UPDATES

ഓഫ് ബീറ്റ്

പ്രണയിന്റെ കൊലയ്ക്ക് പിന്നില്‍ ടിആര്‍എസ് എംഎല്‍യുമെന്ന് ഭാര്യ അമൃത

ടിആര്‍എസ് നേതാവ് തന്റെ പിതാവിനെ കൊലപാതകത്തില്‍ സഹായിച്ചതായാണ് അമൃത പറയുന്നത്.

ജാതിയേതര വിവാഹത്തെ തുടര്‍ന്ന് തെലങ്കാനയില്‍ പ്രണയ് എന്ന യുവാവിനെ ഭാര്യ അമൃതയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില് വലിയ പ്രതിഷേധമുയരുന്നതിനിടയില്‍ ഭരണകക്ഷിയായ ടിആര്‍എസിന്റെ എംഎല്‍എയ്ക്ക് കൊലപാതകത്തില്‍ പങ്കെന്ന് ആരോപണം. നക്രേക്കല്‍ എംഎല്‍എ വീരേശത്തിനെതിരെയാണ് പ്രണയ് പെരുമല്ലയുടെ ഭാര്യ അമൃത വര്‍ഷിണി രംഗത്തെത്തിയിരിക്കുന്നത്. അമൃതയുടെ ആരോപണം നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ടിആര്‍എസിന് തലവേദനയാകും. ടിആര്‍എസ് ഉള്‍പ്പടെ വിവിധ കക്ഷികളുടെ നേതാക്കന്മാരുമായി അടുപ്പമുള്ള വ്യക്തിയാണ് അമൃതയുടെ പിതാവും കേസില്‍ ആരോപണവിധേയനുമായ ടി മാരുതി റാവു. അമൃത ഉന്നയിക്കുന്ന ആരോപണങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കും എന്നാണ് സൂചന.

മിര്യാല്‍ഗുഡയില്‍ വെള്ളിയാഴ്ചയാണ് കൊലപാകതകമുണ്ടായത്. ഗര്‍ഭിണിയായ അമൃതയുടെ മുന്നില്‍ വച്ചാണ് പ്രണയിനെ വെട്ടിക്കൊന്നത്. ഹൈദരാബാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ട ജില്ലയിലാണ് മിര്യാലഗു. അമൃതയോടൊപ്പം ആശുപത്രിയില്‍ നിന്ന് പോയി പുറത്തിറങ്ങിയപ്പോളായിരുന്നു ആക്രമണം. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.  ആറ് മാസം മുമ്പാണ് സവര്‍ണ ജാതിക്കാരിയായ അമൃതയും (22) ദലിതനായ പ്രണയും (23) വിവാഹിതരായത്. പ്രണയ്, എഞ്ചിനിയര്‍ ആയിരുന്നു.

ടിആര്‍എസ് നേതാവ് തന്റെ പിതാവിനെ കൊലപാതകത്തില്‍ സഹായിച്ചതായാണ് അമൃത പറയുന്നത്. പ്രണയിനെ കാണണം എന്ന് ആവശ്യപ്പെട്ട് വിരേശം വിളിച്ചിരുന്നതായി അമൃത പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. നാല്‍ഗൊണ്ടയിലും മറ്റും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വീരേശം എന്ന് അമൃത പറയുന്നു. പ്രണയിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസം പീഡിപ്പിച്ചു.

പ്രണയിനെതിരെ കേസെടുക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഐജി സ്റ്റീഫന്‍ രവീന്ദ്രയെ കാണാന്‍ ചെന്നപ്പോളായിരുന്നു ഇത്. തന്റെ പിതാവിന് പ്രാദേശിക രാഷ്ട്രീയത്തില്‍ ശക്തമായ ബന്ധങ്ങളുണ്ടെന്നും ഇത്തരത്തില്‍ ഒരു വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയത് വീരേശമാണ് എന്ന് കരുതുന്നതായും അമൃത പറയുന്നു. തന്റെ അമ്മാവന്‍ ഭരത് കുമാറും അച്ഛന്റെ സുഹൃത്ത് ഗുഡൂര്‍ സീനുവും കൊലപാതകത്തില്‍ പങ്കാളികളാണെന്നും അമൃത ആരോപിച്ചു. തന്റെ പിതാവടക്കം കൊലപാതകത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അമൃത വ്യക്തമാക്കി.

അമൃതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ടിആര്‍എസ് എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതേസമയം അമൃതയുടെ ആരോപണം ടിആര്‍എസ് എംഎല്‍എ തള്ളി. പ്രണയിനെയോ അച്ഛന്‍ ബാലസ്വാമിയേയോ താന്‍ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിരേശം പറയുന്നത്. അമൃതയേയും പ്രണയിനേയും ആദ്യമായി കാണുന്നത് ടിവിയിലാണെന്നും വിരേശം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അമൃതയുടെ പിതാവ് മാരുതി റാവു, പിതൃസഹോദരന്‍ ടി ശ്രാവണ്‍ എന്നിവരടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയതായി വിവരമില്ല. കഴിഞ്ഞ ദിവസം മന്ത്രി ജി ജഗദീശ്വര്‍ റെഡ്ഡിക്കൊപ്പം നില്‍ക്കുന്ന മാരുതി റാവുവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊലപാതകത്തിനായി വാടകക്കൊലയാളികള്‍ക്ക് രാമറാവു 10 ലക്ഷം രൂപ നല്‍കിയതായാണ് പരാതി. മകളേക്കാള്‍ വലുത് അഭിമാനം ആണെന്നാണ് മാരുതി റാവു പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പ്രണയ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിര്യാലഗുഡയില്‍ ദലിത് സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശഖര റാവുവിന്റെ മകനുമായ കെടി രാമറാവു അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്ന് കെടി രാമ റാവു പറഞ്ഞതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഹാറില്‍ നിന്നുള്ള വാടക കൊലയാളി സംഘമാണ് കൊല നടത്തിയിരിക്കുന്നത് എന്നാണ് തെലങ്കാന പൊലീസ് പറയുന്നത്. ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയിന്റെ കൊലയാളിയെ ബിഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് എന്‍ഡിടിവിയോട് പറഞ്ഞു. ഈ സംഘത്തിന്റെ ഐഎസ്‌ഐ ബന്ധമുണ്ടെന്നാണ് ബിഹാര്‍ പൊലീസ് പറയുന്നത്. ഒരു കോടി രൂപയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ 18 ലക്ഷം അഡ്വാന്‍സായി നല്‍കിയിരിക്കുന്നു. ഗുജറാത്ത് മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെടുതയും 2003ല്‍ മോചിപ്പിക്കപ്പെടുകയും ചെയ്ത വ്യക്തിക്ക് കൊലപാതകത്തിലുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട് എന്ന് എന്‍ഡിടിവി പറയുന്നു. അതേസമയം മാരുതി റാവുവിനെ ഈ ക്വട്ടേഷന്‍ സംഘവുമായി ബന്ധിപ്പിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് എന്ന് ആരോപണമുണ്ട്. ഇതും പൊലീസ് അന്വേഷിച്ചുവരുകയാണ്. ഈ നേതാവിനെ പൊലീസ് ചോദ്യം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍