UPDATES

‘ഒരു ജീവനല്ലേ, അതിനെ കൈവിടാനാകുമോ?’ അഡ്വ. രഞ്ജിനി രാമാനന്ദ് പ്രതികരിക്കുന്നു

കെട്ടിടത്തിനു മുകളില്‍ നിന്നു വീണ ആള്‍ 15 മിനിട്ടോളം ചോര വാര്‍ന്ന് തെരുവില്‍ കിടന്നിട്ടും ഒരാളും തിരിഞ്ഞു നോക്കാത്തിടത്താണ് അഡ്വ. രഞ്ജിനി പ്രതികരിച്ചത്.

മലയാളി എവിടെയാണ് നില്‍ക്കുന്നത് എന്ന് ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു ഞായറാഴ്ച എറണാകുളം എംജി റോഡിലുണ്ടായ സംഭവം. എറണാകുളം പത്മ ജംഗ്ഷനിലെ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്നും തൃശൂര്‍ സ്വദേശിയായ പാലക്കാപള്ളി ഷാജി തലകറങ്ങി താഴെ വീഴുകയായിരുന്നു. മനുഷ്യത്വം മരവിച്ചു പോയ സമൂഹത്തിന് മുന്നില്‍ അയാളുടെ ശരീരം ചോരവാര്‍ന്ന് മരണത്തോട് മല്ലടിച്ച് നടുറോഡില്‍ കിടന്നത് 15 മിനിറ്റ്. തിരക്കേറിയ എംജിറോഡിലൂടെ നൂറ് കണക്കിനാളുകള്‍ കടന്നു പോയി. ചിലര്‍ അയാളെ എത്തി നോക്കി. മറ്റു ചിലര്‍ അയാള്‍ ചാടിയതാണോ വീണതാണോ എന്ന കാര്യത്തില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളുമായി. ചിലര്‍ വാഹനമോടിക്കുന്നതിനിടയില്‍ ഒന്ന് പാളി നോക്കുക മാത്രം ചെയ്തു. വീണു കിടന്ന ആളെ ആശുപത്രിയിലെത്തിക്കാന്‍ മാത്രം ആരും തയ്യാറായില്ല. ഒരു കിലോമീറ്റര്‍ അപ്പുറത്ത് ആശുപത്രിയുണ്ട്. എന്നിട്ടും എല്ലാവരും കാഴ്ചക്കാരായി നിന്നു. എന്നാല്‍ ഇതിനിടയില്‍ ആ വഴി വന്ന ഒരു യുവതി നടത്തിയ ഇടപെടലാണ് ഷാജി ഇന്നും ജീവിച്ചിരിക്കുന്നതിന് കാരണം.

രഞ്ജിനി രാമാനന്ദ്, ഹൈക്കോടതി അഭിഭാഷക- മനുഷ്യത്വമുള്ള ചിലരെങ്കിലും സമൂഹത്തില്‍ അവശേഷിക്കുന്നുണ്ടെന്ന് തെളിയിച്ച യുവതി. എറണാകുളം പത്മ തിയേറ്ററിന് സമീപം താമസിക്കുന്ന രഞ്ജിനി മകളോടൊപ്പം എംജി റോഡിലൂടെ വരുന്നതിനിടെയാണ് ഷാജിക്ക് അപകടം സംഭവിക്കുന്നത്. അയാള്‍ റോഡിലേക്ക് വീഴുന്നതിന് ദൃക്‌സാക്ഷിയായ രഞ്ജിനി തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അഴിമുഖവുമായി പങ്കുവക്കുന്നു.

“ജനുവരി 27, ശനിയാഴ്ച ഞാനും മകള്‍ വിഷ്ണുപ്രിയയും വീട്ടില്‍ നിന്ന് എംജി റോഡിലെ ചെന്നൈ സില്‍ക്‌സ് മെട്രോ സ്‌റ്റേഷനിലേക്ക് നടക്കുകയായിരുന്നു. എന്റെ വീട്ടില്‍ നിന്ന് 30 മീറ്റര്‍ വ്യത്യാസമേയുള്ളൂ സംഭവ സ്ഥലത്തേക്ക്. ഞങ്ങള്‍ നടന്ന് വീട്ടില്‍ നിന്ന് ഏതാണ്ട് ഇരുപത് മീറ്റര്‍ ഇപ്പുറമെത്തിയപ്പോഴാണ് ഒരാള്‍ വീഴുന്നത് കണ്ടത്. മുകളില്‍ നിന്നാണോ സൈഡില്‍ നിന്നാണോ വീണതെന്നത് ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയില്ല. ‘അയ്യോ’ എന്ന് പറഞ്ഞ് ഞാനും മോളും അടുത്ത് ചെന്നപ്പോള്‍ ഒരാള്‍ റോഡില്‍ വീണുകിടക്കുന്നുണ്ട്. തലയിടിച്ചിട്ടുണ്ട്. ചോരവരുന്നു, ഇടത്കാലിലെ മുട്ട് അങ്ങനെതന്നെ പറിഞ്ഞ് പോന്നിട്ടുണ്ട്. അതില്‍ നിന്നും ചോരയൊലിക്കുന്നു. ദേഹാസകലം മുറിവുകളും, തുണിയെല്ലാം കീറിപ്പറിഞ്ഞ് ബോധമില്ലാതെ കിടക്കുകയായിരുന്നു. കുറച്ചുപേര്‍ അടുത്ത് വന്ന് മുകളില്‍ നിന്ന് വീണതാണോ വണ്ടിയിടിച്ചതാണോ എന്നൊക്കെ തമ്മില്‍ സംസാരിക്കുന്നുണ്ട്. പക്ഷെ അപകടം നടന്ന് ഗോള്‍ഡന്‍ വണ്‍ മണിക്കൂറില്‍ തന്നെ ആ മനുഷ്യനെ ആശുപത്രിയിലെത്തിക്കണം. ആരും അതിന് തയ്യാറായില്ല. മുകളില്‍ നിന്ന് വീണോ വണ്ടിയിടിച്ചോ എന്നതൊക്കെ ആശുപത്രിക്കാര്‍ നോക്കിക്കോളും, എങ്ങനെ സംഭവിച്ചതാണെങ്കിലും ആളുടെ ജീവനാണ് രക്ഷിക്കേണ്ടത് എന്ന് ഞാനവരോടെല്ലാം പറഞ്ഞു. ജീവന്റെ തുടിപ്പ് അപ്പോഴും ആ ദേഹത്തുണ്ടായിരുന്നു. എന്തായാലും ആശുപത്രിയിലെത്തിക്കണം എന്ന് എല്ലാവരോടും ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു.

അപ്പോള്‍ അതിലൂടെയും ഇതിലൂടെയും കുറേ വണ്ടികള്‍ പോവുന്നുണ്ടായിരുന്നു. ആംബുലന്‍സ് അവൈലബിള്‍ ആണോ അതൊന്നും എനിക്കറിയില്ലായിരുന്നു. ഒരു കിലോമീറ്റര്‍ അപ്പുറത്താണ് ശുചീന്ദ്രാ മെഡിക്കല്‍ മിഷന്‍ ആശുപത്രി. എനിക്ക് അവിടെ പരിചയമുണ്ട്. ഹൈക്കോടതി അഭിഭാഷകനായ എന്റെ ഭര്‍ത്താവ് ലക്ഷ്മിനാരായണന്‍ ആശുപത്രിയുടെ വൈസ് പ്രസിഡന്റു കൂടിയാണ്. ഞാന്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് വിളിച്ചു. അവിടെ ആംബുലന്‍സ് ഓട്ടത്തിന് പോയിരിക്കുകയാണ്. പക്ഷെ ആളെ കൊണ്ടുവന്നാല്‍ കാഷ്വാലിറ്റി റെഡിയാണ് എന്ന് അവര്‍ പറഞ്ഞു. അവിടേക്ക് കൊണ്ടുപോവേണ്ട കാര്യമേയുള്ളൂ. അവര്‍ എല്ലാം റെഡിയാക്കി വച്ചിരിക്കുകയാണ്. ആംബുലന്‍സ് വിളിക്കുന്ന സമയം കൊണ്ട് ആളെ അവിടേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. നിരവധി ഓട്ടോകള്‍ക്ക് കൈ കാണിച്ചെങ്കിലും ഒന്ന് പോലും നിര്‍ത്തിയില്ല. റോഡിന് നടുവില്‍ കയറി നിന്ന് ഒരു ഓട്ടോറിക്ഷ നിര്‍ത്തിച്ചു. വീണ് കിടക്കുന്നയാളെ കയറ്റിയേ പറ്റൂ എന്ന് ഓട്ടോ ഡ്രൈവറോട് കര്‍ക്കശമായി ഞാന്‍ പറഞ്ഞു. പക്ഷെ അയാളെ അതിലേക്ക് കയറ്റാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ബോധമില്ലാത്തതുകൊണ്ട് സ്വയമേ കയറാനാവില്ലായിരുന്നു. അയാളെ കയറ്റാന്‍ ഓട്ടോറിക്ഷയില്‍ മതിയായ സ്ഥലവുമില്ലായിരുന്നു. അയാളെ ഒടിച്ചു കയറ്റാനാവില്ലല്ലോ. അങ്ങനെ പകുതി കയറ്റിയ അയാളെ തിരിച്ചിറക്കേണ്ടി വന്നു. പിന്നെ വേറെ നിവൃത്തിയില്ലാതെ റോഡിന് നടുക്ക് കയറി നിന്ന് പിന്നീട് വന്ന എര്‍ട്ടിഗ കാറ് നിര്‍ത്തിച്ചു. ഒരു ഭാര്യയും ഭര്‍ത്താവുമായിരുന്നു കാറിലെ യാത്രക്കാര്‍. കാറിന്റെ സൈഡിലൂടെ ചെന്ന് അവര്‍ എന്തെങ്കിലും തിരിച്ച് പറയുന്നതിന് മുന്നെ അയാളെ എങ്ങനേയും ആശുപത്രിയിലെത്തിക്കണമെന്ന് ഞാന്‍ കെഞ്ചി. നിങ്ങള്‍ക്കെന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അയാളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു.

അവര്‍ അത് സമ്മതിച്ചു. അവരുടെ പേരോ വിവരമോ ഒന്നും എനിക്കറിയില്ല. പക്ഷെ അവരോട് ഞാന്‍ നന്ദി പറയുകയാണ്. എങ്ങനേയും ആശുപത്രിയിലെത്തിച്ചോളാമെന്ന് അവര്‍ ഉറപ്പ് നല്‍കി. കാറിന്റെ പുറകിലെ സീറ്റില്‍ അയാളെ കയറ്റിക്കിടത്തി. ഉടനെ അവര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ കാഷ്വാലിറ്റിയില്‍ നിന്ന് പ്രാഥമിക ചികിത്സ കൊടുത്ത ശേഷം പോലീസിനെ വിളിച്ചു. പോലീസ് എത്തി കേസെടുത്ത ശേഷം ശുചീന്ദ്ര മെഡിക്കല്‍ മിഷന്റെ ആംബുലന്‍സിലാണ് പോലീസ് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ഇതില്‍ നിന്ന് ചില കാര്യങ്ങള്‍ എനിക്ക് മനസ്സിലായി. ഒന്ന്, യുവാക്കളായ നിരവധി പേര്‍ ഈ ദൃശ്യങ്ങളെല്ലാം കണ്ട് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ അവരവരുടെ കാര്യങ്ങളിലായിരിക്കാം. അവര്‍ എവിടെ നിന്ന്, എന്തിന് വരുന്നു എന്ന് പോലും നമുക്കറിയില്ലല്ലോ. പക്ഷെ ഞാന്‍ ഒരുപാട് കെഞ്ചിയപ്പോള്‍ മധ്യവയസ്‌കരായ മൂന്നാല് പേര്‍ സഹായത്തിനെത്തി. കാരണം വീണ് കിടന്നയാള്‍ നല്ല ഉയരവും വണ്ണവുമുള്ളയാളായിരുന്നു. എനിക്ക് ഒറ്റയ്ക്ക് പൊക്കിയെടുക്കാനാവുമായിരുന്നില്ല. ആ സാഹചര്യത്തില്‍ ആരെങ്കിലും സഹായിച്ചേ മതിയാവുമായിരുന്നുള്ളൂ. രണ്ട്, ചിലര്‍ ഇടപെടാത്തത് പേടിച്ചിട്ടാണ്. അവര്‍ പെട്ടുപോവുമോ, കേസിന് സാക്ഷി പറയാന്‍ പോവേണ്ടി വരുമോ തുടങ്ങിയ ചിന്തകളായിരിക്കും. ചിലര്‍ക്ക് സാമ്പത്തികമായി ഇതിന്റെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ലായിരിക്കും. പക്ഷെ മറ്റൊരു കാര്യം, ഇതെല്ലാം ഓരോരുത്തരുടേയും സമീപനത്തിന്റെ പ്രശ്‌നങ്ങളാണ്. നമ്മള്‍ എന്ത് വന്നാലും പ്രതികരണ ശേഷി നഷ്ടപ്പെടുത്തരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഒരു ജീവനാണ്, അതിന് വലിയ വിലയുണ്ട്. ആ ജീവന്‍ എങ്ങനേയും രക്ഷിച്ചേ മതിയാകൂ. ആര് പ്രതികരിക്കുന്നു എന്ന് നോക്കാതെ നമ്മള്‍ ആദ്യം പ്രതികരിച്ചിരിക്കണം. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നയാളാണ്, അങ്ങനെ പ്രവര്‍ത്തിക്കുന്നയാളാണ്.

എനിക്ക് വളരെ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന് ജീവന്‍ തിരിച്ച് കിട്ടി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷവും സംതൃപ്തിയും തോന്നി. ഒരു ജീവന്‍ രക്ഷിച്ചതിന്റെ സംതൃപ്തിയാണ് മനസ്സ് മുഴുവന്‍. ഒരു ജീവന്റെ ‘ഗോള്‍ഡന്‍ അവര്‍’ ഉണ്ട്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ചാല്‍ പരമാവധി അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ആ ഗോള്‍ഡന്‍ അവര്‍ എപ്പോഴും നമ്മള്‍ ഉപയോഗപ്പെടുത്തണം. ആ സമയത്ത് നമ്മള്‍ പ്രതികരിക്കാതെയിരുന്നിട്ട്, പിന്നീട് ആരുടെയെങ്കിലും സഹായത്തോടെ പ്രതികരിക്കാന്‍ ചെല്ലുമ്പോഴേക്കും അയാളുടെ ജീവന്‍ പോയിട്ടുണ്ടാവും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് പ്രതികരിച്ചു”.

കൊച്ചിയില്‍ യുവാവ് നാലാം നിലയില്‍ നിന്നും റോഡില്‍ വീണു; തിരിഞ്ഞുനോക്കാതെ ജനം; തുണയായത് അഭിഭാഷക; എഫ്ബി ലൈവുമായി ജയസൂര്യ (വീഡിയോ)

‘രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്?’ തലസ്ഥാനം ഞെട്ടിയ അപകട വാര്‍ത്തയിലും സദാചാര പോലീസിന്റെ ചോദ്യം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍