UPDATES

‘അമ്മ’യിലെ കുഞ്ഞുങ്ങള്‍; ഡോ. ഭാനുമതി പഠിപ്പിക്കുന്നത്

18 വയസ്സ് തികയാത്ത കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സംവിധാനത്തില്‍ എയ്ഡഡ് ആക്കാന്‍ സാധിക്കൂ എന്ന നിയമം ഇന്നും ഇവര്‍ക്ക് തിരിച്ചടിയാണ്

മറ്റുള്ളവരുടെ ജീവിതം നോക്കി നെടുവീര്‍പ്പിടുമ്പോള്‍ നാം കാണാതെ പോകുന്ന ചില വേദനകളുണ്ട്. എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍. നിഷ്‌കളങ്കമായ ചിരിയില്‍ വേദന ഒളിപ്പിച്ചവര്‍. അത്തരത്തിലുള്ള നിരവധി ജീവിതങ്ങള്‍ വല്ലാത്തൊരു കാഴ്ച്ചയായി ഇന്നും പലയിടങ്ങളിലുണ്ട്. സാധാരണ മാനുഷിക വികാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് അവരുടെ ചിന്തയും പ്രവൃത്തിയും രീതികളുമെങ്കിലും അവരെ കാണാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ന് അവരുടെ ദിനമാണ്. കണ്ണുകള്‍ തുറന്ന് നമ്മള്‍ അവരെ കാണേണ്ട ദിവസം.

മാനസികമായ വൈകല്യം, ഓട്ടിസം ഇവയെല്ലാം മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒന്നാണ്. ഒരുപാട് ചിന്തകളൊന്നും അലട്ടാതെ ഓടിച്ചാടി നടക്കേണ്ട പ്രായത്തിലുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ മാനസിക വൈകല്യം മൂലം ജീവിത മാധുര്യം നഷ്ടമാകുന്ന ഒരുപാട് പേരുണ്ട് നമുക്കിടയില്‍. അവര്‍ക്കെല്ലാം കൃത്യമായ സംരക്ഷണം ആവശ്യമാണ്. അത്തരത്തിലുള്ളവരെ പരിചരിക്കുന്ന ഒരു സ്ഥാപനമാണ് തൃശൂര്‍ കാര്യാട്ടുകരയിലുള്ള അമ്മ (Association For Mentally Handicapped Adults). മാനസിക വൈകല്യമുള്ള അന്‍പത് പേര്‍ ഇവിടെ ഭാനുമതി എന്ന റിട്ടയേര്‍ഡ് അധ്യാപികയുടെ തണലില്‍ സുരക്ഷിതരായി കഴിയുന്നു. അനാഥരായ 10 കുട്ടികളെക്കൂടാതെ രണ്ട് പേര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മറ്റ് രണ്ട് പേര്‍ കര്‍ണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇനിയുള്ളവര്‍ നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നും വന്നവരാണ്.

രക്ഷിതാക്കള്‍ ഉള്ളവര്‍ മാസത്തില്‍ ഒരു തവണ സ്വന്തം മക്കളെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തണം എന്നൊരു നിര്‍ബന്ധം ഇവിടെയുണ്ട്. അതിനുള്ള കാരണവും ഡോ.പി ഭാനുമതി പറയുന്നു. ‘കുടുംബവുമായി അവര്‍ക്ക് നല്ല ബന്ധം അനിവാര്യമാണ്. കുട്ടികളുടെ വികാരങ്ങള്‍ കൂടി നമ്മള്‍ പരിഗണിക്കണം. അത് തള്ളിക്കളയരുത്‘. ഇക്കാരണത്താല്‍ എല്ലാ മാസത്തിലെയും രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ ചില കുട്ടികള്‍ സ്വന്തം അച്ഛനമ്മമാരുടെ അടുത്തേക്ക് പോകും. രണ്ട് ദിവസത്തെ കളിചിരികള്‍ കഴിഞ്ഞ് തിങ്കളാഴ്ച്ച രാവിലെയാണ് അവര്‍ മടങ്ങിയെത്തുക. അമ്മയിലെ ചില കുട്ടികള്‍ മാത്രമേ സ്വന്തം രക്ഷിതാക്കള്‍ എന്ന വികാരം മനസ്സിലാക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുള്ളൂ എന്നും ഡോക്ടര്‍ പറയുന്നു.

"</p

ഡോക്ടര്‍ ഭാനുമതി

ഡോക്ടര്‍ ഭാനുമതിയുടെ ആഗ്രഹവും അതിന്റെ പൂര്‍ത്തീകരണവും ആണ് അമ്മ. ചെറുപ്പം മുതലേ മനസ്സില്‍ കുറിച്ചത്. തന്റെ മൂന്ന് സഹോദരങ്ങള്‍ മാനസികമായി വൈകല്യം ഉള്ളവരാണെന്ന് അറിയുമ്പോഴും അവരുടെ കൂടെക്കഴിഞ്ഞ ബാല്യം. അതാണ് അമ്മയുടെ പിറവിയ്ക്ക് പിന്നില്‍. 1996 ഒക്ടോബര്‍ രണ്ടിനാരംഭിച്ച അമ്മ എന്ന സ്ഥാപനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാറിന്റെ യാതൊരു സഹായവും ഇല്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഡോ. ഭാനുമതി. സര്‍ക്കാര്‍ സംവിധാനത്തിലെ ഒരു പാകപ്പിഴയാണ് ഈ അമ്മയ്ക്കും കുട്ടികള്‍ക്കും വിനയായത്.

18 വയസ്സ് തികയാത്ത കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സംവിധാനത്തില്‍ എയ്ഡഡ് ആക്കാന്‍ സാധിക്കൂ എന്ന നിയമം ഇന്നും ഇവര്‍ക്ക് തിരിച്ചടിയാണ്. അമ്മയില്‍ താമസിക്കുന്ന 50 പേരും 18 വയസ്സ് കഴിഞ്ഞവരാണ്. സര്‍ക്കാര്‍ സഹായം പറ്റാന്‍ വേണ്ടി മാത്രം പല അഭയ കേന്ദ്രങ്ങളും 18 കഴിയുന്ന കുട്ടികളെ പറഞ്ഞു വിടുന്നതാണ് ഇന്നത്തെ ട്രെന്‍ഡെന്നും ടീച്ചര്‍ ആശങ്കയോടെ പറയുന്നു. സര്‍ക്കാര്‍ സഹായമില്ലെങ്കിലും സ്വന്തം വരുമാനവും അനേകം മനുഷ്യ സ്‌നേഹികളുടെ സഹായവുമാണ് ഇന്നും ‘അമ്മ’യുടെ ജീവന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീണ്ടും നിവേദനം നല്‍കിയിരിക്കുകയാണ് ഡോ. ഭാനുമതി. 18 കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത് എന്നതിനാല്‍ അത്തരം കുട്ടികള്‍ പാര്‍ക്കുന്ന കേന്ദ്രങ്ങള്‍ എയ്ഡഡ് വ്യവസ്ഥയിലേക്ക് നിര്‍ബന്ധമായും കൊണ്ടുവരണമെന്നും ടീച്ചര്‍ പറയുന്നു.

അമ്മയിലെ കുട്ടികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. അതേ സമയം ഒരു ടീച്ചറുടെ ചിട്ടവട്ടവും. ഒരു കുട്ടി എത്ര സമയം കൊണ്ട് ഡെവലപ് ചെയ്യുമെന്ന് പറയാന്‍ കഴിയില്ലെന്നും ടീച്ചര്‍ പറയുന്നു. “ചിലര്‍ക്ക് നല്ല സമയം എടുക്കും. ഭക്ഷണം കഴിപ്പിക്കാന്‍ പഠിപ്പിക്കാന്‍ മാത്രം ഒരു മാസത്തോളം സമയം വേണം. ഓട്ടിസം പോലെ അസുഖം ഉള്ളവരെ കഠിനമായ ട്രെയിനിംഗിലൂടെ മാത്രമെ മെച്ചപ്പെടുത്തി കൊണ്ടുവരാന്‍ സാധിക്കൂ. പലര്‍ക്കും ഫിക്‌സ് ഉണ്ടാകാം. വിഴാതെ നോക്കണം. മരുന്ന് കൃത്യമായി സമയത്ത് കൊടുക്കണം. ഇതൊക്കെ ഏറെ ശ്രദ്ധിക്കേണ്ട ജോലിയാണ്.

"</p

സാധാരണ മനുഷ്യര്‍ക്ക് വരുന്ന എല്ലാ അസുഖവും ഇവര്‍ക്കും വരും. പക്ഷെ പറയാന്‍ അറിയില്ല. പക്ഷെ കാലങ്ങളായി പരിചരിക്കുന്നതിനാല്‍ ഇതെല്ലാം കണ്ടു പിടിക്കാന്‍ സാധിക്കും. അസുഖം ഏതെങ്കിലും പ്രകടനങ്ങളിലൂടെയായിരിക്കും കുട്ടികള്‍ പറയുക. ചെറിയ മാറ്റം പോലും മനസ്സിലാക്കണം. ശരീരം പരിശോധിച്ചാണ് ചില അസുഖങ്ങള്‍ തിരിച്ചറിയുക. വളരെ കുറച്ചു പേര്‍ക്കേ അസുഖത്തെ കുറിച്ച് പറയാന്‍ കഴിയൂ.

കുട്ടികളെ പരിശോധിക്കാന്‍ മാസത്തില്‍ ഒരു ദിവസം ഡോക്ടര്‍, സൈക്യാട്രിസ്റ്റ് എന്നിവരുടെ സന്ദര്‍ശനം ഉണ്ട്. നാടകം, യോഗ തുടങ്ങി എല്ലാ പരിപാടികളിലും കുട്ടികള്‍ സജീവമാണ്. കൊല്ലത്തില്‍ ഒരു നാടകം കളിക്കും. ഇതുവരെ ആറ് നാടകങ്ങള്‍ പൂര്‍ത്തിയാക്കി. ലാംഗ്വേജ് സ്‌കില്‍, കമ്മ്യൂണിക്കേഷന്‍, സെല്‍ഫ് കോണ്‍ഫിഡന്‍സ് എന്നിവ വര്‍ദ്ധിപ്പിക്കുവാനാണ് കലാപ്രകടനങ്ങള്‍. നാടക ഡയലോഗുകള്‍ പഠിക്കുന്നത് 3 മാസം വരെ സമയം എടുത്താണ്. വിശന്നാല്‍ പറയാന്‍ കൃത്യമായി പലര്‍ക്കും അറിയില്ല. ചിട്ടയായ സമയം വെച്ച് ഭക്ഷണം വിളമ്പുകയാണ് ചെയ്യുന്നത്”; ടീച്ചര്‍ പറഞ്ഞു.

ക്യാന്‍സര്‍ ബയോ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് എടുത്ത പി. ഭാനുമതി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ സുവോളജി അധ്യാപികയായിരുന്നു. പട്ടാമ്പിയാണ് സ്വദേശം.

മധു രാധാകൃഷ്ണന്‍

മധു രാധാകൃഷ്ണന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍