UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെത്താതെ തന്നെ ഫ്രാങ്കോയ്ക്ക് ഉപജാപങ്ങള്‍ നടത്താം; ജയില്‍ സന്ദര്‍ശനത്തിനെത്തിയവരുടെ ലിസ്റ്റ് നോക്കിയാല്‍ മനസിലാകും; പി. ഗീത

മീ ടൂ ക്യാംപെയ്ന്‍ പോലുള്ള ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകുമ്പോഴും കുറ്റാരോപിതരോട് ഇത്തരത്തിലുള്ള നടപടികള്‍ തുടരുന്നത് കഷ്ടമാണ്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് മൂന്നാഴ്ചത്തെ റിമാന്‍ഡ് വാസത്തിനുശേഷം ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിരിക്കുകയാണ്. ജാമ്യം അനുവദിച്ച കോടതി നടപടി നിയമാനുസൃതമായിരിക്കാമെങ്കിലും ഫ്രാങ്കോ മുളയ്ക്കല്‍ പുറത്തു വരുന്നത് കേസിന്റെ തുടര്‍നടപടികളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പി ഗീത ചൂണ്ടിക്കാണിക്കുന്നത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വന്ന സമരത്തില്‍ നിരാഹാര സമരം അനുഷ്ഠിച്ച വ്യക്തി കൂടിയായ പി. ഗീത ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് അഴിമുഖത്തോട് പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത് നിയമാനുസൃതമായിരിക്കാം. എന്നാല്‍ ജാമ്യം കൊടുത്ത കോടതി നടപടി ആശങ്കയുളവാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി പറഞ്ഞ സാഹചര്യം ജയിലില്‍ നിന്ന് വിമുക്തനാകുകയാണെങ്കില്‍ സാക്ഷികളെ സ്വാധീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്നാണ്. അറസ്റ്റ് വൈകിയ സാഹചര്യത്തില്‍ തന്ന ഉപജാപപ്രവര്‍ത്തികള്‍ നടന്നിരുന്നു. ജയിലിലായിരുന്ന സമയത്ത് ഫ്രാങ്കോയെ സന്ദര്‍ശിച്ച പ്രമുഖരുടെയും നേതാക്കന്മാരുടെയും ലിസ്റ്റ് ഇതിന് തെളിവാണ്. അതേസമയം കന്യാസ്ത്രീകളെ തെറിവിളിക്കുകയും അവര്‍ സമരം ചെയ്ത് കഷ്ടപ്പെട്ട് നേടിയെടുത്ത നീതിയെ പരിഹസിക്കുകയും ചെയ്ത സാമൂഹ്യ അന്തരീക്ഷം ഇവിടെയുണ്ട്. രാഷ്ട്രീയ നേതാക്കളും മതപുരോഹിതരും അടങ്ങിയ ശക്തരായ ആളുകള്‍ ഫ്രാങ്കോയെ പിന്തുണക്കാന്‍ ഉണ്ടായിരുന്നു.

പാസ്‌പോര്‍ട്ട് കൊടുക്കണമെന്നും കേരളത്തിലേക്ക് വരരുതെന്നുമൊക്കെയുള്ള ചെറിയ ഉപാധികളാണ് ഫ്രാങ്കോയ്ക്ക് നല്‍കിയിരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. കേരളത്തില്‍ വന്നാല്‍ മാത്രമേ ഫ്രാങ്കോയ്ക്ക് സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കൂവെന്നാണോ കോടതി മനസിലാക്കിയിരിക്കുന്നത്? മീ ടൂ ക്യാംപെയ്ന്‍ പോലുള്ള ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകുമ്പോഴും കുറ്റാരോപിതരോട് ഇത്തരത്തിലുള്ള നടപടികള്‍ തുടരുന്നത് കഷ്ടമാണ്.

ഇത്തരത്തിലുള്ള ആരോപണങ്ങളെ ഫാബ്രിക്കേറ്റഡായാണ് മറ്റുള്ളവര്‍ പറയുന്നത്. തുറന്നു പറഞ്ഞ സ്ത്രീകള്‍ക്ക് നേരെയാണ് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും വരുന്നത്. കൃത്യമായ തെളിവുകളോടെയാണ് കന്യാസ്ത്രീ പരാതിയുമായി മുമ്പോട്ട് വന്നത്. കേരളം ഒന്നടങ്കം കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീ റേപ്പ് ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അതേ ഉടുതുണിയില്‍ പോലീസ് സ്‌റ്റേഷനിലും, ആശുപത്രിയിലും പോയി പരാതി നല്‍കാനും തെളിവുകള്‍ ശേഖരിക്കാനുമുള്ള മാനസികാവസ്ഥ അവര്‍ക്കുണ്ടാകുമോ? അപ്പോള്‍ പിന്നെ എങ്ങനെയാണ് സ്ത്രീകള്‍ തുറന്ന് പറയേണ്ടത്? സൂര്യനെല്ലി കേസില്‍ തുടങ്ങി എല്ലാ കേസിലും സംഭവിച്ചതും അതുതന്നെയല്ലേ… നിയമങ്ങളുടെ പഴുതുകളിലൂടെ കുറ്റാരോപിതര്‍ ഊരിപ്പോരും. അപ്പോഴും ആക്രമിക്കപ്പെട്ട ഉടന്‍ തന്നെ തെളിവു സഹിതം പരാതിപ്പെട്ട നടിക്കും ഇതുവരെ നീതി ലഭിച്ചിട്ടില്ല. അങ്ങനെ റേപ്പ് ചെയ്യപ്പെട്ടുവെങ്കില്‍ ആ കുട്ടി മൂന്നാം നാള്‍ എഴുന്നേറ്റ് നടക്കില്ലയെന്ന് പറഞ്ഞ് നടന്ന നേതാക്കന്മാരാണ് നമുക്കുള്ളത്. ഇതാണ് കേരളത്തിന്റെ അവസ്ഥ. പരിഷ്‌കൃത രാജ്യങ്ങളിലെ നീതിനിര്‍മാണ വ്യവസ്ഥയെ ഇവിടെയാണ് നമ്മള്‍ മാതൃകയാക്കേണ്ടത്. യുകെയിലും യുഎസിലും കുറ്റാരോപിതനാണെങ്കില്‍ അയാളുടെ ജോലി ആദ്യം നഷ്ടമാകും.

ഇന്നലെ തന്നെ ഒരാള്‍ പറഞ്ഞത് കേള്‍ക്കൂ, അഞ്ചര കോടി തന്ന ദിലീപിനോട് ഞങ്ങള്‍ക്ക് വിധേയത്വമുണ്ടെന്ന്. നാണമാവില്ലേ അങ്ങനെയൊക്കെ പറയാന്‍. അതിനൊരു മോശമുണ്ടെന്ന് കൂടി അവര്‍ക്ക് മനസിലാകുന്നില്ല. ഇവിടെ അനീതിക്കെതിരെ ഒച്ചയുയര്‍ത്തിയാല്‍ പെണ്ണിനെ മാതൃകപരമായി ശിക്ഷിച്ചു കൊണ്ടാണ് സമൂഹം പെണ്‍ശബ്ദങ്ങളെ ഒതുക്കുന്നത്. സ്ത്രീകള്‍ക്ക് ആകെ പ്രതീക്ഷയുള്ളത് കോടതിയിലാണ്. തെരുവിലിറങ്ങാനും ശബ്ദമുയര്‍ത്താനും അടുത്ത പന്തലുകെട്ടാന്‍ സ്ഥലമുണ്ടെന്ന പ്രതീക്ഷയാണ് ഉള്ളത്. ഇതിനായി സമൂഹ മനസാക്ഷിയാണ് ആദ്യം ഉണരേണ്ടത്. പക്ഷേ അത് സംഭവിക്കുന്നതുമില്ല.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഞങ്ങളെല്ലാവരും പ്രതീക്ഷയോടെ പറഞ്ഞ കാര്യമാണ് കൈയൂക്കിന്റെ, ശാരീരിക ബലത്തിന്റെ കാലം കഴിഞ്ഞുവെന്ന്. സാമ്പത്തികപരമായും സ്ത്രീകള്‍ മുമ്പോട്ടു വന്നു. വിവരത്തിന്റെയും വിവേകത്തിന്റെയും കാലമാണിത്. അതുകൊണ്ട് സമത്വം ഈ നൂറ്റാണ്ടില്‍ ലഭിക്കുമെന്നു ഞങ്ങള്‍ വിചാരിച്ചു. പക്ഷേ അതിനെ പ്രബലമായ ആണ്‍സമൂഹം പേടിക്കുന്നുണ്ട്. സ്ത്രീകളിലും ചിലര്‍ വിധേയത്വം കാണിക്കാറുണ്ട്. ഞാന്‍ അശുദ്ധയാണെന്ന് പറഞ്ഞ് മുമ്പോട്ട് വരുന്നതും നാല് പേര് പോയാല്‍ നാലായിരം പേര് വരുമെന്ന് പറയുന്നതും ഫ്രാങ്കോ പിതാവായതിനാല്‍ കൈമുത്തണമെന്ന് പറയുന്നതും പെണ്ണുങ്ങളാണെന്നതാണ് സങ്കടകരം.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍