UPDATES

പ്രവാസം

ജനപ്രിയന്റെ മടിയന്മാരും മദ്യപാനികളുമായ അമേരിക്കന്‍ ഭര്‍ത്താക്കന്മാരെക്കുറിച്ചു തന്നെ

ചിലപ്പോൾ വിനായകനെയും പർവതിയെയും പോലെയുള്ള വ്യക്തിത്വങ്ങളുടെ അഭിമുഖം കണ്ടതിനു ശേഷം ഇങ്ങനെ ഒന്ന് കണ്ടതു കൊണ്ടാവാം പലർക്കും ഇത് ദഹിക്കാൻ കുറച്ചു വിഷമം

കഴിഞ്ഞ ദിവസം നടന്‍ ദിലീപിന്റെ അഭിമുഖം കാണാൻ ഇടയായി, കുറെ കാര്യങ്ങള്‍ വ്യക്തമാക്കാൻ അദ്ദേഹം നടത്തിയ ഒരു ശ്രമം, അത് വിജയിച്ചോ ഇല്ലയോ എന്നത് വിചാരണ ചെയ്യാൻ താത്പര്യമില്ല. ഈ പറഞ്ഞ ഇന്റർവ്യൂ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അനുകൂലിച്ചും എന്നാൽ കൂടുതൽ വിമർശിച്ചും കൊണ്ടാടുകയും ചെയ്യുന്നു. എന്തൊക്കെ ആയാലും അതിൽ അദ്ദേഹം ഒരു അമേരിക്കൻ മലയാളിയെ പരാമർശിച്ചിരിക്കുന്ന ഒരു ഭാഗത്തിൽ കുറച്ചെങ്കിലും തെറ്റിദ്ധാരണ ഉണ്ട് എന്ന് കരുതുന്നു.

അതായത്, അമേരിക്കയിലുള്ള നഴ്സിനെ കെട്ടി വീട്ടിൽ വെറുതെ ഇരിക്കുന്ന മലയാളി, ഭാര്യയുടെ ചിലവിൽ മദ്യപിച്ചു കഴിയുന്നവൻ എന്നൊക്കെയാണ് അദ്ദേഹം തനിക്കെതിരെ ഒരു വീഡിയോ ഇറക്കിയ വ്യക്തിയെ കുറിച്ച് വിമർശിച്ചിരിക്കുന്നത്. ഈ പറയപ്പെടുന്ന വ്യക്തിയെക്കുറിച്ച് അറിയില്ലെങ്കിലും, ഈ പരാമർശിച്ചത് ഒരു വ്യക്തിയെ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ ഈ പരാമർശം, അത് വേദനിപ്പിക്കുന്നത് ഒട്ടനേകം അമേരിക്കൻ മലയാളികളെയാണ് എന്നതാണ് യാഥാർഥ്യം. അമേരിക്കയിൽ വല്ലപ്പോഴും ഒരു ഷോയ്ക്കോ ഹണിമൂണിനോ ഒക്കെ പോകുന്ന ഒരു ജനപ്രിയന് ഇങ്ങനെയുള്ള തെറ്റിദ്ധാരണ സ്വാഭാവികം മാത്രമായിരിക്കും.

അടുത്തറിയാവുന്ന ഒരു കുടുംബം അമേരിക്കയിൽ സ്ഥിരതാമസം ആയിട്ടുണ്ട്. അവിടെ ഭാര്യ നേഴ്സ് ആണ്. ഭർത്താവിന് കിട്ടിയ ജോലിയും ശമ്പളവും വച്ച് നോക്കുമ്പോൾ ഭാര്യക്കാണ് ഭേദപ്പെട്ട ശമ്പളവും മറ്റു സൗകര്യങ്ങളും. രണ്ടു കുട്ടികൾ, ഒരാൾ തീരെ കുഞ്ഞായതു കൊണ്ട് ജോലിക്കു പോകുമ്പോൾ ബേബി സിറ്റിങ്ങിൽ ഏൽപ്പിക്കണം, ഭർത്താവിന്റെ ശമ്പളം അതിനും വണ്ടിയിൽ പെട്രോള്‍ അടിക്കാനും മാത്രമേ തികയൂ. മൂത്ത കുട്ടി വളർന്നു വരുന്നു, അമേരിക്കൻ സംസ്കാരം, സുലഭമായി കിട്ടുന്ന മദ്യം, മയക്കുമരുന്ന് ഇവയെല്ലാം ഈ കുഞ്ഞിനെ വഴി തെറ്റിക്കുമോ എന്നൊക്കെയുള്ള ഏത് സാധാരണ മലയാളി കുടുംബത്തിന്റെയും പേടി ഈ മാതാപിതാക്കൾക്കും ഉണ്ട്.

ഒരാളെങ്കിലും വീട്ടിൽ ഇരുന്ന്, വളർന്നു വരുന്ന കുഞ്ഞുങ്ങളെ നോക്കിയേ മതിയാവൂ. പണത്തേക്കാൾ ആ കുടുംബം ആഗ്രഹിക്കുന്നതും കുഞ്ഞുങ്ങളുടെ ഭാവി ആണ്. പക്ഷെ ഭർത്താവിന്റെ ശമ്പളത്തിൽ കുടുംബം പുലർത്താൻ കഴിയില്ല, അതിനാൽ സ്വന്തം ഈഗോ മാറ്റിവച്ച് രണ്ടുപേരും ഒരു തീരുമാനത്തിൽ എത്തി. ഭർത്താവ് വീട്ടിൽ ഇരുന്ന് വീട്ടുകാര്യവും കുഞ്ഞുങ്ങളെയും നോക്കും, ഭാര്യ ജോലിക്കും പോകും. വളരെ സന്തുഷ്ടമായി ആ കുടുംബം മുന്നോട്ടു പോകുന്നത് ഇന്നും അഭിമാനത്തോടെ തന്നെ കാണുന്നുണ്ട്.

ഈ ഏർപ്പാട് നമുക്ക് പുതുമയാണെങ്കിലും വികസിത രാജ്യങ്ങളിൽ ‘ഹൗസ് ഹസ്ബൻഡ്‌സ്’ എന്ന പേരിൽ അത് നിലവിലുണ്ട്. അതായത് ഭാര്യ ജോലിക്കു പോകുകയും ഭർത്താവ് വീട്ടിൽ ഇരുന്ന്  വീട്ടുകാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കുന്ന ഒരു അവസ്ഥ. ചില മലയാളീ കുടുംബങ്ങൾ എങ്കിലും ഇത് സ്വീകരിക്കാൻ കാരണം ജനപ്രിയൻ പറയുന്നത് പോലെ മടിയോ മദ്യപാനമോ ഒന്ന് അല്ല, പകരം ഭാര്യമാർക്ക് ചിലപ്പോൾ കൂടിയ ജോലിയും ശമ്പളവും ഉണ്ടാകും, പ്രത്യേകിച്ച് നഴ്‌സ്‌മാർക്ക്. അവർ വീട്ടിൽ ഇരുന്നു കുട്ടികളെ നോക്കിയാൽ വീടിന്റെ ലോൺ അടയ്ക്കാൻ പോലും ശമ്പളം തികയില്ല.

ജനപ്രിയന്മാർ ഇങ്ങനെയുള്ള രാജ്യങ്ങളിലേക്ക് ചെല്ലുമ്പോൾ ചിലപ്പോൾ കൈയും ഹൃദയവും തുറന്നു നിങ്ങളെ എതിരേൽക്കുന്നവരിൽ മിക്കവരും താങ്കൾ വിശേഷിപ്പിച്ച ഈ മടിയന്മാർ തന്നെയാകും. ഒരു വ്യക്തിയെ ലക്ഷ്യമിട്ടാണ് ഈ പരാമർശം എങ്കിൽ പോലും, വെളുക്കാൻ തേച്ചത് പാണ്ടാകാതിരുന്നാൽ കൊള്ളാം.

ഒരു വ്യക്തിയുടെ ചിന്താഗതിയിൽ സ്ത്രീ വീട്ടിൽ ഇരുന്ന് കുഞ്ഞിനെ വളർത്തേണ്ടവൾ മാത്രമാണ് എന്നും, സമൂഹത്തിൽ ഒരു ജോലി ചെയ്ത് കുടുംബം പുലർത്താൻ അവൾക്കു അധികാരം ഇല്ല എന്നുള്ളതും നിൽക്കട്ടെ; വളരെ തുറന്ന മന:സ്ഥിതിയോടെ  ഭാര്യക്കുള്ള തുല്യ അവകാശം അംഗീകരിച്ച് ഒരു കുടുംബം സ്നേഹത്തിൽ മുന്നോട്ടു നയിക്കാൻ കഴിവുള്ള പുരുഷന്മാരെ ആക്ഷേപിക്കുന്നത് പക്ഷേ, ശരിയല്ല. ചിലപ്പോൾ ഒരു സ്ത്രീയെക്കാളും നന്നായി വീട്ടുജോലികൾ ചെയ്യാനും കുഞ്ഞുങ്ങളെ നോക്കാനും ഒരു പുരുഷന് കഴിയും, അതിനെ ചിലർ ദുർവ്യാഖ്യാനിച്ച്, മടിയാണ് എന്ന് മുദ്ര കുത്തുമ്പോൾ തങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ച് അവര്‍ക്ക് കുറച്ചെങ്കിലും അപകർഷത ഉളവാക്കാൻ അത് കാരണമാകും. ഭാര്യയുടെ അടുത്ത്   സ്നേഹത്തോടെ പെരുമാറുകയും, അടുക്കളയിൽ ഒന്ന് സഹായിക്കുകയും ചെയ്താൽ ‘പെങ്കോന്തൻ’ എന്ന് മുദ്ര കുത്തുന്ന ഒരു സമ്പ്രദായത്തിന്റെ പകർപ്പ് തന്നെയാണിത്‌.

‘പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചു പിടിക്കാൻ കഴിയില്ല’ എന്നത് ഇവിടെ പ്രസക്തമാണ്. എല്ലാവര്‍ക്കും തന്നെ ഇഷ്ടമാണ് എന്നും, ഞാൻ ഒരു സംഭവം ആണ് എന്നും, ഞാൻ വിചാരിച്ചാൽ പല പ്രശസ്തരും കുഴയും എന്നും പ്രമുഖ നടിമാരെ വിവാഹം ചെയ്ത് പലരേയും അസൂയപ്പെടുത്തി  എന്നും മേമ്പൊടിക്ക് ഇത്ര കോടി, അത്ര കോടി എന്നും പറഞ്ഞ് ഒരു ഇന്റർവ്യൂ ചെളി വാരിയെറിയാനുള്ള അവസരമാകാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞവസാനിപ്പിച്ചിരുന്നു എങ്കിൽ ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകില്ലായിരുന്നു.

ചിലപ്പോൾ വിനായകനെയും പർവതിയെയും പോലെയുള്ള വ്യക്തിത്വങ്ങളുടെ അഭിമുഖം കണ്ടതിനു ശേഷം ഇങ്ങനെ ഒന്ന് കണ്ടതു കൊണ്ടാവാം പലർക്കും ഇത് ദഹിക്കാൻ കുറച്ചു വിഷമം. ഉയരം കൂടുംതോറും വിനയം ഏറും എന്നത് ചിലരുടെ കാര്യത്തിൽ മാത്രമേ ശരി ആയിട്ടുള്ളു എന്ന് ഈ മൂന്ന് ഇന്റർവ്യൂകളും കണ്ടു കഴിഞ്ഞപ്പോൾ മനസിലായി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍