UPDATES

ട്രെന്‍ഡിങ്ങ്

ആ കലാലയവാതില്‍ എന്തിനാണ് നിങ്ങള്‍ കൊട്ടിയടച്ചത്? സെന്റ്‌ തെരേസാസ് കോളേജ് പ്രിന്‍സിപ്പലിന് ഒരു തുറന്ന കത്ത്

എന്ത്‌ സ്വതന്ത്ര ചിന്താഗതിയാണ്‌‌ ഇക്കാലമത്രയും സെന്റ്‌ തെരേസാസ്‌ പെൺകുട്ടികൾക്ക്‌ പകർന്ന് നൽകിയത്‌ എന്ന് അത്ഭുതപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീപാര്‍വതിയുടെ മീനുകള്‍ ചുംബിക്കുന്നു എന്ന നോവല്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് എറണാകുളം സെന്റ്‌ തെരേസാസ് കോളേജിലാണ്. എന്നാല്‍ നോവലില്‍ ലെസ്ബിയന്‍ ഉള്ളടക്കം ഉള്ളതുകൊണ്ട് വേദി നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സെന്റ്‌ തെരേസാസ് കോളേജിന് അമല ഷഫീക് എഴുതുന്ന തുറന്ന കത്ത്. 

ബഹുമാനപ്പെട്ട പ്രിൻസിപ്പലിന്,

കേരളത്തിലെ മുൻനിര കോളേജുകളിൽ പതിറ്റാണ്ടുകളായി നിലയുറപ്പിച്ച കലാലയമാണ് സെന്റ് തെരേസാസ്. എത്രയോ വിദ്യാർത്ഥിനികൾ പഠിച്ചതും പഠിക്കാൻ ആഗ്രഹിച്ചതുമായ സ്വപ്ന കലാലയം. പാഠ്യ വിഷയത്തിൽ മാത്രമല്ല പഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയ ഈ കലാലയത്തെ ഏറെ ബഹുമാനത്തോടെയാണ് ഞാൻ അകലെ നിന്ന് നോക്കി കണ്ടിരുന്നത്.

മലയാളത്തിലെ അപൂർവതയാണ് ലെസ്ബിയൻ പുസ്തകം. ഇങ്ങനെ ഒരു പുസ്തകം ശ്രീപാർവതി എഴുതുമ്പോൾ അത് പ്രകാശനം ചെയ്യാനുള്ള വേദിയായി കാമ്പസ് വിട്ടുകൊടുക്കുന്നു എന്ന് കേട്ടപ്പോൾ ബഹുമാനം കൂടിയതേയുള്ളു. മീനുകൾ ചുംബിക്കുന്നു എന്ന പുസ്തകത്തിന്റെ  വിഷയം ലെസ്ബിയൻ ആണെന്നറിഞ്ഞപ്പോൾ ഇത്തരം പുസ്തകം ആണെന്ന് അറിഞ്ഞില്ല എന്ന് പറഞ്ഞ്, കലാലയത്തിന്റെ പടിവാതിൽ കൊട്ടിയടച്ചു എന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു…

സ്തീ ജീവിതത്തെ യാതൊരു മറവും ഇല്ലാതെ ആഘോഷിച്ച എഴുത്തുകാരിയാണ്‌ മാധവിക്കുട്ടിയെന്ന കമലാ സുരയ്യ എന്ന് നിങ്ങൾക്കും അറിവുള്ളതാണെന്ന് കരുതുന്നു. അവരുടെ ചന്ദനമരങ്ങൾ കാലത്തിനു മുമ്പേ നടന്ന കഥ എന്നൊന്നും തോന്നിയിട്ടില്ല; പക്ഷെ സ്തീ ജീവിതങ്ങൾ ഇതൊക്കെ കൂടിയാണ്‌ എന്ന് അടയാളപ്പെടുത്തിയ കഥയാണത്‌‌. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അതേ വിഷയത്തിൽ ഒരു നോവൽ പുറത്ത്‌ വരുമ്പോൾ; സ്തീകൾക്ക്‌ മാത്രമുള്ള വിഹായസ്സ്‌‌ എന്ന് വാഴ്ത്തപ്പെടുന്ന ഒരു കോളേജിന്റെയും പ്രിൻസിപ്പലിന്റെയും നിലപാട്‌ ഇതാണങ്കിൽ; എന്ത്‌ ധൈര്യമാണ്‌, എന്ത്‌ സ്വാശ്രയമാണ്‌, എന്ത്‌ സ്വതന്ത്ര ചിന്താഗതിയാണ്‌‌ ഇക്കാലമത്രയും സെന്റ്‌ തെരേസാസ്‌ പെൺകുട്ടികൾക്ക്‌ പകർന്ന് നൽകിയത്‌ എന്ന്  അത്ഭുതപ്പെടുന്നു.

ലെസ്ബിയനിസത്തിൽ താൽപ്പര്യമുള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്ന് പറയാതെ പറഞ്ഞു വയ്ക്കുകയാണെന്ന് കരുതരുത്‌. നാമിവിടെ സംസാരിക്കുന്നത്‌ സ്ത്രീ ജീവിതങ്ങളെ കുറിച്ചാണ്‌; പൊതുധാരയിൽ നിന്നും വേറിട്ട ജന്മങ്ങളെ കുറിച്ചാണ്‌, അവരെ സമൂഹം നോക്കി കാണുന്നതിനെ കുറിച്ചാണ്‌, ജീവിക്കാനുള്ള അവരുടെ അവകാശത്തെ കുറിച്ചാണ്‌. ഒരു സ്ത്രീയായ താങ്കൾ, സ്ത്രീകൾക്ക്‌ വേണ്ടി മാത്രമുള്ള കലാലയത്തിന്റെ പ്രിൻസിപ്പലായ താങ്കൾ ഈ കാരണം പറഞ്ഞ്‌ ഒരു വേദി നിഷേധിക്കുക വഴി എന്ത്‌ സന്ദേശമാണ്‌ സമൂഹത്തിന്‌ നൽകുന്നതെന്ന് ഒരിക്കലെങ്കിലും ആലോചിച്ചുവോ? കാലങ്ങളായി പൊതുസമൂഹം അടിച്ചേൽപ്പിച്ച വിലക്കുകളിൽ നിന്നും സ്ത്രീ ഒരിക്കലും പുറത്ത്‌ വരരുത്‌ എന്ന് തന്നെയാണോ താങ്കളുടെയും അഭിപ്രായം? സത്യത്തിൽ നിങ്ങളുടെത്‌ എത്ര ഇടുങ്ങിയ ചിന്താഗതിയാണെന്നുള്ളത്‌ വല്ലാതെ ഭയപ്പെടുത്തുന്നു മാഡം. ഒന്നുകിൽ അടിച്ച വഴിയെ പോകുക; അല്ലെങ്കിലും അടിച്ച വഴിയെ പോകുക എന്നതാണോ താങ്കൾ മുമ്പോട്ട്‌ വയ്ക്കുന്ന തത്വശാസ്ത്രം?

നപുംസകങ്ങൾ എന്ന് അടുത്തകാലം വരെ അടച്ചാക്ഷേപിച്ചിരുന്ന മനുഷ്യരെ തിരിച്ചറിഞ്ഞ് തേർഡ് ജെന്‍ഡറിന് ബഹുമാന്യസ്ഥാനം മലയാളി നൽകാൻ തുടങ്ങിയിരിക്കുന്നു. മാനവികതയുടെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന  കാലത്തിന്റെ ചുവരെഴുത്ത് നിങ്ങൾ വായിക്കുന്നില്ലെങ്കിൽ പിന്നോട്ടുപോകുന്നത് നിങ്ങൾ തന്നെയാകും. ശ്രീപാർവ്വതിയുടെ മുന്നിൽ കൊട്ടിയടച്ച കാമ്പസിന്റെ വാതിൽ തുറന്നു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഭയക്കാതെ, ധീരതയോടെ പുതിയ ചിന്തകളെ വരവേൽക്കൂ, നമ്മുടെ പുതിയ തലമുറ പുതിയ ലോകത്തു വളരട്ടെ.

സ്നേഹപൂർവ്വം

അമല ഷഫീക്ക്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അമല ഷഫീക്ക്

അമല ഷഫീക്ക്

ഇക്കണൊമിക്‌സ്‌, മാനേജ്‌മന്റ്‌ എന്നിവയിൽ ബിരുദാനന്തര ബിരുദം. നവ എഴുത്തുകാരികളുടെ കൂട്ടായ്മയായ 'ഫ്രം ദ ഗ്രനൈറ്റ്‌ ടോപ്‌`- അടുക്കളക്കപ്പുറം- ന്റെ കോ-ഓർഡിനേറ്റർ കൂടിയാണ്. മാനേജ്‌മന്റ്‌ രംഗത്ത്‌ ക്വാളിറ്റി കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍