UPDATES

ട്രെന്‍ഡിങ്ങ്

എം കെ ദാമോദരന്‍; വിവാദങ്ങളെക്കൂടി വാദിച്ചു തോല്‍പ്പിച്ച വക്കീല്‍

അഭിഭാഷകര്‍ക്കിടയിലെ അതികായന്‍ തന്നെയായിരുന്നു എം കെ ദാമോദരന്‍

കേരള ബാര്‍ അസോസിയേഷനിലെ അതികായകരില്‍ ഒരാളാണ് അന്തരിച്ച മുന്‍ അഡ്വകേറ്റ്‌ ജനറല്‍ എംകെ ദാമോദരന്‍. ഒരു കര്‍ഷക കുടുംമ്പത്തില്‍ ജനിച്ച അദ്ദേഹം ഇടതുരാഷ്ടീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അതിനിടെയാണ് 1963 ല്‍  നിയമപഠനം പൂര്‍ത്തിയാക്കുന്നത്. 1964 ല്‍ അഭിഭാഷകനായിഎന്റോള്‍ ചെയ്തു. പ്രമുഖ അഭിഭാഷകനായ എവികെ നായരുടെ ജൂനിയറായിട്ടാണ് അഭിഭാഷക വൃത്തിയാരംഭിച്ചത്. സ്വന്തം ജില്ലയായ കണ്ണൂരിലെ തലശ്ശേരി കോടതിയിലായിരുന്നു തുടക്കത്തില്‍ പ്രാക്ടീസ്.

പിന്നീട് എവികെ നായരുടെ നിര്‍ദ്ദേശമനുസരിച്ച് പ്രമുഖ സിവില്‍ അഭിഭാഷകനായ കെ എം നമ്പൂതിരിയോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചു. ഒരേസമയം ക്രിമിനല്‍ -സിവില്‍ മേഖലകളില്‍ പ്രാവീണ്യം നേടാന്‍ ഇക്കാലയളവില്‍ അദ്ദേഹത്തിനായി.

അക്കലാത്ത് കാസറഗോഡ്‌ മുതല്‍ കോഴിക്കോട് വരെയുളള വിവിധയിടങ്ങളിലെ കേസുകുള്‍ അദ്ദേഹം കൈകാര്യം ചെയ്തു.  ഉത്തരമലബാറിലെ പേരെടുത്ത വക്കീലായി മാറാന്‍ അധികകാലമെടുത്തില്ല. അതിനിടയില്‍ അടിയന്തിരാവസ്ഥ കാലത്ത് എട്ടുമാസത്തോളം ജയില്‍വാസവും അനുഭവിച്ചു.

ജയില്‍ ജീവിതം അദ്ദേഹത്തിന്റെ അഭിഭാഷക ജീവിതത്തെ നിര്‍ണ്ണായകമാക്കി. ജയില്‍ മോചിതനായ ശേഷം തദ്ദേഹം തന്റെ പ്രവര്‍ത്തനം തലശ്ശേരിയില്‍ നിന്നും എറണാകുളത്തേക്ക് മാറ്റി. അതോടുകൂടി ഇടതുരാഷ്ടീയത്തില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു. അഭിഭാഷക വൃത്തിയില്‍ അസാമാന്യ മിടുക്ക് കാണിച്ച അദ്ദേഹത്തിന്റെ നിയമ വ്യഖ്യാനത്തിലെ പ്രാവീണ്യം നിരവധി വിവാദ കേസുകള്‍ ലഭിക്കുന്നതിനു കാരണമായി. പ്രാവീണ്യവും മിടുക്കും രാഷ്ടീയബോധവും കാരണം നായനാര്‍ ഭരണകാലത്ത് അദ്ദേഹം കേരളത്തിന്റെ അഡ്വ ജനറലായി.

അഭിഭാഷക രംഗത്തെ അദ്ദേഹത്തിന്റെ മിടുക്കിനെ ഏറെ വിസ്മയത്തോടെയാണ് കേരള ബാര്‍ അസോസിയേഷനിലെ പ്രമുഖര്‍ പോലും അനുസ്മരിക്കുന്നത്. ബാറിലെ അതികായന്‍ എന്നാണ് പ്രമുഖരുടെ വിശേഷണം. നിയമത്തിന്റെ സൂക്ഷമായ വ്യാഖ്യാന പഴുതിലൂടെ തന്നെ കക്ഷികള്‍ക്ക് നീതി നേടികൊടുക്കാനാവുക എന്നതായിരുന്നു തന്റെ നിലപാടെന്ന് സമീപ കാലത്തെ വിവാദത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭിഭാഷകന്‍ എന്നതിന്റെ പദാര്‍ത്ഥപരമായ ലക്ഷ്യം തന്നെയാണ് ദശാബ്ദങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം പ്രതിഫലിപ്പിക്കുന്നത്.

എന്നിരുന്നാലും രാഷ്ടീയ കേരളത്തില്‍ അദ്ദേഹമെന്നും വിവാദനായകനായിരുന്നു. മുന്‍മന്ത്രിയും  മുസ്ലിംലീഗ് നേതാവുമായ പി കെ കുഞ്ഞാലികുട്ടിയുമായി ബന്ധപെട്ട ഐസ്‌ക്രീം കേസിന്റെ പ്രതിഭാഗം വക്കീലായിരുന്നുവെന്നതാണ് രാഷ്ടീയവിവാദത്തിന്റെ തുടക്കം.

ഇടതുപക്ഷത്തിനകത്തും ആ വിവാദം വലിയ പ്രകമ്പനം സൃഷ്ടിച്ചു. പിന്നിട് പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസിലും അദ്ദേഹം പ്രതിഭാഗത്തു നിലയുറപ്പിച്ചു. അതും വിവാദമായി. തുടര്‍ന്ന ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേസിലും അദ്ദേഹം പ്രതിഭാഗം വാദിച്ചു. ഏറ്റവും ഒടുവില്‍ കെഎം മാണിയുടെ കോഴികോഴയിലും അദ്ദേഹം വിവാദകേന്ദ്രമായി. മാണി കോഴ വാങ്ങിയതിന് അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം പ്രതിഷേധിക്കുമ്പോള്‍ എംകെ ദാമോദരന് കെഎം മാണിയുടെ വക്കാലത്ത് ഏറ്റെടുത്തതായിരുന്നു വിവാദത്തിനു കാരണം.

എന്നിരുന്നാലും, അഭിഭാഷക വൃത്തിയില്‍ സകല ആദരവും ബഹുമാനവും നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെ തന്റെ നിയമോപദേശകനായി നിയോഗിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായി. അതോടെ കേരളത്തിന്റെ രാഷ്ട്രീയ പ്രതിപക്ഷം അതിനെതിരെ വാക്കും വാളുമെടുത്തു. ഒടുവില്‍ അദ്ദേഹം തന്നെ ആ വാഗ്ദാനം നിരസിച്ചു. വിവാദങ്ങളുടെ ചുഴലി കാറ്റില്‍ അകപെട്ടിരുന്നുവെങ്കിലും നിയമരംഗത്തെ അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം കേരളത്തിന് നല്ലൊരു മുതല്‍ക്കൂട്ടായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍