UPDATES

ട്രെന്‍ഡിങ്ങ്

പ്രിയ മോദിജി, ‘എക്സാം വാരിയേഴ്സ്’ എന്ന താങ്കളുടെ പുസ്തകത്തില്‍ ഈ ചതികളെ കുറിച്ചു പറയുന്നില്ലല്ലോ?

ഇന്നലെ നടന്ന സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്‍റെ പേരില്‍ റദ്ദു ചെയ്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അമ്മ എഴുതുന്നു; എന്റെ മകള്‍ക്കു ഞാന്‍ എന്തു പറഞ്ഞു കൊടുക്കണം?

പത്താം ക്ലാസ്സുകാരുടെ അവസാന പരീക്ഷ ബുധനാഴ്ചയായിരുന്നു. ഉദ്വേഗപൂര്‍ണ്ണമായ അധ്യയന വര്‍ഷത്തിന് അന്ത്യം കുറിക്കുന്നത് ആഘോഷിക്കാന്‍ അന്നത്തെ ഉച്ചഭക്ഷണം പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. എന്റെ മകള്‍ സുപ്രിയയുടെയും അവളുടെ കസിന്‍ കാതറീന്‍റെയും ആദ്യത്തെ പൊതുപരീക്ഷ ആയിരുന്നു അത്.

ഒന്നര ആയപ്പോള്‍ തന്നെ എക്സാം സെന്‍ററിനു പുറത്ത് ചിരിയും കളിയുമായി കുട്ടികള്‍ ചോദ്യ പേപ്പര്‍ ചര്‍ച്ച ചെയ്യുന്ന തിരക്കില്‍ ആയിരുന്നു. റോഡു നിറയെ കുട്ടികളെ കൊണ്ട് പോകാന്‍ വന്ന രക്ഷിതാക്കളുടെ വാഹനങ്ങള്‍.

ഒടുവിലത്തെ പേപ്പര്‍ ആയ കണക്കു പരീക്ഷ തീര്‍ത്തെത്തിയ എന്റെ മകള്‍ സുപ്രിയയും കാതറീനും വളരെ ആഹ്ളാദത്തിലായിരുന്നു. 2010നു ശേഷം പത്താം ക്ലാസ്സില്‍ വീണ്ടും പൊതുപരീക്ഷ നിര്‍ബന്ധിതമാക്കിയുള്ള പരീക്ഷണത്തിനു വിധേയരായ തങ്ങളുടെ ബാച്ചിനെ ഗിനിപ്പന്നികളുടെ ബാച്ചെന്നാണ് അവര്‍ സ്ഥിരം പറയാറുള്ളത്. പരീക്ഷണത്തിന്‍റെ അവസാന പടി കടന്നു വന്ന അവര്‍ സ്വാഭാവികമായും വലിയ സന്തോഷത്തില്‍ ആയിരുന്നു. അതൊന്നാഘോഷിക്കാന്‍ പുറത്തു പോയി ഉച്ചഭക്ഷണം കഴിക്കാന്‍ മുന്‍പേ തീരുമാനിച്ച പ്രകാരമാണ് ഞങ്ങള്‍ ആ മാളിലെത്തിയത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കൊണ്ട് നിറഞ്ഞ മാളില്‍ സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു. റെസ്റ്റോറന്റ് ടേബിളുകള്‍ മിക്കവാറും ആശ്വാസം നിറഞ്ഞ മുഖങ്ങളുള്ള കുട്ടികളെ കൊണ്ടു നിറഞ്ഞിരുന്നു. ഒരു വലിയ പാര്‍ട്ടിക്ക് എത്തിപ്പെട്ടതു പോലെയാണ് തോന്നിയത്. ഞങ്ങളും ഒരു ടേബിളില്‍ ഇടം പിടിച്ചു. ഓര്‍ഡര്‍ നല്‍കിയ ശേഷം കാത്തു കാത്തിരിക്കുന്ന വെക്കേഷനെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ പങ്കു വയ്ക്കാന്‍ പോകുന്ന ചിത്രങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ചയില്‍ ആയിരുന്നു കുട്ടികള്‍.

സര്‍ക്കാരിനേക്കാള്‍ ഉയരത്തില്‍ പറക്കുന്ന ഇന്ത്യയിലെ അധോലോക പരീക്ഷാ വിപണി

വരുന്ന ആഴ്ച പുതിയ നഗരത്തിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ എന്നോടു ചര്‍ച്ച ചെയ്യുകയായിരുന്നു കാതലീന്‍റെ അമ്മയായ എന്‍റെ ഭര്‍തൃസഹോദരി. പട്ടാളത്തില്‍ എഞ്ചിനീയര്‍ ആയ അവരുടെ ഭര്‍ത്താവ്‌ ജമ്മു കശ്മീരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് എത്തുമെന്നും അറിയിച്ചിരുന്നു. അഞ്ചിന് പുതിയ നഗരത്തിലേക്ക് പോകാനായി ഫ്ലൈറ്റ് ടിക്കറ്റുകളും സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ ഒരു ട്രക്കും ബുക്ക് ചെയ്തിരുന്നു.

ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെയാണ് കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പരീക്ഷ വീണ്ടും നടത്തുമെന്നുള്ള സിബിഎസ്ഇ അറിയിപ്പ് വാട്ട്സ്ആപില്‍ ഭര്‍ത്താവ് ഫോര്‍വേഡ് ചെയ്തത്. വാര്‍ത്ത അറിയിച്ചപ്പോള്‍ കുട്ടികള്‍ ഞെട്ടിപ്പോയി. വല്ലവരും ചെയ്ത കുറ്റത്തിനു ഞാന്‍ ഇനിയുമെന്തിനു പരീക്ഷ എഴുതണം എന്ന ചോദ്യത്തോടെ കാതലീന്‍ കരയാന്‍ തുടങ്ങി.

സെക്കണ്ടുകള്‍ക്കുള്ളില്‍ അടുത്ത ടേബിളുകളിലെ ഫോണുകളിലും വിവരമെത്തി. കുട്ടികളുടെ ഞെട്ടലും രോഷവും കൊണ്ട് അവിടം നിറഞ്ഞു. എങ്ങനെ ഇത് സംഭവിക്കുമെന്ന് രോഷവും ആശ്ചര്യവും പ്രകടിപ്പിച്ച അവരുടെ അടുത്ത് ചെന്ന് ആശ്വസിപ്പിക്കാന്‍ തോന്നിപ്പോയി.

കാതലീനെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു. എന്റെ ഭര്‍തൃസഹോദരിക്കു യാത്ര മാറ്റി വയ്ക്കേണ്ടതിന്‍റെ ആശങ്കയും കൂടി ആയി.

അടുത്ത ടേബിളുകളില്‍ നിന്ന് ഭക്ഷണം മുഴുവനാക്കാതെ ബില്ലും കൊടുത്തു കുട്ടികള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി.എല്ലാ സന്തോഷവും അവസാനിച്ച് മരണ വീട് പോലെയായ അന്തരീക്ഷം.

ഇത് എന്തുതരം രാജ്യമാണ്! കുട്ടികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിക്കുന്നവരോട് ഒരച്ഛന് പറയാനുള്ളത്

ഫോണുകളിലേക്ക് മേസേജുകളുടെ പ്രവാഹം.വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ന്യായീകരിക്കാന്‍ പറ്റില്ലെന്ന് മെസെജുകളിലൂടെ വികാരം പങ്കു വയ്ക്കുന്നവര്‍.

അവിടെയിരുന്ന് ആലോചിച്ചപ്പോള്‍ എനിക്കൊട്ടും അമ്പരപ്പ് തോന്നിയില്ല. നമ്മള്‍ ഇങ്ങെനെയൊരു രാജ്യം ആയി മാറിയിരിക്കുന്നു. ദേശീയ മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയെന്നോ ഒരു ക്ലാര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള പരീക്ഷയെന്നോ ഭേദം ഇല്ലാതെ ഏതു ചോദ്യ പേപ്പറും കരിഞ്ചന്തയില്‍ വാങ്ങാന്‍ കിട്ടുന്ന നാട്. ചോദ്യപേപ്പറുകള്‍ ചോര്‍ത്താന്‍ മിടുക്കരായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ പണം മുടക്കുന്നവരുടെയും.

അടുത്ത തവണ പരീക്ഷ നടത്തുമ്പോള്‍ ചോരില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നു ചോദിക്കുന്ന കുട്ടികളോട് എന്താണു പറയേണ്ടത്? യാഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളോടുള്ള ആദ്യത്തെ ഏറ്റുമുട്ടല്‍ നേരിട്ട ഈ കുട്ടികള്‍ക്ക് എന്താണ് മറുപടി?

പ്രിയപ്പെട്ട മോദിജി, ‘എക്സാം വാരിയേഴ്സ്’ എന്ന താങ്കളുടെ പുസ്തകത്തില്‍ ചതികളെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്ന ഒരു അദ്ധ്യായം ഇല്ലല്ലോ. എന്റെ മകള്‍ക്കു ഞാന്‍ എന്ത് പറഞ്ഞു കൊടുക്കണമെന്ന് പറഞ്ഞുതരാമോ?

പ്രിയ സോളമന്‍

പ്രിയ സോളമന്‍

മാധ്യമപ്രവര്‍ത്തക, അഴിമുഖം സ്ഥാപകാംഗം

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍