UPDATES

ജെഎന്‍യു സമരമുഖത്ത് നിന്ന് വിസിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട വിസി, ഞങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും നിലപാടുകള്‍ വ്യക്തമാക്കുന്നതും ഒരു സെന്‍സര്‍ ബോര്‍ഡിനേയും ഒരു സദാചാര പൊലീസിനെയും പേടിച്ചിട്ടല്ല.

ജെഎന്‍യു കാമ്പസില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അധ്യാപകരും ജീവനക്കാരുമെല്ലാം സമരത്തിലാണ്. എല്ലാവരുടെയും സ്വച്ഛന്തമായ ജീവിതം അപഹരിക്കപ്പെട്ട ഒരു ഇരുണ്ട കാലത്തിലൂടെയാണ് ഈ കാമ്പസ് കടന്നുപോകുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അന്വേഷണാത്മകവും വിമര്‍ശനാത്മകവുമായ ധൈഷണിക മുന്നേറ്റം സാധ്യമാക്കേണ്ട സര്‍വകലാശാല വൈസ് ചാന്‍സിലറും മറ്റ് അധികാരികളും ഇവിടെ നിരന്തരം വൈജ്ഞാനികമായും സര്‍ഗാത്മകമായും സാമൂഹിക വിദ്യാഭ്യാസത്തില്‍ ഇടപെടുന്ന ഒരു തലമുറയെ തല്ലിക്കൊഴിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ജെഎന്‍യു കാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത, ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ വൈസ് ചാന്‍സിലറുടെ ഫോര്‍മുലകളില്‍ ഓരോ വിദ്യാര്‍ത്ഥിയും ഉത്തരം കണ്ടുപിടിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായി മാറുകയാണ്. പക്ഷേ, ഞങ്ങള്‍ നിരന്തരം ഞങ്ങളുടെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും, അത് അക്ഷരങ്ങളോട് സംവദിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ജന്മാവകാശമാണ്. ഇവിടെ ഒരു അക്കാദമിക് സമൂഹത്തിനാകമാനം ബാധ്യതയായ നില്‍ക്കുന്ന ഞങ്ങളുടെ ‘പ്രിയങ്കരനായ’ വിസി, വന്നവഴിയെ ഒന്നു പിറകിലേക്ക് നോക്കുക. നിങ്ങളുടെ എല്ലാ മാസങ്ങളും, എല്ലാ ആഴ്ചകളും, എല്ലാദിവസങ്ങളും അടയാളപ്പെടുത്തിയത് ചിന്തിക്കുന്ന ഒരു തലമുറയെ നിശബ്ദമാക്കാനുള്ള കാവി പുതപ്പിച്ച വ്യത്യസ്തങ്ങളായ ആയുധങ്ങളായാണ്.

ഓര്‍ക്കുക വിദ്യാര്‍ത്ഥികള്‍ക്കു മുകളില്‍ രാജ്യദ്രോഹക്കുറ്റം, നജീബ് എന്ന മുസ്ലീം വിദ്യാര്‍ത്ഥിയുടെ തിരോധാനം, യുജിസി സര്‍ക്കുലറിലൂടെ അടിച്ചേല്‍പ്പിച്ച സീറ്റ് കട്ട്, റിസര്‍വേഷന്‍,  ഡിപ്രവേഷന്‍ പോയിന്റ് എന്നിവയുടെ പൂര്‍ണമായ നിര്‍ത്തലാക്കല്‍, മാതൃകപരമായ പ്രവര്‍ത്തിച്ചുവന്ന, ലിംഗസമത്വം കൂടി ഉറപ്പാക്കുന്നതിനുള്ള ഉപാധിയായിരുന്ന ജിഎസ് കാഷ്-ജെന്റര്‍ സെസിറ്റൈസേഷന്‍ കമ്മിറ്റി എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്- ന്റെ അവസാനിപ്പിക്കല്‍, ഫാക്കല്‍റ്റി അപ്പോയ്ന്‍മെന്റില്‍ യോഗ്യത മാനദണ്ഡമാക്കാതെ ആര്‍എസ്എസ് ബന്ധം മാത്രം മുഖ്യപരിഗണനയായ് എടുത്ത തികഞ്ഞ അഴിമതി, ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴുത്തില്‍ അവസാന കുരുക്കിടാനായി പണിയിപ്പിച്ചെടുത്ത കംപല്‍സറി അറ്റന്‍ഡന്‍സ് സിസ്റ്റം… അങ്ങനെ, അങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ രണ്ട് വര്‍ഷക്കാലം കൊണ്ട് ലോകോത്തര നിലവാരത്തിലുള്ള ഒരു സര്‍വകലാശാല മുച്ചൂടും മുടിക്കുവാനായി താങ്കളുടെ എന്‍ജിനീയറിംഗ് മെക്കാനിക്കല്‍ ബുദ്ധിയില്‍ എന്തെല്ലാം തോന്നിയോ, അതെല്ലാം സംഘപരിവാര ശിഷ്യഗണങ്ങളുമായി ചേര്‍ന്ന് നടപ്പാക്കി, നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധങ്ങളുയര്‍ത്തുമ്പോളും നിങ്ങളവരെ ചില്ലുമേടയിലിരുന്ന് കല്ലെറിഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ ഒരാളോടും കൂടിയാലോചിക്കാതെ അക്കാദമിക് കൗണ്‍സില്‍, അന്വേഷണ കമ്മിറ്റി എന്നെല്ലാം പച്ചക്കളങ്ങള്‍ പറഞ്ഞ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കംപല്‍സറി അറ്റന്‍ഡന്‍സ് എന്ന കോമാളിത്തം. ഇവിടെ പതിറ്റാണ്ടുകളായി പഠിപ്പിക്കുന്ന ധൈഷ്ണികരായ അധ്യാപക സമൂഹത്തിന്റെ വാക്കുകളെങ്കിലും കേള്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇത്രവലിയൊരു ബുദ്ധിശൂന്യതയിലേക്ക് നിങ്ങള്‍ വഴുതിവീഴില്ലായിരുന്നു. സോഷ്യോളജി വിഭാഗം പ്രൊഫസര്‍ അവിജിത്ത് പാദക്കിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, അദ്ദേഹത്തിന്റെ ജെഎന്‍യുവിലെ എണ്‍പതുകള്‍ മുതല്‍ ഇന്നുവരെയുള്ള അധ്യാപന പാരമ്പര്യത്തില്‍ നിന്നു പറയുന്നത്, കൊടുംതണുപ്പിലും കടുത്ത ചൂടിലുമെല്ലാം രാവിലെ ഒന്‍പതു മുതല്‍ തുടങ്ങുന്ന ക്ലാസുകളില്‍ ഞാന്‍ ഒരിക്കലും വിദ്യാര്‍ത്ഥികളുടെ അസാന്നിധ്യം അനുഭവിച്ചിട്ടില്ല എന്നാണ്, മാത്രമല്ല ക്ലാസില്‍ വരാന്‍ പത്ത് നിമിഷം താമസിച്ചാല്‍ ഉടനെ ഫോണ്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും മാഷിന്ന് ക്ലാസില്‍ വരില്ലേ എന്ന് തിരക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് തന്റെ അനുഭവത്തില്‍ ഉള്ളത് എന്നുകൂടിയാണ്. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് എയ്‌സ്‌തെറ്റിക്‌സിലെ ഡീന്‍ കൂടിയായ പ്രൊഫസര്‍ കവിത സിംഗിന്റെ വാക്കുകള്‍ കൂടികേള്‍ക്കുക; എല്ലാവര്‍ക്കും തിരഞ്ഞെടുക്കലുകള്‍ക്കും വിയോജിക്കലുകള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന, പ്രായപൂര്‍ത്തി അവകാശങ്ങളെ ബൗദ്ധികമായി മാനിക്കുന്ന സര്‍വകലാശാലയാണ് ജെഎന്‍യു. ഇവിടെ ക്ലാസിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കണമെന്ന് പറഞ്ഞ് ആരും കുട്ടികളെ ഭീഷണിപ്പെടുത്താറില്ല. സ്വന്തം തെരഞ്ഞെടുക്കലുകളുടെ ഭാഗമായാണ് ഓരോ കുട്ടിയും ക്ലാസുകളിലേക്ക് വരുന്നത്. ഇനി തീരെ ക്ലാസിലേക്ക് വരാതെ അക്കാദമിക്‌സിനോട് അലംഭാവം കാണിച്ച് മാറിപ്പോവുകയാണെങ്കില്‍ വിഷയങ്ങളില്‍ ഗ്രേഡ് കുറഞ്ഞ് സ്വയം ഇല്ലാതായി പോകുമെന്നു ബോധ്യമുള്ളവരുമാണ് അവര്‍. മികച്ചരീതിയില്‍ ഉന്നത വിദ്യാഭ്യാസം നയിക്കുന്ന ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാര്‍ത്ഥികളാണ് ഈ കാമ്പസില്‍ ഭൂരിഭാഗവും ഉള്ളതെന്ന് ആരും വിസിയെ കത്തെഴുതി അറിയിക്കേണ്ട കാര്യമില്ലല്ലോ. കൂടാതെ ഇവിടെ ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ ഭിന്നശേഷിയുള്ളവരാണോ, ഗര്‍ഭം ധരിച്ചവരോ മാതാവായവരോ ആണോ, ഹോസ്റ്റലുകള്‍ ആവശ്യത്തിനില്ല എന്ന പരിമിതി മൂലം ഫരീദാബാദ്, നോയ്ഡ, ഗുഡ്ഗാവ് എന്നീ വിദൂരദേശങ്ങളില്‍ നിന്ന് ബസ് പോലും ലഭിക്കാതെ വിഷമിക്കുന്നവരാണോ എന്ന പരിമിതികളില്ലാതെ തുല്യമായ് പരിഗണിച്ചിരുന്ന യൂണിവേഴ്‌സിറ്റിയാണ് ജെഎന്‍യു. അതായത് ഈ അവതരിച്ച വി സി കടന്നുവരുന്നതിനു മുമ്പ്.

ജെഎന്‍യു പിടിക്കാനുള്ള സംഘപരിവാര്‍ ശ്രമം തകൃതി; പ്രവേശന മാനദണ്ഡങ്ങള്‍ പൊളിച്ചടുക്കി

തന്റെ മുന്‍പില്‍ വരുന്ന ഓരോ കാര്യങ്ങള്‍ക്കും കൃത്യമായി റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്നതുപോലെ ഐഐടി, ഐഎടി എന്ന് ആവര്‍ത്തന വിരസതയുടെ റേഡിയോ പ്രഭാഷണം പോലെ പറഞ്ഞുകൊണ്ടിരിക്കുന്ന ഞങ്ങളുടെ വി സി, കംപല്‍സറി അറ്റന്‍ഡന്‍സ് എന്ന യാന്ത്രികവത്കരണത്തിനോട് യോജിക്കുവാന്‍ തയ്യാറല്ല എന്ന് സധൈര്യം വിളിച്ചു പറഞ്ഞ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ എടുത്തുനീട്ടിയ സര്‍ക്കുലറില്‍, എന്നും തിരുമുന്‍പില്‍ വന്ന് സാന്നിധ്യം ബോധിപ്പിച്ച് ഒപ്പിട്ടുകൊണ്ടേയിരുന്നില്ലെങ്കില്‍ നിങ്ങളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കുകയും പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കാതിരിക്കുകയും അടുത്ത സെമസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സമ്മതിക്കാതെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുകയും ചെയ്യും എന്നുമായിരുന്നു. ജെഎന്‍യുവിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സര്‍ക്കുലര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം.

തനിക്ക് മുന്‍പിലേക്ക് കടന്നുവരുന്ന മാധ്യമങ്ങളോടും മറ്റുള്ളവരോടും കുട്ടികള്‍ ക്ലാസില്‍ കയറാനോ പഠിക്കുവാനോ താത്പര്യമില്ലാത്തവരായതുകൊണ്ട് അലസതയുടെ അരാജകത്വത്തില്‍ നിന്ന് സംസ്‌കാരശൂന്യമായ് അവര്‍ സമരം ചെയ്യുകയാണ് എന്ന് വാഴ്‌മൊഴിയിലൂടെയും വരമൊഴിയിലൂടെയും പൊതുസമൂഹത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പറയാനുള്ള മറുപടികൂടി കേള്‍ക്കുവാന്‍ തികച്ചും ബാധ്യസ്ഥനാണ്. പ്രിയ സുഹൃത്ത് പാരിതോഷ് ഒരിക്കല്‍ എഴുതിയതോര്‍ക്കുന്നു; ഇക്കണോമിക്‌സ് ക്ലാസില്‍ 1974 മുതല്‍ നിറഞ്ഞ സാന്നിധ്യമായ എമിറേറ്റഡ് പ്രൊഫസര്‍ പ്രഭാത് പട്‌നായിക്കിന്റെ ക്ലാസ് കേള്‍ക്കാന്‍ മറ്റു സബ്ജക്ടുകളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും വരുന്നതുകൊണ്ട് ക്ലാസ് റൂമില്‍ ഇരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ് എന്നാണ്. അതുപോലുള്ള നിരവധി ക്ലാസുകള്‍. ഹിസ്റ്ററിയില്‍ പ്രൊഫ. നീലാദ്രി ഭട്ടാചാര്യ, ഇന്റര്‍നാഷണല്‍ ലോയില്‍ പ്രൊഫ. ബി എസ് ചിമിനി, ഇംഗ്ലീഷില്‍ പ്രൊഫ. ഉദയകുമാര്‍, പൊളിറ്റിക്കല്‍ സയന്‍സില്‍ പ്രൊഫ. ഗോപാല്‍ ഗുരു അങ്ങനെ എണ്ണിയാല്‍ ഒരുപാട് നീളുന്ന തങ്ങളുടെ പഠനമേഖലയില്‍ അതിസമ്പന്നരായ നിരവധി അധ്യാപകരെ കേള്‍ക്കാന്‍ നിറഞ്ഞു കവിഞ്ഞ സദസുകള്‍ ഇവിടെ സര്‍വ്വസാധാരണമാണ്. പിന്നെ ഗവേഷക വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം എന്ത് ചോദിച്ചാലും ഫണ്ട് ഇല്ല എന്നു പറഞ്ഞു തുടങ്ങിയ ലൈബ്രറിയും മറ്റ് അധികാരികളും നാടിന് വിലയേറിയ സംഭാവനകളാകുവാനുള്ള അവരുടെ ഗവേഷണത്തിന് ഒരു കേവല പരിഗണന പോലും നല്‍കാതെ മാറിനില്‍ക്കുകയാണ്. വീണ്ടും ഒന്നുകൂടി ചോദിക്കട്ടെ, പ്രിയ വൈസ് ചാന്‍സിലര്‍, ബുക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ലൈബ്രററി സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് എന്തെങ്കിലും താങ്കള്‍ക്ക് ഞങ്ങളോട് പറയുവാനുണ്ടോ? ആകെ ഞങ്ങള്‍ നേരിട്ട് കണ്ടത് ഒരു സുപ്രഭാതത്തില്‍ റിസര്‍വേഷനും ഡിപ്രവേഷന്‍ പോയിന്റുകളും എടുത്തുകളയുകയും അതേസമയം തന്നെ ലൈബ്രറിക്ക് ഡോ. ബി ആര്‍ അംബേദ്കര്‍ ലൈബ്രററി എന്ന് പേരിടുകയും ചെയ്തതാണ്.

ഞങ്ങളിത് പ്രതീക്ഷിച്ചതാണ്; ഈ ഭരണകൂടം ഞങ്ങളെത്തേടി വരുമെന്ന്‍

ഇവിടെ പ്രൊഫ. അയ്ഷ കിദ്വായ് ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്. താങ്കള്‍ ഈ കാമ്പസില്‍ പഠിച്ച ആളല്ല, ഈ കാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയേയും താങ്കള്‍ പഠിപ്പിച്ചിട്ടുമില്ല. താങ്കളിവിടെ ഒരാളുടെയും റിസര്‍ച്ച് ഗൈഡായിരുന്നിട്ടുമില്ല. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ പഠിപ്പിക്കുന്ന വിഷയവും ഈ കാമ്പസില്‍ ഇല്ല (ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്). എന്നിട്ടും എന്തിനാണിങ്ങനെ മുന്‍ധാരണകളോടെ വന്ന് ഈ യൂണിവേഴ്‌സിറ്റിയെ തുലയ്ക്കാന്‍ ശ്രമിക്കുന്നത്. ഇനി താങ്കള്‍ക്ക് എന്താണ് വിദ്യാഭ്യാസത്തെക്കുറിച്ച് പറയാനുള്ളത്, ഞങ്ങള്‍ കേള്‍ക്കട്ടെ. ഓരോ കുട്ടിയെയും ചട്ടങ്ങളും മാനദണ്ഡങ്ങളും പറഞ്ഞ് ഭീഷണിപ്പെടുത്തി മറുചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാത്തവിധത്തില്‍ നിശബ്ദനാക്കി ക്ലാസുകളില്‍ കയറ്റി ഇരുത്താമെന്നോ? ചുറ്റും അപകര്‍ഷതാബോധത്തോടെ നോക്കി നടക്കാതെ ഈ കാമ്പസിനെ ഒന്നു കണ്ണുതുറന്ന് നോക്കി മനസിലാക്കാന്‍ ശ്രമിക്കൂ. ഇവിടെ അധ്യാപക-വിദ്യാര്‍ത്ഥിബന്ധങ്ങള്‍ കേവലം അടച്ചിട്ട ക്ലാസ് മുറികളില്‍ വിമ്മിഷ്ടത്തോടെ ഇരിക്കുന്നതല്ല. കാമ്പസിന്റെ സര്‍ഗാത്മകമായ ചര്‍ച്ചകള്‍ നടക്കുന്ന ധാബകളിലും മരച്ചുവടുകളിലും വഴിയോര ബഞ്ചുകളിലുമെല്ലാം നിങ്ങള്‍ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം സംവദിക്കുന്നതു കാണാം. കാരണം, ഞങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എന്നത് കൃത്യമായ ടൈംടേബിളുകള്‍വച്ച് ബെല്ലടിച്ച് ഇന്റര്‍വെല്‍ നല്‍കി ഒഴിവാക്കാനുള്ളതല്ല. പഠനം എന്ന നിരന്തര പ്രക്രിയ ഓരോ വിദ്യാര്‍ത്ഥിയും അധ്യാപകനും തന്റെ ജീവിതത്തിലെ എണ്ണമില്ലാത്ത നിമിഷങ്ങളില്‍ നിരന്തരം ആത്മാവിഷ്‌കാരത്തോടെ അനുഭവിക്കുന്ന പ്രക്രിയയാണ്. ഇവിടെ ഓരോ അധ്യാപകനും ഓരോ വിദ്യാര്‍ത്ഥിയും പരസ്പര സമാനതകളുള്ള ഗവേഷകര്‍ തന്നെയാണ്. ഒരുപക്ഷേ ഈ ധൈഷണിക ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും പഠനവിശാലതയായി മാറുന്ന പൊതു ഇടമായ ധാബകളുടെ സമയത്തിലും കടുത്ത നിയന്ത്രണം വരുത്തി താങ്കള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് നിരന്തരം വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടുന്ന ഒരു തലമുറയെ തന്നെയാണ്.

ഇവിടെ ഇങ്ങനെ ക്ലാസില്‍ കയറാന്‍ താത്പര്യമില്ലാതെ, കിട്ടിയ ഫെല്ലോഷിപ്പിന് (ടാക്‌സ് പെയേഴ്‌സ് മണി) പുട്ടടിച്ചു നടക്കുന്ന, എപ്പോഴും ആവശ്യമില്ലാതെ സമരം ചെയ്ത് കലഹിച്ചുകൊണ്ടേയിരിക്കുന്ന ഈ വഴക്കാളി കുട്ടികളുടെ കാമ്പസാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും നേടിയത് എന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ പ്രിയ വൈസ് ചാന്‍സിലര്‍. എന്തേ എല്ലാവിധ നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്ന, സിസിടിവി കാമറകള്‍ നിറഞ്ഞ, അറ്റന്റന്‍സും ബയോമെട്രിക് പഞ്ചും കൃത്യമായ ബെല്ലടികളുമുള്ള, വലിയ ഫീസ് വാങ്ങുന്ന ഈ നാട്ടിലെ പല സ്ഥാപനങ്ങള്‍ക്കും ഈ പദവി കിട്ടാതെ പോയത്? ഇവിടെ വിജയിച്ചത് വെറും 195 രൂപയ്ക്ക് അഡ്മിഷന്‍ വാങ്ങിയ 100 രൂപ മാസം ഹോസ്റ്റല്‍ ഫീസ് കൊടുക്കുന്ന വെറും രണ്ടായിരവും അയ്യായിരവും എണ്ണായിരവും മാത്രം നിങ്ങള്‍ ഫെല്ലോഷിപ്പ് നല്‍കുന്ന ജെഎന്‍യുവിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികളാണ്. കേവലം യാന്ത്രികമായ അടിച്ചേല്‍പ്പിക്കല്‍ അല്ല പഠനം എന്ന് തിരിച്ചറിഞ്ഞ മികച്ച വിദ്യാഭ്യാസ വിചക്ഷണരായ അധ്യാപകരാണ്. ഇവിടെ നിങ്ങളുടെ തിയറികളും സിദ്ധാന്തങ്ങളുമെല്ലാം പരാജയപ്പെടുകയാണ് പ്രിയ വിസി. അതിനാല്‍ തന്നെയാണ് തികച്ചും യോഗ്യതയില്ലാത്ത, തന്റെ കൈകൊണ്ടുവാങ്ങാന്‍ ഒരിക്കലും അര്‍ഹതയില്ലാത്ത ഇവിടെ ജീവിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വിലമതിക്കുന്ന ആ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ താങ്കള്‍ വല്ലാതെ ഇളിഭ്യനായത്.

ജെഎന്‍യു: ഇനി സമരമല്ലാതെ വഴിയില്ല; ജയിലല്ലാതെ നിറയ്ക്കാന്‍ ഇടവും

ഞങ്ങള്‍ വളരെയേറ ആത്മവിശ്വാസത്തോടെയാണ് നിങ്ങളോട് സംസാരിക്കുന്നത് വൈസ് ചാന്‍സിലര്‍, ഉറച്ച ശരികളുടെ ആത്മബോധത്തില്‍ നിന്നാണ് ഇവിടെ ആയിരങ്ങള്‍ നിങ്ങള്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്രീഡം സ്‌ക്വയറിലേക്ക് വരുന്നത്. ഈ ഉറച്ച ബോധ്യങ്ങള്‍ക്കു മുമ്പിലാണ് ഇവിടുത്തെ വലിയ പഠന മുറികളിലൊന്നായ ഫ്രീഡം സ്‌ക്വയറിലെ പടവുകളില്‍ നിന്ന് ഞങ്ങളുടെ ഇടം നിഷേധിക്കുന്ന ഓരോ ചെടിച്ചട്ടിയും എടുത്തു മാറ്റപ്പെട്ടത്. പ്രിയപ്പെട്ട വിസി സാര്‍, ഞങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും നിലപാടുകള്‍ വ്യക്തമാക്കുന്നതും ഒരു സെന്‍സര്‍ ബോര്‍ഡിനേയും ഒരു സദാചാര പൊലീസിനെയും പേടിച്ചിട്ടല്ല.

അക്കാദമിക്കായി ഇവിടെ വിദ്യാര്‍ത്ഥികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനോടൊപ്പം നിരന്തരം സാമൂഹികമായും രാഷ്ട്രീയമായും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതിനാലാണ് ഇസ്രായേല്‍ ഗാസയില്‍ ബോംബ് വര്‍ഷിച്ചെന്നു കേള്‍ക്കുമ്പോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇസ്രയേല്‍ എംബസിക്കു മുന്‍പില്‍ സമര പ്രക്ഷോഭങ്ങളുമായി അണിനിരക്കുന്നത്. ഹരിയാനയിലെയോ, ഗുജറാത്തിലെയോ രാജസ്ഥാനിലേയോ, ഉത്തര്‍പ്രദേശിലെയോ, മറ്റെവിടെയെങ്കിലുമോ സ്ത്രീകളോ, ദളിത്, ആദിവാസികളോ, ന്യൂനപക്ഷങ്ങളോ അക്രമങ്ങള്‍ക്ക് ഇരയായി എന്നു കേള്‍ക്കുമ്പോള്‍ അതത് ഭവനുകളിലും പാര്‍ലമെന്റ് സ്ട്രീറ്റിലും ഒരു ഭരണവര്‍ഗത്തിനും അണയ്ക്കാന്‍ കഴിയാത്ത സമരാഗ്‌നിയുമായി കടന്നുവരുന്ന ജെഎന്‍യുക്കാരെ തടയാന്‍, നിങ്ങളെന്നല്ല നിങ്ങളുടെ ചുവടുകള്‍ക്ക് പാട്ടുകള്‍ തയ്യാറാക്കി അയയ്ക്കുന്ന മുതലാളിത്തവും മതഭ്രാന്തും ചേര്‍ന്നു പിടിച്ച ഭരണവര്‍ഗ്ഗത്തിനും സാധിക്കില്ല. ഞങ്ങളുടെ ഭാഷയും പഠനവും വടിവൊത്തതാക്കുന്നത് ഇവിടെ ഓരോ വിദ്യാര്‍ത്ഥിയും വായിക്കുന്ന ഞങ്ങളുടെ നിലപാടുകളായ ലഘുലേഖകള്‍ എഴുതിയതു കൂടിക്കൊണ്ടാണ് സാര്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ ജീവിത വിദ്യാഭ്യാസത്തിലേക്ക് നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കുപോലും എത്തിച്ചേരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഞങ്ങളെ ഞങ്ങളായി മുന്നേറാന്‍ അനുവദിക്കാതെ, ഭരണകൂട പിന്തുണയയോടെ, ഭയപ്പെടുത്താനുള്ള റൂള്‍ ബുക്ക് പരിഷ്‌കാരങ്ങളുമായി വരുന്ന വിസി മാമിദാല ജഗദീഷ് കുമാര്‍, ഈ പ്രവര്‍ത്തികള്‍ക്കു നിങ്ങള്‍ പാരിതോഷികമായി ഗവര്‍ണറോ, യുജിസി ചെയര്‍മാനോ മറ്റെന്തെങ്കിലുമോ പ്രതീക്ഷിക്കുന്നുണ്ടാകാം. പക്ഷേ ഞങ്ങളീ വിദ്യാര്‍ത്ഥികള്‍ സര്‍ഗബോധം കൊണ്ട് നിങ്ങളെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജെഎന്‍യു: ഒടുവില്‍ ഹിന്ദുത്വ ഇന്ത്യയുടെ അദൃശ്യയുദ്ധം വെളിവാക്കപ്പെടുകയാണ്

എബിവിപിയുടെ പ്ലാനിംഗ്; പോലീസിന്റെ ശുഷ്ക്കാന്തി; ജെഎന്‍യു തിരക്കഥ രാംജാസിലെഴുതുമ്പോള്‍

ഗംഗ ധാബ അടച്ചുപൂട്ടാന്‍ അധികൃതര്‍; ജെഎന്‍യു പുതിയ പ്രക്ഷോഭത്തിലേക്ക്

രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന ആകുലതയ്‌ക്കൊന്നും ഇനി സ്ഥാനമില്ല

“നിന്നെപ്പോലുള്ള മുസ്ലീങ്ങളെ പാകിസ്ഥാനിലേയ്ക്ക് വിടും”; ജെഎന്‍യു വിദ്യാര്‍ത്ഥിക്ക് സിഐഎസ്എഫുകാരുടെ മര്‍ദ്ദനം

സ്ത്രീശാക്തീകരണം; ജെഎന്‍യുവില്‍ നിന്ന് കേരളത്തിന് ചിലത് പഠിക്കാനുണ്ട്

വിദ്യാഭ്യാസത്തിനു ടാങ്ക് വയ്ക്കുന്ന ഹിന്ദുത്വ

അമൽ പുല്ലാർക്കാട്ട്

അമൽ പുല്ലാർക്കാട്ട്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി, ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ്‌

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍