UPDATES

ആരതി രഞ്ജിത് സംസാരിക്കുന്നു: രൂപേഷ് കുമാര്‍ ഇപ്പോഴും ന്യായീകരിക്കുന്നത് ‘ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, ഞാനൊരു പുരുഷനാണ്’ എന്നാണ്

അവള്‍ ആ ഡ്രസ് ഇട്ട് വന്നതുകൊണ്ടല്ലേ, അവള്‍ അങ്ങോട്ട് നീങ്ങി നിക്കാത്തത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ എന്നു ചോദിക്കുന്നതു പോലെ വളരെ നോര്‍മലൈസ് ചെയ്യുകയാണ് രൂപേഷ് കുമാര്‍

ദളിത്‌ ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറിനെതിരെ ഗുരുതരാരോപണവുമായി മാധ്യമപ്രവര്‍ത്തകയായ ആരതി രഞ്ജിത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ജോലി സംബന്ധമായ യാത്രയ്ക്കിടയില്‍ രൂപേഷ് കുമാറില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ആ കുറിപ്പിനോട് പൊതുവെ ഐക്യദാര്‍ഡ്യപ്പെട്ടു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിച്ചത്. അതിനിടെ രൂപേഷ് കുമാറും തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്തെത്തി. ഒരാളെയും അതിക്രമിക്കണം എന്ന് ആഗ്രഹിക്കുന്ന ആളല്ല താനെന്നും, പക്ഷെ അതിന്റെ ഇടയിൽ തെറ്റ് പറ്റിയിട്ടുണ്ട് എന്നും പറയുന്ന രൂപേഷ്, താൻ അതിക്രമിച്ചു എന്ന് ഏതെങ്കിലും സ്ത്രീകൾക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറയുന്നു. എന്നാല്‍ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചു തന്നെയാണെന്ന് സമ്മതിക്കുന്ന രൂപേഷ് പക്ഷേ, അതൊക്കെ പക്ഷേ സാധാരണ നിലയിലാക്കുന്നതായാണ് അനുഭവപ്പെടുന്നത് എന്ന് ആരതി ചൂണ്ടിക്കാട്ടുന്നു. ഒപ്പം, ഞാനിങ്ങനെയൊക്കെ കാണിക്കും, ഞാനൊരു പുരുഷനാണ് എന്നുള്ള മട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതെന്നും. 

ആരതി രഞ്ജിത് സംസാരിക്കുന്നു 

എന്റെ ഫേസ്ബുക്ക് കുറിപ്പിനോടുള്ള രൂപേഷ്‌ കുമാറിന്റെ പ്രതികരണം സംഭവിച്ചതെല്ലാം സാധാരണ നിലയിലാക്കുന്നതായാണ് തോന്നുന്നത്. ഞാനിങ്ങനെയൊക്കെ കാണിക്കും, ഞാനൊരു പുരുഷനാണ് എന്നുള്ള മട്ടിലാണ് ആ എഴുത്ത്. ഞാനിങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, അതില്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നാണ് പറഞ്ഞുവയ്ക്കുന്നത്. “മാറിക്കിടക്കാന്‍ പറഞ്ഞപ്പോള്‍ ഞാനത് ചെയ്തിട്ടുമുണ്ട്” എന്നാണ് പറയുന്നത്. അങ്ങനെ പറയിപ്പിക്കേണ്ട സ്ഥിതിയിലേക്ക് അയാള്‍ വന്നതുകൊണ്ടാണല്ലോ ഞാന്‍ മാറിക്കിടക്കാന്‍ പറഞ്ഞത്.

സാധാരണഗതിയില്‍ പൊതുസമൂഹത്തില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് പോലെ തന്നെയാണിത്. ചിലപ്പോള്‍ സ്ത്രീകള്‍ പോലും അവള്‍ ആ ഡ്രസ് ഇട്ട് വന്നതുകൊണ്ടല്ലേ, അവള്‍ അങ്ങോട്ട് നീങ്ങി നിക്കാത്തത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ എന്നു ചോദിക്കുന്നതു പോലെ വളരെ നോര്‍മലൈസ് ചെയ്ത് രൂപേഷ് പറയുകയാണ്, മാറിക്കിടക്കാന്‍ പറഞ്ഞപ്പോള്‍ മാറിക്കിടന്നില്ലേ, അതുകൊണ്ട് എന്താണ് എന്ന്.

അയാള്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിക്കുകയാണോ, അതോ തെറ്റിനെ ന്യായീകരിക്കുകയാണോ ആ ഫേസ്ബുക്ക് കുറിപ്പിലൂടെ എന്ന് ഇതേവരെ പിടികിട്ടിയിട്ടില്ല. വളരെ സിംപിള്‍ ആയാണ് അതില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ടെക്സ്റ്റിങ്ങിനെക്കുറിച്ചും അയാള്‍ പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളോട് ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അയാള്‍ പറയുന്നത്. ഇന്നലെ എന്നെ വിളിച്ച ഒരു പെണ്‍കുട്ടിയും ഇതേ കാര്യമാണ് പറഞ്ഞത്. അവളുടെ സമ്മതമില്ലാതെ തന്നെ അയാള്‍ അവളോട് ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്നത് ആ പെണ്‍കുട്ടിയുടെ കാര്യം മാത്രമേയുള്ളൂ. ഇതിന് മുമ്പ് ഇതേപോലൊരു ആരോപണം വന്നപ്പോള്‍ അത് ദളിത് ആക്രമണമാണെന്ന് പറഞ്ഞ് അയാള്‍ തടിയൂരിയെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. പക്ഷെ എന്റെ കാര്യത്തില്‍ ഇതെഴുതുമ്പോഴും അങ്ങനെ അയാള്‍ക്ക് എന്നെ കൗണ്ടര്‍ ചെയ്യാന്‍ പറ്റില്ലെന്ന് അത്രയും ഉറപ്പുണ്ടായിരുന്നു. കാരണം ഞാന്‍ ഒരു ദളിത് ആണ്. ഞാനൊരു മാധ്യമപ്രവര്‍ത്തകയുമാണ്.

അന്ന് തൂത്തുക്കുടിയില്‍ പോയപ്പോള്‍ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍ അയാള്‍ എല്ലാത്തിലും വൃത്തികെട്ട പൊളിറ്റിക്‌സ് സൂക്ഷിക്കുന്നയാളാണെന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. അയാള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ വേറെന്തെങ്കിലും അജണ്ടകള്‍ അയാള്‍ സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാവും. ഇപ്പോഴത്തെ പോസ്റ്റും അങ്ങനെയാണ് എനിക്ക് തോന്നുന്നത്. അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. എന്റെ കാര്യത്തില്‍ എവിടെയാണ് അക്രമം എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നെ ആക്രമിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. ഞാനതിനെ പ്രതിരോധിച്ച് നിന്നു. അതുപോലെ പ്രതിരോധിച്ച് നില്‍ക്കാന്‍ മറ്റുള്ള കുട്ടികള്‍ക്ക് കഴിയണം എന്നതേ ഉദ്ദേശിച്ചുള്ളൂ. പല പെണ്‍കുട്ടികളും ഇതെല്ലാം നേരിടുന്നതാണ്. അത് ചെയ്യുന്നവരുടെ പേര് പറഞ്ഞ് സമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുക്കണമെന്നേ കരുതിയുള്ളൂ. ഇന്ന് ഞാന്‍, നാളെ നീ എന്നാണല്ലോ. ഒളിപ്പിച്ച് ഒളിപ്പിച്ച് വയ്ക്കുന്തോറും അവര്‍ക്ക് ശക്തി കൂടും. എത്രയോ കുട്ടികള്‍ പറയാതിരുന്നപ്പോഴാണ് അയാള്‍ക്ക് ആരെ വേണമെങ്കിലും സമീപിക്കാമെന്ന് തോന്നിയിരിക്കുക.

ഒരു മുറിയില്‍ ആണും പെണ്ണും ഉണ്ടെങ്കില്‍ അവിടെ ഇത് മാത്രമേ നടക്കുകയുള്ളൂ എന്ന് എങ്ങനെയാണ് ഇവരൊക്കെ പഠിച്ചുവയ്ക്കുന്നതെന്നാണ്… അങ്ങനെ ഒരു പെണ്ണ് ചിന്തിക്കില്ലല്ലോ. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ കൂടെ എവിടെയെങ്കിലും പോവുകയാണെങ്കില്‍ അവിടെ ചെന്നിട്ട് എന്ത് ചെയ്യണമെന്നേ ഞാന്‍ ചിന്തിക്കൂ. അല്ലാതെ ഒരു മുറിയെടുത്തിട്ട് അവളുടെയോ അവന്റെയോ കൂടെ കിടക്കുമ്പോള്‍ എനിക്ക് ഇങ്ങനെ ചെയ്യണം എന്ന് ഞാന്‍ ചിന്തിക്കില്ലല്ലോ? അത് സമൂഹം ഉണ്ടായതിന്റെ പ്രശ്‌നമാണോ സമൂഹം ഉണ്ടാക്കിയ പ്രശ്‌നമാണോ എന്നൊന്നും ധാരണയില്ല. പക്ഷെ എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യം ആണായാലും പെണ്ണായാലും പറഞ്ഞാല്‍ ഞാന്‍ ‘നോ’ പറഞ്ഞ് പോയിരിക്കും.

ഞാനെന്തുകൊണ്ട് വയലന്റായി പ്രതികരിക്കുന്നു എന്ന് അല്‍പ്പനേരം ആലോചിച്ചു. വളരെ ചെറുപ്പത്തിലേ എനിക്ക് ഒരു അനുഭവമുണ്ടായിട്ടുണ്ട്. ആ സമയത്ത് ഞാന്‍ പ്രതികരിക്കില്ലായിരുന്നു. പിന്നീട് എന്നെ സൈക്കോളജിസ്റ്റിനെ കാണിച്ചിട്ടാണ് ഇപ്പോഴുള്ള ആരതിയായി ഞാന്‍ നില്‍ക്കുന്നത്. അന്ന് എല്ലാ കൗണ്‍സലിങ് സെഷനും കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞത് ഒരു കാര്യമാണ്: അനുവാദമില്ലാതെ ആരെങ്കിലും തൊടുകയോ, ഇഷ്ടപ്പെടാത്ത എന്തെങ്കിലും ചെയ്യുകയോ ചെയ്താല്‍ തിരിച്ച് അടിച്ചേക്കണം, അത് ആരാണെന്ന് തിരിഞ്ഞ് നോക്കരുത് എന്ന്. അന്ന് ഞാന്‍ തീരെ കുഞ്ഞാണെങ്കിലും ആ വാക്കുകള്‍ എന്നില്‍ കയറിക്കൂടിയിട്ടുണ്ട്. അതിന് ശേഷം വളരെ ബോധവതിയായിരുന്നു.

അന്നുണ്ടായത്

കളിയാക്കുകയോ മറ്റോ ചെയ്താല്‍ ‘ഞാനിയാളെ ഇടിച്ച് പരത്തിക്കളയും’ എന്നൊക്കെ ഞാനെല്ലാരോടും കളിയായി പറയുന്ന കാര്യങ്ങളാണ്. അയാളും കളിയായും പലത് പറഞ്ഞു. രാഷ്ട്രീയവും പറഞ്ഞു. അതിലൂടെയെല്ലാം ഞാന്‍ അയാളെ മനസ്സിലാക്കുകയായിരുന്നു. അപ്പോഴാണ് ഫേസ്ബുക്കില്‍ എന്റെ ഒരു ഫോട്ടോ എടുത്ത് നോക്കിയിട്ട്, ‘ഇത് കണ്ടിട്ടാണ് നിന്റെ കൂടെ’ എന്ന് അയാള്‍ പറഞ്ഞത്. എനിക്ക് വല്ലാണ്ടായിപ്പോയി. അപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ എന്റെ കയ്യില്‍ ഉണ്ടായിരുന്ന കുപ്പി വെള്ളം അയാളുടെ തലയിലൂടെ ഒഴിച്ചു. ഞാനങ്ങനെ പ്രതികരിക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്തിനാണ് എന്റെ മേലിലൂടെ വെള്ളം ഒഴിച്ചതെന്ന് എന്നോട് ചോദിച്ചു. ഊളത്തരം പറഞ്ഞാല്‍ ഇങ്ങനെയാണ് പ്രതികരിക്കുക എന്ന് മറുപടിയും കൊടുത്തു. അപ്പോള്‍ തന്നെ അങ്ങേര്‍ക്കറിയാം ഞാന്‍ വയലന്റാണെന്ന്. എന്നിട്ടും അങ്ങനെ ചെയ്തു എന്നതാണ്.

തൂത്തുക്കുടിയിലിറങ്ങി നേരെ ചെല്ലുന്നത് വെടിവയ്പ്പില്‍ മരിച്ചുപോയ സ്‌റ്റോളിന്റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന പരിപാടിയിലേക്കാണ്. ഭക്ഷണവും മദ്യവും രൂപേഷ് തന്നെയാണ് വാങ്ങിയത്. ഞാന്‍ മദ്യം കഴിക്കുന്ന കൂട്ടത്തിലാണ്. ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് തിരിക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി കൂട്ടത്തില്‍ വരാനിരുന്നതാണ്. പക്ഷെ അവള്‍ക്ക് വൈറല്‍ പനിയായതിനാല്‍ രൂപേഷ് തന്നെയാണ് അവളോട് വരണ്ട എന്ന് പറയുന്നത്. ആ പെണ്‍കുട്ടിയെ ‘റൈറ്റ്‌സി’ല്‍ ആക്കിയിട്ടാണ് പോവുന്നത്. അവിടെയുണ്ടായിരുന്ന ആളെ ചൂണ്ടി “ഇവനെ മാത്രം നീ ഇവിടെ ശ്രദ്ധിച്ചാല്‍ മതി” എന്ന് രൂപേഷ് ആ പെണ്‍കുട്ടിയോട് പറഞ്ഞു. “നിങ്ങളെ വിശ്വസിച്ച് ആ കുട്ടി ഇത്രയും ദൂരം വന്നില്ലേ, എന്നെ വിശ്വസിച്ച് ഒരു ദിവസം ഇവിടെ കിടക്കാന്‍ കുഴപ്പമുണ്ടാവില്ല” എന്ന് റൈറ്റ്‌സില്‍ ഉണ്ടായിരുന്നയാള്‍ ഞങ്ങളോടെല്ലാമായി പറഞ്ഞു. അങ്ങനെ ഒരാള്‍ വെറുതെ പറയില്ലല്ലോ. അതെല്ലാം മുന്‍കരുതലെടുക്കാനുള്ള സംഭവമായിരുന്നു. അതുകൊണ്ട് തന്നെ മദ്യം വാങ്ങിച്ച് കൂട്ടത്തിലിരുന്ന് കുടിക്കുമ്പോഴും കരുതലുണ്ടായിരുന്നു. കൂടുതല്‍ കുടിക്കരുതെന്നും അയാളുടെ അടുത്ത് ഇരിക്കരുതെന്നുമെല്ലാം തീരുമാനിച്ചിരുന്നു.

സംസാരിക്കുന്തോറും ഭ്രാന്തനെപ്പോലെ എന്റെ സൗന്ദര്യത്തെക്കുറിച്ചെല്ലാം പറയാന്‍ തുടങ്ങി. പെട്ടെന്ന് എന്റെ കട്ടിലില്‍ വന്നിരിക്കുകയും ഉമ്മവയ്ക്കാന്‍ വരികയുമായിരുന്നു. തള്ളിമാറ്റി എന്നെ തൊട്ടുപോവരുതെന്ന് ഞാന്‍ പറഞ്ഞു. നിന്നെ എനിക്കൊന്ന് കെട്ടിപ്പിടിക്കണം, എനിക്ക് സ്‌നേഹം തോന്നുന്നത് കൊണ്ടല്ലേ എന്നൊക്കെയായി. എനിക്ക് സ്‌നേഹം തോന്നുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ കുറച്ച് നേരം മാറിക്കിടന്നിട്ട് ഞാന്‍ കിടന്നപ്പോള്‍ പിന്നെയും വന്നു. എന്റെ മടിയില്‍ കിടക്കണം, കാലില്‍ കെട്ടിപ്പിടിക്കണം എന്നായി. എനിക്കിഷ്ടമല്ല, മാറിക്കിടക്കാന്‍ ഞാന്‍ പറഞ്ഞു. ഞാന്‍ ഒച്ചത്തില്‍ സംസാരിച്ചതോടെ അയാള്‍ വല്ലാതെയായി. വല്ലാണ്ട് കരയാനും തുടങ്ങി. കുടിയന്മാരുടെ ചില മാനറിസങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. എന്നെ തൊഴും, ഇനി മിണ്ടില്ല എന്ന തരത്തില്‍ കൈ ചുണ്ടില്‍ വയ്ക്കും, ഇടയ്ക്ക് കരയും, ഇടയ്ക്ക് ചിരിക്കും. ഞാന്‍ പേടിച്ചരണ്ടുപോയി. ഇയാള്‍ ഉറങ്ങിക്കഴിഞ്ഞിട്ടും ആ പേടി പോയില്ല. യാത്രാക്ഷീണമുള്ളതുകൊണ്ട് ഉറങ്ങിപ്പോയാല്‍ ഇയാള്‍ ഉണരുന്നത് അറിയില്ലല്ലോ എന്നു കരുതി ഞാന്‍ ഉറങ്ങാതിരുന്നു. ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളോടൊക്കെ സംസാരിച്ച് സമയം നീക്കി.

മൂന്ന് മണിയായപ്പോഴേക്കും ഒന്ന് മയങ്ങിപ്പോയി. പക്ഷെ അയാള്‍ എഴുന്നേറ്റപ്പോള്‍ തന്നെ ഞാന്‍ കണ്ണ് തുറക്കുകയും ചെയ്തു. അയാള്‍ എഴുന്നേറ്റപ്പോഴേ കറണ്ടും പോയി. ഈ 23 വയസ്സിനിടയില്‍ അന്ന് ആ സമയത്ത് പേടിച്ച പോലെ ഞാന്‍ പേടിച്ചിട്ടേയില്ല. അയാള്‍ അടുത്തത് എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. ഇരുട്ട് കാരണം ഒന്നും കാണാനും വയ്യ. ശബ്ദം കേട്ടപ്പോള്‍ ബാത്‌റൂമിലേക്കാണ് പോയതെന്ന് മനസ്സിലായി. താഴെ ആളുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്, അവിടെ ജനറേറ്റര്‍ ഉണ്ടായിരിക്കും, ഓണ്‍ ചെയ്യാന്‍ പറയൂ എന്ന് ഞാന്‍ വെറുതെയെങ്കിലും അയാളോട് പറഞ്ഞു. പല തവണ പറഞ്ഞ് പോവാമെന്ന അവസ്ഥ വന്നപ്പോള്‍ കറണ്ട് വന്നു. കറണ്ട് വന്നയുടനെ അയാള്‍ എന്റെ നെറ്റിയില്‍ ഉമ്മവച്ചു. അപ്പോള്‍ ഞാന്‍ രണ്ട് പൊട്ടിച്ചു. അത് കഴിഞ്ഞപ്പോള്‍ തിരിഞ്ഞുകിടന്ന് കരയാന്‍ തുടങ്ങി. എനിക്ക് സ്‌നേഹം കിട്ടാത്തതുകൊണ്ടാണ്, ഒരു മനുഷ്യന്റെ അവസ്ഥ മനസ്സിലാക്കണം എന്നൊക്കെ പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്യാന്‍ തുടങ്ങി. ഇടയ്ക്ക് ഉറങ്ങുന്ന പോലെ കിടക്കും, പിന്നെ കണ്ണ് തുറന്ന് നോക്കും. ഞാന്‍ ഉണര്‍ന്ന് തന്നെ ഇരിക്കുകയാണ്. നീയിങ്ങനെ നോക്കല്ലേ, ഞാന്‍ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ് പിന്നെയും തൊഴാന്‍ തുടങ്ങി.

ഇനിയെന്റെ ദേഹത്ത് തൊട്ടാല്‍ നിന്നെ കൊന്ന് കളയുമെന്ന് പറഞ്ഞു. അതിന് ശേഷം അയാള്‍ എന്നെ തൊട്ടിട്ടില്ല. അയാള്‍ പിന്നെയും ഉറങ്ങി. ഞാന്‍ ഉറങ്ങിയതുമില്ല. രാവിലെ അയാള്‍ കുളിക്കാന്‍ പോയപ്പോള്‍ ഞാനൊന്ന് കണ്ണടച്ചു. അപ്പോഴൊന്നും അയാള്‍ മിണ്ടിയതുമില്ല, എന്റെ മുഖത്ത് പോലും നോക്കിയതുമില്ല. ഞാന്‍ സാമ്പത്തികമായി വളരെ കുരുങ്ങി നില്‍ക്കുന്ന സമയമായിരുന്നു. ഒരു ജോലിയുണ്ടായിരുന്നതില്‍ നിന്ന് അവര്‍ ഒന്നും പറയാതെ പിരിച്ചുവിട്ടു. കയ്യില്‍ കാശില്ല. അഴിമുഖത്തില്‍ സ്റ്റോറി ചെയ്താലേ അടുത്ത മാസം കാശുള്ളൂ. നൂറ് രൂപയുമായാണ് ഞാന്‍ തൂത്തുക്കുടിയില്‍ പോവുന്നത്. ടിക്കറ്റ് എടുത്തതെല്ലാം രൂപേഷാണ്. പക്ഷെ അയാള്‍ ടിക്കറ്റെടുത്തെന്ന് പറഞ്ഞ് ഞാന്‍ കിടന്നുകൊടുക്കേണ്ട കാര്യമില്ലല്ലോ. നൂറു രൂപയ്ക്ക് തിരിച്ചുവരിക എന്നത് സാധ്യമായ കാര്യമല്ല. തൂത്തുക്കുടിയില്‍ എനിക്ക് ഒരു മനുഷ്യനേയും അറിയുകയുമില്ല. അപ്പോഴാണ് ഒന്ന് സംസാരിച്ച് നോക്കാമെന്ന് ഞാന്‍ കരുതുന്നത്. ചിലപ്പോള്‍ കുടിച്ചിട്ടാണ് ഇതെല്ലാം ചെയ്തതെങ്കിലോ? അതൊരു ന്യായീകരണം അല്ലെന്ന് എനിക്കറിയാമെങ്കില്‍ പോലും ഞാന്‍ സംസാരിച്ചു. അപ്പോഴും അയാള്‍ മിണ്ടിയില്ല. പുറത്തിറങ്ങി ചായ കുടിക്കാനായി പോയപ്പോള്‍ പിന്നെയും നോര്‍മലായി സംസാരിക്കാന്‍ തുടങ്ങി.

ഇങ്ങനെയാണോ പെരുമാറുന്നത് എന്ന് ഞാനയാളോട് ചോദിച്ചു, ഇങ്ങനെയൊന്നുമല്ല ഞാന്‍ പ്രതീക്ഷിച്ചതെന്നും പറഞ്ഞു. പക്ഷെ അതിനെല്ലാം ‘ഞാന്‍ മനുഷ്യനാണ്’ എന്ന ന്യായീകരണമാണ് അയാള്‍ പറഞ്ഞത്. മനുഷ്യനായാല്‍ ഇങ്ങനെയാണ് എന്നൊരു വിശ്വാസം അയാള്‍ക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ‘പിന്നെ നീ എന്തുകണ്ടിട്ടാണ് ഇത്രയും ദൂരം വന്നതെന്നാ’ണ് പിന്നെ അയാള്‍ ചോദിക്കുന്നത്. സത്യത്തില്‍ എനിക്കത് വലിയ അടിയായിരുന്നു. അങ്ങനെ ആരെങ്കിലും ചോദിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ. ഞാനെന്റെ ജോലിക്ക് വേണ്ടിയാണ് വന്നതെന്ന് പറഞ്ഞപ്പോള്‍, ‘ഞാന്‍ നിന്റെ കൂടെ സമയം ചെലവഴിക്കുന്നത് മാത്രമേ നോക്കിയിട്ടുള്ളൂ’ എന്നാണ് അയാള്‍ പറയുന്നത്. പിന്നെ അവിടെ നില്‍ക്കണമെന്നേ എനിക്ക് തോന്നിയില്ല. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല, ഒന്നിലും ശ്രദ്ധിക്കാനും കഴിയുന്നില്ല. കുഞ്ഞിന്റെ പഴയതും പുതിയതുമായ ഫോട്ടോകള്‍ കണ്ട് ഒരുവിധം സമയം നീക്കി. എങ്ങനെയെങ്കിലും കയറി തിരികെ വന്നാല്‍ മതിയെന്നായിരുന്നു. തിരുനെല്‍വേലിയില്‍ നിന്ന് ട്രെയിനില്‍ കയറി. പക്ഷെ എന്നിട്ടും കുറേ നേരം ഞാന്‍ ഉറങ്ങിയില്ല. പിന്നീട് ട്രെയിനില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ഉറങ്ങി. ഉറങ്ങി എഴുന്നേറ്റപ്പോള്‍ ബാലരാമപുരം ആയി.

തിരുവനന്തപുരത്ത് ഇറങ്ങിപ്പോന്നു. അതിന് ശേഷം ചിത്രലേഖയുമായി ബന്ധപ്പെട്ട് ചെയ്ത വാര്‍ത്തകളുടെയെല്ലാം സോഴ്‌സ് രൂപേഷ് തന്നെയായിരുന്നു. ഇയാള്‍ കുടിച്ചിട്ട് ചെയ്തതാണെന്ന വിശ്വാസവും എന്നിലുണ്ടായിരുന്നു. ക്ഷമിക്കാം എന്നായിരുന്നു. എന്റെ രണ്ട് സുഹൃത്തുക്കളോട് മാത്രമാണ് ഞാനിക്കാര്യമെല്ലാം പറഞ്ഞത്. പക്ഷെ പിന്നീട് പലരും വിളിച്ച് ഇയാളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.

ആളുടെ പേര് വെളിപ്പെടുത്താതെ സംഭവിച്ച കാര്യങ്ങള്‍ മാത്രം പറയുന്നതില്‍ കാര്യമില്ല. നാളെ ഓരോരുത്തര്‍ക്കും വരാവുന്ന അനുഭവങ്ങളാണ്. അതുകൊണ്ടാണ് പേര് പറഞ്ഞ് തന്നെ അവരെ പുറത്തുകൊണ്ടുവരാമെന്ന് കരുതിയത്. അവരെയാണ് നമ്മള്‍ ഡിറ്റക്ട് ചെയ്യേണ്ടതും. അവര്‍ക്ക് മാനസിക പ്രശ്‌നമാണോ, എങ്കില്‍ അതിനുള്ള ചികിത്സ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രോബ്ലം ആണെങ്കില്‍ അതിന് പരിഹാരം, അങ്ങനെ വേണം. എനിക്ക് തോന്നുന്നു, രൂപേഷിനെ വലിച്ചുകീറിയിട്ടും വലിയ കാര്യമില്ല. അയാള്‍ക്ക് എന്തോ മാനസിക പ്രശ്‌നമാണ്. അല്ലാതെ ഇത്രയും ന്യായീകരണം ഇങ്ങനെ വരില്ല. ശരിയാണ്, അന്ന് പോയപ്പോഴും വന്നപ്പോഴുമുള്ള എന്റെ ചെലവുകളെല്ലാം അയാള്‍ നോക്കി. പക്ഷെ അതൊക്കെ ഞാന്‍ ചെയ്തത് ശരിയാണെന്ന് പറയാന്‍ അയാളെ തോന്നിപ്പിക്കുന്നുണ്ടെങ്കില്‍ എന്തോ ഗുരുതരമായ മാനസിക പ്രശ്‌നമുണ്ട്.

ഞാന്‍ ജേര്‍ണലിസം പഠിച്ചിറങ്ങി, ഇപ്പോള്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നു. പക്ഷെ ഇനിയും എന്റെ മുന്നില്‍ സമയം കിടക്കുകയാണ്. ഇനിയും ഞാന്‍ ധാരാളം പേരുമായി ഇടപെടേണ്ടി വരും. എന്ത് വിശ്വാസത്തിലാണ് ഞാന്‍ ആണായാലും പെണ്ണായാലും ട്രാന്‍സ്ജന്‍ഡര്‍മാരായാലും സമീപിക്കുക. നാളെ ആരെങ്കിലും, നീ എന്ത് ഉദ്ദേശത്തിലാടീ വരുന്നത്, എന്ത് ഉദ്ദേശത്തിലാണ് രാത്രി വിളിച്ച് ഇന്റര്‍വ്യൂ ആണെന്ന് പറയുന്നത് എന്നൊക്കെ ആരെങ്കിലും ചോദിച്ചാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ.

ദളിത്‌ ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാറിനെതിരെ ഗുരുതരാരോപണവുമായി മാധ്യമപ്രവര്‍ത്തക

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍