UPDATES

തൊഴില്‍ ചൂഷണം, അവഹേളനം; കൊച്ചി മെട്രോയില്‍ കൊട്ടിഘോഷിച്ച ട്രാന്‍സ് ജീവിതം ഇപ്പോഴിങ്ങനെയാണ്

രാജ്യത്തിനേറെ അഭിമാനമായി, രാജ്യാന്തര മാധ്യമങ്ങൾ പോലും വാർത്തയാക്കിയ കൊച്ചി മെട്രോ റെയിലിലെ ട്രാൻസ്ജെൻഡർ ‘സംവരണ’ത്തിന്റെ പലതരത്തിലുള്ള ചൂഷണങ്ങൾ

ദീഷ്‌ണ സി.

ദീഷ്‌ണ സി.

“ആകെക്കിട്ടിയിരുന്നത് തുച്ഛമായ ശമ്പളമായിരുന്നു. ഈ മാസം അതിൽ വീണ്ടും കുറവ് സംഭവിച്ചിരിക്കുന്നു. നാലു ദിവസത്തെ പെയ്ഡ് ഓഫ് സാലറി മൂന്നാക്കി കുറച്ചു. ബുദ്ധിമുട്ടുകൾ ഏറെ സഹിച്ച് ചെയ്യുന്ന ഡബിൾ ഡ്യൂട്ടിയുടെ വേതനവും കട്ട് ചെയ്തു, ഒപ്പം ഇനിമുതൽ ഒരു മാസത്തെ പ്രവർത്തന ദൈർഘ്യം 26-ൽ നിന്നും 18 ദിവസങ്ങൾ മാത്രമായിക്കുറച്ചു എന്ന അറിയിപ്പും വന്നു. ഇതിനെല്ലാമുപരി ഭക്ഷണം, പെരുമാറ്റം തുടങ്ങി പല കാര്യങ്ങളിലും കടുത്ത വിവേചനവും. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന, സമൂഹത്തിൽ അന്തസ്സോടെ തന്നെ ജീവിക്കാൻ ആഗ്രഹമുള്ള മനുഷ്യരാണ് ഞങ്ങളും. ഇത്രയും സാമ്പത്തിക ചൂഷണവും വിവേചനവും മാത്രം നൽകുന്ന തൊഴിലിടമായിരുന്നെങ്കിൽ എന്തിനായിരുന്നു ഞങ്ങൾക്ക് ജോലി നൽകിയത്… സർക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയോ?” കൊച്ചി മെട്രോ റെയിലിലെ തൊഴിലാളിയും ട്രാൻസ്ജെൻഡറുമായ തീർഥ സാർവികയുടേതാണ് ചോദ്യം. രാജ്യത്തിനേറെ അഭിമാനമായി, രാജ്യാന്തര മാധ്യമങ്ങൾ പോലും വാർത്തയാക്കിയ കൊച്ചി മെട്രോ റെയിലിലെ ട്രാൻസ്ജെൻഡർ ‘സംവരണ’ത്തിന്റെ പലതരത്തിലുള്ള ചൂഷണങ്ങൾക്കും തങ്ങൾ ഇരകളാണെന്നാണ് തീർഥ ഉൾപ്പെടുന്ന അൻപതോളം ട്രാൻസ്ജെൻഡർ സ്റ്റാഫുകൾ പരാതിപ്പെടുന്നത്.

കൊച്ചി പോലൊരു നഗരത്തിൽ ദിവസ വാടക കൊടുത്ത് ജീവിക്കുന്നത് തുടങ്ങി ഒരു പുരുഷനോ സ്ത്രീക്കോ ചിലവാകുന്ന പണത്തിന്റെ ഇരട്ടിയാണ് ഓരോ കാര്യങ്ങൾക്കായും ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ ഉൾപ്പെടുന്നവർക്ക് ചെലവഴിക്കേണ്ടി വരുന്നത്. ദിവസ വേതനങ്ങൾ കൂട്ടിവെച്ചാൽ മാസം 10,000 രൂപ പോലും തികച്ചെടുക്കാനില്ലാത്ത ഇവർക്ക് നിത്യവൃത്തിക്കൊപ്പം ചികിത്സയ്ക്കാവശ്യമായ ഉയർന്ന തുകയും കണ്ടെത്തേണ്ടി വരുന്നു. മെട്രോ നൽകിയ വാഗ്ദാനങ്ങൾ ഇതിനെല്ലാം തങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന സ്വപ്നം നിഷ്ഫലമായെന്ന് ട്രാൻജെൻഡർ സ്റ്റാഫുകൾ പറയുന്നു.

“ഏതൊരു സർക്കാർ/ സ്വകാര്യ സ്ഥാപനത്തിലും ഒരു മാസം വേതനത്തോട് കൂടിയ നാല് അവധി അനുവദിച്ചു നൽകാറുള്ളതാണ്. എന്നാൽ, ഈ മാസത്തെ സാലറി ക്രെഡിറ്റ് ആയപ്പോൾ ഞങ്ങൾ കെഎംആർഎല്‍ (കൊച്ചി മെട്രോ റെയിൽ) സ്റ്റാഫുകൾക്ക് മേൽപ്പറഞ്ഞ പെയ്ഡ് ഓഫ് സാലറിയും, ഡബിൾ ഡ്യൂട്ടി എടുത്തതിന്റെ വേതനവും കട്ട് ചെയ്തതായി കാണപ്പെട്ടു. ട്രാൻസ്‌ജെൻഡർ, കുടുംബശ്രീ ലേഡി സ്റ്റാഫ് തുടങ്ങിയവരാണ് തൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ദിവസേന ലഭിക്കുന്ന 389 രൂപ മാത്രം വേതനമായി സ്വീകരിച്ച് അതുകൊണ്ട് ഉപജീവനം നടത്തുന്ന ഞങ്ങളുടെ ഡ്യൂട്ടി സമയം 18 ദിവസമായി കുറച്ചിരിക്കുന്നതായി പുതിയ അറിയിപ്പും ലഭിച്ചു. അത്രയധികം സാമ്പത്തിക പ്രയാസത്തിലേക്കാണ് വരും മാസങ്ങൾ കടന്നുപോവുകയെന്ന് ചുരുക്കം. സാമ്പത്തിക ചൂഷണങ്ങൾ ഇതിൽ അവസാനിക്കുന്നില്ല. പ്രതിമാസം 3,000 രൂപയോളം പിഎഫ്, ഇഎസ്ഐ ഫണ്ടിലേക്കെന്ന് പറഞ്ഞു പിടിച്ചു വയ്ക്കുന്നുണ്ടെങ്കിലും ഇന്നുവരെ ആ തുക ഞങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിയതിന് രേഖകളില്ല. വാസ്തവത്തിൽ, വിശ്വാസ്യത ഒട്ടുമില്ലാത്ത ഒരു തൊഴിൽക്കെണിയിലാണ് ഞങ്ങൾ അകപ്പെട്ടിരിക്കുന്നത്.

രണ്ടു ജീവനക്കാരുടെ ഓഫ് ദിവസങ്ങൾ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന ചോദ്യത്തിന് അധികാരിയുടെ മറുപടി, ‘സാധ്യമല്ല, പകരം ആ ദിവസങ്ങളിലെ ഡ്യൂട്ടി കട്ട് ചെയ്തുതരാം’ എന്നായിരുന്നു. ഏതെങ്കിലും വിധേന ഞങ്ങളുടെ ഓരോ ദിവസത്തെയും ഡ്യൂട്ടി ഒഴിവാക്കുവാനാണ് കെഎംആർഎല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുച്ഛമെങ്കിലും നിത്യേന ലഭിക്കുന്ന ഈ വരുമാനവും ഇല്ലാതായാൽ ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത്?
ഒരു പുരുഷനോ സ്ത്രീക്കോ 200 രൂപ വാടക ഈടാക്കുന്ന താമസ സ്ഥലങ്ങൾ ഒരു ട്രാൻസ്ജെൻഡറിന് ചുമത്തുന്നത് 500 രൂപയോ അതിലധികമോ ആണ്. അതായത്, വാടക നൽകാൻ പോലും ഇപ്പോൾ ലഭിക്കുന്ന പണം ഉതകുന്നില്ല. ഏതൊരു സ്ഥാപനത്തിലും എക്സ്പീരിയൻസ് കൂടുന്നതനുസരിച്ച് ശമ്പള വർധനയുണ്ടാകേണ്ടതാണ്. എന്നാൽ, എനിക്കോ എന്നെക്കാൾ മുൻപേ ജോലി ചെയ്യാൻ തുടങ്ങിയ തൊഴിലാളികൾക്കോ ശമ്പളത്തിൽ മാറ്റമുണ്ടായിട്ടില്ല. ഗണ്യമായി കുറയുന്നു എന്നല്ലാതെ കൂടുതൽ നൽകാറില്ല.

സമ്പത്തിക ചൂഷണങ്ങൾക്ക് പുറമെ ഓരോ ട്രാൻസ്ജെൻഡർ സ്റ്റാഫിനും കടുത്ത വിവേചനവും അപഹാസ്യങ്ങളും നേരിടേണ്ടി വരുന്നു. കഴിഞ്ഞ ദിവസം മേലധികാരികളിലൊരാൾ പറഞ്ഞത് ‘എന്റെ വീട്ടിലെ ജോലിക്കാരിക്ക് പോലും നിങ്ങളേക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്നുണ്ടെന്നാണ്’. വളരെ പരിഹാസം നിറഞ്ഞ ഇത്തരം കുത്തുവാക്കുകൾ ഒട്ടുമിക്ക ട്രാൻസ്ജെൻഡർ സ്റ്റാഫിനും കേൾക്കേണ്ടി വരാറുണ്ട്. ഇതിനെല്ലാമുപരി, പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കുന്ന നിലപാടാണ് കെഎംആര്‍എല്ലും കുടുംബശ്രീയും സ്വീകരിക്കുന്നത്. തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനയുള്ള ക്യാബ് സംവിധാനത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച ഒരു ലേഡി സ്റ്റാഫിനെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അധികാരികൾക്കെതിരെ ഒരു വിരൽ പോലും ഉയർന്നുപൊങ്ങാൻ അവർ അനുവദിക്കില്ല.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്നത് കൊണ്ട് ഞങ്ങൾ ന്യൂനപക്ഷങ്ങൾ പലതരത്തിലുമുള്ള വിവേചനങ്ങൾക്കും ഇരകളായിക്കൊണ്ടിരിക്കുകയാണ്. മെട്രോയിലെ ഉദ്യോഗക്കയറ്റത്തിനായുള്ള മൂന്ന് ട്രെയിനിംഗുകൾ പൂർത്തിയായപ്പോൾ അതിൽ ഒരു ട്രാൻസിനെപ്പോലും ഉൾപ്പെടുത്തിയിരുന്നില്ല എന്നതാണ് യാഥാർഥ്യം. അവയെല്ലാം നൂറ് ശതമാനവും കുടുംബശ്രീ സ്റ്റാഫുകൾക്ക് വേണ്ടി മാത്രമായിരുന്നു. പല സന്ദർഭങ്ങളിലും ഇത്തരത്തിൽ ലേഡി സ്റ്റാഫുകളെ സഹായിക്കുകയും ട്രാൻസ്ജെൻഡേഴ്സിനെ മാറ്റി നിർത്തുകയും ചെയ്യുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. പിന്നെ എന്തിനായിരുന്നു ട്രാൻസ്ജെൻഡർ സൗഹൃദമെന്ന തലക്കെട്ടിൽ ഒരു മെട്രോ ട്രെയിൻ സംവിധാനം പണിക്കഴിപ്പിച്ചത് എന്നതാണ് ഞങ്ങളുടെ ചോദ്യം.

തീർഥ സാർവിക

തുടക്കം മുതലേ ഞങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു. സ്ഥിരം തൊഴിലാളി എന്നതിനുപകരം കെഎംആര്‍എല്ലിന്റെ കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളികൾ മാത്രമാണ് ഞങ്ങളെന്ന് വൈകിയാണ് അറിയാൻ സാധിച്ചത്. എല്ലാ പീഡനങ്ങളിലും വിഷമങ്ങളിലും രാജിവെക്കാതെ പിടിച്ചു നിൽക്കുന്നത് ജോലി അത്രയധികം ആവശ്യയമായതിനാലാണ്. വീട്ടുകാരുടെ പിന്തുണയില്ലാത്ത, വരുമാനത്തിന് മറ്റു മാർഗങ്ങളില്ലാത്ത ഞങ്ങൾക്ക് കെഎംആര്‍എല്ലിലെ ജോലി അവസാന പ്രതീക്ഷയാണ്. നമ്മുടെ ഇത്തരം ബലഹീനതകൾ മുതലെടുക്കുന്നവരോട് ചോദിക്കാനുള്ളത് ഇത്രമാത്രം, രാഷ്ട്രീയ പ്രശംസ പിടിച്ചു പറ്റാനുള്ള ഒരു നേരംപോക്ക് ആണോ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതം?” തീർഥ സാർവിക ചോദിക്കുന്നു.

കെഎംആര്‍എല്ലിലെ മറ്റൊരു ട്രാൻസ്ജെൻഡർ തൊഴിലാളി സുൽഫി പ്രതികരിക്കുന്നു;
എട്ടുമാസമായി കെഎംആര്‍എല്ലില്‍ പ്രവർത്തിക്കുന്ന ഒരു തൊഴിലാളിയാണ് ഞാൻ. പുതുതായി വന്ന എം.ഡി ഞങ്ങൾ സ്റ്റാഫിനെ കാണാൻ പോലും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ആർക്കോ കീഴിൽ പണിയെടുന്നുന്നു എന്ന ബോധ്യമുണ്ടെന്നല്ലാതെ, മേലധികാരിയായ എം.ഡിയെ ഇത്രനാളായും കാണാൻ സാധിച്ചിട്ടില്ല. കോണ്ട്രാക്ട് അടിസ്ഥാനത്തിലാണ് കെഎംആർഎല്‍ ഞങ്ങൾ തൊഴിലാളികൾക്ക് ജോലി നൽകിയിരിക്കുന്നത് എന്നതുതന്നെ ചൂഷണങ്ങളുടെ ആദ്യപടിയാണ്. തീർഥ ഉന്നയിച്ച പരാതി പ്രകാരം ഈ മാസത്തെ സാലറിയിൽ നാല് പെയ്ഡ് ഓഫിന്റെയും ഡബിൾ ഡ്യൂട്ടിയുടെയും വേതനം കട്ട് ചെയ്തതായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, ഇത് തൊഴിലാളികളുടെ കാര്യത്തിൽ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ടീം ലീഡർക്ക് കൃത്യമായി ഓഫ് സാലറി ലഭിക്കുന്നുണ്ട്. ഒരേ കോണ്ട്രാക്റ്റിനകത്ത് ഉൾപ്പെടുന്നവർക്ക് ഒരേ വ്യവസ്ഥയിൽ വേതനം നൽകുന്നതിന് പകരം ഞങ്ങൾ തൊഴിലാളികളുടെ കാര്യത്തിൽ മാത്രമാണ് കെഎംആർഎല്‍ അവഗണന കാണിക്കുന്നത്. ഇത്തരം നിരവധി ചൂഷണങ്ങൾ ഇവിടെ അരങ്ങേറുന്നു.

ലേഡി സ്റ്റാഫിന്റെ പ്രശ്നങ്ങൾ പോലും പരിഹരിക്കപ്പെടുന്നത് പലപ്പോഴും ഞങ്ങൾ ട്രാൻസ് തൊഴിലാളികൾ ശബ്ദമുയർത്തുമ്പോഴാണ്. എങ്കിലും, ജോലിയുടെയും ഭക്ഷണത്തിന്റെയും തുടങ്ങി പലകാര്യങ്ങളിലും ഞങ്ങൾ ട്രാൻസ്ജെൻഡേഴ്സിനെതിരെ വിവേചനമാണുള്ളത്. പല സന്ദർഭങ്ങളിലും ഞങ്ങൾ സഹായിച്ച ലേഡി സ്റ്റാഫുകളിൽ നിന്നുപോലും അപ്രകാരം ഉണ്ടാവാറുണ്ട്. തൊഴിൽ വിവേചനങ്ങൾക്ക് പുറമെ പല രീതിയിലുമുള്ള അപഹാസ്യങ്ങളും കളിയാക്കലുകളും കേൾക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം ഒരു ഓഫീസർ എന്നോട് ചോദിച്ചത്, ‘സുൽഫി സ്‌കൂളിൽ ഒക്കെ പോയിട്ടുണ്ടോ’ എന്നായിരുന്നു. ജോലി നൽകി എന്നല്ലാതെ ഒരു ട്രാൻസ്ജെൻഡറിനെ പൂർണമായും അംഗീകരിക്കാൻ ഇതുവരെ കെഎംആര്‍എല്ലിലെ സ്റ്റാഫുകൾക്ക് സാധിച്ചിട്ടില്ല. പലർക്കും ട്രാൻസ് എന്നത് സ്കൂളിന്റെ പടി ചവിട്ടാത്ത, വീടും വീട്ടുകാരുമില്ലാത്ത നിലവാരം കുറഞ്ഞ ഒരു വിഭാഗം മാത്രമാണ്. ആരെങ്കിലും ചെയ്യുന്ന കളവുകൾ പോലും ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതും അതിന്റെ തെളിവുകളാണ്. കഴിഞ്ഞ ദിവസം ലേഡി സ്റ്റാഫിൽ ഒരാൾ നടത്തിയ ഒപ്പ് ഇടുന്നതിലെ തിരിമറി പോലും എന്റെ നേർക്കാണ് ഉന്നയിക്കപ്പെട്ടത്. ഒടുക്കം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചത് വഴിയാണ് എന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിച്ചത്. ഒരു മനുഷ്യനുള്ള എല്ലാ വിഷമങ്ങൾക്കും പ്രശ്നങ്ങൾക്കും പുറമെയാണ് ഇത്തരം അപമാനങ്ങൾ കൂടെ സഹിക്കേണ്ടി വരുന്നത്.

സുല്‍ഫി

ട്രാൻസ്ജെൻഡർ തൊഴിലാളിയായ കാർത്തികയുടെ പ്രതികരണമിങ്ങനെ; “കേരള സർക്കാർ കൊച്ചി മെട്രോ നടപ്പാക്കിയതിനൊപ്പം കൊണ്ടുവന്ന മറ്റൊരു നേട്ടമായിരുന്നു അൻപതോളം ട്രാൻസ്ജെൻഡറുകൾക്ക് ഒരേ വർക്കിംഗ്‌ പ്ലാറ്ഫോമിൽ ജോലി നൽകുക എന്നത്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. എന്നാൽ, പ്രവർത്തികളുടെ നിലവിലെ അവസ്ഥ ഏറെ വിഷമകരമാണ്. ഞങ്ങൾ കാണിക്കുന്ന നൂറ് ശതമാനം സത്യസന്ധതയ്ക്ക് തിരിച്ച് ഒന്നും ലഭിക്കുന്നില്ല. ആകെ ഉണ്ടായിരുന്ന തുച്ഛ വേതനത്തിൽ വീണ്ടും കുറവ് സംഭവിച്ചിരിക്കുകയാണ്. ഈ മാസത്തെ സാലറി ക്രെഡിറ്റ് ആയ ശേഷമാണ് ഓഫ് സാലറി ഇല്ല എന്നറിയാൻ സാധിച്ചത്. ഒപ്പം മൊത്തം വർക്കിങ് ഡേയ്സ് 26ൽ നിന്നും 18 ആയി ചുരുക്കിയെന്നുള്ള അറിയിപ്പും ലഭിച്ചു. അത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കാണ് വഴിയൊരുക്കുന്നത്. ട്രാൻസിന് മാത്രമല്ല, കുടുംബശ്രീ വനിതാ തൊഴിലാളികൾക്കും പണത്തിന്റെ കാര്യത്തിൽ ഇതേ അവസ്ഥയാണുള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും സഹിക്കുന്നുണ്ട്. ഇനിയുമത് വർധിച്ചാൽ എങ്ങനെയാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നത്?”

കാര്‍ത്തിക

കെഎംആര്‍എല്ലിലെ കുടുംബശ്രീ ലേഡി സ്റ്റാഫിലൊരാൾ പ്രതികരിക്കുന്നതിങ്ങനെ; “389 രൂപയാണ് നിലവിലെ ദിവസ വേതനം. അതിൽ നാലു ദിവസത്തെ ഓഫ് സാലറി ലഭിക്കാതിരിക്കുക എന്നത് ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഞങ്ങൾക്ക് വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്. ഇതിനൊപ്പം പിഎഫ്, ഇഎസ്ഐ എന്നതിന്റെ പേരിൽ ശമ്പളത്തിൽ നിന്നും പിടിക്കുന്ന പണത്തിന്റെ കാര്യത്തിൽ കെഎംആർഎല്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ട്രാൻസ് സ്റ്റാഫുകളുടെ പ്രതികരണം വഴിയാണ് പലകാര്യങ്ങളിലും അർഹിക്കുന്ന നീതി ഉറപ്പുവരുത്താൻ ഞങ്ങൾക്ക് സാധിച്ചത്. പക്ഷേ, ഇത്തരം സാമ്പത്തിക പ്രയാസങ്ങൾക്ക് മുൻപിൽ എല്ലാവരും നിസ്സഹായരാണ്.

പണത്തിന്റെ ബുദ്ധിമുട്ടുകൾക്ക് പുറമെ, കെഎംആർഎല്‍ നിഷ്കർഷിക്കുന്ന ഒരു നിരീക്ഷണ വലയത്തിനകത്ത് നിർബന്ധിത ജോലി ചെയ്യേണ്ടി വരുന്ന ഒരവസ്ഥയാണുള്ളത്. പത്തോ പതിനഞ്ചോ മിനുട്ടിൽ കൂടുതൽ സമയമാണ് ഭക്ഷണം കഴിക്കാൻ ഓരോ സ്റ്റാഫിനും അനുവദിച്ചു നല്കുന്നത്. മൂത്രമൊഴിക്കാൻ ടോയ്ലറ്റിൽ പോകണമെങ്കിൽ മുകളിലിരിക്കുന്ന ഓഫീസർമാരെ വിളിച്ച് അനുവാദം ചോദിക്കേണ്ടതുണ്ട്. ആർത്തവ ദിവസങ്ങളിൽ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പോലും ഓഫീസർമാരോട് പറയേണ്ട അവസ്ഥയാണ്. ഇതെല്ലാം സ്ത്രീകൾക്ക് മാനസികമായി പല ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. മണിക്കൂറുകൾ തുടർച്ചയായി ഇരിക്കേണ്ടിയും നിൽക്കേണ്ടിയും വരുന്ന അവസ്ഥയാണ് ഓരോ ഷെഡ്യൂളിലുമുള്ളത്. ജോലി സമയത്തിനിടയ്ക്ക് മൊബൈൽ ഫോൺ നോക്കുകയോ, എന്തിനേറെ പത്രമെടുത്ത് വായിക്കാൻ പോലും അനുവാദമില്ല. എല്ലാം ക്യാമറ നിരീക്ഷണത്തിലായതിനാൽ ഓഫീസർമാരുടെ അനുവാദമില്ലാതെ വെള്ളം കുടിക്കാൻ പോലും പറ്റാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഉയർന്ന വിദ്യാഭ്യാസമുള്ളവരും ചെറുപ്പക്കാരുമാണ് ഭൂരിപക്ഷം വരുന്ന തൊഴിലാളികളും. മറ്റു ജോലികളിൽ നിന്നും രാജിവെച്ചു വന്നവർ പോലും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. കൊച്ചി മെട്രോയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള അഭിമാനമാണ് ഇത്രയേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരുന്നെങ്കിലും ഞങ്ങളെ പിടിച്ചുനിർത്തുന്നത്.

തൊഴിലാളികളുടെ ശമ്പളക്കുറവിനെക്കുറിച്ച് ഫെസിലിറ്റി മാനേജ്മെന്റ് സെന്റർ മേലധികാരി ദിൽരാജ് വിശദീകരിക്കുന്നതിപ്രകാരം; “ട്രാൻസിനും ലേഡി സ്റ്റാഫിനുമുൾപ്പെടെയുള്ള തൊഴിലാളികൾക്ക് ഉള്ള ഓഫ് സാലറി കെഎംആർഎല്‍ ഇതുവരെ കുടുംബശ്രീക്ക് അനുവദിച്ചു തന്നിട്ടില്ല. ആയതിനാൽ തന്നെ, സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലുമാസത്തെ ഓഫ് സാലറി കുടുംബശ്രീ ഫണ്ടിൽ നിന്നുമാണ് ഞങ്ങൾ തൊഴിലാളികൾക്ക് നൽകിയത്. 35 ലക്ഷം രൂപയുടെ ബാധ്യത ആണെങ്കിലും കെഎംആർഎല്‍ ആ തുക ഇതുവരെ കുടുംബശ്രീക്ക് തന്നിട്ടില്ല. വീണ്ടും ഓഫ് സാലറി നൽകാൻ ഫണ്ടില്ലാത്തതിനാലാണ് ജനുവരി മുതൽ അത് കട്ട് ചെയ്യേണ്ടി വന്നത്. തൊഴിലാളികളെ മുൻകൂട്ടി അറിയിച്ചത് പ്രകാരമാണ് അത് നടപ്പിലാക്കിയത്. സമ്പത്തിക പരാധീനതകൾ നിരവധിയുള്ളവരാണ് തൊഴിലാളികളെന്ന് കുടുംബശ്രീ മനസ്സിലാക്കുന്നു. കെഎംആർ പണം തരുന്ന പക്ഷം ഓഫ് സാലറി അനുവദിച്ചു നൽകാൻ ഞങ്ങൾ തയ്യാറാണ്.”

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍