UPDATES

ട്രെന്‍ഡിങ്ങ്

മൌനം തുടരുന്ന ഇവര്‍ ഇടതുപക്ഷത്തിന് ബാധ്യത

ഇടതുപക്ഷം എന്ന ലേബൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദ സ്വതന്ത്രരെ ബോധ്യപ്പെടുത്താനാകണം. കാരണം കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത് വ്യക്തികളെ മാത്രം ആശ്രയിച്ചല്ല.

ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് സംഘടന. തൊഴിലാളി സംഘടന ആയാലും സമുദായിക സംഘടന ആയാലും സാംസ്കാരിക സംഘടന ആയാലും ലക്ഷ്യം ഇതൊക്കെ തന്നെ. അമ്മ എന്ന താര സംഘടന പക്ഷെ ഈ വിഭാഗത്തിൽ പെടില്ല. തിലകൻ, ശ്രീനാഥ്‌ മുതൽ ഒരു വർഷം മുൻപ് ആക്രമിക്കപ്പെട്ട നടിയുടെ വിഷയത്തിൽ വരെ ഇത് വെളിവായതാണ്. നടിയെ ആക്രമിച്ച കേസിൽ പ്രതിയും, കുറ്റാരോപിതനും, ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത നടനെ സംഘടനയിൽ തിരിച്ചെടുത്തതിലൂടെ സ്ത്രീകള്‍ക്ക് ഇവിടം സ്വര്‍ഗമല്ലെന്നു പ്രഖ്യാപിക്കുകയാണ് അവര്‍.

സ്ത്രീ-ദളിത്-ന്യൂനപക്ഷ വിരുദ്ധ സിനിമകൾ തെരഞ്ഞെടുത്തു അഭിനയിക്കുന്ന, ഫ്യുഡൽ തമ്പുരാൻ കഥാപാത്രങ്ങളുടെ കടുത്ത ആരാധകൻ ആയ സൂപ്പർ സ്റ്റാർ പ്രസിഡന്റ് ആയിരിക്കുന്ന ഒരു സംഘടനയിൽ നിന്ന് ജനാധിപത്യപരമായ ധാർമികത പ്രതീക്ഷിക്കുന്നത് അത്യാഗ്രഹം ആണ്. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു നാല് പെണ്ണുങ്ങൾ പുറത്തു വന്നിട്ട് മണിക്കൂറുകൾ ആകുന്നു. ഇനിയും ഒരു പുരുഷ പ്രജ പോലും നാവനക്കിയിട്ടില്ല. രാഷ്ട്രീയ കേരളത്തിന് അതിൽ നിരാശയും ഇല്ല. എന്നാൽ ഈ സംഘടനയിൽ ഇപ്പോഴും തുടരുന്ന ജനപ്രതിനിധികളും ഇടതുപക്ഷ അനുഭാവികളുമായ നടന്മാരുടെ മൗനം കുറ്റകരമാണെന്ന് പറയാതെ വയ്യ.

കൊല്ലം എം. എൽ. എ യും നടനുമായ മുകേഷ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളിലായിരുന്ന, മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങള്‍ സംഭാവന ചെയ്ത ഒ മാധവന്റെ മകനാണ്. നാടകത്തിന് ജനാധിപത്യത്തിന്റെ സ്വരം നൽകിയ, ചൂഷകർക്കു വേണ്ടി ശബ്ദമുയർത്താൻ നാടകം എന്ന കലാരൂപത്തെ സർഗാത്മകമായി ഉപയോഗിച്ച ഒരച്ഛന്റെ മകന് ഇത് പോലെ ഒരു സംഘത്തിൽ നിശബ്ദനായി എങ്ങനെ തുടരാൻ കഴിയുന്നു?! ഒ മാധവന്റെ ഓർമഛായകൾ എന്ന ആത്മകഥ മുകേഷ് ഒരു തവണ കൂടി മനസ്സിരുത്തി വായിക്കണം. മുകേഷ് കഥകൾ പോലെ തമാശകളും, ഫലിത ബിന്ദുക്കളും, നൊസ്റ്റാള്ജിയയും നിറച്ച ഒരു ആത്മരതി ഐറ്റം അല്ല ഓർമഛായകൾ. നാടകം എന്ന കലയെ ജനകീയമാക്കാൻ അനുഭവിച്ച ത്യാഗങ്ങളുടെ കണ്ണുനീരും ഇടതുപക്ഷ അനുഭാവി എന്ന നിലയിലുള്ള രാഷ്ട്രീയ ബോധ്യവും നിറഞ്ഞു നിൽക്കുന്ന ഒരു പുസ്തകം.

ചാലക്കുടിയിലെ ജനങ്ങൾ ഇന്നസെന്റിന്റെ എം പിയായി തെരഞ്ഞെടുത്തത് മണിച്ചിത്രത്താഴിലെ പെർഫോമൻസ് കണ്ടിട്ടോ, അമ്മയുടെ പ്രസിഡന്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടോ അല്ല മറിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സന്തത സഹചാരി,  മൂല്യമുള്ള, സത്യസന്ധതയുള്ള ഒരു കലാകാരൻ എന്ന നിലയിലാണ്. ഒരു ക്രിമിനലിനെ സംരക്ഷിച്ചു പകരം പീഡിപ്പിക്കപ്പെട്ട ഒരു നടിയെ ഒറ്റപ്പെടുത്തുന്നതിനു പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ മിനിമം താങ്കൾക്കു വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങൾക്കെങ്കിലും അവകാശം ഉണ്ട്. ജനപ്രതിനിധി ആയാൽ പോലും, രാഷ്ട്രീയ ബോധം ഉണ്ടാവണം എന്ന് നിർബന്ധം ഇല്ല ഇതിലും ബോധം കുറഞ്ഞവർ രാജ്യത്തിൻറെ പല ദിക്കിലും അതിലും വലിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. പക്ഷെ ഒരു മാരക രോഗത്തെ അതിജീവിച്ചു പൊതു പ്രവർത്തനം നടത്തുന്ന മനുഷ്യൻ എന്ന നിലയിൽ കരുണ, ദയ, സഹനം തുടങ്ങിയ വാക്കുകൾ എങ്കിലും ഇടക്ക് ഓർക്കുന്നത് നല്ലതാണ്.

“സമരത്തിന്റെ നാടകരൂപവും നാടകത്തിന്റെ സമരരൂപവുമായി മാറിയ ചുവന്നചരിത്രത്തിലെ നായികയാണ് കെ പി എ സി ലളിത.” (ശ്രീചിത്രന്റെ വരികൾ ) ആക്രമിക്കപ്പെട്ട നടിയെ ആശ്വസിപ്പിക്കാൻ മെനക്കെടാതെ പ്രതി എന്നാരോപിക്കപ്പെട്ട മനുഷ്യനെ ജയിലിൽ പോയി സന്ദർശിക്കാൻ മടിയില്ലാത്ത ദിവസം തകർന്നാണ് ആ വിഗ്രഹം. അമ്മയുടെ യോഗത്തിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാത്തത് കൊണ്ട് ലളിതയുടെ മൗനവും അലോസരപ്പെടുത്തുന്നില്ല. സിനിമയിലും, ജീവിതത്തിലും വില്ലൻ വേഷം അണിഞ്ഞു നടക്കുന്ന ഏതു സർക്കാർ ആയാലും ഒരു എം എൽ എ പോസ്റ്റ് ഒപ്പിക്കുന്ന ഗണേഷ് കുമാർ അമ്മയിൽ തുടരേണ്ട വ്യക്തിയാണ്, നിങ്ങൾക്കതിനു എല്ലാ യോഗ്യതയും ഉണ്ട്.

വ്യക്തികളോട് കലഹിക്കുന്നതിൽ പരിമിതികൾ ഉണ്ട്. വ്യക്തികൾ ഇവിടെ പ്രസക്തമല്ല. പ്രതിസ്ഥാനത്ത് ഒരു സംഘടനയാണ്. അതുകൊണ്ട് തന്നെ മുകേഷും, ഇന്നസെന്റും, ഗണേഷ് കുമാറും എല്ലാം വ്യക്തിപരമായി മറുപടി പറയേണ്ടി വരില്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പക്ഷെ ഇവിടെ കൃത്യമായ ചില റോളുകൾ ഉണ്ട്. പൊളിറ്റിക്കൽ സെൻസിറ്റിവിറ്റി, വുമൺ എംപവർമെൻറ്, ലെവൽ ഓഫ് ഇന്റലിജൻസ്, മീ ടൂ ക്യാമ്പയിൻ, ഇവയെല്ലാം ഇടതുപക്ഷത്തിന് മനസ്സിലാകുന്ന കാര്യങ്ങളാണ്. പാരമ്പര്യത്തിന്റെ അസ്കിത പരിശോധിക്കാതെ, ഇൻഡസ്ട്രിയിൽ താരങ്ങൾക്കുള്ള ഗ്ലാമർ പരിഗണിക്കാതെ മരുന്നിനെങ്കിലും രാഷ്ട്രീയ ബോധം ഉള്ളവരെ സ്വതന്ത്ര സ്ഥാനാർഥി ആയി തെരഞ്ഞെടുക്കാൻ ശ്രമിക്കുന്നത് ഇത് പോലുള്ള വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ ഗുണം ചെയ്യും. സിനിമ താരങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം നിയമസഭ നിഷിദ്ധമല്ല. പക്ഷെ ഇടതുപക്ഷം എന്ന ലേബൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദ സ്വതന്ത്രരെ ബോധ്യപ്പെടുത്താനാകണം. കാരണം കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത് വ്യക്തികളെ മാത്രം ആശ്രയിച്ചല്ല.

അമ്മയിലെ അംഗങ്ങളായ ഇടതുപക്ഷ സ്വതന്ത്ര ജനപ്രതിനിധികളോട് സർക്കാർ ഉടൻ വിശദീകരണം ആവശ്യപ്പെടണം, വിഷയത്തിന്റെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തണം. ലെനിനെയോ മാര്‍ക്സിനെയോ ഉദ്ധരിച്ച് സമയം മെനക്കെടുത്തരുത്, അത്തരം ചിന്തകൾ ഉൾക്കൊള്ളാൻ ഉള്ള ശേഷി അവർക്കുണ്ടോ എന്ന് സംശയമാണ്.

ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച അമ്മയുടെ നടപടി കേരള സമൂഹത്തോടുള്ള വെല്ലുവിളി: എംഎ ബേബി

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

എല്ലാ കണ്ണുകളും മഞ്ജുവിലേക്ക്; നടിമാരുടെ രാജി തീരുമാനം ചര്‍ച്ചകള്‍ക്കു ശേഷം, കൂടുതല്‍ നടപടി പിന്നീട്

‘അവള്‍ക്കൊപ്പം’ ഞങ്ങള്‍ക്ക് വെറുമൊരു ഹാഷ്ടാഗ് അല്ല, അവളെ ചേര്‍ത്ത് നിര്‍ത്തല്‍ തന്നെയാണ്-സംവിധായിക വിധു വിന്‍സെന്റ്

പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു

ബിജോയ്‌ ബാബു

ബിജോയ്‌ ബാബു

ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍