UPDATES

‘പ്രബുദ്ധ മലയാളി’; അകറ്റി നിര്‍ത്തുക ദുരന്തമുഖത്തെ ഈ വിഷജീവികളെ

ഒരു വലിയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ അതിന്റെ നല്ലവശങ്ങള്‍ എല്ലാം ഇല്ലാതാക്കുകയാണ് ചില സാമൂഹിക വിരുദ്ധര്‍.

സമാനതകളില്ലാത്ത ദുരന്തമാണ് കേരളം നേരിടുന്നത്. ദുരിതം നേരിടാന്‍ ആഗോളതലത്തില്‍ തന്നെ കേരളത്തിന് വേണ്ടി സഹായ ഹസ്തങ്ങള്‍ നീളുകയാണ്. ഭരണകുടവും സന്മനസുള്ളവരും ദുരിത ബാധിതരുടെ ജീവന്‍ രക്ഷിക്കാനും അവശ്യ സാധനങ്ങള്‍ എത്തിക്കാനും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ള ചിലരുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഒരു വലിയ ദുരന്തത്തെ നേരിടുമ്പോള്‍ അതിന്റെ നല്ലവശങ്ങള്‍ എല്ലാം ഇല്ലാതാക്കുകയാണ് ചില സാമൂഹിക വിരുദ്ധര്‍. അവശ്യ സാധനങ്ങള്‍ വിലകൂട്ടി വില്‍പ്പന നടത്തരുതെന്നും രക്ഷാപ്രവര്‍ത്തനത്തിറങ്ങാത്ത ബോട്ടുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് പറയിപ്പിക്കേണ്ടി വന്നു. പൊതുവേ പ്രബുദ്ധരെന്ന് കണക്കാക്കപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പ്രളയത്തിനിടെ കണ്ടെത്തിയ ചില വിഷജീവികള്‍.

വിദ്യാര്‍ഥിനികളെ അപമാനിച്ച പ്രദേശവാസികള്‍

നിരവധി പേര്‍ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ചെങ്ങന്നുരിലെ എരമല്ലിക്കരയിക്കരയിലെ ശ്രീ അയ്യപ്പ കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമമാണ് ഇതിലൊന്ന്. ദിവസങ്ങളായി കോളജിന്റെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടികള്‍ക്ക് നേരെ സമീപവാസികളായ സ്ത്രീകള്‍ ഹോസ്റ്റലില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാനായെത്തിയ ഹെലികോപ്റ്ററിന്റെ കാറ്റ് സമീപത്തെ വീടിനും മരങ്ങള്‍ക്കും നാശം ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇക്കാര്യം വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ മര്‍ദ്ദിച്ചെന്നും, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചു കീറിയെന്നും കരഞ്ഞു കൊണ്ട് പറയുന്നതാണ് ശബ്ദ സന്ദേശം.

ഹോസ്റ്റലിന്റെ ടെറസില്‍ ഹെലികോപ്റ്റര്‍ കാത്തു നിന്ന വിദ്യാര്‍ഥിനികളെ സമീപവാസികളായ പുരുഷന്‍മാര്‍ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടി അപമാനിച്ചെന്നും കുട്ടികള്‍ പറയുന്നു. സംഭവം മേഖലയിലെ വാര്‍ഡ് മെമ്പറെ അറിയിച്ചെങ്കിലും ഇയാളും നിഷേധ സമീപനം സ്വീകരിച്ചു. അയ്യപ്പകോളജിലെ സംഭവം മലയാളികളെ ആകെ അപമാനിക്കുന്നതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ പ്രതികരണം. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ദുരന്ത ടൂറിസ്റ്റുകള്‍

സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകളും സഹായങ്ങളും പ്രവഹിക്കുകയായിരുന്നു സോഷ്യല്‍ മീഡിയിയില്‍. എന്നാല്‍ ദുരിതങ്ങള്‍ ചില ഭാഗങ്ങളിലേക്ക് ഒതുങ്ങിയതോടെ സുരക്ഷിത മേഖലകളിലെ പലരും ദുരന്ത ടൂറിസ്റ്റുകളായി മാറി. പ്രളയ ജലത്തില്‍ മുങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശകരായി ഇവര്‍ ഒഴുകിയെത്തി സെല്‍ഫിയിലും ഫേസ്ബുക്ക് ലൈവിലും സജീവമായതോടെ കൈമെയ്യ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും ഇവര്‍ തടസമായി. യഥാര്‍ഥ വാര്‍ത്തകള്‍ പുറം ലോകത്തെത്തിക്കാന്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍, വിവിധ മേഖകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരെയും ഇവരുടെ നടപടികള്‍ ബാധിച്ചു. ദുരിത ബാധിതരെ രക്ഷിച്ചെത്തുന്ന വള്ളങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇത്തരം ദുരന്ത ടൂറിസ്റ്റുകള്‍ തടസമായതോടെ ലാത്തി വരെ പ്രയോഗിക്കേണ്ടി വന്നു പോലീസുകാര്‍ക്ക്.

വ്യാജ വാര്‍ത്താ പ്രചാരകര്‍

ദുരന്തത്തിലകപ്പെട്ടവരെ കണ്ടെത്തുന്നതിന്നും യാഥാസമയം വിവരങ്ങള്‍ കൈമാറുന്നതിനും ഉറക്കം പോലും ഉപേക്ഷിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തിച്ചത്. ഒരോ ഫേസ് ബുക്ക് ടൈം ലൈനും ഒരോ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. ഇതിനിടെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചിലര്‍ രംഗത്ത് സജീവമായത്. ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. ‘മുല്ലപ്പെറിയാര്‍ ഡാമില്‍ വിള്ളല്‍ വീണിരിക്കുന്നു. ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്നു. സംസ്ഥാനത്ത് ക്ഷാമം വരാന്‍ പോവുന്നു. പെട്രോള്‍ ക്ഷാമം, പാലക്കാട് കൊല്ലങ്കോട് ചുഴലിക്കാറ്റ്’ തുടങ്ങിയവയായിരുന്നു ഇതില്‍ ചിലത്.

കൊള്ള ലാഭക്കാര്‍

പ്രളയത്തിന് ശേഷം സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള തീവ്ര ശ്രമത്തിലാണ് കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. ദിവസങ്ങളായി വീടിനകത്ത് കുടുങ്ങിക്കിടക്കുകയും, അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ തീരുകയും ചെയ്ത നഗരവാസികള്‍ ഇന്ന് രാവിലെയാണ് തങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ശേഖരിക്കാന്‍ നഗരത്തിലേക്കിറങ്ങിയത്. അവശ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ കടകളിലെത്തിയ പലരും സാധനങ്ങളുടെ വിലകേട്ട് തരിച്ചു നിന്നു. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വ്യാപാരികള്‍ അമിത വില ഈടാക്കുകയായിരുന്നു. ഇതോടെ ഉപഭോക്താക്കളും വ്യാപാരികളും തമ്മില്‍ തര്‍ക്കവും ഉണ്ടായി.

സംഭവത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് സാധങ്ങള്‍ക്ക് വിലവിവരപ്പട്ടിക നല്‍കിയാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം ഉണ്ടാക്കിയത്. ഇതിനിടെ അമിത വിലയീടാക്കിയതിന് കാക്കനാട്ടെ വി.കെ സൂപ്പര്‍ മാര്‍ക്കറ്റ് പോലീസ് അടപ്പിക്കുകയും ചെയ്തു. പഞ്ചസാരയ്ക്കും അരിയ്ക്കും ഉള്‍പ്പെടെ 10 രൂപയിലധികമായിരുന്നു ഇവിടെ ഈടാക്കിയിരുന്നത്. പാക്കറ്റ് ചെയ്ത സാധനങ്ങള്‍ക്ക് എംആര്‍പിയില്‍ കൂടുതല്‍ വിലയീടാക്കുന്നതായും പരാതികള്‍ ഉണ്ട്. അവശ്യസാധങ്ങള്‍ വിലകൂട്ടി വില്‍പ്പന നടത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ദുരന്ത മേഖലകളില്‍ പോലും തങ്ങളുടെ ലാഭക്കൊതിക്ക് അറുതിയില്ലെന്ന് ഒരിക്കല്‍ കൂടി മലയാളി തെളിയിക്കുകയായിരുന്നു. ലാഭം പോലും ഒഴിവാക്കി സാധനങ്ങള്‍ നല്‍കിയ ഒരുപാട് കച്ചവടക്കാര്‍ക്ക് അപവാദമുണ്ടാക്കുന്നതായിരുന്നു ഒരു ചെറിയ വിഭാഗത്തിന്റെ ഈ നീക്കം.

ഷെയിം ഓണ്‍ യു എന്ന് ഉബറിനെ കൊണ്ട് പോലും പറയിപ്പിച്ചു

നഗരത്തില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഊബര്‍ ഫ്ളഡ് റിലീഫ് (വെള്ളപ്പൊക്ക ദുരിതാശ്വാസം) ഓപ്ഷന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ സിനിമ തീയറ്റില്‍ നിന്നും ബാറില്‍ നിന്നുമായിരുന്നു കൂടുതല്‍ പേര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറാക്കിയ ഊബറിന്റെ ഫ്ളഡ് റിലീഫ് (വെള്ളപ്പൊക്ക ദുരിതാശ്വാസം) ഓപ്ഷന്‍ ദുരുപയോഗം ചെയ്യപ്പെട്ടതോടെ ഊബര്‍ പോലും പറഞ്ഞു ‘ഷെയിം ഓണ്‍ യു’ എന്ന്. ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഊബറിന് കിട്ടിയ 1000 റിക്വസ്റ്റുകളില്‍ ഒരെണ്ണം മാത്രമാണ് ശരിക്കും ദുരിതബാധിതര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദുരിതാശ്വാസ ക്യാംപുകളില്‍ അവശ്യ സാധനങ്ങളിലൊന്നായ സാനിട്ടറി നാപ്കിന്‍ ആവശ്യപ്പട്ട പോസ്റ്റിനടിയിലും മലയാളിയുടെ കമന്റുകള്‍ ഉണ്ടായിരുന്നു, കോണ്ടം വിതരണം ചെയ്യണോ എന്ന്…

പ്രബുദ്ധ മലയാളി…

ഇങ്ങനെയും മലയാളികളുണ്ട്: പ്രളയത്തിലകപ്പെട്ടവര്‍ വിശപ്പടക്കാന്‍ പാടുപെടുമ്പോള്‍ ചാക്ക് കണക്കിന് സാധനങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നവര്‍

വെള്ളപ്പൊക്ക കാലത്തെ ചില വൃത്തികേടുകളെക്കുറിച്ച്, ചില ബോറന്മാരെയും ദ്രോഹികളേയും കുറിച്ച്

“വൃത്തികേട് കാണിക്കരുത്”, തീയറ്ററില്‍ നിന്നും ബാറില്‍ നിന്നും ഊബര്‍ ഫ്‌ളഡ് റിലീഫ് എടുക്കുന്നവരോട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍