UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

My Africa

സോമി സോളമന്‍

ട്രെന്‍ഡിങ്ങ്

അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും നിറങ്ങള്‍; ‘ആഫ്രിക്കന്‍ ലുക്ക്’ വസ്ത്രങ്ങള്‍ പറയുന്ന രാഷ്ട്രീയം

അറബികളും പാശ്ചാത്യരും ആഫ്രിക്കയുടെ മണ്ണിൽ വരുന്നതിന് മുൻപ് തന്നെ വളരെ ആഴത്തിലുള്ള സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അടിത്തറ അഫ്രിക്കയ്ക്കുണ്ടായിരുന്നു

പ്രവാസ ഓണാഘോഷങ്ങളിലെ വാർപ്പ് മാതൃകകളെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് സ്റ്റാറ്റസിൽ , സെറ്റു സാരിയില്ലാത്ത ഓണാഘോഷമില്ല എന്നർത്ഥമുള്ള കമന്റിന് എങ്കിൽ സെറ്റു സാരി മാറ്റി ചട്ടയും മുണ്ടും ആക്കാം എന്ന പരിഹാസമാണ് ആഫ്രിക്കയിലും കേരളത്തിലും നിലനിൽക്കുന്ന വസ്ത്രധാരണ സാമ്യതകളിലേക്ക് കൊണ്ടെത്തിച്ചത്. സാധാരണക്കാരുടെ കൈലിയും മുണ്ടും ടാന്‍സാനിയയിലെ കങ്കകളും ഒരു പോലെയാണിരിക്കുന്നത്.

കങ്കകൾ കഥ പറയുന്നത് കാണണമെങ്കിൽ ദാർ-എസ്-സലമിലെ തെരുവുകളിലൂടെ നടന്നാ മതി. ജോലി ചെയ്യുമ്പോൾ കുഞ്ഞുങ്ങളെ മുതുകിൽ കിടത്തി കങ്കകൊണ്ട് കെട്ടി ദേഹത്തോട്‌ ചേർത്തിരിക്കും. തലയിൽ വെള്ളക്കുടങ്ങളും മുതുകിൽ കുഞ്ഞുങ്ങളും കൈകളിൽ പച്ചക്കറികളും കപ്പയുമായി നടന്നു പോകുന്ന സ്ത്രീകൾ ടാന്‍സാനിയയിലെ സ്ഥിരം കാഴ്ചയാണ്.

ഓരോ കങ്കയിലും അവർ വരുന്ന ഗ്രാമത്തിലെ പ്രത്യേക ഭൂപ്രകൃതി ആയിരിക്കും ചിത്രീകരിച്ചിട്ടുണ്ടാവുക. പഴഞ്ചൊല്ലുകളോ രാഷ്ട്രീയ ആശയങ്ങളോ അതിൽ എഴുതി ചേർത്തിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഓരോ കങ്കകള്‍ക്കും പറയാൻ രാഷ്ട്രീയമുണ്ട്, ചരിത്രമുണ്ട്; അതുടുക്കുന്ന മനുഷ്യരുടെ  ജീവിതത്തിലെ അനുഭവങ്ങൾ ഉണ്ട്.

സാരി പോലെ നീളമുള്ള തുണിയാണ് കിട്ടെങ്കെ. ഒരു കിട്ടെങ്കൈയിൽ നിന്ന് തന്നെ ഒരു കുടുംബത്തിനു വേണ്ട, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ട ഉടുപ്പുകൾ തുന്നിക്കും. കല്യാണത്തിനും വിശേഷ അവസരങ്ങളിലും ഇങ്ങനെ എല്ലാവരും ഒരേ പോലെ വസ്ത്രമണിഞ്ഞ് സമത്വത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയം അവർ ഊട്ടിയുറപ്പിക്കും.

വസ്ത്രത്തിന് ഒരു രാഷ്ട്രീയമുണ്ട്, ചരിത്രമുണ്ട്. ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെയും ഒരു വ്യക്തിയുടെ സ്വഭാവത്തിന്റേയും പ്രതിഫലനമായ വസ്ത്രത്തിന് എല്ലാ രീതിയിലും സമൂഹത്തോട് സംവദിക്കാൻ കഴിയും. അടിമത്വത്തിന്റേയും ചൂഷണത്തിന്റേയും അരാജകത്വത്തിന്റേയും ആഫ്രിക്കൻ ചരിത്രത്തിൽ പ്രതിഷേധത്തിന്റെ ശക്തവും വിജയകരവുമായ മാർഗമായിരുന്നു വസ്ത്രധാരണം. വേരുകളും വിശ്വാസങ്ങളും പൂർണമായും ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്ന സാമ്രാജ്യത്വ ശക്തികളുടെ സാംസ്‌കാരിക അധിനിവേശത്തിന് എതിരെയുള്ള അഹിംസാത്മകമായ പ്രതിഷേധമായിരുന്നു വസ്ത്രധാരണത്തിന്റെ രാഷ്ട്രീയഭാഷ.

ചരിത്രത്തിലൂടെ…

അറബികളും പാശ്ചാത്യരും ആഫ്രിക്കയുടെ മണ്ണിൽ വരുന്നതിന് മുൻപ് തന്നെ വളരെ ആഴത്തിലുള്ള സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അടിത്തറ അഫ്രിക്കയ്ക്കുണ്ടായിരുന്നു. ശാസ്ത്രത്തിലുള്ള മികവും വൈദഗ്ദ്യവും പിരമിഡുകൾ നമ്മളോട് പറയുമ്പോൾ, സാംസ്കാരികവും സാമ്പത്തികവുമായി ഉയർന്നു നില്ക്കുന്ന ആഫ്രിക്കയുടെ ചരിത്രം മൂറുകള്‍ പറയുന്നുണ്ട്. മാലിയിലെ ഗ്രന്ഥശാലയും ബെനിനിലെ കോപ്പർ രൂപങ്ങളും ഒക്കെ ഉദാഹരണങ്ങളാണ്.

ആഫ്രിക്കയിലെ വിവിധ ഗുഹാചിത്രങ്ങളിൽ നിന്നും വിദേശാഗമനത്തിന് മുൻപ് നിലനിന്നിരുന്ന വസ്ത്രധാരണ രീതിയെക്കുറിച്ച് നമുക്ക് മനസിലാക്കാൻ സാധിക്കും. മാലിയിലെ തെല്ലാം ഗുഹകളിൽ നിന്നും ലഭിച്ച നെയ്തെടുത്ത പരുത്തിത്തുണിയുടെ ഭാഗങ്ങൾ ആഫ്രിക്കയിൽ നിലനിന്നിരുന്ന വസ്ത്ര സംസ്കാരത്തിന്റെ ഉദാഹരണമാണ്.

വസ്ത്രത്തിന്റെ രാഷ്ട്രീയം

ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ദേശീയത എന്ന ആശയം വ്യപകമാക്കുന്നതിനും, തങ്ങളുടെ സാംസ്‌കാരിക പൈതൃകം സാമ്രാജ്യത്വത്തിന്റെ അടിയൊഴുക്കിൽ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതിനും, അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അപകർഷതാബോധത്തെ അതിജീവിക്കുന്നതിനും വസ്ത്രധാരണം വഹിച്ച പങ്ക് വലുതാണ്‌.

കോളണിയിലെ ജനങ്ങളുടെ ജീവിതശൈലിയിലേക്കുള്ള അധിനിവേശം സാമ്രാജ്യത്വ ശകതികൾക്ക് തങ്ങൾ കീഴടക്കിയ ഭൂ പ്രദേശത്തെ സാംസ്കാരികമായി വരുതിയിലക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആഫ്രിക്കയുൾപ്പെടെ എല്ലാ കോളനികളിലും സാംസ്‌കാരിക  അധിനിവേശം സ്വാധീനം ചെലുത്തിയെങ്കിലും പൂർണമായി കീഴടക്കാൻ പരാജയപെട്ടിരുന്നു എന്ന് കാണാം. ഫാഷന് ഒരു ആഗോള ഭാഷയുണ്ടെകിലും അത് ഇന്നും തികച്ചും തദ്ദേശീയമായി തുടരുന്നതിനും ഇതൊരു കാരണമാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്വയം നിർണയത്തിന് വസ്ത്രധാരണം വഹിച്ച പങ്കിന്റെ ആഴമയാൻ വിവിധ രാജ്യങ്ങളിലെ ദേശീയ പ്രക്ഷോഭങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്.

സ്വാസിലാന്‍ഡ്

സ്വാസിലാന്‍ഡിൽ വളരെ എളുപ്പത്തിൽ ലഭ്യമായിരുന്ന തുകൽ ഉപയോഗിച്ചുള്ളതായിരുന്നു പരമ്പരാഗത വസ്ത്രങ്ങൾ. കോളനിവത്കരണത്തോട് കൂടി യൂറോപ്യൻ നിർമ്മിത വസ്ത്രങ്ങൾ സ്വാസിലാന്‍ഡ് വിപണിയിൽ എത്താൻ തുടങ്ങുകയും മിഷണറിമാർ തദ്ദേശീയവസ്ത്രങ്ങൾ അപരിഷ്കൃതരുടെ വസ്ത്രമാണ് എന്ന് പഠിപ്പിക്കുകയും ചെയ്തു.

മിഷണറിമാർ പഠിപ്പിക്കാൻ ശ്രമിച്ച മര്യാദയുടേയും സദാചാരത്തിന്റെയും വേഷവിതാനത്തിന്റേയും പാഠങ്ങള്‍ സ്വാസിലാന്‍ഡിലെ മനുഷ്യർക്ക്‌ അപകർഷതാബോധത്തിന്റെ ആദ്യപാഠങ്ങൾ കൂടിയായിരുന്നു. മതസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും തദ്ദേശീയ വസ്ത്രങ്ങൾ പൂർണമായി നിരോധിച്ച് കൊണ്ട്, അവരെ അപരിഷ്കൃതരായി ചിത്രീകരിച്ച് കൊണ്ട് പാശ്ചാത്യ വസ്ത്ര ധാരണം സംസ്കാരത്തിന്റെയും മാന്യതയുടെയും സൌന്ദര്യത്തിന്റേയും രൂപങ്ങളാക്കി മാറ്റാൻ ശ്രമിച്ചു. എന്നാൽ ഇതിനെ പ്രതിരോധിച്ചു കൊണ്ട് വ്യത്യസ്തങ്ങളായ ഗോത്രവസ്ത്രധാരണ രീതികളെ ഏകീകരിച്ച് കൊണ്ട് ദേശീയ തലത്തിൽ തദ്ദേശീയ വസ്ത്രധാരണ രീതികൾ നിലവിൽ വന്നു. അത് ദേശീയത എന്ന ആശയം പ്രവർത്തികമാക്കാനും ഗോത്രങ്ങളുടെ ഐക്യത്തിനും വഴി തെളിച്ചു.

1963-ൽ Imbokodovo National Movement (INM)ന്റെ പ്രതിനിധികൾ, സ്വാസിലാന്‍ഡിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാൻ  തദ്ദേശീയ വസ്ത്രങ്ങൾ ഉടുത്താണ് ബ്രിട്ടനിൽ ചെന്നത്. തുകൽ ആഭരണങ്ങളും ചിത്രപ്പണികളും നിറഞ്ഞ വസ്ത്രധാരണ രീതി ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ചർച്ചകൾക്ക് അനുവദനീയമല്ലായിരുന്നുവെങ്കിലും ഇഗ്ലണ്ടിന് അനുവദിക്കേണ്ടി വന്നു. സാമ്രാജ്യത്വത്തിനും സാംസ്ക്കാരിക അധിനിവേശത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു തദ്ദേശീയ വസ്ത്രധാരണത്തോട് കൂടിയ പ്രാതിനിധ്യം.

സ്വാതന്ത്ര്യത്തിനു ശേഷവും തങ്ങളുടെ ദേശീയതാത്പ്പര്യവും സാംസ്ക്കാരിക സ്വത്വവും നിലനിർത്തുന്നതിന് വേണ്ടി അവര്‍ പരമ്പരാഗത വേഷവിധാനം നിലനിർത്തി പോന്നു, ഇന്നും ഐക്യരാഷ്ട്ര സഭയിൽ സ്വാസിലാൻഡ്‌ പരമ്പരാഗത വസ്ത്രമാണ് ഔദ്യോഗിക വസ്ത്രമായി ഉപയോഗിക്കുന്നത്. അങ്ങനെ ഗാർഹികമായും അന്തർദേശീയമായും തങ്ങളുടെ സ്വത്വം ശക്തിയുക്തം സ്ഥാപിച്ചെടുക്കാൻ സ്വാസിലാൻഡ്‌ വസ്ത്രത്തിന്റെ രാഷ്ട്രീയഭാഷ ഉപയോഗിക്കുകയായിരുന്നു.

അൾജീരിയ 

കോളനിവത്ക്കരണത്തിന് പ്രതിരോധമായിട്ടും സ്വയംഭരണാധികാരം നേടുന്നതിനുള്ള മാർഗമായിട്ടുമാണ് അൾജീരിയയിൽ വസ്ത്രത്തിന്റെ രാഷ്ട്രീയ ഭാഷ ഉപയോഗിക്കപ്പെട്ടത്. അൾജീരിയയുടെ ഭൂമിക്ക് മേൽ അധിനിവേശം നടത്തിയ ഫ്രാൻസ് തദ്ദേശീയാരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും ജീവിതരീതികളിലേക്കും കൈകടത്താനും ശ്രമിച്ചു. സ്ത്രീകേന്ദ്രീകൃതമായിരുന്ന അൾജീരിയയുടെ സാമൂഹ്യ വ്യവസ്ഥ തകർക്കേണ്ടത് ഫ്രാൻസിന്റെ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായി അൾജീരിയയുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്ന ശിരോവസ്ത്രം നിരോധിക്കാൻ ശ്രമിക്കുകയാണ് ചെയ്തതില്‍ പ്രധാനപ്പെട്ട ഒന്ന്. പൊതുസ്ഥലങ്ങളിൽ വെച്ച് സ്ത്രീകളുടെ ശിരോവസ്ത്രം വലിച്ചു കീറുകയും വസ്ത്രങ്ങളിൽ ആയുധം ഒളിപ്പിക്കുന്നു എന്നാരോപിച്ച് സ്വകാര്യത മാനിക്കാതെ ശരീരപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിച്ചു കൊണ്ട് സ്വാതന്ത്ര്യ പോരാളികളുടെ ഔദ്യോഗിക വേഷമായ സൈനിക വേഷത്തിൽ ശിരോവസ്ത്രം അവർ കൂട്ടിച്ചേർത്തു.

“The rape of the Algerian woman in the dream of the European is always preceded by a rending of the veil. Unveiling the woman is reveling her beauty, it is baring her secret, breaking her resistance, making her available for adventure. The French regarded every newly unveiled Algerian woman as a victory”- എന്നാണ് ഇതിനെക്കുറിച്ച്‌ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഇത്തരം വികൃതമായ കൊളോണിയൽ അധികാര വൈകൃതങ്ങൾക്കെതിരെ ആയിരുന്നു അൾജീരിയയിലെ സ്ത്രീകളുടെ ശിരോവസ്ത്രത്തിലൂടെയുള്ള പ്രതിഷേധം.

ടാൻസാനിയ – സാൻസിബാർ

മാവോ സെ തൂങ്ങിനോടുള്ള ബഹുമാനവും ചൈനീസ്  കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോടുള്ള അഭിനിവേശവും ടാൻസാനിയയിലെ സ്വാതന്ത്ര്യ സമര പോരാളികള്‍ കമ്യൂണിസ്റ്റ്‌ ചൈനയിലെ പോരാളികളുടെ വസ്ത്രധാരണം അനുകരിക്കാൻ കാരണമായി. ക്യൂബൻ വിപ്ലവകാരികളുടെ വേഷവിധാനവും ‘Vencermos’ (we shall conquer) എന്ന മുദ്രാവാക്യവും അനുകരിച്ച് സാൻസിബാറിലെ വിപ്ലവം വിജയിപ്പിക്കുകയും സുൽത്താന്റെ ഭരണം അവര്‍ അവസാനിപ്പിക്കുകയും ചെയ്തു.

ടാൻസാനിയയിൽ മസായികളുടെ വേഷവിധാനം രാജ്യത്തിൻറെ പുരോഗമന മുഖത്തിന്‌ തടസ്സം നില്‍ക്കുന്നുവെന്ന് പ്രസിഡന്‍ഡ് ന്യെരെരെ അഭിപ്രായപ്പെടുകയും അരുഷയുടെ നഗരപ്രദേശങ്ങളിൽ നിന്നും പരമ്പരാഗത വേഷമണിഞ്ഞു വരുന്ന മസായികൾ നിരോധിക്കപെട്ടപ്പോൾ തങ്ങളുടെ പ്രകൃതിക്കും വാസമേഖലയ്ക്കും തൊഴിലിനും അനുയോജ്യമായ പരമ്പരാഗത വേഷങ്ങൾ പൂർണമായും പിന്തുടർന്ന്, മുഖ്യധാരയിൽ നിന്നും അടർന്നു മാറി മസായികൾ പ്രതിഷേധിച്ചു. ഒടുവിൽ മസായികളുടെ മേൽ സാംസ്‌കാരിക അടിച്ചമര്‍ത്തലാണ് നടത്തുന്നത് എന്ന് തിരിച്ചറിഞ്ഞ് ഭരണകൂടം ഈ നിയമങ്ങൾ പിൻവലിക്കുകയായിരുന്നു.

യൂറോപ്യൻ വസ്ത്രധാരണമല്ല സംസ്ക്കാരത്തിന്റെ അടയാളമെന്നും കാലാവസ്ഥയ്ക്കും തൊഴിലിനും ജീവിതരീതികള്‍ക്കും അനുസരിച്ചാണ് വസ്ത്രധാരണം എന്നും മസായികളുടെ വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം ടാൻസാനിയയിലെ ഭരണാധികരികളേയും അത് വഴി ലോകത്തെയും അവര്‍ അറിയിച്ചു.

ബുർകിന ഫാസോ

ബുർകിന ഫസോയിലെ പ്രസിഡന്ടായിരുന്ന തോമസ്‌ സങ്കര, 1983-ൽ ഔദ്യോഗിക വേഷം ബുർകിന ഫസോയിൽ നെയ്തുണ്ടാക്കുന്ന പരമ്പരാഗത വേഷമായിരിക്കണം എന്ന നിയമം കൊണ്ടു വന്നു. അതുവഴി സാമ്പത്തിക സ്വയം  പര്യാപ്തതയും സാംസ്‌കാരിക സംരക്ഷണവുമാണ് തോമസ്‌ സങ്കര ലക്‌ഷ്യം വെച്ചത്.

കോംഗോഗോയിലും സെരിയൻ വിപ്ലവ നേതൃത്വം പാശ്ചാത്യ വേഷവിധാനം ഉപേക്ഷിക്കുന്നതിനും തദ്ദേശീയ വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്തിരുന്നു.

സാംബിയൻ പ്രസിഡന്റ്‌ ആയിരുന്ന കേന്നെറ്റ് കൌണ്ടാക് ‘കണ്ടാവ് ഷർട്ട്‌’ പ്രചാരത്തിലാക്കുകയും സാംബിയയുടെ വേഷമായി അത് മാറുകയും ചെയ്തു. പരമ്പരാഗത വേഷത്തിന് അംഗീകാരം നല്‍കുകയാണ് കെന്നെറ്റ് അത് വഴി ചെയ്തത്.

‘മടിബ ഷർട്ട്‌’ – ഒരുപാട് ചിത്രപ്പണികളുള്ള, ടക് ഇന്‍ ചെയ്യാത്ത മടിബയുടെ ഷർട്ട്‌. വളരെ നിഷ്കർഷകളുള്ള ബ്രിട്ടന്റെ ഔദ്യോഗിക ചർച്ചകളിൽ പ്രതിഷേധത്തിന്റെ സൂചകമായാണ് ഈ വേഷ വിധാനം മടിബ ആദ്യം ഉപയോഗിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയുടെ സ്വത്വത്തിന്റെ മുഖമായി ഇത് മാറി.

വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം സമൂഹനിര്‍മ്മിതിയുടെ അതിജീവനത്തിന്റെ രാഷ്ട്രീയമാണ്. യൂറോപ്യൻ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആഫ്രിക്കയുടെ സംസ്ക്കാരത്തെയും ജീവിതരീതികളേയും തുടച്ചു നീക്കാനുള്ള കൊളോണിയലിസത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഈ നീക്കത്തെ പൂർണമായും പ്രതിരോധിച്ച് ആഫ്രിക്കൻ സംസ്ക്കാരത്തെ കൂടുതൽ വിശാലമാക്കുകയാണ് അവര്‍ ചെയ്തത്. ക്രിയാത്മകതയ്ക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കി വസ്ത്രധാരണരീതിയെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും ദേശീയതയുടെയും ഭാഗമാക്കി തീർത്തു.

‘ആഫ്രിക്കന്‍ ലുക്ക്’ എന്ന പരിഹാസം

അപരിചിത്വത്തിന്റെ വേലിക്കെട്ടുകൾ തകർത്ത്, പരിഹാസത്തിന്റെയും അവജ്ഞയുടെയും ആക്ഷേപത്തിന്റെയും പൊതുബോധങ്ങളെ തകർത്ത്, ‘ആഫ്രിക്കൻ ലുക്ക്’ ഉണ്ടെന്നു പറയുന്ന സമൂഹത്തിലേക്ക് അഭിമാനത്തോടെ എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഈ വസ്ത്രങ്ങളുടെ, നിറങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ ശ്രമിച്ചത്.
ജാതീയതയ്ക്കെതിരെയുള്ള, വംശീയതക്കെതിരെയുള്ള ആ സാധ്യതകളുടെ രാഷ്ട്രീയമാണ് ഈ വസ്ത്രങ്ങള്‍ സംസാരിക്കുന്നത്.

മഹാബലിയുടെ ധാർമികതയെ ചൂഷണം ചെയ്താണ് വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയത്. ആ ‘ചൂഷണ’ത്തെ വരം (?) കൊടുത്ത് എല്ലാം വർഷവും പ്രജകളെ കാണാനുള്ള അനുഗ്രഹമാക്കി (?) തീർത്തു. ഇത് തന്നെയാണ് ആഫ്രിക്കയുടെ ചരിത്രവും.
പ്രകൃതി സമ്പത്താൽ, മനുഷിവിഭവശേഷിയാൽ സമ്പന്നമായിരുന്ന (സമ്പന്നമായ ) ആഫ്രിക്കയുടെ മണ്ണിനെ, മനുഷ്യനെ സാമ്രാജ്യത്വം അടിമകളാക്കി. വൈറ്റ് മാൻസ് ബർഡൻ എന്ന വരം സ്വയം പ്രഖ്യാപിച്ചു;  ഇപ്പോഴും എയ്ഡുകളിലൂടെയും മറ്റും തുടരുന്ന ചൂഷണത്തിന്റെ നാൾ വഴികൾ.

ഇപ്പോഴും ഓണാഘോഷ പരിപാടികള്‍ അവസാനിച്ചിട്ടില്ല. ആഫ്രിക്കയിൽ നിന്ന് ഓണത്തെ നോക്കി കാണുമ്പോ, കുടിയൊഴിപ്പിക്കലുകളെ കുറിച്ച്, ചതിയിലൂടെ നടത്തപ്പെടുന്ന അധിനിവേശങ്ങളെക്കുറിച്ചു കൂടി അത് ഓര്‍മിപ്പിക്കുന്നുണ്ട്.

അതിജീവനത്തിന്റെയും കൂടി കഥയാണ് ഓണം. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും മഹാബലി തിരികെ വരുന്നുണ്ട്. നിരന്തരമായി ചൂഷണം ചെയ്താലും അടിമകളാക്കി നാട് കടത്തപ്പെട്ടാലും വംശീയ കലാപങ്ങൾ ഭരണ സംവിധാനങ്ങളെ തകർത്താലും ഭരണസംവിധാനങ്ങള്‍ അധികാരി വര്‍ഗമായി മാറിയാലും ആഫ്രിക്ക ഉയർത്തെഴുന്നേൽക്കുന്നുണ്ട്.

നിരന്തരമായ കുറ്റപ്പെടുത്തലുകൾക്കും ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും മുന്‍വിധികൾക്കും മേലെ ആഫ്രിക്കയിലെ നിറങ്ങളെ കുറിച്ച്, സംഗീതത്തെ കുറിച്ച്, ഭംഗിയേയും മാസ്മരികതെയും കുറിച്ച് സംസാരിക്കുന്ന നാളുകൾ കൂടിയാണിത്; അതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പു കൂടിയാണ്. ആഫ്രിക്കയിലെ മനുഷ്യരും മണ്ണും അപരിചിതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്ന, സൗന്ദര്യ സങ്കൽപ്പങ്ങളുടെ, വസ്ത്ര സങ്കൽപ്പങ്ങളുടെ, ജീവിത രീതിയുടെ ഭാഗമാകുന്ന നാളുകൾ.

(ചിത്രങ്ങള്‍: വില്‍ക്കിന്‍സണ്‍ പുളിത്തറ ജോര്‍ജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍