UPDATES

ട്രെന്‍ഡിങ്ങ്

കോളേജ് അധ്യാപകര്‍ക്ക് രവിശങ്കറിന്റെ സുദര്‍ശനക്രിയ; കാവിവത്ക്കരണത്തിന്റെ ശ്രീ ശ്രീ വഴികള്‍

കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്‌നോളജിയില്‍ വെച്ചാണ് സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ സീനിയര്‍ അധ്യാപകര്‍ക്കായി മൂന്നു ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാം നടന്നത്

ഐ ഗോപിനാഥ്

ഐ ഗോപിനാഥ്

നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാനവര്‍ഷത്തേക്കു പ്രവേശിക്കുമ്പോള്‍ വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. തുടര്‍ന്ന് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ കൂടി തങ്ങളിട്ട കാവിതൂണുകള്‍ പിന്നീടും നിലനില്‍ക്കുമെന്നും മോദിയും കൂട്ടരും ഉറപ്പുവരുത്തുന്നു. ആ ദിശയിലുള്ള നിരവധി തീരുമാനങ്ങളാണ് തുടര്‍ച്ചയായി സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളേജുകളും പോളിടെക്‌നിക്കുകളുമെല്ലാമടങ്ങുന്ന സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ സീനിയര്‍ അധ്യാപകര്‍ക്കായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (AICTE) ആരംഭിച്ചിരിക്കുന്ന എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമാണ് ഈ ദിശയിലുള്ള നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണം. കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്‌നോളജിയില്‍ വെച്ചു ഏപ്രില്‍ 6 മുതല്‍ 8 വരെയാണ് മൂന്നു ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാം നടന്നത്. പ്രോഗ്രാം നടത്താന്‍ AICTE ഏല്‍പ്പിച്ചത് സാക്ഷാല്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലീവിംഗിനെയും. ട്രെയിനിംഗിന്റെ പേരില്‍ നടന്നതാകട്ടെ കൊട്ടിഘോഷിക്കപ്പെടുന്ന സുദര്‍ശനക്രിയയല്ലാതെ മറ്റൊന്നായിരുന്നില്ല.

അറുപതോളം സീനിയര്‍ അധ്യാപകര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ പരിശീലനം. ഇനിയും പരിശീലനം തുടരുമെന്നാണ് അറിയുന്നത്. സാങ്കേതിക മേഖലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഈ പരിശീലനം നല്‍കാനാണത്രെ തീരുമാനം. സസ്ഥാനസര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ ഒരു എതിര്‍പ്പുമുണ്ടായിട്ടില്ല എന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

‘unless we have a stress free mind and a violence free society, we cannot achieve world piece’ എന്ന രവിശങ്കറിന്റെ സിദ്ധാന്തമാണ് തങ്ങള്‍ പ്രയോഗിക്കുന്നതെന്നാണ് ട്രെയിനിംഗ് പരിപാടിയുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഓഫ് ലീവിങ്ങിന്റെ അവകാശവാദം. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ശാന്തി നേടാനായി തങ്ങളുടെ ശ്വസനതന്ത്രങ്ങളും മെഡിറ്റേഷനും യോഗയും സഹായിക്കുമെന്നും അവരവകാശപ്പെടുന്നു. ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വൈസ് ചാന്‍സലര്‍മാരും സീനിയര്‍ അദ്ധ്യാപകരുമാണ് പ്രധാന പങ്കു വഹിക്കുന്നതെന്നും അവരെ അതിനു തയ്യാറാക്കാനാണ് എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നതെന്നും അതെകുറിച്ചുള്ള കത്തില്‍ പറയുന്നു. ബാങ്കോക്കില്‍ തങ്ങള്‍ നടത്തിയ കോഴ്‌സാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അവരുടെ അവകാശവാദത്തെ അതേപടി അംഗീകരിച്ചാണ് AICTE പരിശീലനപരിപാടിക്ക് അംഗീകാരം നല്‍കിയതും നടപ്പാക്കാന്‍ ഉത്തരവിട്ടതും.

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസ്വഭാവത്തിനും അശാന്തിക്കും മൂല്യച്യുതിക്കും പുറമെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗത്തിനുമെല്ലാം ആത്മീയതക്കൊപ്പം സുദര്‍ശനക്രിയ എന്ന ശ്വസനപ്രക്രിയ പരിഹാരമാര്‍ഗമാണെന്നും ലോകശാന്തി എന്ന വലിയ ലക്ഷ്യത്തിനായി, പിരിമുറുക്കമില്ലാത്ത മനസ്സുകളും അക്രമരഹിതമായ സമൂഹവും അത്യന്താപേക്ഷിതമാണെന്നും അതിനായി യോഗ, പ്രാണായാമം, ശ്വസനക്രിയകള്‍ എന്നിവ സംയോജിപ്പിച്ചുള്ള സുദര്‍ശനക്രിയ പരിശീലിക്കണെന്നുമാണ് ഐ ഐ ടിയില്‍ നിന്നും പരിശീലനം നല്‍കാനെത്തിയ ആര്‍ട് ഓഫ് ലീവിംഗ് വളണ്ടിയര്‍മാര്‍ കൂടിയായ പരിശീലകര്‍ അവകാശപ്പെട്ടത്. മൂന്നുദിവസവും രാവിലെ ക്ലാസ്സും ഉച്ചതിരിഞ്ഞ് ശ്വസന ടെക്‌നിക്കുകളുമാണ് നടന്നത്.

ലോകസമാധാനവും മാനസികപിരിമുറുക്കവും തങ്ങളുടെ ജോലിയുമായി എന്താണ് ബന്ധമെന്നാണ് പരിശീലനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അധ്യാപകരും ചോദിക്കുന്നത്. ഓം എന്ന മന്ത്രത്തെ കുറിച്ചായിരുന്നത്രെ കൂടുതല്‍ വിശദീകരണവും നടന്നത്. കൂടാതെ പൂര്‍ണ്ണമായും സസ്യഭുക്കായാല്‍ മാത്രമേ ഈ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്നും കര്‍ശനമായും ഉദ്‌ബോധിപ്പിക്കപ്പെട്ടു. മാംസഭുക്കുകള്‍ക്ക് ഈ ലക്ഷ്യം നേടാനാവില്ല. എന്തിന്, ചായയും കാപ്പിയും പോലും ലഹരിയാണെന്നും ഉപേക്ഷിക്കണമെന്നുമാണ് പ്രോഗ്രാമില്‍ ആവശ്യപ്പെട്ടതത്രെ. കൃസ്ത്യാനികളും മുസ്ലിമുകളുമായ അധ്യാപകരുടെ വിശ്വാസങ്ങള്‍ക്കൊന്നും ഒരു പരിഗണനയും കൊടുക്കാന്‍ സംഘാടകര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, ഇതെല്ലാം വരും ദിനങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനും ഈ അധ്യാപകര്‍ ബാധ്യസ്ഥരാണ്.

AICTEയുടെ കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും വര്‍ഷം തോറും പ്രവര്‍ത്തനാനുമതി പുതുക്കി വാങ്ങാന്‍ ബാധ്യസ്ഥരാണ്. മുകളില്‍ നിന്നു നിര്‍ദ്ദേശിക്കുന്ന പരിപാടികളെല്ലാം നടപ്പാക്കിയാല്‍ മാത്രമേ അനുമതി പുതുക്കി കൊടുക്കൂ. ഈ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ എക്‌സിക്യൂട്ടീവ് ട്രെയിനിംഗ് പ്രോഗ്രാമില്‍ നിന്നു മാറിനില്‍ക്കാന്‍ ഒരു സ്ഥാപനത്തിനും കഴിയില്ല.

ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനും ഒരു റോളുമില്ലത്രെ. അഥവാ ഉണ്ടെങ്കില്‍തന്നെ അതിനൊന്നിനും ശ്രമിക്കാതെ കാവിവല്‍ക്കരണത്തിനു സംസ്ഥാന സര്‍ക്കാരും പരോക്ഷ സമ്മതം നല്‍കുകയാണെന്നു അധ്യാപകര്‍ പറയുന്നു. സ്വാശ്രയ കോളേജികളും ഒരു എതിര്‍പ്പുമില്ലാതെ ഇതിനെല്ലാം കാവിക്കൊടി കാണിക്കുന്നു.

അങ്ങനെയാണ് രക്തത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് കുറയുമ്പോഴുണ്ടാകുന്ന മസ്തിഷ്‌കമന്ദിപ്പും തുടര്‍ന്നുണ്ടാകുന്ന അനുഭൂതികളും ആനന്ദോത്സവമായി വ്യാഖ്യാനിക്കപ്പെടുന്നതും അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പാതയിലൂടെ മുന്നേറണമെന്നുമുള്ള ശ്രീ ശ്രീരവിശങ്കറിന്റെ കാവിതിയറി വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(F)art of Living: ആത്മീയ ആനന്ദവ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍

യമുനയെ കൊന്നിട്ടുള്ള ആനന്ദോത്സവം വേണ്ട; ഹരിത ട്രിബ്യൂണല്‍ ശ്രീ ശ്രീ രവിശങ്കറോട്

ഐ ഗോപിനാഥ്

ഐ ഗോപിനാഥ്

എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍