UPDATES

ഒരു ഇന്ത്യ-പാകിസ്ഥാന്‍ ചാര തേന്‍കെണി

ഇന്ത്യയുടെ ചാരലോകത്തിലെ വേറിട്ട കഥയാണ് മാധുരി ഗുപ്തയുടേത്. ഒപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിചിത്രമായ കുതന്ത്രപ്രയോഗങ്ങളുടെ നേര്‍ക്കാഴ്ച്ചയും.

ചാരലോകത്തിന്റെ നിഗൂഢമായ ലോകങ്ങളില്‍ ചാരന്മാരെ മോഹിപ്പിച്ചു വലയില്‍ വീഴ്ത്തി ശത്രുക്കള്‍ക്കായി രാഷ്ട്ര രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന മോഹിനിമാരുടെ കഥകളാണ് കേള്‍ക്കുക പതിവ്. പക്ഷേ 2008-ലെ മുംബൈ ഭീകരാക്രമണ സമയത്ത്, ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ സംഭവിച്ചത് നേരെ തിരിച്ചുള്ള കഥയാണ്.

ഇന്ത്യയുടെ ചാരലോകത്തിലെ വേറിട്ട കഥയാണ് മാധുരി ഗുപ്തയുടേത്. ഒപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിചിത്രമായ കുതന്ത്രപ്രയോഗങ്ങളുടെ നേര്‍ക്കാഴ്ച്ചയും.

പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ രണ്ടാം സെക്രട്ടറിയായിരുന്ന മാധുരി ഗുപ്തയെ, രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്റെ ചാരസംഘടന ISI-ക്കു കൈമാറിയതിനും ദേശതാത്പര്യങ്ങള്‍ അപകടത്തിലാക്കിയതിനും, ഈ ശനിയാഴ്ച്ച ഒരു ഡല്‍ഹി കോടതി ശിക്ഷിച്ചു. ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകള്‍ പ്രകാരം പരമാവധി മൂന്നുവര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് അവര്‍ക്കുമേല്‍ ചുമത്തിയത്. ഇസ്ലാമാബാദിലെ ജോലിക്കാലത്ത് രാജ്യത്തിന്റെ ചില വിവരങ്ങള്‍ (പ്രതിരോധവുമായി ബന്ധപ്പെട്ടതല്ല) ഒരു ISI ഏജന്‍റിന് കൈമാറിയെന്നാണ് കുറ്റം.

ഒരു B grade ഇന്ത്യന്‍ വിദേശ സര്‍വ്വീസ് (IFS) ഉദ്യോഗസ്ഥയായ ഗുപ്തയെ, ഉറുദു സാഹിത്യത്തിലെ അവരുടെ ആഴത്തിലുള്ള അറിവും സൂഫിസത്തിലുള്ള താത്പര്യവുമൊക്കെ കണക്കിലെടുത്താണ് പാകിസ്ഥാനില്‍ നിയമിച്ചത്. പാകിസ്ഥാനില്‍ എത്തുന്ന സമയത്ത് പഠന തത്പരയും അവിവാഹിതയുമായ ഈ മധ്യവയസ്ക, പേര്‍ഷ്യന്‍ സൂഫി കവിയായ ജലാലുദ്ദീന്‍ റൂമിയെക്കുറിച്ചുള്ള തന്റെ ഗവേഷണ പ്രബന്ധം തയ്യാറാക്കുകയായിരുന്നു. ഉറുദു മാധ്യമങ്ങള്‍ പരിശോധിക്കുകയും, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിനും വേണ്ടി അവ വ്യാഖ്യാനിക്കുന്ന രണ്ടു കുറിപ്പുകള്‍ ദിനംപ്രതി തയ്യാറാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ജോലി.

ഇസ്ലാമാബാദിലെത്തി ആറ് മാസങ്ങള്‍ക്കുളില്‍ ജിം എന്നു വിളിക്കുന്ന ജാമ്ഷെദിനെ ISI, ഗുപ്തയെ നിരീക്ഷിക്കാനുള്ള രണ്ടുപേരില്‍ ഒരാളായി അയച്ചു. ഏതാണ്ട് 30 വയസുള്ള ആ ചെറുപ്പക്കാരന്‍ വളരെവേഗത്തില്‍ അവിവാഹിതയായ ഈ മധ്യവയസ്കയുമായി പ്രണയം തുടങ്ങി. സംഭവം അന്വേഷിച്ച ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പങ്കജ് സൂദ് പറയുന്നു, “അവര്‍ ഈ സ്ത്രീക്കടുത്തേക്ക് ഒരു ചെറുപ്പക്കാരനെ അയച്ചു, അവരാ കെണിയില്‍ വീണു. അവരൊരു തേന്‍കെണിയില്‍ വീഴുകയായിരുന്നു. അതാണ് സംഭവിച്ചത്.” പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിശദവിവരങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും ഗുപ്ത വെളിപ്പെടുത്തി.

രഹസ്യാന്വേഷണത്തിന്റെ ഇരുണ്ട ലോകം

ഒരു വിദേശ രാജ്യത്തിന്റെ തേന്‍കെണിയില്‍ കുരുങ്ങുകയോ ആകര്‍ഷിക്കപ്പെടുകയോ ചെയ്യുന്ന ആദ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയല്ല മാധുരി ഗുപ്ത. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അത്തരത്തില്‍ പല ഉന്നതരുടെയും സംഭവങ്ങളുണ്ട്. ഗുപ്ത ശ്രദ്ധിക്കപ്പെടുന്നത് അവര്‍ സ്ത്രീയായതുകൊണ്ടും പാകിസ്ഥാനിലായിരുന്നു എന്നതുകൊണ്ടുമാണ്.

രഹസ്യാന്വേഷണ കേന്ദ്രങ്ങളില്‍ രഹസ്യമായി വെച്ചിരിക്കുന്ന സംശയം ഇന്ത്യക്ക് പുറത്ത് ചുമതലകള്‍ നല്‍കിയ എട്ട് റോ ഉദ്യോഗസ്ഥര്‍ കുറെ വര്‍ഷങ്ങളായി അപ്രത്യക്ഷരാണ് എന്നതാണ്. ഇത്തരത്തില്‍ അറിയപ്പെട്ട അവസാനത്തെ സംഭവം വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന, ഏറെക്കാലം CIA-ക്കു വേണ്ടി ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തിനുള്ളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്കിയിരുന്ന രബീന്ദര്‍ സിങ് മെയ് 2004-ല്‍ അപ്രത്യക്ഷനായതാണ്. സിങിന്റെ കടന്നുകളയലാണ് ഏറെക്കാലം ഇന്ത്യയിലും വിദേശത്തുമായി റോയില്‍ ജോലി ചെയ്തു പിന്നീട് കേരള പോലീസ് തലവനായി മടങ്ങിപ്പോയ മലയാളിയായ ഹോര്‍മീസ് തരകനെ റോ മേധാവിയായി കൊണ്ടുവരാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പ്രേരിപ്പിച്ചത്.

1980-കളില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കവേ, മദ്രാസിലെ റോ കേന്ദ്രത്തിന്റെ മേധാവിയായിരുന്ന കെ വി ഉണ്ണികൃഷ്ണന്‍ CIA ഒരു അമേരിക്കക്കാരി എയര്‍ ഹോസ്റ്റെസിനെ വെച്ചൊരുക്കിയ തേന്‍കെണിയില്‍ കുരുങ്ങിയിരുന്നു. അയാളെ പിന്നീട് തടവിലാക്കി.

മാധുരിയുടെ കഥ

2010 ആദ്യത്തോടെ പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ പാകിസ്ഥാനുവേണ്ടി ആരോ വിവരം ചോര്‍ത്തുന്നു എന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കാന്‍ തുടങ്ങി. സംശയം ഗുപ്തയിലേക്കെത്തി. എന്നാല്‍ ഉടനെ അവരെ പിടികൂടാതെ, മാര്‍ച്ച് 2010 മുതല്‍ രണ്ടു മൂന്നാഴ്ച്ചക്കാലം അവരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ മേധാവികള്‍ തീരുമാനിച്ചു.

ഇക്കാലത്ത്, ഗുപ്തയ്ക്ക് അറിയാവുന്ന വഴികളിലൂടെ അവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്കി. അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഈ തെറ്റായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്‍റുമാരുടെ കയ്യിലെത്തിയതോടെ ഗുപ്ത വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയം സ്ഥിരീകരിച്ചു.

2010 അവസാനം ഭൂട്ടാനില്‍ നടക്കുന്ന SAARC ഉച്ചകോടിയുടെ മാധ്യമ ബന്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ എന്ന വ്യാജേന ഗുപ്തയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഏപ്രില്‍ 21-നു ഡല്‍ഹിയിലെത്തിയ അവര്‍ ആ രാത്രി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അവരുടെ വീട്ടില്‍ കഴിഞ്ഞു.

ഏപ്രില്‍ 22-നു സൌത്ത് ബ്ലോക്കിലെ വിദേശ മന്ത്രാലയ കാര്യാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി അശോക് കുമാറുമായുള്ള യോഗത്തിനായി അവരെത്തി. ഈ സമയത്തിനകം തന്റെ പാകിസ്ഥാന്‍ കൈകാര്യക്കാരുമായി ഗുപ്ത 73 എ മെയിലുകള്‍ കൈമാറിയിരുന്നു. ഇവ പിന്നീട് [email protected] എന്ന ഗുപ്തയുടെ ഇ-മെയില്‍ എക്കൌണ്ടില്‍ നിന്നും വീണ്ടെടുത്തു.

ഗുപ്ത സൌത്ത് ബ്ലോക്കില്‍ എത്തിയതോടെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗവുമെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ മാധുരി ഗുപ്ത അവരോടു ചോദിച്ചു, “എന്നെ പിടികൂടാന്‍ നിങ്ങളിത്രയും കാലമെടുത്തതെന്താണ്?”

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍