UPDATES

പ്രളയമെടുത്ത അമൂല്യ രേഖകള്‍ തിരിച്ചുപിടിക്കാം; പുരാരേഖവകുപ്പ് നിങ്ങളെ സഹായിക്കും

‘പൈതൃക കേരളം ഒരു സുരക്ഷാവലയം’എന്നാണ് പദ്ധതിയുടെ പേര്

പ്രളയത്തില്‍പ്പെട്ട രേഖകളും പ്രമാണങ്ങളും തിരിച്ചുപിടിക്കാന്‍ പുരാരേഖവകുപ്പ്. ‘പൈതൃക കേരളം ഒരു സുരക്ഷാവലയം’ എന്ന പദ്ധതിയിലൂടെയാണ് ചരിത്രരേഖകളും പ്രമാണങ്ങളും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രളയത്തില്‍ വായനശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, അമ്പലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നനഞ്ഞു കുതിര്‍ന്ന രേഖകളെ വൃത്തിയാക്കി ഉണക്കി എടുക്കുകയാണ് ഇവര്‍ ചെയ്യുക. ഇതിനായി മൊബൈല്‍ കണ്‍സര്‍വേഷന്‍ ക്ലിനികുകള്‍ ആരംഭിച്ചിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ എറണാകുളം ജില്ലയിലുള്ള കുറെയധികം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ടിട്ടുള്ള ആലങ്ങാട് ചെമ്പോല കളരിയില്‍ നിന്നുള്ള താളിയോലകളും രേഖകളും എടുത്തിട്ടുണ്ട്. നോര്‍ത്ത് പറവൂറിലെ സര്‍വീസ് സഹകരണബാങ്കിലെ സൂക്ഷിച്ചിരുന്ന പ്രമാണങ്ങള്‍ അവിടെ വെച്ച് തന്നെ ഉണക്കുന്നതിനും പ്രാഥമിക സംരക്ഷണം നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് പോലെ തന്നെ പത്തനംതിട്ടയിലെ പെരിനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ക്ലീനിങിന് ഉള്‍പ്പെടെ സംഘങ്ങള്‍ പുറപ്പെടും.

പുസ്തകങ്ങളിലെ ഈര്‍പ്പം മാറുന്നതോടെ ശാസ്ത്രീയ സംരക്ഷണ നടപടികള്‍ ആരംഭിക്കും. നനഞ്ഞ രേഖകള്‍ തണലിലിട്ട് ഉണക്കിയതിന് ശേഷം ആവശ്യമെങ്കില്‍ ആര്‍ക്കൈവല്‍ ലാമിനേഷന്‍ മെന്റിങ് ആണ് ചെയ്യുക. ഏതൊക്കെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എത്രത്തോളം ഡോക്യുമെന്റുകള്‍ നഷ്ടമായി എന്ന വിവരങ്ങള്‍ കളക്ട്രേറ്റുകളില്‍ നിന്ന് ശേഖരിച്ചു വരികയാണ് എന്ന് പുരാരേഖ ഡയറക്ടര്‍ ബിജു അറിയിച്ചു.

‘ആലപ്പുഴയിലൊക്കെ ഏകദേശം 25 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വെള്ളത്തിനടിയിലായെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആവശ്യമുള്ള രേഖകള്‍ വിലപിടിപ്പുള്ള പ്രമാണങ്ങള്‍ എന്നിവയെല്ലാം മെന്റിങ് ചെയ്യേണ്ടി വരുന്നവയാണ്. ഇവിടെ അതിന് ആവശ്യമായ ലാബും വിദഗ്ധരുമുണ്ട്. ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ അതാത് ബാങ്കുകളില്‍ തന്നെ യൂണിറ്റ് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അത്രയധികം ഡോക്യുമെന്റുകള്‍ ആര്‍ക്കൈവിലേക്ക് കൊണ്ട് വന്ന് പ്രോസസ് ചെയ്‌തെടുക്കാനുള്ള സ്ഥലപരിമിതിയുണ്ട്. കൂടാതെ ഇത് ദീര്‍ഘകാലം വേണ്ടി വരുന്ന പ്രവര്‍ത്തിയുമാണ്. പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായാണ് ഇത് ചെയ്ത് നല്‍കുക. പരമാവധി രേഖകള്‍ സംരക്ഷിക്കാനാണ് പുരാരേഖ വകുപ്പിന്റെ ശ്രമം.‘ ഡയറക്ടര്‍ അറിയിച്ചു.

ശനിയാഴ്ചയോടെ തന്നെ അമൂല്യമായ താളിയോലകള്‍, രാമായണം, മഹാഭാരതം, ഋഗ്വേദം, ബൈബിള്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ്, വിശ്വസാഹിത്യ സാഹിത്യതാരാവലി തുടങ്ങിയ പ്രോസസിങിനായി പുരാരേഖ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഈ സേവനത്തിനായി വ്യക്തികള്‍ക്കും സ്വകാര്യ, അര്‍ദ്ധ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാമെന്നും പുരാരേഖ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍: 9895079478

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍