UPDATES

‘പുരോഗമന’ കേരളം അറിയാന്‍; ‘പ്രണയരോഗം’ ഇല്ലാതാക്കാനുള്ള ആ 50 സീറ്റും എപ്പോഴേ ബുക്ക് ചെയ്യപ്പെട്ടു!

സോഷ്യൽ സർവിസ് മാനേജ്‌മെന്റ് തർബിയ്യയാണ് മലപ്പുറം കോട്ടക്കലിൽ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വേണ്ടി ‘ബോധവത്ക്കരണ’ ക്ലാസ് നടത്തുന്നത്

‘പ്രണയരോഗം’, അതിനെ തുടർന്നുണ്ടാവുന്ന അനുസരണക്കേട്, ലക്ഷ്യബോധമില്ലായ്മ, പിടിവാശി, പഠനത്തിൽ താത്പ്പര്യമില്ലായ്മ തുടങ്ങി പ്രണയസംബന്ധമായ എല്ലാ അസുഖങ്ങൾക്കും പ്രതിവിധി! പക്ഷെ മരുന്ന് മുസ്ലിം പെൺകുട്ടികൾക്ക് മാത്രം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരമൊരു പോസ്റ്റർ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പാണ്; പ്രണയരോഗത്തിനു ചികിത്സയുണ്ടെന്ന് വിളിച്ചു പറയുന്ന ആദ്യത്തെയോ അവസാനത്തെയോ പോസ്റ്ററല്ല ഇത്. പല മത സംഘടനകളുടേയും ആത്മീയ നേതാക്കളുടേയും നേതൃത്വത്തിൽ ഇത്തരം ക്ലാസ്സുകളും ക്യാമ്പുകളും ഇതിനു മുമ്പും ഒരുപാട് നടന്നിട്ടുണ്ട്. ആ ക്ലാസ്സിലിരുന്ന് മേൽപ്പറഞ്ഞ എല്ലാ ‘ദുഃശീല’ങ്ങളും മാറ്റി ‘പുതുജീവിത’ത്തിലേക്ക് കാലെടുത്തു വെച്ച ഒരുപാട് പെണ്‍കുട്ടികളും ഉണ്ടന്നുവേണം കരുതാൻ.

സോഷ്യൽ സർവീസ് മാനേജ്‌മെന്റ് തർബിയ്യയാണ് മലപ്പുറം കോട്ടക്കലിൽ ഈ തവണ ഇത്തരമൊരു ക്ലാസിന്റെ സംഘാടകർ. പോസ്റ്റ് കണ്ട ചിലർക്കെങ്കിലും ഒരു സംശയമുണ്ടായിരുന്നു, ഇതൊക്കെ നടക്കുമോ… അതും ഈ കാലഘട്ടത്തിൽ എന്നൊക്കെ. അതുകൊണ്ടു തന്നെയാണ് പരിപാടിയുടെ സംഘാടകരെ നേരിൽ ബന്ധപ്പെട്ടത്. അവർക്ക് പറയാനുള്ളത് ഇതാണ്.

“പ്രണയമാണെന്ന് കരുതി ചതിക്കുഴിയിൽ വീഴുന്ന പെണ്‍കുട്ടികളെ രക്ഷിക്കാനാണ് ഇത്തരമൊരു ക്ലാസ്സ്‌. പെണ്‍കുട്ടികളുള്ള അച്ഛനമ്മമാർക്ക് നെഞ്ചിൽ തീയാണ്. കുട്ടികൾ സെക്‌സ് റാക്കറ്റിലേക്കും മറ്റും അകപ്പെടുന്നത് തടയാനാണ് ഞങ്ങളുടെ ക്ലാസ്സ്” കുട്ടികളുടെ മാനസിക പ്രയാസങ്ങളെക്കാളേറെ ഇത്തരം ക്ലാസ്സുകളുടെ ആധാരം പ്രണയം കുടുംബത്തിനു വരുത്തി വെയ്ക്കുമെന്ന് കരുതുന്ന ‘മാനഹാനി’ തന്നെയാണ്. ഇതുതന്നെയാണ് ഇവർക്ക് പറയാനുള്ള ന്യായീകരണവും. സംഘാടകരെ സംബന്ധിച്ചിടത്തോളം പ്രണയം ക്യാൻസർ ബാധിച്ച അവയവം പോലെയാണ്. മുറിച്ചു മാറ്റിയില്ലെങ്കിൽ അത്‌ കുടുംബത്തെയാകെ ഇല്ലായ്മ ചെയ്യും. ഇത്തരം ക്ലാസ്സുകളും ക്യാമ്പുകളും സംഘടിപ്പിക്കുന്നവരെ പറ്റി പറയുമ്പോൾ നമ്മൾ ഓർക്കാത്ത മറ്റ് കാര്യങ്ങളുണ്ട്. എത്ര ഫീസ് അടച്ചും മക്കളെ ഇത്തരം ക്ലാസുകളിൽ കൊണ്ടിരുത്തുന്ന മാതാപിതാക്കളെ പറ്റി.

ആ ക്ലാസുകളിൽ ഇരിക്കേണ്ടി വരുന്ന പെൺകുട്ടികളെ മാനസികാവസ്ഥയെ പറ്റി സാമൂഹ്യചിന്തകൻ എം.എൻ കാരശ്ശേരിയ്ക്ക് പറയാനുള്ളത് ഇങ്ങനെ: “ഇത്തരം ക്ലാസ്സുകളും പോസ്റ്ററുകളും തമാശയായിട്ടേ എനിക്ക് തോന്നാറുള്ളൂ. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് പ്രണയം. ശുദ്ധ പ്രണയത്തെ കൊണ്ടാടിയ പാരമ്പര്യമാണ് നമുക്കുള്ളത്. ഇത്തരം ക്ലാസ്സുകൾ കൊണ്ട് ഭൂമിയിൽ പ്രണയമില്ലാതാവുന്നില്ല. ചുമരിലേക്ക് പന്തറിയുന്നത് പോലെയാണിത്.” പ്രണയത്തിൽ പോലും സ്ത്രീകളാണ് അച്ചടക്കം പാലിക്കണ്ടവർ എന്നു കരുതുന്നവർ എല്ലാരീതിയിലും സ്ത്രീകളെ അടക്കി നിർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “മുസ്ലിമുകൾക്കിടയിൽ സംഗീതം ഹറാമാണ് എന്നു പറഞ്ഞവരുമുണ്ടായിരുന്നു. എന്നിട്ടും സംഗീതത്തിന്റെ എത്ര വലിയ പാരമ്പര്യമാണ് മുസ്ലിമുകൾക്കുള്ളത്. പ്രണയവും അതുപോലെയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാം അനുവദിച്ച നീതി ഞങ്ങള്‍ക്ക് നിഷേധിക്കുന്നതെന്തിനാണ്?

ഇങ്ങനെയൊരു പോസ്റ്റർ ഇറങ്ങിയാൽ പ്രബുദ്ധ സാക്ഷര കേരളം അതൊക്കെ പരിഹസിച്ച് ചവറ്റുകുട്ടയിൽ കളയും എന്നു കരുതുന്നവർ അറിയാൻ സംഘാടകർ പറയുന്നു: “പോസ്റ്റർ ഇറങ്ങേണ്ട താമസം ദിവസങ്ങൾക്കുള്ളിലാണ് സീറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നത്. 50 സീറ്റാണ് ഉണ്ടായിരുന്നത്. ആ 50-ഉം എത്രയോ മുൻപ് തന്നെ ആളുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഇപ്പോഴും രക്ഷിതാക്കൾ വിളിക്കുന്നുണ്ട്. അവരെ ഉൾക്കൊള്ളിക്കാൻ സീറ്റ് ബാക്കിയില്ല എന്നതാണ് പ്രശ്നം.” ഈ ഒരു വാക്കിൽ നിന്നും വ്യക്തമാണ് പുരോഗമനവാദികൾ എന്തൊക്കെ പറഞ്ഞാലും കാലമെത്ര കഴിഞ്ഞാലും ഇത്തരം ക്ലാസ്സുകൾ പങ്കുവെയ്ക്കുന്ന ആശയങ്ങൾക്ക് വൻതോതിലുള്ള സ്വീകാര്യത ഇപ്പോഴും കിട്ടുന്നുണ്ട്. മക്കളുടെ നല്ല ഭാവിയെ കരുതിയാണ് തങ്ങൾ ഇതൊക്കെ ചെയ്യുന്നത് എന്ന് ആണയിടുന്നു മിക്ക മാതാപിതാക്കളും. എന്തുകൊണ്ട് പെൺകുട്ടികൾക്ക് മാത്രം ഇത്തരം ക്ലാസുകൾ എന്നു ചോദിക്കുമ്പോഴും സംഘാടകർക്ക് ഉത്തരമുണ്ട്: “ആണ്‍കുട്ടികൾക്ക് വേണ്ടിയും ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്. പക്ഷെ അവർക്ക് ലഹരിയെ പറ്റിയും മദ്യത്തെ പറ്റിയുമാണ് ക്ലാസ് എടുക്കാറുള്ളത്”.

കെമിസ്ട്രി ഓഫ് ലൗവ്, എവർ ലാസ്റ്റിങ്‌ എന്‍ജോയ്‌മെന്റ്, ബിഹേവിയർ മോഡിഫിക്കേഷൻ തുടങ്ങി മൂന്നു വിഷയങ്ങളായി തിരിച്ച ക്ലാസിൽ ഡോ. ടി എ സാലിം ഫൈസി, റഷീദ് ബാഖവി, വി.പി സഫ്‌വാൻ ഫൈസി എന്നിവർ ക്ലാസെടുക്കുന്നുണ്ട്. ഈ വരുന്ന ഓഗസ്റ്റ് 12 ന് കോട്ടയ്ക്കലാണ് ക്ലാസ്സ്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്ററിനെ പരിഹസിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഇത്തരം ഒരു ക്ലാസിൽ ഇരിക്കുന്നതിലും ഭേദം മരണമാണെന്നും, ഈ ക്ലാസ്സിലിരുന്നാൽ പ്രണയമല്ല ജീവിതം തന്നെ മടുത്തു പോകുമെന്നും തുടങ്ങി ഒട്ടേറെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നുമുണ്ടായി. എന്നാൽ “വിമർശനങ്ങൾ യുക്തിവാദികളുടെ സൃഷ്ടിയാണ്. അത് ഞങ്ങൾ കാര്യമാക്കുന്നില്ല” എന്നാണ് സംഘടനാ ഭാരവാഹികൾക്ക് പറയാനുള്ളത്.

ഇത്തരം ക്ലാസ്സുകൾ നടത്തുന്ന അനേകം സംഘടനകളിൽ ഒന്നു മാത്രമായ എസ്.എസ്.എം തർബിയ്യയുടെ നേതൃത്വത്തിൽ 85-ഓളം ക്ലാസ്സുകൾ ഇതുവരെ നടന്നിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. എന്നാൽ ഇത്തരം ക്ലാസ്സുകൾ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്നും മുഴുവൻ സ്ത്രീ സമൂഹത്തിന്റെയും അന്തസിനെയാണ് ഇത് അപമാനിക്കുന്നതെന്നും സോഷ്യൽ ആക്ടിവിസ്റ്റും അഭിഭാഷകയുമായ നിസ ഫാസിൽ അഭിപ്രായപ്പെടുന്നു: “ഇതേ സംഘടനയുടെ നേതൃത്വത്തിൽ ഇസ്‌ലാമിക് ഗൈനക്കോളജി എന്ന പേരിലും ക്ലാസ്സുകൾ നടക്കുന്നതായി പോസ്റ്ററുകൾ കണ്ടു. ഇതെല്ലാം ചില ഹിഡൻ അജണ്ടകളുടെ ഭാഗമായാണ് തോന്നുന്നത്.”

ഇത്തരം സംഘടനകൾക്കു നേരെ പ്രതികരിക്കുന്നത് പോലും ചിലപ്പോൾ മത നിന്ദയായി ആഘോഷിക്കപ്പെട്ടേക്കാം എന്നും അവർ പറഞ്ഞു.

കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

പെണ്‍സുന്നത്തെന്ന വൈകാരിക ഷണ്ഡീകരണം; അനിസ്ലാമികമായ ഈ ആചാരം ആര്‍ക്കുവേണ്ടി?

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍