UPDATES

പാണക്കാട് തങ്ങൾക്ക് ഒരു തുറന്ന കത്ത്; സ്ത്രീകളുടെ അവകാശത്തെ കുറിച്ചാണ്

സ്ത്രീകളെ മാറ്റി നിർത്തിയത് കൊണ്ടു മാത്രം സുന്നികൾ എത്ര ദുര്‍ബലമാവുന്നുണ്ട് എന്നത് ഒന്ന് പരിശോധിച്ചാൽ കാണാം

ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾ വായിച്ചറിയുവാൻ,

ദൈവം എല്ലാവര്‍ക്കും സമാധാനം നൽകട്ടെ.

കേരളത്തിലെ മുജാഹിദ് – ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ പള്ളിയിൽ പ്രവേശിക്കാന്‍ സ്ത്രീകൾക്ക് നൽകിയ അവകാശം താങ്കൾ കൂടി നേതൃത്വത്തിലുള്ള, ഏറ്റവും പുരാതനവും വലുതുമായ മുസ്ലീം സംഘടനയായ, ഇ കെ സുന്നി എന്ന് വിളിക്കപ്പെടുന്ന വിഭാഗം കൂടി നൽകുന്ന കാര്യം പരിഗണിക്കണം എന്ന് ആവശ്യപ്പെടാനാണ് ഈ കത്തെഴുതുന്നത്.

സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ടു മുസ്ലിം ചരിത്രത്തിൽ വ്യത്യസ്തവും വിരുദ്ധവുമായ പല നിലപാടുകളും പലനാട്ടിൽ പല കാലത്ത് ഉണ്ടായിട്ടുണ്ട്. പ്രവാചകകാലത്ത് സ്ത്രീകൾ ആണുങ്ങൾക്കൊപ്പം ഒരു പള്ളിയിൽ നമസ്കരിച്ചെങ്കിൽ പിന്നീടത് പലയിടത്തും സ്ത്രീകൾ പള്ളിയിൽ പോവേണ്ടതില്ല എന്നോ പോവാൻ പാടില്ല എന്നോ വ്യത്യസ്ത സാഹചര്യങ്ങളിൽ നടപ്പുകളുണ്ടായിട്ടുണ്ട് എന്നാണെന്റെ പരിമിതമായ അറിവ്. സ്ത്രീകൾ വ്യാപകമായി യാത്ര ചെയ്യാതിരിക്കുകയോ പുറത്തിറങ്ങാതിരിക്കുകയോ ചെയ്തിരുന്ന കാലത്ത് അതു സ്വാഭാവികമായിരുന്നു താനും.

ആർത്തവമുണ്ടാവുന്ന പ്രായത്തിലുള്ള സ്ത്രീകൾ അശുദ്ധകളാണെന്ന ആലോചനയുടെ അടിസ്ഥാനത്തിലാണല്ലോ ഇന്നും സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം നൽകുന്നതിന് പരമ്പരാഗതമായുണ്ടായിരുന്ന വിലക്ക് സുന്നിപള്ളികളിൽ നിലനിൽക്കുന്നത്. ആർത്തവരക്തം നിയന്ത്രിക്കാനോ ആർത്തവകാലത്തെ മാനസിക വ്യഥകൾ കൈകാര്യം ചെയ്യാനോ കഴിയാതിരുന്ന കാലത്ത് ഈ നിയന്ത്രണങ്ങൾക്കോ നിർദ്ദേശങ്ങൾക്കോ പ്രസക്തിയും ഉണ്ടായിരുന്നു. പള്ളിയിൽ പോയി നമസ്കാരം ചെയ്യൽ ആണുങ്ങൾക്ക് കൂടുതൽ നല്ലതാണ് എന്ന് നിർദ്ദേശമുള്ളപ്പോൾ സ്ത്രീകൾ പള്ളിയിൽ പോവേണ്ടതില്ല എന്ന ആനുകൂല്യം സ്ത്രീകൾക്ക് കൊടുത്തത് അന്നത്തെ സാമൂഹ്യ-സാങ്കേതിക സാഹചര്യങ്ങൾ വെച്ചാവണം.

ഇന്നാ അവസ്ഥ മാറി: ആരും ആർത്തവകാലത്ത് സ്ത്രീകൾ അടുക്കളയിൽ കയറരുതെന്നു പറയുന്നില്ല. അണുകുടുംബകാലത്ത് അങ്ങനെ പറഞ്ഞാൽ പുരുഷന്മാർതന്നെ അടുക്കള ജോലി ചെയ്യേണ്ടി വരും എന്നത് കൊണ്ടാണിത്. ആർത്തവമുള്ള സ്ത്രീകൾ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ട്. യാത്ര ചെയ്യുന്നുണ്ട്. രക്തസ്രാവത്തിന് അവർക്ക് പാഡുകളും കപ്പുകളുമുണ്ട്; വേദനയ്ക്കും മാനസികാസ്വാസ്ഥ്യത്തിനും പോഷകാഹാരക്കുറവിനും മരുന്നുകളും. ആ അവസ്ഥയിൽ പള്ളികൾ അവരെ മാറ്റി നിർത്തുന്നതെന്തിന്?

സ്ത്രീകൾ കൂടുതലായി നേതൃസ്ഥാനങ്ങളിലേക്ക് വരണം എന്നൊരു ആഹ്വാനം അങ്ങ് നടത്തിയിരുന്നല്ലോ. മാത്രവുമല്ല, മുസ്ലിം പെൺകുട്ടികൾ കൂടുതലായി ഹൈസ്കൂൾ പഠനം നടത്താനും അതിലൂടെ വിദ്യാഭ്യാസരംഗത്ത് പുതിയൊരു കാൽവെയ്പ്പുണ്ടാക്കാനും വേണ്ടി അവർക്കു വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തിയ സിഎച്ച് മുഹമ്മദ് കോയയാണല്ലോ അങ്ങയുടെയും നേതാവ്. അത് കൊണ്ട് സ്ത്രീകൾക്ക് വിശ്വാസകേന്ദ്രങ്ങളിലും പങ്കാളിത്തവും നേതൃത്വവും നൽകുന്നത് ഇന്നിന്റെ ആവശ്യമാണ് എന്നു തിരിച്ചറിയാനുള്ള ചരിത്രബോധം താങ്കൾക്കുണ്ട് എന്നെനിക്കു വിശ്വാസമുണ്ട്.

ഒരു ജൈവിക പ്രക്രിയയിൽ ലജ്ജിക്കേണ്ടി വരികയോ ഒരിടത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു മാറ്റിനിർത്തപ്പെടുന്നതോ ചെയ്യുക എന്ന മാനുഷികമല്ലാത്ത കാര്യം ഒട്ടുമില്ലാത്ത സ്ഥലങ്ങളാവട്ടെ എല്ലാ മുസ്ലിം പള്ളികളും.

ഈ ആലോചന ഇപ്പോൾ അവതരിപ്പിക്കാനുള്ള കാരണം സ്ത്രീയെ സ്ത്രീയെന്ന ഒറ്റക്കാരണം കൊണ്ട് അശുദ്ധയായി മാറ്റി നിർത്തുന്നത് അയിത്താചാരമാണെന്നും അത് ഭരണഘടനാവിരുദ്ധവും സ്വാഭാവികനീതിക്കു എതിരാണെന്നും ഉള്ള സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധിയാണ്. അതുപയോഗിച്ച് ആര് കോടതി കേറിയാലും ആ അവകാശം നൽകേണ്ടി വരും. മുസ്ലിം സ്‌ത്രീക്ക്‌ സ്വന്തം വിശ്വാസപരമായ അവകാശം നേടിയെടുക്കാൻ കോടതിയിൽ പോവേണ്ട അവസ്ഥ ഉണ്ടാവുന്നത് തന്നെ മോശമല്ലേ? സ്വമേധയാ മുസ്ലിം സമുദായം ചെയ്യേണ്ടതല്ലേ എല്ലാ പള്ളികളും എല്ലാ സ്ത്രീകൾക്കും കൂടി തുറന്നു കൊടുക്കുക എന്നത്?

ഇനി പള്ളിക്കമ്മിറ്റികൾ സമ്മതിക്കാത്തത് കൊണ്ട് ഏതെങ്കിലും പെൺകൂട്ടായ്മകൾ കോടതിയെ സമീപിച്ച് പള്ളിപ്രവേശനത്തിനുള്ള അവകാശം നേടിവന്നാൽ? ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും തള്ളിക്കളയാൻ കഴിയുമോ അങ്ങയുടെ സംഘടനയ്ക്കും പാർട്ടിക്കും? ഞാൻ തങ്ങളെക്കുറിച്ചും തങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചും സംഘടനയെക്കുറിച്ചും മനസ്സിലാക്കുന്നത് ഭരണഘടനയെ പൂർണാർത്ഥത്തിൽ അംഗീകരിക്കുന്നവരാണ് എന്നാണ്. ഓരോ പള്ളിക്കു പുറത്തും ഗുണ്ടകളെ നിർത്തി കയറാൻ വരുന്ന സ്ത്രീകളെ തെറിപറഞ്ഞും ഭീഷണിപ്പെടുത്തിയും കായികമായി കൈകാര്യം ചെയ്തും വീട് തിരഞ്ഞു കണ്ടുപിടിച്ച് അടിച്ചുപൊളിച്ചും പള്ളി സംരക്ഷിക്കുക എന്ന ആൺആൾക്കൂട്ടനിയമലംഘനത്തിൽ തങ്ങൾ വിശ്വസിക്കുന്നു എന്ന് എനിക്ക് വിചാരിക്കാനേ വയ്യ. അങ്ങനെ ഒരു സാഹചര്യം വന്നാൽ ഹാജി അലി ദര്‍ഗയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ട് വന്ന വിധിയോട് അവിടുത്തെ അധികൃതർ കാണിച്ച മാന്യമായ നിലപാട് ആവർത്തിക്കാൻ തങ്ങൾ നേതൃത്വം കൊടുക്കുന്ന മുസ്ലിം പക്ഷത്തിനു കഴിയണം. എന്റെ അഭ്യത്ഥന അതിനു പോലും കാത്തിരിക്കാൻ നിൽക്കാതെ സ്ത്രീകളുടെ എല്ലായിടത്തുമുള്ള പള്ളിപ്രവേശനത്തിനു മുൻകൈ തങ്ങൾ തന്നെ എടുക്കണമെന്നാണ്. എന്നായാലും നടക്കേണ്ടതാണ്, ആ മാറ്റം അങ്ങയിൽ നിന്ന് തുടങ്ങട്ടെ.

പള്ളിയിൽ കയറണമെന്നു വിചാരിക്കുന്ന സ്ത്രീ സുന്നി സംഘടനക്ക് പുറത്താണെന്നും അവർക്കു മുജാഹിദോ ജമാഅത്തെ ഇസ്ലാമിയോ ആവുകയാണ് നല്ലത് എന്നും ആ സംഘടനകളിൽപ്പെട്ടവർ തന്നെ പറയുന്നത് കാണുന്നുണ്ട്. എന്റെ പ്രശ്നം ഒരു സ്ത്രീക്ക് സ്ത്രീ ആണ് എന്ന കാരണം കൊണ്ട് ഒരു സ്ഥലത്തു പ്രവേശിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ്. പിന്നെ മുജാഹിദുകളും ജമാഅത്തെ ഇസ്ളാമിക്കാരും ചെയ്യാത്ത പലതും സുന്നികൾ ചെയ്യുന്നില്ലേ? ഒരാൾ മരിച്ച മൂന്നിന്റെയന്നു കണ്ണൂക്കു എന്ന പേരിൽ മരണാന്തര ചടങ്ങു നടത്തുക, ബദർ യുദ്ധത്തിന്റെ ഓർമക്കായി ബദർ രക്തസാക്ഷികളുടെ ഓർമക്കായി ബദിരീങ്ങളുടെ ആണ്ട് നടത്തുക, നബിയുടെ ജന്മദിനം ആഘോഷിക്കുക, വെള്ളിയാഴ്ചത്തെ പ്രഭാഷണം (ഖുതുബ) അറബിയിൽ നടത്തുക ഇവയൊന്നും മുജാഹിദുകളോ ജമാഅത്തെ ഇസ്ലാമികാരോ അംഗീകരിക്കുന്നതല്ല (പലതും മതവിരുദ്ധം കൂടിയാണ് ഇക്കൂട്ടർക്ക്). പള്ളിയിൽ പോകണമെന്ന് പറയുന്ന ഒരു സുന്നി സ്ത്രീ ഇതൊക്കെ അവസാനിപ്പിക്കണം എന്ന് കൂടിയാണ് അവർ പറയുന്നത്. എന്ന് വെച്ചാൽ സ്വന്തം സംഘടനയെ വളർത്താൻ അവർ ഇ.കെ സുന്നികളുടെ പാരമ്പര്യവാദത്തെ സമർത്ഥമായി ഉപയോഗിക്കുകയാണ്.

സ്ത്രീകളെ മാറ്റി നിർത്തിയത് കൊണ്ടു മാത്രം സുന്നികൾ എത്ര ദുര്‍ബലമാവുന്നുണ്ട് എന്നത് ഒന്ന് പരിശോധിച്ചാൽ കാണാം. മിടുക്കികളായ യുവമുസ്ലിം സ്ത്രീകൾക്ക് സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ ഒരു വേദി കൊടുക്കാൻ ഏറ്റവും നന്നായി സാധിക്കേണ്ടത് തങ്ങളെപ്പോലെ ഒരാളുടെ കീഴിലുള്ള സംഘടനക്കല്ലേ?

എനിക്ക് കേരളത്തിലെ മുസ്ലിം സംഘടനാവഴക്കുകളിൽ ഒരു താല്പര്യവുമില്ല. എന്നാൽ എല്ലാകാര്യത്തിലും മിതത്വം പാലിക്കുകയും ഉദാരവും നാട്ടാചാരങ്ങളോടും ചുറ്റുപാടുകളോടും തികച്ചും ജൈവികമായ ഒരു ബന്ധം നിലനിർത്തുന്നതുമായ ഇ കെ വിഭാഗം സുന്നികളുടെ രീതി സംസ്ഥാനത്തിന് യോജിച്ചതാണെന്നു തോന്നിയിട്ടുണ്ട്. മതരാഷ്ട്രവാദം, സമുദായങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ പരത്തൽ എന്നിങ്ങനെയുള്ള നശീകരണവാസനക്കാരോടുള്ള നിങ്ങളുടെ ഫലവത്തായ എതിർപ്പിന് സാമുദായിക സൗഹാർദ്ദത്തിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് നന്ദിയും ഉണ്ട്. ഏറ്റവും വലിയ മുസ്ലിം സംഘടന ആയതിനാൽ നിങ്ങൾക്കാണ് നഷ്ടം വരാൻ പോകുന്നത്. സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ പ്രസ്ഥാനത്തെ ദുർബ്ബലപ്പെടുത്തുന്നത് സമുദായത്തിനോ സമൂഹത്തിനോ ഒട്ടും ഗുണം ചെയ്യില്ല എന്നാണെന്റെ തോന്നൽ.

ഇനി ഈ ആലോചനയ്ക്കുള്ള രാഷ്ട്രീയമായ സാധ്യത കൂടി പറയാം. തങ്ങൾ നേതൃത്വം നൽകുന്ന മുസ്ലിം ലീഗിൽ ഉള്ള രണ്ടു മതസംഘടനാ വിഭാഗക്കാർ ഇ കെ സുന്നിക്കാരും മുജാഹിദുകളും ആണല്ലോ. (എ പി സുന്നികൾ ആദ്യം മാർക്സിസ്റ്റുകാരോട് ഒപ്പമായിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് മനസിലാവുന്നത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും പ്രഖ്യാപിത ലീഗ് വിരുദ്ധരും സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി ലീഗിനെതിരെ മത്സരിക്കുന്നവരുമാണ് എന്നതും എല്ലാവര്‍ക്കും അറിയാവുന്നതാണ്). ഇതിൽ മുജാഹിദ് വിഭാഗത്തിലെ ചരിത്രബോധമോ പ്രാദേശികതയെക്കുറിച്ചുള്ള ധാരണയോ ഇല്ലാത്ത ശുദ്ധിവാദികളും മുരത്ത സംഘടനാവാദികളും ആയ ചില വഹാബിഗ്രൂപ്പുകളെ മാറ്റി നിർത്തിയാൽ ബാക്കിയുള്ളവരെ കൂട്ടി ഭരണഘടനാദേശീയതയ്ക്ക് ചുറ്റും ഒരു പുതിയ മുസ്ലിം ഭാവുകത്വം ഉണ്ടാക്കാനും അവരും കൂടി യോജിക്കുന്ന ഇത്തരം ഒരു കാൽവെയ്പ് സഹായിക്കും.

സ്ത്രീകളുടെ പള്ളിപ്രവേശനം, ഖുർആന്റെ മലയാള പരിഭാഷ എന്നീ വിഷയത്തിലായിരുന്നല്ലോ കാര്യമായി സുന്നികളും മുജാഹിദുകളും തമ്മിലുള്ള പ്രധാന അകലം. ഖുർആൻ മലയാള പരിഭാഷ ഒരു തർക്ക വിഷയമേ അല്ലാതായിക്കഴിഞ്ഞു. അത് പോലെയാവട്ടെ സ്ത്രീ പള്ളിപ്രവേശനവും.

നീതിയെപ്പറ്റിയും പ്രായോഗികതയെപ്പറ്റിയും ചരിത്രത്തെപ്പറ്റിയുമുള്ള അമൂർത്തമായ ആലോചനകൾക്കപ്പുറം തികച്ചും അനുഭവത്തിന്റേതായ ഒരു തലം കൂടി ഈ അഭ്യർത്ഥനയ്ക്കു പിന്നിലുണ്ട്: ഗൾഫിൽ നിന്ന് പണം വരുന്നതിനു മുമ്പ്, നാട്ടുകാരെല്ലാവരും ചേർന്നാണല്ലോ പള്ളിപ്പണി എടുത്തിരുന്നത്. അതിനു ഭക്ഷണം ഉണ്ടാക്കാനും ഉസ്താദുന്മാർക്ക് ഭക്ഷണം ഉണ്ടാക്കാനും എത്ര സ്ത്രീകൾ മിനക്കെട്ടിട്ടുണ്ട്. അവരുടെ കൂടെ അധ്വാനമല്ലേ വാസ്തവത്തിൽ പള്ളികൾ? അവരെ നാം മാറ്റിനിർത്താൻ പാടുണ്ടോ?

ഒരു നാട്ടിൽ ഒരു പള്ളിയിൽ മാത്രമേ ഖബർസ്ഥാനുകൾ ഉണ്ടാവാറുള്ളു. നാട്ടിലെ ആദ്യത്തെ പള്ളി ഇ കെ സുന്നിക്കാരുടേതായിരിക്കും. അതുകൊണ്ട് മയ്യത്തു നമസ്കാരത്തിലോ ഖബറടക്കലിലോ സ്ത്രീകൾക്ക് ഉണ്ടാവാൻ പറ്റാറില്ല. അതിന് ആഗ്രഹമുള്ള വിവിധ വിഭാഗക്കാർക്കും ഉറ്റവരുടെ ഖബറിടങ്ങളിൽ പോയി മരിച്ചവരുടെ ഓര്‍മ പുതുക്കണമെന്നോ അവിടെപ്പോയി പ്രാർത്ഥിക്കണമെന്നോ ഉണ്ടെങ്കിൽ അതിനു കഴിയേണ്ടതല്ലേ? പിന്നെ ഇത്തരം പ്രാർത്ഥനകൾ ഇസ്ലാമികമാണോ ഇസ്ലാമികവിരുദ്ധമാണോ എന്ന ചർച്ചക്ക് ഇവിടെ പ്രസക്തിയില്ല. അത് അവരും പടച്ചവനും തമ്മിൽ ആയിക്കൊള്ളട്ടെ. “നിനക്ക് നിന്റെ മതം, എനിക്കെന്റെ മതം; മതത്തിന്റെ കാര്യത്തിൽ ബലാത്ക്കാരമില്ല” എന്നാണല്ലോ ഖുർആൻ പറയുന്നത്.

അവസാനമായി ഒരു കാര്യം കൂടി: കേരളത്തിൽ ഇന്ന് നേതാക്കന്മാരില്ലാത്ത ഒരവസ്ഥയാണ്. അണികളെ കൂടെ നിർത്താനും അവരുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാനും പറയേണ്ടതെന്താണ് എന്നാലോചിച്ചു കഷ്ടപ്പെടുകയാണിവർ. ആൾക്കൂട്ടഭീകരതയാൽ നയിക്കപ്പെടുന്നവർ, അവരുടെ വോട്ട് പർച്ചേസിംഗ് കപ്പാസിറ്റി കണ്ടു പേടിക്കുന്നവർ- അവരിൽ പെടാതെ സമുദായത്തിനും സമൂഹത്തിനും നീതിക്കും കാലത്തിനും ഏറ്റവും നല്ലതെന്താണ് എന്ന് വെച്ചാൽ അത് ചെയ്യാനുള്ള ആർജ്ജവം തങ്ങളിൽ ഉണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

ഈ വിഷയം സദയം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കളുടെ സമയത്തിനും ശ്രദ്ധയ്ക്കും ഒരു പാട് നന്ദി.

സ്നേഹാദരങ്ങളോടെ,

എൻ.പി ആഷ്‌ലി

അധ്യാപകന്‍, സെൻറ് സ്റ്റീഫൻസ് കോളേജ്, ഡല്‍ഹി.

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍