UPDATES

വീഡിയോ

ജനഹൃദയങ്ങളില്‍ തുടരുന്ന എകെജിയുടെ ലോംഗ് മാര്‍ച്ച്….

ജനങ്ങളുമായി സംവദിക്കാനും അവരെ സംഘടിപ്പിക്കാനും അവരുടെ പോരാട്ടങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാനും ഉള്ള ശ്രമങ്ങളില്‍ എകെജിയെ തടയാന്‍ ഒന്നിനും കഴിഞ്ഞിരുന്നില്ല.

“I may be speaking broken English, but not the broken truth” – തന്റെ ഇംഗ്ലീഷിനെ പരിഹസിച്ചവര്‍ക്ക് ലോക്‌സഭയില്‍ എകെ ഗോപാലന്റെ മറുപടിയാണിത്. എല്ലാവര്‍ക്കും എകെ ഗോപാലന്റെ പ്രസംഗത്തെ പരിഹാസമായിരുന്നില്ല. പകരം ഈ രാജ്യത്തെ ജനങ്ങളുടെ നീറുന്ന അതിജീവന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കുന്ന, ജനാധിപത്യപരമായി രൂക്ഷവിമര്‍ശനവും പ്രതിഷേധവും ഉന്നയിക്കുന്ന എകെ ഗോപാലന്റെ പ്രസംഗത്തെ കേംബ്രിഡ്ജ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനടക്കം വലിയ ബഹുമാനമായിരുന്നു. ഔദ്യോഗികമായി പ്രതിപക്ഷ നേതാവ് ഇല്ലാതിരുന്ന സഭയില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ എകെ ഗോപാലനെ കേള്‍ക്കാന്‍ ലോക്‌സഭയില്‍ പ്രധാനമന്ത്പി നെഹ്രു ഉണ്ടാകുമായിരുന്നു. എകെ ഗോപാലന്റെ പ്രസംഗങ്ങള്‍ കേള്‍ക്കണമെന്ന് അദ്ദേഹം തന്റെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളെ ഉപദേശിക്കുകയും ചെയ്തു.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ പെണ്‍ ഹിറ്റ്ലറുടെ ജനനമായി എകെജി കണ്ട അടിയന്തരാവസ്ഥ, രാജ്യത്തെ ജനങ്ങളെ ചവുട്ടിയരച്ചും ജനാധിപത്യ സ്ഥാപനങ്ങളെയും കോടതികളെയും ഭരണഘടനയേയും നോക്കുകുത്തിയാക്കി, അതിന്‍റെ ബുള്‍ഡോസറുമായി മുന്നേറുന്ന 1976 കാലത്ത് അദ്ദേഹം അസുഖബാധിതനായിരുന്നു. 1977 മാര്‍ച്ച് 22ന് അടിയന്തരാവസ്ഥ പിന്‍വലിച്ച വൈകുന്നേരം അദ്ദേഹം അന്തരിച്ചു. ഇന്ദിര ഗാന്ധിയുടെയോ സഞ്ജയ് ഗാന്ധിയുടെയോ തിരഞ്ഞെടുപ്പ് തോല്‍വിയോ അടിയന്തരാവസ്ഥ പിന്‍വലിച്ചതോ അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ എകെജി സ്വപ്നം കണ്ട ഇന്ത്യക്ക് വേണ്ടി, അതിജീവനത്തിനായി പോരാടുന്ന മനുഷ്യര്‍ പ്രത്യയശാസ്ത്ര വാചാടോപങ്ങള്‍ക്ക് അപ്പുറത്ത് ഇപ്പോഴും ലോംഗ് മാര്‍ച്ചുകള്‍ നയിക്കുന്നുണ്ട്. തങ്ങളെ ബാധിക്കുന്ന പ്രശ്നം എന്താണ് എന്ന വ്യക്തമായ ബോധ്യത്തോടെ.

എകെജി തീ കൊളുത്തിയ പട്ടിണി ജാഥകള്‍ ചരിത്രത്തിന്‍റെ ദുരന്തവും പ്രഹസനവുമായി ആവര്‍ത്തിക്കാതെ, പുതിയ ഊര്‍ജ്ജപ്രവാഹമായി, പുതിയ കരുത്തോടെ തുടരുകയാണ്. സിപിഎമ്മിന്‍റെ സാല്‍കിയ പ്ലീനം ആഹ്വാനം ചെയ്ത ‘ആസേതുഹിമാചല’മുള്ള ജനകീയ പ്രശ്നങ്ങളും അതിജീവന പോരാട്ടങ്ങളും ഏറ്റെടുക്കുക എന്നത് എകെ ഗോപാലന്‍ കോണ്‍ഗ്രസിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സിപിഎമ്മിലും എല്ലാം ഭാഗമായി ഒരുപോലെ ചെയ്തുകൊണ്ടിരുന്നതാണ്. ജനങ്ങളുമായി സംവദിക്കാനും അവരെ സംഘടിപ്പിക്കാനും അവരുടെ പോരാട്ടങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാനും ഉള്ള ശ്രമങ്ങളില്‍ എകെജിയെ തടയാന്‍ ഒന്നിനും കഴിഞ്ഞിരുന്നില്ല. തന്‍റെ broken Englishല്‍ ഒട്ടും broken അല്ലാത്ത സത്യങ്ങള്‍ അദ്ദേഹം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

എകെജിയുടെ പാര്‍ട്ടിയായ സിപിഎം ഇന്ത്യന്‍ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ വളരെ ദുര്‍ബലമായിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ 41ആം ചരമവാര്‍ഷികം വരുന്നത്. 1967ലെ ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിന്നുള്ള അസോസിയേറ്റഡ് പ്രസിന്‍റെ വീഡിയോ ആണ് താഴെ. റഷ്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരെ എത്തരത്തില്‍ ബാധിക്കുമെന്നായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇന്ത്യയിലെത്തിയ അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ എകെജിക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്‌നം അവര്‍ക്ക് തൊഴില്‍ കിട്ടുക എന്നതും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുക എന്നതുമാണ്. അല്ലാതെ ചൈന, റഷ്യ കമ്മ്യൂണിസ്റ്റുകളല്ല ഇപ്പോള്‍ ഇവിടുത്തെ പ്രധാന വിഷയം – എകെജി പറയുന്നു.


അസോസിയേറ്റഡ് പ്രസിന്‍റെ തന്നെ മറ്റൊരു വീഡിയോയില്‍ കാണുന്നത് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വീട്ടിലേക്ക് കേരള എംപിമാരുടെ മാര്‍ച്ച് നയിക്കുന്ന എകെ ഗോപാലനെയാണ്. 1967 ജൂലായ്‌ 30ന് – “we want rice….end the discrimination towards kerala….കേന്ദ്രം കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക”…അരി ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് കേരള എംപിമാരുടെ മാര്‍ച്ച്…എകെ ഗോപാലന്‍, ഇകെ നായനാര്‍, പികെ വാസുദേവന്‍ നായര്‍, സുശീല ഗോപാലന്‍ തുടങ്ങിയവരെ കാണാം….

എകെജി പറയുന്നു:

“as far as we are concerned we have not only talked…
in rajyasabha and loksabha…there was half an hour – one hour discussion yesterday and four days back about…
you see calling attention…we have written letter…we have said everything”…

ലൂയി മല്ലെയുടെ ഫ്രഞ്ച് ഡോക്യുമേന്ടറിയില്‍ എകെജി സംസാരിക്കുന്നു:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍