UPDATES

ട്രെന്‍ഡിങ്ങ്

അനിയത്തി മേനോന്‍, മൃദുല ഗോപി; മഹാരാജാസിന്റെ ചുമരുകളില്‍ ചരിത്രമെഴുതിയ പേരുകള്‍

69 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഹാരാജാസിനെ ഒരു സ്ത്രീ നയിക്കുന്നത്

അനിയത്തി മോനോനും മൃദുല ഗോപിയും; കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിന്റെ പരിച്ഛേദമായി കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി  വളര്‍ന്നു നില്‍ക്കുന്ന മഹാരാജാസ് കോളേജിന്റെ ചരിത്രത്തില്‍ ഈ രണ്ടു സ്ത്രീനാമങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അനിയത്ത് മേനോന്‍ മഹാരാജാസിന്റെ ആദ്യത്തെ വനിത ചെയര്‍പേഴ്‌സണ്‍, 69 വര്‍ഷങ്ങള്‍ക്കിപ്പുറം മൃദുലയും. എന്നാല്‍ ചരിത്രനിയോഗത്തില്‍ അനിയത്തി മേനോനേക്കാള്‍ പ്രാധാന്യം മൃദുലയ്ക്കുണ്ട്. കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ഒരു രാഷ്ട്രീയ പ്രതിനിധിയായി മഹരാജാസിലെ വിദ്യാര്‍ത്ഥികളെ നയിക്കുന്ന ആദ്യത്തെ സ്ത്രീ പള്ളുരുത്തി സ്വദേശിയും ബികോം ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയുമായ മൃദുലയാണ്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം നടന്ന ജനകീയ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി കലാലയങ്ങളിലും നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായിട്ടായിരുന്നു അനിയത്തി മേനോന്റെ വിജയം. കൊച്ചി ദിവാന്‍മാരൊക്കെ ഉണ്ടായിരുന്ന കുടുംബത്തിലെ അംഗം. മികച്ച വിദ്യാര്‍ത്ഥി. മൃദംഗവാദ്യക്കാരി, അഭിനേത്രി, പ്രാസംഗിക എന്നീ വിശേഷണങ്ങളും അനിയത്തി മേനോനു സ്വന്തം. അന്നത്തെ കാലത്ത് രാഷ്ട്രീയമല്ല, അനിയത്തിയുടെ ഈ മികവുകളായിരുന്നു അവരെ ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മഹാരാജാസില്‍ അനിയത്തിയുടെ ക്ലാസ്‌മേറ്റായിരുന്നു മജീഷ്യന്‍ പ്രൊഫ. ഭാഗ്യനാഥിന്റെ ഭാര്യ അമ്പാട്ട് സുലോചന (ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെയും ചലച്ചിത്രനടി വിധുബാലയുടെയും അമ്മ). അനിയത്തി മേനോന്റെ ഭര്‍ത്താവ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനും ഇടതുസഹയാത്രികനുമായിരുന്ന അഡ്വ. പി. ബാലഗംഗാധര മേനോന്‍. മഹാരാജാസിനോട് വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു മരണം വരെ അനിയത്തി മേനോന്‍.

ചരിത്രത്താളില്‍ ആദ്യം പതിഞ്ഞ പേര് അനിയത്തി മേനോന്റെതായിരുന്നുവെങ്കിലും അരനൂറ്റാണ്ടിനിപ്പുറത്ത് മൃദുല എന്ന ദളിത് വിദ്യാര്‍ത്ഥി അതേ സ്ഥാനത്തേക്ക് വരുമ്പോള്‍ ഈ പെണ്‍കുട്ടി തന്റെ മുന്‍ഗാമിയില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് നില്‍ക്കുന്നില്ല; മുന്‍പില്‍ തന്നെയെന്നും പറയാം.

സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ കുറെയധികം കുട്ടികളെ മഹാരാജാസില്‍ നിന്നും പുറത്താക്കിയതും മറ്റുമായി കലുഷിതമായൊരു കലാലയാന്തരീക്ഷം സംജാതമായിരുന്നെങ്കിലും അന്നത്തെ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചല്ല അനിയത്തി മേനോന്‍ വിദ്യാര്‍ത്ഥികളുടെ നായകത്വം വഹിച്ചെന്നത് അവരെ ഏതെങ്കിലും തരത്തില്‍ മാറ്റിനിര്‍ത്തുന്നതിനു കാരണമല്ലെങ്കിലും ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ-വിദ്യാര്‍ത്ഥി സാഹചര്യങ്ങളില്‍ മഹാരാജാസ് പോലൊരു കലാലയത്തില്‍ മൃദുല ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന് ഏറെ പ്രത്യേകതയുണ്ട്; വെല്ലുവിളിയും.

"</p

ഇതിനിടയില്‍ മറ്റൊരു ശ്രദ്ധേയമായ വസ്തുത കൂടി കാണേണ്ടതുണ്ട്. കഴിഞ്ഞ 69 വര്‍ഷത്തിനിടയില്‍ മഹാരാജാസില്‍ അനിയത്തി മേനോനും മൃദുല ഗോപിക്കും ഇടയില്‍ മറ്റൊരു പെണ്‍നാമം ഉണ്ടായില്ല എന്നത്. കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കഴിവു തെളിയിച്ചു മറഞ്ഞുപോയവരും ഇന്നുമുള്ളവരുമായ നിരവധി സ്ത്രീകള്‍ മഹരാജാസില്‍ നിന്നുണ്ടായിട്ടുണ്ട്. എഴുത്തുകാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, കലാകാരികള്‍; അങ്ങനെ നീണ്ട നിരക്കാര്‍. എഴുത്തുകാരി രാജലക്ഷ്മി, പ്രൊഫ. എം ലീലാവതി, ചീഫ് ജസ്റ്റീസ് ഉഷ, ജസ്റ്റീസ് ജാനകിയമ്മ, കെ ആര്‍ ഗൗരിയമ്മ, മേഴ്‌സി രവി… പിന്നെ കലാലയ മതില്‍ക്കെട്ടിനു വെളിയില്‍ വന്നശേഷം നിശബ്ദരായവരും. ഇക്കാലത്തിനിടയില്‍ കേരളത്തില്‍ അതിശക്തമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന ഇടമായിരുന്നു മഹാരാജാസ് എന്നിരുന്നിട്ടുപോലും. അതിനാല്‍ തന്നെ എസ്എഫ്‌ഐ തീരുമാനത്തിന് ഏറെ സവിശേഷത കാണുന്നവരാണ് എല്ലാവരും തന്നെ. ലോകത്താകമാനം നടക്കുന്ന പെണ്‍പോരാട്ടങ്ങളോടുള്ള തങ്ങളുടെ ഐക്യപ്പെടലാണ് വനിത പ്രതിനിധിയെ നയിക്കാന്‍ തെരഞ്ഞെടുത്തതിനു പിന്നിലെന്നാണ് എസ്എഫ്‌ഐ ഇതേക്കുറിച്ച് പറയുന്നത്.

കലാലയത്തിന്റെ നിലവിലെ സാഹചര്യത്തില്‍ കാത്തിരിക്കുന്നത് വലിയ ചുമതലകളും ഏറ്റെടുക്കേണ്ടത് വലിയ പോരാട്ടങ്ങളുമാണെന്ന് മൃദുലയും ഉറപ്പിക്കുകയാണ്. ആ ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാന്‍ ശ്രമിക്കുമെന്ന് ബികോം അവസാനവര്‍ഷ വിദ്യാര്‍ത്ഥി കൂടിയായ മൃദുല ഗോപി അഴിമുഖത്തോട് പങ്കുവയ്ക്കുന്നുണ്ട്.

“എസ്എഫ്‌ഐയുടെ വിജയം സുനിശ്ചിതമായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഏഴു സംഘടനകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സാധാരണ എസ്.എഫ്.ഐ-കെ.എസ്.യു പോരാട്ടമാണ് ഉണ്ടാവാറ്. അല്ലെങ്കില്‍ എബിവിപിയും ചേര്‍ന്ന് ത്രികോണ പോരാട്ടമായിരിക്കും. ഇത്തവണ ആ പതിവ് മാറി. അതിനാല്‍ മത്സരം കടുത്തതായിരുന്നു.

വലിയ സന്തോഷമുണ്ട് ഈ വിജയത്തില്‍. ഒരു വലിയ ഉത്തരവാദിത്തമാണ്, ചരിത്ര ദൗത്യമാണ് എസ്എഫ്ഐയും ഓരോ മഹാരാജാസുകാരും എന്നെ ഏല്‍പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥി പക്ഷം ചേര്‍ന്നുകൊണ്ട് സമരം നടത്തുമ്പോള്‍, വിദ്യാര്‍ത്ഥി ദ്രോഹനടപടികള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍, അത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ വൈകാരികമായ പ്രതികരണങ്ങളും ചില പിഴവുകളും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം തിരുത്തി മുന്നേറിയിട്ടുള്ളതുമാണ്. ഇനിയങ്ങോട്ടും പോരാട്ടങ്ങള്‍ തുടരുകയും നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യും. പഠിപ്പു മുടക്കിക്കൊണ്ടുള്ള സമരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ എസ്എഫ്‌ഐ നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട്.

സ്വയംഭരണം കൊണ്ടു വരുന്നതിന് എസ്എഫ്‌ഐ എക്കാലത്തും എതിരാണ്. സ്വയം ഭരണം നടപ്പിലാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഇപ്പോഴും മഹാരാജാസില്‍ ഇല്ല. എന്നാല്‍ ഇപ്പോള്‍ കോളേജില്‍ സ്വയംഭരണം ആയിട്ടുണ്ട്. 55 ദിവസം നീണ്ട സമരം എസ്എഫ്‌ഐ അവസാനിപ്പിച്ചത് ഉപാധികളോടെയുള്ള സ്വയംഭരണം എന്ന ഉറപ്പിലാണ്. അതിനൊപ്പം വിദ്യാര്‍ഥികളുടെ 36 ആവശ്യങ്ങള്‍ നേടിയെടുക്കാനും എസ്എഫ്‌ഐക്കായി. ഒരു കോളേജില്‍ സ്വയംഭരണം നടപ്പാക്കിയാല്‍ പിന്നെ അടുത്ത ആറു വര്‍ഷത്തേക്ക് അത് പിന്‍വലിക്കാനാവില്ല. അതുകൊണ്ട് ഈ ആറു വര്‍ഷങ്ങള്‍ കാത്തിരുന്നേ മതിയാകൂ. ഈ സമയത്തിനുള്ളില്‍ മഹാരാജസിനെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയൊക്കെ പോലെ ഒരു സെന്റര്‍ ആക്കി മാറ്റുക എന്ന കര്‍മ്മ പദ്ധതിയാണ് എസ്എഫ്‌ഐ മുന്നോട്ട് വക്കുന്നത്. റെസിഡന്‍ഷ്യല്‍ സൗകര്യങ്ങളുള്ള കോളേജ് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കെത്താന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യും”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍