UPDATES

ട്രെന്‍ഡിങ്ങ്

ബാങ്കുകളെ ഷൈലോക്കുകളാക്കുന്ന സര്‍ഫാസി നിയമം, കേരളത്തില്‍ ഭീഷണി നേരിടുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍, നിസഹായരായി സര്‍ക്കാര്‍

വായ്പ തിരിച്ചുപിടിക്കലല്ല, മറിച്ച് ജാമ്യ ഭൂമി കൈക്കാലാക്കുകയെന്നതാണ് സര്‍ഫാസി നിയമം ലക്ഷ്യമിടുന്നതെന്നാണ് ആരോപണം

ഉദാരവല്‍ക്കരണ നയം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലെ ബാങ്കിംങ് രംഗത്ത് കൊണ്ടുവന്ന നിരവധി നിയമ പരിഷ്‌ക്കാരങ്ങളില്‍ ഒന്നാണ് സര്‍ഫാസി നിയമം. സെക്യുരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസൈറ്റസ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ് (SARFAESI) നിയമത്തിന്റെ ഇരയാണ് ഇന്നലെ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത അമ്മയും മകളും. (മരണവുമായി ബന്ധപ്പെട്ട് മറ്റ് ചില കാരണങ്ങള്‍ കൂടി പുറത്തുവരുന്നുണ്ടെങ്കിലും) ഇതേ നിയമമാണ് എറണാകുളം ഇടപ്പള്ളിയിലെ പ്രീതാ ഷാജിയെ മാസങ്ങളോളം ദുരതത്തിലാക്കിയത്. ഇതേ നിയമമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറുകണക്കിന് ആളുകളെ നിത്യ ദുരിതത്തിലാക്കിയിരിക്കുന്നത്.

2002 ല്‍ എ ബി വാജ്‌പേയ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് സര്‍ഫാസി നിയമം കൊണ്ടുവന്നത്. ചുരുക്കി പറഞ്ഞാല്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ തിരിച്ചുപിടിക്കാന്‍ വീടും സ്ഥലവും ഉള്‍പ്പെടെയുള്ളവ ലേലം ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് സര്‍ഫാസി നിയമം. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാനും പ്രവര്‍ത്തനം മെച്ചെപ്പടുത്താനുമാണ് ഇത്തര്ത്തില്‍ ഒരു നിയമം കൊണ്ടുവന്നത് എന്ന അവകാശപ്പെടുമ്പോഴും, ഇത് സമൂഹത്തിലെ മധ്യവര്‍ഗക്കാരെയോ സാമ്പത്തികമായി അടിത്തട്ടില്‍ കഴിയുന്നവരെയോ ആണ് എപ്പോഴാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇങ്ങനെ പണം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് സഹായിയായി അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന പുതിയ ഒരു സംവിധാനം കൂടി നിയമം മൂലം ഏര്‍പ്പെടുത്തിയിരുന്നു സര്‍ക്കാര്‍. ബാങ്കുകള്‍ അവരുടെ കിട്ടാകടങ്ങള്‍ അസെറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് കൈമാറുന്നു. അവര്‍ ജാമ്യ വസ്തു ജപ്തി ചെയ്ത് ലേലം നടത്തി പണം കണ്ടെത്തുന്നു. ഇവിടെ കോടതിയുടെ പോലും അനുമതിയില്ലാതെ ജപ്തി നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നതാണ് സര്‍ഫാസി നിയമത്തെ സവിശേഷമാക്കുന്നത്. ഇത്തരത്തിലുള്ള അസെറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ പലതും റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിടക്കാരാണ് നടത്തുന്നത്. ഇവരില്‍ പലര്‍ക്കും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ബന്ധം ഉണ്ടെന്നും ആരോപണമുണ്ട്.

പലപ്പോഴും ബാങ്കുകളും എആര്‍സിയും റിയല്‍എസ്‌റ്റേറ്റ് ഗ്രൂപ്പുകളും തമ്മിലുള്ള ഒത്തുകളിക്ക് സഹായകരമാകുകയാണ് സര്‍ഫാസി നിയമമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതുതന്നെയാണ് ഇടപ്പള്ളിയിലെ പ്രീതാ ഷാജിയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് സര്‍ഫാസി കുടിയൊഴിപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി ജെ മാനുവല്‍ പറയുന്നു. പ്രീതാ ഷാജി കുടിയൊഴിപ്പിക്കലില്‍നിന്ന് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ടെങ്കിലും അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ച റിയല്‍ എസ്റ്റേറ്റുകാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണെന്നും അവര്‍ക്ക് വേണ്ടി ഹാജരാകുന്നത് സുപ്രീം കോടതി മുന്‍ ജഡ്ജിയാണെന്നും ഇദ്ദേഹം പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥര്‍ മുതല്‍ നിയമ രംഗവുമായി ബന്ധപ്പെട്ടവര്‍ വരെ ഉള്‍പ്പെട്ടവരുടെ ഗൂഡാലോചനയാണ് ഇതിന്റെ പിന്നില്‍ നടക്കുന്നതെന്നാണ് ആരോപണം.

ദേശാസാല്‍കൃതമെന്നോ അല്ലെന്നോ ഉള്ള വ്യത്യാസമില്ലാതെയാണ് ബാങ്കുകള്‍ സാധാരണക്കാര്‍ക്കെതിരെ സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തില്‍ നീങ്ങുന്നത്. എന്തിന് സഹകരണബാങ്കുകള്‍ പോലും സര്‍ഫാസി ഭീഷണിയില്‍ കഴിയുന്ന നുറുകണക്കിന് ആളുകള്‍ കേരളത്തിലെ പലയിടങ്ങളിലും ഉണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളൊന്നും സാധ്യമാകാത്ത രീതിയിലേക്കാണ് ബാങ്കുകളുടെ പ്രവര്‍ത്തനം മാറുന്നത്.

വായ്പ തിരിച്ചുകിട്ടുകയെന്നതിലപ്പുറം ഭൂമി കൈയടക്കുക എന്നതാണ് സര്‍ഫാസി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന ലേഖയും കുടുംബവും പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടത് സമയം മാത്രമാണ്. എന്നാല്‍ ഇവിടം സന്ദര്‍ശിച്ച അഭിഭാഷക കമ്മീഷന്‍ അടക്കമുള്ളവര്‍ ഇതിന് ആവശ്യമായ സമയം നല്‍കിയില്ലെന്നാണ് വ്യക്തമാകുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലേയും സര്‍ഫാസി നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ പിന്നില്‍ ഭൂമി തട്ടിയെടുക്കുക എന്ന ലക്ഷ്യമാണ്, അല്ലാതെ വായ്പകള്‍ തിരിച്ചു പിടിക്കുകയെന്നതല്ല എന്നാണ് വ്യക്തമാകുന്നത്. വീടും സ്ഥലവും കൈയടക്കുക എന്നതാണ് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിക്ഷ്പിത താല്‍പര്യക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ഈടുനിന്നതിന്റെ പേരില്‍ 1.25 കോടി രൂപയാണ് പ്രീതാഷാജിയോടും കുടുംബത്തോടും അധികൃതര്‍ ആവശ്യപ്പെട്ടത്. റിയല്‍ എസ്‌റ്റേ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ലേലത്തില്‍ പലപ്പോഴും ഇത്തരത്തിലുള്ള ഭൂമികള്‍ പിടിച്ചെടുക്കുന്നത്. പ്രീതാഷാജിയുടെ 18.5 സെന്റ് സ്ഥലം 37 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. ഇതിന്റെ പിന്നില്‍ ഒത്തുകളിയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കരയില്‍ 45 ലക്ഷത്തോളം മതിപ്പ് വിലയുള്ള ഭൂമി 24 ലക്ഷം രൂപയ്ക്ക് വിക്കേണ്ടിവരുന്ന അവസ്ഥയിലാണ് കുടുംബം എത്തപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നെയ്യാറ്റിന്‍കരിയില്‍ ബാങ്കിന്റെ ഭീഷണിയില്‍ ആത്മഹത്യചെയ്യേണ്ടി വന്ന അമ്മയുടെയും മകളുടെയും കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ഇടപെട്ടിട്ടും ബാങ്ക് അധികൃതര്‍ പരിഗണിച്ചില്ല. ഇതാദ്യമായല്ല, സര്‍ഫാസി നിയമത്തിന് മുന്നില്‍ കേരള സര്‍ക്കാര്‍ നിസ്സഹായരായി പോകുന്നത്. അഞ്ചു സെന്‍റ് വരെയുള്ള ഭൂമിയും വീടും ജപ്തി ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേരള നിയമസഭ 2017ല്‍ പ്രമേയം പാസ്സാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ ബാങ്കുകളോ കേന്ദ്ര സര്‍ക്കാരോ പരിഗണിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങളും നിലപാടുകളും പരിഗണിക്കാതെ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയാണ് ചെയ്തത്. കേന്ദ്ര നിയമം നടപ്പിലാക്കുന്നതിന് പോലീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന പണിയിലേക്ക് ചുരുങ്ങുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.

സാധരണക്കാര്‍ മാത്രമല്ല, ചില ഇടത്തരം വ്യവസായികളും സര്‍ഫാസി നിയമത്തിന്റെ ഇരകളാക്കപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചില ഇടത്തരം കശുവണ്ടി വ്യവസായികളാണ് വായ്പ എടുത്ത് പ്രതിസന്ധിയിലായത്. 90ലേറെ ഇടത്തരം ഫാക്ടറികള്‍ സര്‍ഫാസി നിയമത്തിന്റെ കുരുക്കില്‍ പെട്ടിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനികള്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന്, നേരത്തെ എടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. ചില ഇടത്തരം മുതലാളിമാര്‍ ഇതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

ഇങ്ങനെ കേരളത്തിലെ ഇടത്തരക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ലക്ഷ്യമിടുന്ന നിയമമായി മാറിയിരിക്കയാണ് സര്‍ഫാസി നിയമം. ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സായരായി നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.

Read More: സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍