UPDATES

അന്‍പൊടു കൊച്ചി; മനുഷ്യര്‍ എന്ന മഹത്തായ പദം

മഴക്കെടുതി രൂക്ഷമായ വയനാട്ടിലേക്ക് 15 ലോഡും ഇടുക്കിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആറു ലോറി സാധനങ്ങളുമാണ് അന്‍പൊടു കൊച്ചി പ്രവര്‍ത്തകര്‍ ശേഖരിച്ചയച്ചത്.

ഇന്നലെ തമിഴ്‌നാട്ടിലെ എഐഎഡിഎംകെയുടെ എംഎല്‍എ വി.സി അരുകുറ്റി 16,000 കിലോ അരിയാണ് കൊച്ചിയിലെ അന്‍പൊടു കൊച്ചി സെന്ററില്‍ എത്തിച്ചത്. 2015 ല്‍ തമിഴ്‌നാട്ടില്‍ പ്രളയം നാശം വിതച്ചപ്പോള്‍ 250 ടണ്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചു നല്‍കിയ അന്‍പൊടുകൊച്ചിയുടെ സ്നേഹത്തോടുള്ള നന്ദി സൂചന.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഒരുമിക്കുന്ന കേരളത്തിന് മാതൃകയാവുകയാണ് അന്‍പൊടുകൊച്ചി. പ്രളയ മേഖലകളിലെ ചിത്രങ്ങളും സെല്‍ഫികളും പകര്‍ത്തി ചിലര്‍ ആഘോഷമാക്കുമ്പോള്‍ സാമൂഹിക മാധ്യമങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി ഉപയോഗിക്കുകയാണ് കൊച്ചിയിലെ ഈ കൂട്ടായ്മ. ഇവര്‍ക്ക് പിന്തുണയുമായി എര്‍ണാകുളം ജില്ലാ ഭരണകൂടവും ഒപ്പമുണ്ട്.

ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപപ്പെട്ട അന്‍പൊടുകൊച്ചിയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊച്ചി മുഴുവനായും ഒത്തു ചേരുന്ന കാഴ്ചയാണ് കൊച്ചിയിലെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. സിനിമാ താരങ്ങള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, ഐടി ജീവനക്കാര്‍, വ്യാപാരികള്‍, സര്‍ക്കാര്‍ ജോലിക്കാര്‍ എന്നു വേണ്ട ജാതി, മത ഭേദമന്യേ ഇവിടെ ഒത്തുചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയാവുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് എത്തിച്ചു നല്‍കി വരുന്ന അന്‍പൊടുകൊച്ചി പ്രവര്‍ത്തകര്‍ ഇതുവരെ ഇരുപതിലധികം ലോറി സാധനങ്ങളാണ് വയനാട്ടിലേക്കും ഇടുക്കിയിലേക്കും അയച്ചത്. മഴക്കെടുതി രൂക്ഷമായ വയനാട്ടിലേക്ക് 15 ലോഡും ഇടുക്കിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആറു ലോറി സാധനങ്ങളും എത്തിച്ചു. അമ്പതിലധികം അന്‍പൊടുകൊച്ചി വാളണ്ടിയര്‍മാര്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നെത്തിയ 37 അംഗ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് (ബിഎന്‍ 4 ബെറ്റാലിയന്‍) അംഗങ്ങളും ഉണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബിസ്‌ക്കറ്റ്, റസ്‌ക്, ബേബി ഫുഡ്, കൊതുകുവല, കുഞ്ഞുടുപ്പുകള്‍, രാത്രി വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, പുതപ്പുകള്‍ എന്നിവയ്ക്ക് പുറമേ സാനിട്ടറി നാപ്കിനുകള്‍, അടിവസ്ത്രങ്ങള്‍ എന്നിവയുമാണ് പ്രധാനമായും അന്‍പോടു കൊച്ചി പ്രവര്‍ത്തകര്‍ ശേഖരിച്ച് വിതരണം ചെയ്യുന്നത്. “ഡൂ ഫോര്‍ കേരള” എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ക്യാമ്പയിന്‍ നടത്തിയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്.

അന്‍പൊടുകൊച്ചിയുടെ തുടക്കം

എറണാകുളത്തെ വിവിധ മേഖലകളില്‍ നിന്നുള്ള ഒമ്പതു സുഹൃത്തുക്കള്‍  അടങ്ങുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് അന്‍പൊടു കൊച്ചി എന്ന ആശയത്തിനു പിന്നില്‍. 2015ല്‍ ആരംഭിച്ച കൂട്ടായ്മ ചെന്നൈ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൈകോര്‍ത്താണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. ദുരിതം അനുഭവിക്കുന്നവരോട് അനുകമ്പയും സഹാനുഭൂതിയും എന്ന ലക്ഷ്യത്തോടെ ഒമ്പതു പേര്‍ ചേര്‍ന്ന് ആരംഭിച്ച് പദ്ധതിയിലേക്ക് സമാനമനസുള്ള നിരവധി പേര്‍ പങ്കാളികളാവുകയായിരുന്നു. അന്നത്തെ എറണാകുളം ജില്ലാ കളക്ടറായിരുന്ന എം ജി രാജമാണിക്യം നല്‍കിയ പിന്തുണ അന്‍പൊടു കൊച്ചിക്ക് കരുത്തേകി. ഒമ്പതു പേരില്‍ തുടങ്ങിയ ഈ കൂട്ടായ്മയില്‍ നാലായിരത്തോളം വാളണ്ടിയര്‍മാരാണ് ഇതു വരെ അംഗമായിട്ടുള്ളത്.

ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ട്രക്കുകളില്‍ അവശ്യസാധനങ്ങള്‍ കയറ്റി അയക്കാന്‍ അന്‍പൊടുകൊച്ചിക്കായി. ആറുദിവസങ്ങള്‍ കൊണ്ടായിരുന്നു സംഘം ഇവ ശേഖരിച്ചത്. ഇതിനായി വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി കേഡറ്റുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, നഗരത്തിലെ സെലിബ്രിറ്റികള്‍ എന്നിവരും മികച്ച പങ്കാളിത്തം വഹിച്ചു.

എറണാകുളം നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങളും മൂന്നു വര്‍ഷത്തിനിടെ അന്‍പൊടുകൊച്ചി നടപ്പാക്കി. മുത്തേ പൊന്നെ, പഠിക്കാം പഠിപ്പിക്കാം, എന്റെ കുളം എറണാകുളം, അമ്പതു ദിവസം നൂറു കുളം, സുന്ദരി കൊച്ചി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. എന്റെ കുളം എറണാകുളം പദ്ധതിയിലൂടെ നഗരത്തിലെ ജലാശയങ്ങള്‍ ശൂചികരിക്കാന്‍ അന്‍പൊടു കൊച്ചി തയ്യാറായപ്പോള്‍, പഠിക്കാം പഠിപ്പിക്കാം, മുത്തേ പൊന്നെ പദ്ധതികളിലൂടെ 100 ലധികം വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കാനും കൂട്ടായ്മയ്ക്ക് കഴിഞ്ഞു. കൊച്ചി നഗരത്തിലെ പ്രധാന പ്രദേശങ്ങളുടെ സൗന്ദര്യവത്ക്കരണമായിരുന്നു സുന്ദരിക്കൊച്ചി പദ്ധതിയിലൂടെ നടപ്പാക്കിയത് എന്ന് അന്‍പൊടുകൊച്ചി പ്രവര്‍ത്തകനായ കളമശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ടി.സി കുഞ്ഞുമുഹമ്മദ് അഴിമുഖത്തോട് പറഞ്ഞു.

പിന്നീട് ഇവരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടുതല്‍ പേര്‍ അണിചേര്‍ന്നു. മുന്‍ ജില്ല കളക്ടര്‍ രാജമാണിക്യം മുതല്‍ സാധാരണക്കാര്‍ വരെ അന്‍പൊടു കൊച്ചിയുടെ ഭാഗമായി. സിനിമ താരങ്ങളായ പാര്‍വതി, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്‍, പൂര്‍ണിമ, ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് തുടങ്ങിയവരും അവശ്യവസ്തുക്കള്‍ ശേഖരിച്ച് എത്തിക്കുന്നതില്‍ സജീവമായുണ്ട്‌. .

എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയാണ് കൂട്ടായ്മയുടെ ഇപ്പോഴത്തെ ശക്തിയും വഴികാട്ടിയും എന്ന് സംഘാടകര്‍ പറയുന്നു. സ്വന്തം നാടിനെ കുറിച്ച് അഭിമാനിക്കുന്ന ഓരോരുത്തരും സഹജീവികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍  പ്രതിസന്ധികള്‍ ഇല്ലാതാവും. ഇത്തരത്തില്‍ കൂട്ടായ്മകളിലൂടെ കൊച്ചി നഗരത്തെ മനോഹരമാക്കുകയാണ് അന്‍പൊടുകൊച്ചിയുടെ ലക്ഷ്യമെന്നും അന്‍പൊടുകൊച്ചി പ്രവര്‍ത്തകര്‍ പറയുന്നു.

ജീവനക്കാരെ സഹായിക്കാന്‍ തലയില്‍ അരിച്ചാക്കുമായി രണ്ട് ഐഎഎസുകാര്‍: രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍