UPDATES

ശ്രീനാരായണ ഗുരുവിനെയും സ്വാമി ജോൺ ധർമ്മതീർത്ഥയേയും അമിത് ഷായ്ക്ക് മനസിലാകില്ല!

ശ്രീനാരായണ ഗുരുവിനെ ഒരു ആദർശ ഹിന്ദു സന്ന്യാസിയായി ചിത്രീകരിക്കാനുള്ള സംഘപരിവാർ ഗൂഡാലോചനക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്

ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുദേവ മഹാസമാധി നവതി മണ്ഡല പൂജാ സമ്മേളനത്തില്‍ അമിത് ഷാ ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞ ചരിത്ര വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പ്രസ്ഥാവനകൾ പിൻവലിച്ച് കേരള സമൂഹത്തോടും ശ്രീനാരായണീയരോടും മാപ്പു പറയാൻ അമിത് ഷായും ബി ജെ പിയും തയ്യാറാകണം. സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ഒരു സമൂഹത്തിൽ ജനിച്ച വ്യക്തിയായിട്ടുകൂടി ശ്രീനാരയണ ഗുരു മതപരിവർത്തനത്തിന് എതിരെ ശക്തമായ സന്ദേശമാണ് നല്കിയതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഹിന്ദു സംസ്കാരത്തെയും നാട്ടിലെ പരമ്പരാഗതമായ വിശ്വാസങ്ങളെയും ഭാഷയെയും സാഹിത്യത്തെയും പുനരജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണ ഗുരു നേതൃത്വം നല്കിയെന്നും ആ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്ന് ഹിന്ദുസമൂഹം സുരക്ഷിതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി തുടരുന്നു.

കൊല്ലവർഷം 1101 കന്നി 23 ന് (1925) കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച, സി വി കുഞ്ഞിരാമൻ ഗുരുവുമായി നടത്തിയ അഭിമുഖം പരിശോധിച്ചാൽ മതം മാറ്റത്തെപ്പറ്റി ശ്രീനാരായണ ഗുരു എന്താണ് പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാകും.

ഗുരു തന്റെ നിലപാട് അർത്ഥശങ്കക്കിടയില്ലാത്ത വിധം അതിൽ വ്യക്തമാക്കുന്നുണ്ട്:
“ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളാൽ അറിയപ്പെടുന്ന മതങ്ങളിൽ ചേർന്നിരിക്കുന്നവരിൽ ഒരാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെന്നു വന്നാൽ അയാൾ ആ മതം മാറുക തന്നെയാണ് വേണ്ടത്. വിശ്വാസമില്ലാതെ മതത്തിലിരിക്കുന്നത് ഭീരുതയും കപടവുമാണ്. അവൻ മതം മാറുന്നത് അവനും നന്നാണ്; അവനു വിശ്വാസമില്ലാത്ത മതത്തിനും നന്നാണ്. ഒരു മതത്തിനും ആ മതത്തിൽ അവിശ്വാസികളുടെ സംഖ്യ വർദ്ധിക്കുന്നതു ശ്രേയസ്ക്കരമല്ലല്ലോ” എന്നാണ് മതപരിവർത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗുരു മറുപടി പറഞ്ഞത്. “ഹിന്ദു മതം എന്ന് ഒരു മതമേയല്ലല്ലോ” എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിനെ മതംമാറ്റ വിരോധിയും ഹിന്ദു രക്ഷകനും ആക്കാനുള്ള അമിത് ഷായുടെ നുണ പ്രസംഗം ഗുരുവിന്റെ പ്രവർത്തനങ്ങളെ പരിഹസിക്കുന്നതും ചരിത്രത്തിന്റെ നിഷേധവുമാണ്.

മതത്തെക്കുറിച്ചും മതപരിവർത്തനത്തെക്കുറിച്ചും ഗുരു മുന്നോട്ടുവച്ച അടിസ്ഥാന നിലപാടുകൾ അദ്ദേഹത്തിന്റെ ശിഷ്യരിലൂടെ തുടർന്നിട്ടുമുണ്ട്. സ്വാമി ധർമ്മതീർത്ഥയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഗുരു ജീവിച്ചിരിക്കുന്ന കാലത്ത് ശിവഗിരി മഠത്തിന്റെ മുഖപത്രമായിരുന്ന ‘ധർമ്മം’ മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. ഗുരുവായൂർ സ്വദേശിയായിരുന്ന അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ പേര് പരമേശ്വര മേനോൻ BA,LLB. ശ്രീനാരായണ ഗുരുദേവമാഹാത്മ്യം, ശ്രീനാരായണ ഗുരുദേവൻ സമാധാന പ്രവാചകൻ, ശ്രീനാരായണ ഗുരുദേവന്റെ തിരുവചനങ്ങൾ, ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം തുടങ്ങി അനവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയായിരുന്നു ധർമ്മതീർത്ഥ. ശ്രീനാരായണ ഗുരു സന്യാസി സംഘമായ ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചപ്പോൾ അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി നിയോഗിച്ചത് പ്രിയപ്പെട്ട ശിഷ്യനായ ധർമ്മതീർത്ഥ സ്വാമിയെയായിരുന്നു.

ശ്രീനാരായണ ദർശനത്തിന്റെ ചരിത്രത്തിൽ നിർണ്ണായമായ സ്ഥാനമുള്ള ധർമ്മതീർത്ഥ സ്വാമികൾ ഗുരു നൽകിയ ദീക്ഷാനാമവും കാഷായ വസ്ത്രവും നിലനിർത്തിക്കൊണ്ടു തന്നെ ക്രിസ്തുമതം സ്വീകരിച്ചു. അന്നു മുതൽ പേര് സ്വാമി ജോൺ ധർമ്മതീർത്ഥ എന്നാക്കി മാറ്റുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച ശേഷം അദ്ദേഹമെഴുതിയ കൃതിയാണ് ‘ശ്രീനാരായണ ഗുരുദേവൻ സമാധാനത്തിന്റെ പ്രവാചകൻ’ എന്നത്. മതം മാറിയ ശേഷം കൊല്ലം പട്ടത്താനത്തുള്ള CSI പള്ളിയിലായിരുന്നു സ്വാമി ജോൺ ധർമ്മതീർത്ഥ താമസിച്ചിരുന്നത്. അവിടെ നിന്ന് എല്ലാ മാസവും ചതയദിനത്തിൽ ശിവഗിരിയിലെ ശ്രീനാരായണ സമാധിയിലും ചെമ്പഴന്തിയിലുമെത്തി തൊഴുതുമടങ്ങുന്ന ജോൺ ധർമ്മതീർത്ഥരെ കുറിച്ച് ശിവഗിരിയിലെ സന്യാസിമാർ എഴുതിയിട്ടുണ്ട്. 1976 ജൂലൈ 18 ന് അദ്ദേഹം അന്തരിച്ചു. തിരുവനന്തപുരത്തെ സി എസ് ഐ ചർച്ചിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.

തന്നെ ശിവഗിരിയിലെ ശ്രീനാരായണ സമാധി മന്ദിരത്തിലേക്ക് ക്ഷണിച്ച സന്ന്യാസി സംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയുടെ സമാധി സ്ഥാനം ഒരു ക്രിസ്ത്യൻ പള്ളിയിലാണെന്ന് കേട്ടാൽ ഒരു പക്ഷേ അമിത് ഷായ്ക്ക് ഹൃദയാഘാതം സംഭവിച്ചേക്കാം. ശ്രീനാരായണ ഗുരുവിന്റെ ആത്മീയതയും ദാർശനികതയുമൊന്നും മനസിലാക്കാൻ ഒരു മൃദു സംഘപരിവാറുകാരന് പോലും കഴിയില്ലെന്നിരിക്കെ ഉൻമൂലനസിദ്ധാന്തത്തിന്റെ മൊത്തവ്യാപാരിയുടെ കാര്യം പറയേണ്ടതില്ലല്ലോ?

ശ്രീനാരായണ ഗുരുവിനെ ഒരു ആദർശ ഹിന്ദു സന്ന്യാസിയായി ചിത്രീകരിക്കാനുള്ള സംഘപരിവാർ ഗൂഡാലോചനക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അതിനു വേണ്ടി ഗുരുവിന്റെ ജീവചരിത്രം പോലും മാറ്റിയെഴുതിയ താത്വികാചാര്യൻമാരും അവർക്കുണ്ടായിട്ടുണ്ട്. അത്തരം പരിശ്രമങ്ങൾ ഇപ്പോൾ എല്ലാ സീമകളും ലംഘിച്ചിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലത്ത് നിന്ന് ഗുരുവിനെ പറ്റിയും അദ്ദേഹത്തിന്റെ ദർശനത്തെ പറ്റിയും തെറ്റിദ്ധാരണാജനകമായ പ്രചരണം നടത്താനുള്ള അവസരവും ധൈര്യവും സംഘപരിവാറിന് ലഭിച്ചിരിക്കുന്നു എന്നത് പുരോഗമന കേരളത്തെ അസ്വസ്ഥരാക്കേണ്ടതാണ്. ഒരു വിയോജന വരി പോലുമില്ലാതെ മാതൃഭൂമി അത് പ്രചരിപ്പിക്കുന്നു എന്നതും ആശങ്കയോടെ കാണേണ്ടതുണ്ട്.
“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്നു പറഞ്ഞ “പല മത സാരവുമേക”മെന്നെഴുതിയ “നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല” എന്ന് 1916 ൽ വിളംബരം ചെയ്ത ശ്രീനാരായണ ഗുരു എന്ന നവോത്ഥാന നായകനെ അമിത് ഷായ്ക്ക് മനസിലാകണമെന്നില്ല. പക്ഷേ ഒരു ചരിത്ര പുരുഷനെപ്പറ്റി പൊതു വേദിയിൽ പറഞ്ഞ സത്യവിരുദ്ധവുമായ പരാമർശങ്ങൾക്ക് മാപ്പു പറയാനും പ്രസ്താവന പിൻവലിക്കാനുമുള്ള ധാർമ്മികമായ ബാധ്യത അമിത് ഷായ്ക്കുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

ഗുരുവിനെ കെട്ടരുത്; നിങ്ങളുടെ സങ്കുചിതത്വത്തിന്‍റെ കുറ്റിയില്‍

ശ്രീനാരായണ ഗുരു ഹിന്ദു ധര്‍മത്തെ നവീകരിച്ച സന്യാസിയാണെന്നു ബിജെപി

നാരായണ ഗുരുവിനെ കാവി ഉടുപ്പിക്കുമ്പോള്‍

നാരായണ ഗുരു ഹിന്ദുവല്ല എന്നു പറയുന്നവര്‍ നൂറു വര്‍ഷം കഴിഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നില്ലെന്നും പറഞ്ഞേക്കാം

അമല്‍ സി. രാജന്‍

അമല്‍ സി. രാജന്‍

ഗവേഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍