UPDATES

ട്രെന്‍ഡിങ്ങ്

തടിച്ച് തടിച്ചെങ്ങോട്ടാ… ആ കരിക്കട്ട പോലത്തെ ചെറുക്കനില്ലേ… ബോഡി ഷെയ്മിംഗിന്റെ ആത്മരതികള്‍

ഇത്തരം കളിയാക്കലുകൾ ശരണ്യാ മോഹനിൽ തുടങ്ങി അവരിൽ അവസാനിക്കുന്ന ഒന്നല്ല.

അപര്‍ണ്ണ

അപര്‍ണ്ണ

സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കേണ്ടി വന്ന ഒരു കാലത്തിന് ശേഷമാണ് പെട്ടന്ന് ജ്യോമട്രിക് പ്രോഗ്രഷൻ ലെവലിൽ എനിക്ക് വണ്ണം കൂടിയത്. ആറ് കിലോയിലധികം മാസങ്ങൾക്കുള്ളിൽ കൂടിയത് ശരീരത്തിന്റെ സ്വഭാവിക പരിണാമമായി കണ്ട എനിക്ക് പ്രശ്നമൊന്നുമുണ്ടായില്ല. പക്ഷെ പുറത്തിറങ്ങിയതു മുതൽ എന്റെ ‘മല്ലു ആന്റി’ ലുക്കിനെ കുറിച്ചുള്ള പരിചയക്കാരുടെ തമാശകളിൽ അത്ഭുതപ്പെട്ടിരുന്നു. ഇതിവിടെ ഓർത്തത് നടി ശരണ്യാ മോഹന്റെ വണ്ണത്തെ കുറിച്ചുള്ള ട്രോളുകളും ഭർത്താവിന്റെ  മറുപടിയുമൊക്കെ കണ്ടതു കൊണ്ടാണ്.

മലയാളത്തിലും ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലും കുറച്ചു കാലം അഭിനയിക്കുകയും നൃത്തം പഠിപ്പിക്കുകയും പിന്നീട് വിവാഹിതയാവുകയും ചെയ്ത ഒരു നടിയായിരുന്നു ശരണ്യാ മോഹൻ. വളരെ സ്വാഭാവികമായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന്, കുടുംബ ജീവിതത്തിലേക്ക് അപ്രത്യക്ഷയായി അവർ. ഏതോ പത്രം അവർ അമ്മയായി എന്നു വാർത്ത നൽകിയപ്പോൾ പിതൃസംബന്ധിയായ തമാശകൾ കൊണ്ട് നമ്മൾ അതിനു താഴെ കമൻറുകളിട്ട് പരസ്പരം ഐക്യപ്പെട്ട് ആഘോഷിച്ചു. അവരുടെ ഭർത്താവിന് അന്ന് ഇതേ സമൂഹമാധ്യമത്തിൽ വിശദീകരണ കുറിപ്പ് ഇടേണ്ടി വന്നു. പിന്നീട് പ്രസവശേഷം വണ്ണം വച്ച അവരുടെ ഫോട്ടോ പുറത്തുവന്നു. നിമിഷങ്ങൾക്കകം ട്രോളുകളുടെ പ്രവാഹമായി. വണ്ണത്തെ പരിഹസിച്ച്, മനുഷ്യാവസ്ഥകളുടെ നൈമിഷികതയിൽ സഹതപിച്ച് അതിവിപ്ലവകാരികൾ പോലും അത് ഷെയർ ചെയ്തു. തന്റെ ഭാര്യയുടെ വണ്ണം ഇവിടത്തെ ദേശീയ പ്രശ്നമല്ലെന്ന് അയാൾ പറഞ്ഞു. വണ്ണം കൂടാനും കുറയാനുമൊക്കെ ഉള്ളതല്ലേ എന്ന് ചോദിച്ചു. മാസ് ഹീറോ ആയി അയാളെ ഇപ്പോൾ ആഘോഷിക്കുമ്പോഴും യാതൊരു അധികാരവുമില്ലാത്ത ബോഡി ഷേമിങ്ങ് കടന്നുകയറ്റങ്ങളോടു പ്രതികരിക്കേണ്ടി വരുന്ന കൊടിയ നിസഹായത എത്ര ഭീകരമാണെന്നോർത്തിട്ടുണ്ടോ..

അവരെ കുറിച്ചുള്ള ബോഡി ഷേമിങ്ങ് കമന്റുകൾക്ക് താത്കാലിക വിരാമമായി. ആ തമാശകളിൽ ചിരിച്ചവർ പോലും ഇപ്പോൾ ആ കുടുംബത്തിനു പിന്തുണയുമായി എത്തുന്നു. പക്ഷെ ഇത്തരം കളിയാക്കലുകൾ ശരണ്യാ മോഹനിൽ തുടങ്ങി അവരിൽ അവസാനിക്കുന്ന ഒന്നല്ല. പൊണ്ണത്തടിയുടെ, വണ്ണക്കുറവിന്റെ, ഉയരക്കുറവിന്റെ, കൂടുതലിന്റെ, കറുപ്പിന്റെ, തവിട്ടിന്റെ, അമിത വെളുപ്പിന്റെ, നടത്തത്തിന്റെ, മുഖക്കുരുവിന്റെ, ചുരുണ്ട മുടിയുടെ, പുരുഷന്റെ നീളം കൂടിയ, സ്ത്രീയുടെ നീളം കുറഞ്ഞ മുടിയുടെ… എണ്ണിയാലൊടുങ്ങാത്ത പട്ടികയാണത്. സ്വന്തം രൂപത്തിന് വിവാഹമാർക്കറ്റിലും ആളുകൂടുന്നിടത്തും വിശദീകരണം കൊടുത്തും കൊടുക്കാതെ ഒഴിഞ്ഞു  മാറിയും നമ്മൾ തളരുന്നു. ശാരീരിക പരിമിതികളും ഈ ബോഡി ഷേമിങ്ങിന്റെ ഭാഗമാകാറുണ്ട്. ആലിലക്കണ്ണൻ മുതൽ നമ്മൾ നിത്യജീവിതത്തിൽ കേൾക്കുന്ന, ഉപയോഗിക്കുന്ന വാക്കുകളോർക്കുക. വിളിക്കുന്നവരുടെ സാഡിസ്റ്റിക്  ആനന്ദം തുളുമ്പുന്ന മുഖമോർക്കുക.

സോറിയാസിസ് പാടുകളുമായി എല്ലാ ഞായറാഴ്ചകളിലും പെണ്ണുകാണാൻ നിന്നു കൊടുക്കുന്ന സഹപാഠി ഉണ്ട്. അവൾ കണ്ടില്ലെന്നു നടിച്ച പൊട്ടിച്ചിരികളും സഹതാപനോട്ടങ്ങളും 25 വയസിൽ നിത്യ, നിരാശാരോഗിയാക്കി. ഇവള് കല്യാണം കഴിഞ്ഞാ എന്ത് ചെയ്യുമെന്ന് മെലിഞ്ഞ പെൺകുട്ടിയുടെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. തടിച്ച് തടിച്ചെങ്ങോട്ടാ, കാറ്റടിച്ചാൽ വീണു പോകുമല്ലോ, ആ കരിക്കട്ട പോലത്തെ പയ്യനില്ലേ, ആണുങ്ങടെ പോലെ മുടി വെട്ടി നിര്‍ത്തിയ ആ പെണ്ണില്ലേ, ആ കുള്ളൻ ചെക്കൻ… കേട്ടോ പറഞ്ഞോ തല്ലിക്കെടുത്തിയ ആത്മവിശ്വാസങ്ങളിൽ നമുക്കു ചുറ്റും ജീവിച്ചു മരിച്ച എത്ര പേരുണ്ട്…. വെറുതെ നടക്കുമ്പോൾ നിരന്തരം കേൾക്കുന്ന ഈ അപഹാസങ്ങളെ അവഗണിച്ച് ജീവിക്കാവുന്ന ഒരു സാംസ്കാരിക ഇടത്തിലല്ല നമ്മൾ ജീവിക്കുന്നത്, ഒരപഹാസവും വിഴുങ്ങി  ജീവിക്കുക എളുപ്പവുമല്ല.

മുടി നീട്ടി വളർത്തിയ, താടിയുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്യുന്നതിന് ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്. രൂപത്തിന്റെ പൊതുബോധ നിർമിതിയെ പൊളിച്ചെഴുതുന്ന എന്തോ അതിലുള്ളതും കാരണമാണ്. ശരണ്യാ മോഹൻ മാത്രമല്ല, പ്രസവത്തിനു ശേഷം വണ്ണം വച്ച ഐശ്വര്യ റായ് നേരിട്ട ആഗോള വിമർശനങ്ങൾ ഓർമയില്ലേ. നമുക്കെന്നും ഐശ്വര്യാ റായ് ഒരു ബിംബമാണ്; അവർക്കും മറ്റുള്ള സ്ത്രീകൾക്കും എന്നും പിന്തുടരേണ്ട ഒന്ന്. യൗവനാവസാനമോ വാർദ്ധക്യമോ തൊട്ടു തീണ്ടരുതാത്ത, പ്രസവമടക്കം ജൈവിക പ്രക്രിയകൾ ഇളക്കം സൃഷ്ടിക്കാൻ പാടില്ലാത്ത ഒന്ന്. മരണം വരെ ഐശ്വര്യാ റായിമാരായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ഏറിയും കുറഞ്ഞും നമ്മളൊക്കെ. ഒരു വ്യക്തിയുടെ ആത്മവിശ്വാസമാണ് സൗന്ദര്യമെന്നൊക്കെ മേനി പറയുമ്പോഴും സൗന്ദര്യ സങ്കൽപ്പങ്ങളിൽ തട്ടി ഇല്ലാതാക്കുന്ന ആത്മവിശ്വാസങ്ങളിലാണ് പലരുടെയും ആത്മരതി.

ആക്ഷൻ ഹീറോ ബിജുവിൽ, ഇതിനെയാണോ പ്രേമിക്കാൻ കിട്ടിയേ എന്നു ചോദിച്ച് നായകൻ ഒരാളുടെ മുഖത്തടിക്കുന്നുണ്ട്. ആർത്തലച്ച കൈയ്യടികളിൽ മുഴുകി നമ്മളതിനെ ആഘോഷിച്ചു. പ്രണയിതാക്കളുടെ, ദമ്പതികളുടെ, ഒന്നിച്ചു നടക്കുന്നവരുടെ ഒക്കെ താരതമ്യ പഠനം നമ്മുടെയൊക്കെ മറ്റൊരു വിനോദമാണ്. തടിച്ച ഭാര്യയും മെലിഞ്ഞ ഭർത്താവും, ‘ഫിഗറി’ല്ലാത്ത പ്രണയിനിയും, കറുത്ത പ്രണയിനിയും മുടിയില്ലാത്ത അനുജത്തിയും മുഖത്ത് പാടുകളുള്ള മകളും  ഒറ്റക്കാഴ്ചയിലോ കേൾവിയിലോ നമുക്ക് വലിയ ദുരന്തങ്ങളാണ്. നിത്യ പരിഹാസം കേട്ട് അവഗണിച്ച്, ചിലപ്പോൾ വേദനിച്ച് എത്ര പേരാണുള്ളതിവിടെ. ക്യാൻസർ വാർഡിൽ കിടന്ന പെൺകുട്ടിയോട് മുടിയൊക്കെ പോയല്ലോ, ഇനിയാര് കെട്ടാൻ വരുമെന്ന് ചോദിച്ച അമ്മാവനോ അമ്മായിയോ നമുക്ക് അൽപ്പമെങ്കിലും അപരിചിതത്വം ഉണ്ടാക്കുന്നുണ്ടോ? തടിച്ചതിന്റെ പേരിൽ സ്ക്കൂൾ കാലം മുതലേ പരിഹസിച്ച് ഒറ്റപ്പെടുത്തിയ മുഖങ്ങളെ ഓർക്കുന്നില്ലേ , മെലിഞ്ഞവൾക്ക് കൊളേജ് കാലത്ത് പിറന്നാൾ സമ്മാനമായി പാഡഡ് ബ്രാ കൊടുത്ത് പൊട്ടിച്ചിരിച്ചതോ…. ഇതൊക്കെ നിത്യേന ആഘോഷിക്കുന്ന സിനിമകളും സീരിയലുകളും ഹാസ്യ പരിപാടികളുമാണ് നമ്മുടെ ഏറ്റവും വലിയ വിനോദോപാധികള്‍ എന്നു കൂടി ഓര്‍ക്കണം.

സൗന്ദര്യം എന്താണ്, എവിടെയാണ് എന്നൊക്കെയുള്ള ചിന്തകൾക്കൊന്നും ഒരാളുടെ രൂപത്തെ പരിഹസിച്ച് ഒറ്റപ്പെടുത്തി ചിരിക്കുന്ന കൂട്ടച്ചിരികൾ തരുന്ന ആനന്ദം തരാനാവില്ല. കുനിഞ്ഞ തലയുമായി പതുങ്ങിയിരിക്കുന്ന മുഖങ്ങളിലെ ദൈന്യത കണ്ട് രസിച്ച് ശീലപ്പെട്ട് നമുക്ക് വിമർശനങ്ങളെ പരിഹസിക്കാം. ഈ വിമർശിക്കുന്നവരുടെ അപകർഷതാ ബോധത്തിനു കൂടി സാക്ഷ്യപത്രമെഴുതാം. മുഖത്തേക്കും ശരീരത്തിലേക്കും ചൂഴ്ന്നു നോക്കി കുറവുകളെണ്ണാം. തൊടുന്ന പൊട്ടിന്റെ ‘അസ്വാഭാവിക’ വലിപ്പം മുതൽ വണ്ണത്തിന്റെ ഏറ്റക്കുറച്ചിലുകൾ വരെ എല്ലാം ഒട്ടും അടുപ്പമില്ലാത്തവർക്കു വരെ വിശദീകരണമാവശ്യപ്പെടാൻ പോന്ന കാരണങ്ങളാണെന്ന് ബോധ്യപ്പെടേണ്ടി വന്നിട്ടുണ്ട്, പലകുറി. ധരിക്കുന്ന വസ്ത്രം, സ്വഭാവവും സത്യസന്ധതയും നിർണയിക്കുന്നിടത്ത് നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല. ഞാനും നിങ്ങളും ശരണ്യയും ഐശ്വര്യാ റായുമെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ആൾക്കൂട്ടത്തിന്റെ ബോഡി ഷേമിങ്ങിന് ഇരകളായവരാണെന്ന് പറഞ്ഞെന്ന് മാത്രം; ഇത്തരം തമാശകളിൽ ഷെയർ ബട്ടണ്‍ അടിക്കും മുന്നെയെങ്കിലും ഒന്നോർക്കാൻ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍