UPDATES

കുഞ്ഞാവേ ഇന്നേക്ക് ഒരു വര്‍ഷമായി നീ എന്നെ വിട്ടുപോയിട്ട്…; കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലയുടെ ഓര്‍മ്മദിനം

2018 മാര്‍ച്ച് 22 ന്, കല്യാണത്തലേന്ന് സ്വന്തം അച്ഛനാണ് ആതിരയെ കുത്തികൊലപ്പെടുത്തിയത്

കുഞ്ഞാവേ ഇന്നേക്ക് ഒരു വര്‍ഷമായി നീ എന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ… ഈ വാക്കുകള്‍ കേരളത്തെ ഒരേസമയം സങ്കടപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്. ഈ പോസ്റ്റ് ഇട്ട ബ്രിജേഷ് കണ്ണന്‍ ദുഃഖത്തോടെ ഓര്‍ക്കുന്ന, ആ പെണ്‍കുട്ടി ആതിരയാണ്. 2018 മാര്‍ച്ച് 22 ന്, കല്യാണത്തലേന്ന് സ്വന്തം അച്ഛന്‍ കുത്തികൊലപ്പെടുത്തിയ ആതിര. ആ ദുരഭിമാന കൊല നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

കേരളത്തിനേറ്റ ആ ഉണങ്ങാത്ത മുറിവിന്റെ ഓര്‍മദിനത്തിലാണ് ബ്രിജേഷ് കണ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആതിരയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കൂടാതെ ആ പോസ്റ്റില്‍ മറ്റൊരു ചിത്രവുമുണ്ട്. ആതിരയ്ക്ക് അണിയിക്കാന്‍ വാങ്ങിയ താലിയും അവള്‍ക്ക് ഉടുക്കാനുള്ള പട്ടുസാരിയും. ഒരു രാത്രി കൂടി ഇരുട്ടി വെളുത്തിരുന്നെങ്കില്‍ ഇതു രണ്ടുമണിഞ്ഞ് ആതിര ഇപ്പോഴും ബ്രിജേഷിനൊപ്പം ഉണ്ടാകുമായിരുന്നു. എന്നാല്‍ മകള്‍ ഒരു ദളിതനെ വിവാഹം കഴിക്കുന്നത് അഭിമാനക്ഷതമായി കണ്ട പൂവത്തുകണ്ടി രാജന്‍ എന്ന മനുഷ്യന്‍ സ്വന്തം മകളെന്നതുപോലും ഓര്‍ക്കാതെ മൃഗീയമായി ആ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കളഞ്ഞു. മദ്യലഹരിയിലായിരുന്നവെങ്കിലും, താന്‍ അവളെ കുത്തിയത് കൊല്ലാന്‍ തന്നെയായിരുന്നുവെന്നും ആശുപത്രിയില്‍ കൊണ്ടുപോയിട്ട് കാര്യമില്ലെന്നുമുള്ള വാക്കുകള്‍, മദ്യമല്ല, കടുത്ത ജാതിയതയാണ് അയാളെ കീഴ്‌പ്പെടുത്തിയ ലഹരിയെന്നു വ്യക്തമാക്കുന്നതായിരുന്നു.

"</p

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ആതിര സ്‌കൂള്‍ പഠനകാലത്താണ് കൊയിലാണ്ടി പന്തലായനി സ്വദേശിയായ ബ്രിജേഷ് കണ്ണനെ പരിചയപ്പെടുന്നതും പിന്നീത് പ്രണയത്തില്‍ എത്തുന്നതും. ബ്രിജേഷ് സൈനികനായി ജോലി നേടി. ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ ജോലി ചെയ്തു വരികെയാണ് ബ്രിജേഷ് ആതിരയോട് ഒരുമിച്ച് ജീവിക്കാമെന്നുള്ള തീരുമാനം പറയുന്നത്. രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കാര്യം വീട്ടുകാരുടെ സമ്മതത്തോടെ നടക്കട്ടെ എന്നൊരു തീരുമാനവും അവര്‍ക്കുണ്ടായി. തങ്ങളെ ജീവിതത്തില്‍ ഒന്നിച്ചു ചേര്‍ക്കണമെന്ന് ഇരുവരും സ്വന്തം വീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ആതിരയുടെ ആ ആവിശ്യം അച്ഛന്‍ രാജന് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഈഴവ സമുദായക്കാരനാണ് രാജന്‍. എന്നാല്‍ മകള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെയും. തങ്ങളില്‍ കുറഞ്ഞ ഒരാളെ മകള്‍ വിവാഹം ചെയ്യുന്നതിനോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും യാതൊരു കാരണവശാലും ഇങ്ങനെയൊരു വിവാഹത്തിന് താന്‍ അനുവദിക്കില്ല എന്ന വാശിയിലായിരുന്നു രാജന്‍. ഇതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. തങ്ങള്‍ ഒരുമിച്ചു തന്നെ ജീവിക്കുമെന്ന നിലപാടില്‍ ആതിരയും ബ്രിജേഷും ഉറച്ചു നിന്നൂ. ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ചയും തര്‍ക്കവുമെല്ലാം നടന്നു. ഒടുവില്‍ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. പൊലീസ് യുവതിയുടെയും യുവാവിന്റെയും വീട്ടുകാരുമായി ചര്‍ച്ച നടത്തി. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച, പ്രായപൂര്‍ത്തിയ രണ്ടുപേരെ അതിന് അനുവദിക്കണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. അതിനായവര്‍ ശക്തമായി വാദിക്കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തു നിന്നുകൂടി സമ്മര്‍ദ്ദമുണ്ടായതോടെ രാജന്‍ മകളുടെ ആഗ്രഹം അനുസരിച്ചുള്ള വിവാഹത്തിന് സമ്മതം മൂളി. പക്ഷേ, അത് ആത്മാര്‍ത്ഥമായ അനുവാദം നല്‍കല്‍ ആയിരുന്നില്ല. 2018 മാര്‍ച്ച് 23 വെള്ളിയാഴ്ച്ച പുത്തലം സാളിഗ്രാമ ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താം എന്ന തീരുമാനത്തില്‍ വീട്ടുകാരും ബന്ധുക്കളുമെല്ലാം എത്തി.

പക്ഷേ, രാജന്റെ മനസിലെ ദുരഭിമാനം അയാളെ ഒരു ക്രൂരനാക്കി മാറ്റുകയായിരുന്നു. എന്തുവന്നാലും ഈ വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന വെല്ലുവിളി രാജന്‍ മുഴക്കി. അതിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു 2018 മാര്‍ച്ച് 22 വ്യാഴാഴ്ച (വിവാഹത്തിന്റെ തലേന്ന്) രാജന്‍ മദ്യലഹരിയില്‍ എത്തി ആതിരയുമായി വഴക്കുണ്ടാക്കിയത്. വഴക്ക് രൂക്ഷമായതോടെ ആതിരയേയും കൊണ്ട് രാജന്റെ സഹോദരി അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതേസമയം അടുക്കളയില്‍ നിന്നും ഒരു കത്തിയുമായി മകളുടെ പിന്നാലെ ഓടിയെത്തിയ രാജന്‍ അയല്‍വീട്ടിലെ കട്ടിലിനിടയില്‍ ഒളിച്ചിരുന്ന ആതിരയെ കുത്തുകയായിരുന്നു. ആതിരയുടെ ഹൃദയഭാഗത്തു തന്നെയായിരുന്നു രാജന്‍ കത്തി കുത്തിയിറക്കിയത്. സംഭവം നടക്കുന്ന വീട്ടില്‍ ഒരമ്മയും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഒച്ചയെടുത്തു നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. ആതിരയെ ഉടന്‍ തന്നെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ആ 22 കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയത്തിനേറ്റ മുറിവ് അത്രമേല്‍ മാരകമായിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്തല്ല, കരുതിക്കൂട്ടി തന്നെയാണ് രാജന്‍ മകളെ ആക്രമിച്ചതും കൊല്ലണമെന്നു തന്നെയായിരുന്നു ഉദ്ദേശവും. ആതിരയുടെ ഇടതു നെഞ്ചില്‍ തന്നെയാണ് രാജന്‍ കുത്തിയത്, അത് മരണം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു. ആതിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയവരോട്, അവളെ ഇനി കൊണ്ടുപോകേണ്ടതില്ല, അവള്‍ ആശുപത്രിയില്‍ എത്തില്ല-എന്നു രാജന്‍ പറയുന്നുണ്ടായിരുന്നു.

ആതിരയെ കൊന്നത് ദുരഭിമാനം കൊണ്ടുതന്നെയാണെന്നു രാജന്‍ പൊലീസിനോടും സമ്മതിച്ചിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനമാകുമെന്നു കരുതിയാണ് കൊല നടത്തിയതെന്നാണ് രാജന്റെ മൊഴി.

ആ ദാരുണ സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബ്രിജേഷ് മാത്രമല്ല, ആതിരയെ ഓര്‍ക്കുന്നത്. പക്ഷേ, ആ പെണ്‍കുട്ടിയുടെ ജീവനെടുത്ത അതേ സാഹചര്യം വീണ്ടും വീണ്ടും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം കൂടി ആതിരയ്‌ക്കൊപ്പം എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍