UPDATES

ട്രെന്‍ഡിങ്ങ്

മരിച്ചയാളെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി തട്ടിപ്പ്; അഭിഭാഷക തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ

ഈ വയസ്സുകാലത്ത് തന്നെ കുടുക്കുകയായിരുന്നെന്ന് അഭിഭാഷകയുടെ സഹോദരി

മരിച്ചയാളെ വിവാഹം കഴിച്ചതായി കൃത്രിമരേഖയുണ്ടാക്കി സ്വത്ത് തട്ടാന്‍ ശ്രമിച്ച അഭിഭാഷകയുടെയും ഭര്‍ത്താവിന്റെയും അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലീസ്. പയ്യന്നൂരിലെ അഭിഭാഷക കെ.വി ശൈലജ, ഭര്‍ത്താവ് പി കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്നും രണ്ട് ദിവസത്തിനകം ഇവരെ അറസ്റ്റ് ചെയ്യുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 2011 സെപ്തംബര്‍ 11ന് കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ട റിട്ടയേര്‍ഡ് സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ കണ്ണൂര്‍ തളിപ്പറമ്പ് പുതുക്കുളങ്ങര പി ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്താണ് ഇവര്‍ തട്ടിയെടുത്തത്. ശൈലജയുടെ സഹോദരി ജാനകിയെ, ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതിന്റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വിവാഹ രേഖ കൂടാതെ നിരവധി രേഖകള്‍ ഇവല്‍ വ്യാജമായി സൃഷ്ടിച്ചെന്നും പോലീസ് കണ്ടെത്തി.

അതേസമയം ശൈലജ തന്നെ ഈ വയസ്സുകാലത്ത് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ജാനകി പറയുന്നു. കേസിലെ ഒന്നാം പ്രതിയായ അവര്‍ ബാലകൃഷ്ണനെ വിവാഹം കഴിച്ചിട്ടില്ലെന്നും സഹോദരി പറഞ്ഞിടത്തെല്ലാം ഒപ്പിട്ട് നല്‍കുകയായിരുന്നുവെന്നും അറിയിച്ചു. അതില്‍ ചെക്കുകളും ഉണ്ടായിരുന്നു. ഒരു രൂപ പോലും സഹോദരി തനിക്ക് തന്നിട്ടില്ലെന്നും അവര്‍ പോലീസിനെ അറിയിച്ചു. ‘എന്താണ് നടക്കുന്നതെന്ന് എനിക്കൊന്നും അറിയില്ലായിരുന്നു. ഞാനിതുവരെ ട്രഷറിയില്‍ പോയിട്ടുപോലുമില്ല. എല്ലാം അവര്‍ ഒപ്പിട്ട് വാങ്ങി’- ജാനകി വിങ്ങിപ്പൊട്ടിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.വി വേണുഗോപാലിനോട് പറഞ്ഞു. ജാനകി വസ്തുതകള്‍ എല്ലാം പോലീസിനോട് സമ്മതിച്ച സാഹചര്യത്തില്‍ ഇനി അറസ്റ്റ് വൈകിയേക്കില്ല. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ശൈലജയും കൃഷ്ണകുമാറും.

അതേസമയം പ്രായത്തിന്റെ പരിഗണനയില്‍ ജാനകിയുടെ അറസ്റ്റ് നീട്ടിയേക്കും. ഇവര്‍ക്ക് ഈ തട്ടിപ്പില്‍ സാമ്പത്തിക ലാഭം ഒന്നുമുണ്ടായില്ലെന്ന വസ്തുത കണക്കിലെടുത്ത് ഇവരെ മാപ്പ് സാക്ഷിയാക്കാനും നീക്കം നടക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് താന്‍ ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി ജാനകി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് തലേദിവസം ശൈലജയും ഭര്‍ത്താവും പഠിപ്പിച്ചത് അനുസരിച്ചാണ്. ഒരിക്കല്‍ ഇവര്‍ക്കൊപ്പം തിരുവനന്തപുരത്ത് പോയപ്പോള്‍ ബാലകൃഷ്ണനെ കണ്ടിട്ടുണ്ട്. പിന്നീട് രണ്ട് തവണ കൂടി തിരുവനന്തപുരത്ത് പോയിട്ടുണ്ട്. അത് ബാലകൃഷ്ണന്റെ മരണശേഷം വ്യാജ വിവാഹം നടത്തിയ ശേഷമാണ്. ഒരു പ്രശ്‌നവുമില്ല, ഒപ്പിട്ടുതന്നാല്‍ മാത്രം മതിയെന്ന് വിശ്വസിപ്പിച്ചാണ് ശൈലജയും കൃഷ്ണകുമാറും ഇതെല്ലാം ചെയ്യിച്ചത്. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ വയസ്സായ തനിക്ക് വേറെ വഴിയില്ലായിരുന്നു.

ആദ്യ തവണ തിരുവനന്തപുരത്ത് പോയതിന് പോലീസിന്റെ പക്കല്‍ തെളിവുകളൊന്നുമില്ല. എന്നാല്‍ പിന്നീട് രണ്ട് തവണ പോയതിനും തെളിവുകളുണ്ട്. തിരുവനന്തപുരത്തെ വീട് രജിസ്റ്റര്‍ ചെയ്ത് കൊടുക്കാനും ബാങ്കിലെ പണം എടുക്കാനുമായിരുന്നു ഇതെന്ന് ജാനകി തന്നെ സമ്മതിച്ചിട്ടുണ്ട്. വീട് എഴുതിക്കൊടുത്തിട്ടും അക്കൗണ്ടിലെ പണം എടുത്തു കൊടുത്തിട്ടും തനിക്കൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജാനകി പറയുന്നത്. സഹോദരങ്ങളുടെ സംരക്ഷണത്തിലാണ് ജാനകി ഇപ്പോള്‍ ജീവിക്കുന്നത്. സഹോദരന്‍ രാഘവന്റെ വീട്ടില്‍ താമസിക്കുന്ന ഇവര്‍ ഒരാഴ്ച മുമ്പുവരെ പയ്യന്നൂര്‍ തായിനേരിയില്‍ ഉള്ള ശൈലജയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ശൈലജയും ഭര്‍ത്താവും വീട് പൂട്ടി മുങ്ങിയതോടെ ഇവര്‍ രാഘവന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

അതേസമയം ശൈലജയ്ക്കും കൃഷ്ണകുമാറിനുമായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ഫോണ്‍ ഇവര്‍ വീട്ടില്‍ ഉപേക്ഷിച്ച് പോയതിനാല്‍ ആ വിധത്തിലുള്ള അന്വേഷണം സാധ്യമായില്ല. ഇവര്‍ ഉപയോഗിക്കുന്ന മറ്റൊരു ഫോണ്‍ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് ഇവരെ ഉടന്‍ പിടികൂടാനാകുമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

ഒരു സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പാണ് ശൈലജയും കൃഷ്ണകുമാറും ചേര്‍ന്ന് നടത്തിയത്. തളിപ്പറമ്പിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. കുഞ്ഞമ്പു നായരുടെയും ഭാര്യ ലക്ഷ്മിയുടെയും ഏഴ് മക്കളില്‍ രണ്ടാമനാണ് അവിവാഹിതനായിരുന്ന ബാലകൃഷ്ണന്‍. മിലിട്ടറിയില്‍ നിന്നും ഓണററി ക്യാപ്റ്റനായാണ് കുഞ്ഞമ്പു നായര്‍ വിരമിച്ചത്. തളിപ്പറമ്പിലെ പഴയ തലമുറയ്ക്ക് ഏറെ സുപരിചിതനായ ഈ ഡോക്ടറില്‍ നിന്നും രണ്ട് രൂപയ്ക്ക് ചികിത്സയും മരുന്നും പ്രാപ്യമായ ഒരു കാലമുണ്ടായിരുന്നു. കുഞ്ഞിരാമന്‍, ഡോ. നാരായണി, വിജയലക്ഷ്മി, സുഭദ്ര, യശോദ, രമേശന്‍ എന്നിവരാണ് മറ്റ് മക്കള്‍. 1984ല്‍ ഭാര്യ മരിച്ചതോടെ കുഞ്ഞമ്പു നായര്‍ ചെന്നൈയിലേക്ക് താമസം മാറ്റി. തളിപ്പറമ്പിലെ ആദ്യ കോണ്‍ക്രീറ്റ് വീട് ഇവരുടേതാണ്. കോടികളുടെ സ്വത്താണ് ഈ കുടുംബത്തിന് ഇപ്പോഴുമുള്ളത്. എന്നാല്‍ ഇദ്ദേഹം തന്റെ സ്വത്ത് ഭാഗം വച്ചിരുന്നില്ല. ദേശീയ പാതയോരത്തെ 3.75 ഏക്കര്‍ സ്ഥലവും കൂറ്റന്‍ ബംഗ്ലാവും ഇപ്പോള്‍ അനാഥാവസ്ഥയിലാണ്. കോടികള്‍ വിലമതിക്കുന്ന ഈ പുരയിടവും വീടും വില്‍ക്കാന്‍ ശൈലജയും ഭര്‍ത്താവും നടത്തിയ ശ്രമമാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയതും ബാലകൃഷ്ണന്റെ മരണവും സ്വത്ത് നഷ്ടപ്പെട്ടതും അന്വേഷിക്കാന്‍ കാരണമായതും.

തിരുവനന്തപുരത്ത് പേട്ടയിലായിരുന്നു ബാലകൃഷ്ണന്റെ താമസം. 2011 സെപ്തംബര്‍ 11-നാണ് രാത്രി പേട്ടയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ കോഴിക്കോട്ടേക്ക് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ അയല്‍വാസികളോ ഈ വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് വഴിയില്‍ കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രക്കിടയില്‍ മരിച്ചുവെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. മൃതദേഹ പരിശോധന നടത്തിയ ആശുപത്രി അധികൃതര്‍ മരണം നേരത്തെ സംഭവിച്ചതാണെന്ന് മനസിലാക്കി. തുടര്‍ന്ന് വിശദമായ മൃതദേഹ പരിശോധന നടത്തി. മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കളാണെന്നാണ് വിലാസം നല്‍കിയത്. കൃഷ്ണകുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

അതേസമയം മൃതദേഹം തിരുവനന്തപുരത്തേക്കോ ജന്മനാടായ തളിപ്പറമ്പിലേക്കോ കൊണ്ടുപോകാതെ ഷൊര്‍ണൂരിലുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മരണവും ശവസംസ്‌കാരവും ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ശൈലജയും കൃഷ്ണകുമാറുമാണ് ചടങ്ങുകള്‍ മുന്നില്‍ നിന്ന് നടത്തിയത്. അഞ്ച് വര്‍ഷം മുമ്പ് പറമ്പിലെ വിലകൂടിയ മരങ്ങള്‍ ഇവര്‍ മുറിച്ചു വിറ്റത് നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ അന്ന് നാട്ടിലുള്ള സഹോദരന്റെ കരാര്‍പത്രം കാണിച്ച് മരങ്ങള്‍ മുറിച്ചു കടത്തി. ഇതിനിടെ ബാലകൃഷ്ണന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ പരാതി നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷണം വന്നപ്പോഴാണ് ശൈലജ തന്റെ വല്യമ്മയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതായി കാണിച്ച് രേഖകളുമായെത്തിയത്. ജാനകിയെയും കൂട്ടിയാണ് ഇവര്‍ എത്തിയത്. ബാലകൃഷ്ണന്റെ സ്വത്തിലും ഇവര്‍ അവകാശം ഉന്നയിച്ചു. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച ശേഷമായിരുന്നു ഇത്. പരേതന്റെ ബാങ്ക് ബാലന്‍സ്, കുടുംബ പെന്‍ഷന്‍ എന്നിവയാണ് ഇവര്‍ സ്വന്തമാക്കിയത്. അതേസമയം ഇങ്ങനെയൊരു വിവാഹം നടന്നതായി നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ല. പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസില്‍ നിയോഗിക്കപ്പെട്ടത്. ഒട്ടേറെ വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നും വിവാഹ ക്ഷണക്കത്ത് പോലും വ്യാജമാണെന്നും പോലീസ് അറിയിച്ചു. 1980ല്‍ നടന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് ഡിടിപിയിലാണ് തയ്യാറാക്കിയത്. എന്നാല്‍ അക്കാലത്ത് ഡിടിപി സംവിധാനത്തിലായിരുന്നില്ല പ്രിന്റിംഗ് നടന്നിരുന്നത്. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.

കുടുംബ സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച് ബാലകൃഷ്ണന്റെ സഹോദരി വിജയലക്ഷ്മി 2006ല്‍ തളിപ്പറമ്പ് കോടതിയെ സമീപിച്ചതോടെയാണ് ശൈലജ, ബാലകൃഷ്ണനെ പരിചയപ്പെടുന്നത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാലകൃഷ്ണന്റെ സഹോദരന്‍ രമേശന്‍ പയ്യന്നൂരിലെ രവീന്ദ്രന്‍ വക്കീലിനെ സമീപിച്ചപ്പോള്‍ ശൈലജ ഇവിടെ വച്ച് ഇയാളെ പരിചയപ്പെടുകയും കുടുംബ പശ്ചാത്തലം മനസിലാക്കുകയുമായിരുന്നു. കേസിന്റെ കാര്യം പറഞ്ഞ് ബാലകൃഷ്ണനുമായും അടുപ്പത്തിലായി. പലപ്പോഴും തിരുവനന്തപുരത്തെത്തി ഇവര്‍ ബാലകൃഷ്ണനെ കാണാറുണ്ടായിരുന്നു.

ബാലകൃഷ്ണന്റെ പേരില്‍ ഡിടിപി ചെയ്ത വിവാഹ ക്ഷണക്കത്താണ് ഇവര്‍ ആദ്യമുണ്ടാക്കിയത്. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം പഴയ ഫോട്ടോയും ഈ കത്തും ഹാജരാക്കിയാണ് പയ്യന്നൂര്‍ വിഠോഭക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്. ക്ഷേത്രത്തിലെ ലെറ്റര്‍ പാഡില്‍ 1980 ഏപ്രില്‍ 27ന് വിവാഹം നടന്നെന്ന് കത്തുവാങ്ങി. ക്ഷേത്രത്തില്‍ നിന്നും ലഭിച്ച കത്ത് വച്ച് മറ്റ് രേഖകളും സംഘടിപ്പിച്ചു. 1983 മുതല്‍ നടന്ന വിവാഹങ്ങള്‍ മാത്രമാണ് ഈ ക്ഷേത്രത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്താറ് എന്ന് വ്യക്തമായതോടെയാണ് ഇവര്‍ 1980ലെ കത്ത് അന്വേഷിച്ചത്.

ബാലകൃഷ്ണനും ജാനകിയും പയ്യന്നൂരിലെ തായിനേരിയില്‍ താമസിച്ചുവെന്ന് നഗരസഭയുടെ റസിഡന്റ് സര്‍ട്ടിഫിക്കറ്റ്, പയ്യന്നൂര്‍ വില്ലേജില്‍ നിന്ന് 2012 ജൂണ്‍ 12ന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇവര്‍ സംഘടിപ്പിച്ചു. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ബാലകൃഷ്ണന്റെ കുടുംബ പെന്‍ഷന്‍ ജാനകിയുടെ പേരിലാക്കി. തിരുവനന്തപുരത്തെ കാനറ ബാങ്ക് ശാഖയിലുണ്ടായിരുന്ന 66,000 രൂപയും പിന്‍വലിച്ചു. പേട്ടയില്‍ ബാലകൃഷ്ണന്റെ പേരിലുള്ള ഒന്നരയേക്കര്‍ സ്ഥലവും വീടും ഇവര്‍ വിറ്റു. കുടുംബ സ്വത്തില്‍ ആറ് ഏക്കര്‍ സ്ഥലം ജാനകിയുടെ പേരില്‍ പോക്കുവരവ് നടത്തിയ ശേഷം 2015ല്‍ ശൈലജയുടെ പേരിലേക്ക് മാറ്റി. മഹിളാ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയായ ശൈലജ ഒരിക്കല്‍ നഗരസഭയിലേക്ക് മത്സരിച്ചിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍