UPDATES

ട്രെന്‍ഡിങ്ങ്

നിശാ പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന എംഡിഎംഎയുമായി പിടിയിലായ അശ്വതി ബാബു ആരാണ്?

മെത്തലീന്‍ ഡയോക്‌സി മെതാഫ്റ്റമൈന്‍ എന്ന എഡിഎംഎ വീര്യം കൂടിയ ഒരു മയക്കു മരുന്നാണ്

കാക്കനാട് ഒരു നടിയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരം പൊലീസിന് ഒരു മാസം മുമ്പേ കിട്ടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തി വന്ന രഹസ്യ അന്വേഷണത്തിനൊടുവിലാണ് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ യുമായി സിനിമ-സീരിയല്‍ അഭിനേത്രി അശ്വതി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. കിട്ടിയ വിവരം അനുസരിച്ച് അന്വേഷണം നടത്തി വന്നിരുന്നെങ്കിലും ആരാണ് നടിയെന്ന കാര്യത്തില്‍ പൊലീസിന് കൃത്യമായൊരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടിയാരാണെന്നും അവരുടെ കൈവശം ലഹരി വസ്തു എത്തുന്ന വിവരവും പൊലീസിന് ലഭ്യമായതോടെയാണ് അശ്വതിയേയും ഒപ്പം ഡ്രൈവര്‍ കോട്ടയം സ്വദേശി ബിനോയ് എബ്രഹാമിനേയും അറസ്റ്റ് ചെയ്യാന്‍ കഴിയുന്നത്. ഗ്രാമിന് രണ്ടായിരം വരുന്ന ലക്ഷങ്ങള്‍ മതിപ്പ് വിലയുള്ള എംഡിഎംഎയാണ് അശ്വതിയില്‍ നിന്നും കണ്ടെത്തിയത്. തൃക്കാക്കര പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. അശ്വതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അശ്വതിക്ക് ലഹരി വസ്തു എവിടെ നിന്നും കിട്ടിയെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് തൃക്കാക്കര പൊലീസ് പറയുന്നതെങ്കിലും ഒരു മുംബൈ മലയാളിയാണ് എംഡിഎഎം എത്തിച്ചു നല്‍കിയതെന്ന സൂചനയും വരുന്നുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നില്ല. ബെംഗളൂരുവില്‍ നിന്നാണ് കൊച്ചിയില്‍ അശ്വതിക്ക് മയക്കുമരുന്ന് കിട്ടുന്നതെന്ന കാര്യം മാത്രമാണ് സ്ഥിരീകരിക്കുന്നത്. ബിനോയി ആണ് എത്തിച്ചു നല്‍കുന്നതെന്നും പൊലീസ് പറയുന്നുണ്ട്.

സിനിമ-സീരിയല്‍ രംഗത്ത് അശ്വതി ബാബു എന്ന പേര് അത്ര പരിചിതമല്ല. നടിയെക്കുറിച്ച് വിവരങ്ങള്‍ പങ്കുവച്ചിരുന്ന അവരുടെ ഫെയ്സ്ബുക്ക് അകൗണ്ട് അറസ്റ്റിനു പിന്നാലെ ലഭ്യമല്ലാതാക്കിയിട്ടുണ്ട്. സുവര്‍ണപുരുഷന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ഫെയ്സ്ബുക്ക് പേജില്‍ പറഞ്ഞിരിക്കുന്നത്. ഏതാനും സീരിയലുകളിലും ഉണ്ടെന്നു പറയുമ്പോഴും അവിടെയും അത്ര പരിചിതയല്ല. തിരുവനന്തപുരം സ്വദേശിയായ അശ്വതി കൊച്ചിയിലാണ് ഇപ്പോള്‍ താമസം.

അശ്വതിയുടെ ഫ്ലാറ്റ്  കേന്ദ്രീകരിച്ച് മറ്റു ചില ഗുരുതരമായ കുറ്റങ്ങളും നടക്കുന്നുണ്ടെന്നും വിവരം കിട്ടിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്നതുവരെ ഒന്നും പുറത്തു പറയാന്‍ കഴിയില്ലെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം.

മെത്തലീന്‍ ഡയോക്‌സി മെതാഫ്റ്റമൈന്‍ എന്ന എഡിഎംഎ വളരെ വീര്യം കൂടിയ ഒരു മയക്കു മരുന്നാണ്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെട്ട ഈ ലഹരി വസ്തു നിശാ പാര്‍ട്ടികളിലാണ് കൂടുതലായി ഉപയോഗിച്ചു വരുന്നത്. പാര്‍ട്ടികളില്‍ കൂടുതല്‍ നേരം നൃത്തം ചെയ്യാനും മറ്റും ഇത് സഹായിക്കുമെന്നാണ് പറയുന്നത്. കൊച്ചിയില്‍ കൂടുതലായി എംഡിഎംഎ എത്തുന്നുണ്ടെന്നാണ് വിവരം. ഹോട്ടലുകളും ക്ലബ്ബുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി രീതിയില്‍ നിശാപാര്‍ട്ടികള്‍ കൊച്ചിയില്‍ നടക്കുന്നതിന്റെ പിറകില്‍ ലഹരി ഉപയോഗവും വില്‍പ്പനയും കൂടുന്നുള്ളതായും പൊലീസ് വിവരം നല്‍കുന്നുണ്ട്. ഇതില്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തുവാണ് എംഡിഎംഎ. മണിക്കൂറുകളോളം എംഡിഎംഎ നല്‍കുന്ന ലഹരി നിലനില്‍ക്കുമെന്നതാണ് ഇതിന് ആവശ്യമേറുന്നതിനു പിന്നില്‍. അശ്വതിയുടെ ഫ്ലാറ്റ്  കേന്ദ്രീകരിച്ചും നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തിയാല്‍ മാത്രമെ ഇപ്പോള്‍ നടന്ന അറസ്റ്റിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമോ എന്നും നടിയുമായി ബന്ധപ്പെട്ട് ലഹരി കച്ചവടം എത്രനാളായി നടന്നു വരുന്നു, നടിയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പാര്‍ട്ടികളും അതിന്റെ മറവില്‍ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും എത്രനാളായി നടന്നു വരുന്നു, ആരൊക്കെ പങ്കെടുക്കുന്നു, മറ്റ് പ്രമുഖര്‍ക്ക് ഇതില്‍ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ.

അഭിമുഖം: എന്തായിരുന്നു ഒടിയനിലെ തന്റെ റോള്‍? സംവിധായകന്‍ എം പത്മകുമാര്‍ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍