കുറച്ചുനാള്‍ മുമ്പാണ് കുഞ്ഞിന്റെ ജാതകം എഴുതിച്ചത്. ജാതകം വായിച്ചിട്ട് ജ്യോത്സ്യന്‍ പറഞ്ഞത് ലോക പ്രശസ്തയാകാനുള്ള യോഗം ഉണ്ടെന്നാണ്. അവളിപ്പോള്‍ പ്രശസ്തയായി. എത്രപേരാണ് അവളെ തേടി വരുന്നത്. പക്ഷേ, പ്രശസ്തയായത് ഇങ്ങനെയാണെന്നു മാത്രം; ആദിഷ എന്ന ഒന്നേകാല്‍ വയസ് പ്രായം മാത്രം ഉണ്ടായിരുന്ന കുഞ്ഞിന്റെ കുഴിമാടത്തിലേക്ക് നോക്കി നിന്നുകൊണ്ട് അമ്മൂമ്മ പ്രിയ പറഞ്ഞ വാക്കുകളാണിത്.
ചേര്‍ത്തല പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ പുതിയകാവ് കൊല്ലംവെളി കോളനിയിലെ ഷാരോണിന്റെ മകളായ ആദിഷയെ സ്വന്തം അമ്മ ആതിരയാണ് കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് ആതിര കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഉറങ്ങാന്‍ കിടന്ന കുഞ്ഞിന് അനക്കമില്ലെന്നു പറഞ്ഞ് അയല്‍വാസികളെയും കൂട്ടി ആതിര കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ എത്തുന്നതിനു മുന്നേ കുഞ്ഞ് മരിച്ചിരുന്നു. മരണത്തില്‍ അസ്വഭാവികത തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നു കണ്ടെത്തിയത്. ആതിരയ്ക്കു മേല്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംശയം ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് ആതിരയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൈകൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ചോ തലയണകൊണ്ട് മുഖം അമര്‍ത്തിപ്പിടിച്ചോ ആകാം കൊലപാതകം എന്നാണ് കരുതുന്നത്. എന്നാല്‍ എന്തിനാണ് കുട്ടിയെ കൊല്ലപ്പെടുത്തിയതെന്നതിന് ആതിര ഉത്തരം പറഞ്ഞിട്ടില്ല.
വീട്ടില്‍ ഷാരോണിന്റ പിതാവ് ബൈജു മാത്രമുള്ളപ്പോഴായിരുന്നു കൊലപാതകം. ബൈജു ഉറങ്ങിയ സമയത്ത് സ്വന്തം മുറിയില്‍ വച്ചാണ് ആതിര കുഞ്ഞിനെ കൊല്ലുന്നത്. ഉറക്കാന്‍ കൊണ്ടു പോകുന്നുവെന്നു ബൈജുവിനോട് പറഞ്ഞിട്ടാണ് ആതിര മുറിയില്‍ കയറി കതക് അടച്ചത്. ഈ സമയം ഷാരോണും അമ്മ പ്രിയയും ജോലിസ്ഥലത്തായിരുന്നു. ഷാരോണിന്റെ സഹോദരി ശില്‍പ്പയും വീട്ടില്‍ ഇല്ലായിരുന്നു. ഇവരെല്ലാവരും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് വിവരം അറിയുന്നത്. ഷാരോണ്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ആദിഷയുടെ അപ്രതീക്ഷിത മരണം വീട്ടുകാരെ മാത്രമല്ല, അയല്‍വാസികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പായി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന ആദിഷയെ അയല്‍വാസികളും പലരും കണ്ടതാണ്. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം ആദിഷ മരിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഷാരോണിന്റെ അമ്മയോടും അനിയത്തിയോടുമൊപ്പം അയല്‍വീടുകളില്‍ പോകുമായിരുന്ന ആദിഷയെ സമീപവാസികള്‍ക്ക് എല്ലാം ഏറെ പരിചയവും ഇഷ്ടവുമായിരുന്നു.
കുഞ്ഞിനെ ആതിര തല്ലുമായിരുന്നുവെന്നു വീട്ടുകാര്‍ മാത്രമല്ല, അയല്‍വാസികളും പറയുന്നുണ്ട്. പലപ്പോഴും ഇക്കാര്യം പറഞ്ഞ് ആതിരയോട് വഴക്കും ഉണ്ടാക്കിയിട്ടുണ്ട്. വീട്ടില്‍ എപ്പോഴും വഴക്ക് ഉണ്ടാക്കുന്ന സ്വഭാവവും ആതിരയ്ക്ക് ഉണ്ടായിരുന്നുവെന്നു പറയുന്നു. കുട്ടിയുടെ കാര്യത്തില്‍ ആതിര തീരെ ശ്രദ്ധ കാണിച്ചിരുന്നില്ലെന്നും ഇതിന്റെ പേരില്‍ ഷാരോണും ആതിരയും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടാകുമായിരുന്നുവെന്നും അമ്മൂമ്മ പ്രിയ പറയുന്നു. കുറെ നാള്‍ ജോലിക്ക് പോകാതെ ഷാരോണ്‍ വീട്ടില്‍ തന്നെ നിന്നതും കുഞ്ഞിനെ ആതിര ശ്രദ്ധിക്കുന്നില്ലെന്നു കണ്ടാണെന്നും പ്രിയ പറയുന്നു. എന്നാല്‍ കുട്ടി ഷാരോണിന്റെ മാതാപിതാക്കളുമായോ സഹോദരിയുമായോ ഇടപഴകുന്നത് ആതിരയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പറയുന്നു. കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നു വീട്ടുകാര്‍ പറഞ്ഞാല്‍ അതിന്റെ ദേഷ്യം തീര്‍ക്കാന്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു ആതിരയുടെ പതിവെന്നാണ് പ്രിയ പറയുന്നത്. കുഞ്ഞ് മരിച്ച ദിവസം രാവിലെയും ആതിര ആദിഷയെ തല്ലിയായിരുന്നുവെന്നു ശില്‍പ്പ പറയുന്നുണ്ട്. അന്നേ ദിവസം തന്നെ ഇനി താന്‍ കുട്ടിയെ ഒരിക്കലും തല്ലില്ലെന്നും ആതിര പറയുന്നത് ശില്‍പ്പ കേട്ടതാണ്. പക്ഷേ, പിന്നീട് ചെയ്തത് ആതിര അതുവരെ കുഞ്ഞിനോട് ചെയ്തതില്‍ വച്ച് ഏറ്റവും ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ശില്‍പ്പ പറയുന്നു.