത്തിക്കാൻ പാടില്ലെന്ന, ഇവരുടെ യഥാർത്ഥ ഫാസിസ്റ്റ്‌ നിലപാടിന് ഇരയാവുകയായിരുന്നു അഭിമന്യു. ഒരിക്കൽ തങ്ങൾ പാലൂട്ടി വളർത്തിയ ക്യാമ്പസ് ഫ്രണ്ടിന്റെ പോസ്റ്ററുകൾ  മഹാരാജാസ് കോളേജിൽ  ഒട്ടിക്കേണ്ടെന്ന SFI യുടെ വാദത്തെ തുടർന്നാണ് സംഘർഷം നടന്നതും, അഭിമന്യുവിനെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയത്”, ലിബീഷ് പറഞ്ഞു.

ക്യാമ്പസിലെ വിദ്യാർഥികളുടെ കണ്ണിലുണ്ണിയായിരുന്ന അഭിമന്യുവിന്റെ മരണത്തെ തുടർന്ന് നിരവധി ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അന്വേഷണം തൃപ്തികരമായി നടത്തണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠേന ആവശ്യപ്പെടുന്നത്. നാളെ തുടങ്ങുന്ന കോടതി നടപടിക്രമങ്ങളില്‍ എന്തു സംഭവിക്കും എന്നതാണ് വിദ്യാർത്ഥി സമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Read More: ‘ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല’, വീട് പണിയാനാവാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വിമുക്തഭടന്‍; സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികാരമെന്ന് ആരോപണം

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍