UPDATES

വായന/സംസ്കാരം

നന്ദി ബിജിബാല്‍, ഹരിനാരായണന്‍; അയ്യപ്പനെക്കുറിച്ച് ഇങ്ങനെ പാടിയതിന്

‘ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും’ ആര്യ ദൈവമല്ല അയ്യന്‍

ബിജിബാലിനും ഹരിനാരായണനും നന്ദി; സങ്കല്‍പ്പ നിര്‍മിതിക്കപ്പുറം അയ്യപ്പന്‍ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചു പാടിയതിന്, ആര്യാചാരങ്ങളുടെ പാട്ടുസ്തുതികളില്‍ നിന്നും അയ്യപ്പനെ മോചിപ്പിച്ചതിന്, സ്വന്തമാക്കി വച്ചിരിക്കുന്നവരോട് നിങ്ങളുടേതല്ല അയ്യപ്പന്‍ എന്ന് ഉറക്കെ പറഞ്ഞതിന്…

എത്രയെത്ര അയ്യപ്പ ഭക്തിഗാനങ്ങള്‍; മലയാളത്തിലും തമിഴിലും തെലുഗിലും, പല ഭാഷകളിലായി നമുക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ കേട്ടതില്‍വച്ച് അയ്യപ്പനെ കുറിച്ച് ഇത്രത്തോളം സത്യസന്ധമായി ഒരു ഗാനം, ഇതാദ്യമാണ്. ബോധി സൈലന്റ് സ്‌കാപ് പുറത്തിറക്കിയ അയ്യന്‍ എന്ന ആല്‍ബത്തില്‍ ഹരിനാരായണന്‍ രചിച്ച് ബിജിബാല്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന, ‘നീ തന്നെയാണു ഞാന്‍ എന്നോതി നില്‍ക്കുന്ന കാനനജ്യോതിയാണയ്യന്‍’ എന്ന തുടങ്ങുന്ന ഗാനം ഉണ്ടാക്കുന്ന തോന്നല്‍ അതു തന്നെയാണ്. മനുവാദ രാഷ്ട്രീയത്തില്‍ നിന്നും അവര്‍ പിന്തുണയ്ക്കുന്ന ബ്രാഹ്മാണാധിപത്യത്തില്‍ നിന്നും അയ്യപ്പനെ തിരികെ പിടിക്കാന്‍ നടക്കുന്ന പോരാട്ടത്തില്‍’ അയ്യന്’ ഒരു വിപ്ലവഗാന സ്വഭവമാണുള്ളത്. വര്‍ഗീയകാലുഷ്യമുണ്ടാക്കി ഈ നവോഥാന മണ്ണില്‍ നേട്ടങ്ങളെന്തെങ്കിലും ഉണ്ടാക്കാന്‍ അയ്യപ്പനെ മറയാക്കുന്നവരോട് കലാകാരന്റെ പ്രതിഷേധം കൂടിയാണ് അയ്യന്‍. കേരളത്തിന്റെ ശത്രുക്കള്‍ക്കുള്ള ശക്തമായ രാഷ്ട്രീയ മറുപടി കൂടിയാണ് അയ്യന്‍.

നാമജപമല്ല അയ്യന്‍. തിരിച്ചറിവാണ്. പില്‍ക്കാല നിര്‍മിതികളായ അസത്യങ്ങള്‍ വിശ്വസിക്കുന്നവരോട് ‘മാനവന്‍ കാണുന്നതിനപ്പുറം നീറുന്ന പ്രാക്തന സത്യമാണ് അയ്യന്‍’ എന്നു പറഞ്ഞുകൊടുക്കുന്ന പാട്ടിലാകെ പറയുന്നതത്രയും ഇത്തരം യാഥാര്‍ത്ഥ്യങ്ങളാണ്. ഓരോ വരിയിലും കിട്ടുന്ന ബോധ്യം മനസില്‍ ഭക്തിയല്ല, ചിന്തകളില്‍ ഉണര്‍വാണ് നല്‍കുന്നത്. ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേധസല്ലിതയ്യന്‍ എന്നു പറയുന്നിടത്താണ് അയ്യനിലെ രാഷ്ട്രീയം വ്യക്തമാകുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട സമകാലിക വിവാദങ്ങള്‍ക്ക് ഒറ്റവരിയിലെ മറുപടിയാണിത്. ശബരിമലയുടെ അവകാശം പേറുന്നവര്‍ക്കുള്ള മറുപടി. യുവതികളെ കയറ്റിയാല്‍ ആചാരലംഘനം ആകുമെന്ന് വാശി പിടിക്കുന്നവരോട്, നിങ്ങളാരാധിക്കുന്ന വേധാവിന്റെ( ബ്രഹ്മാവ്-ബ്രാഹ്മണനുമാകാം) സൃഷ്ടിയല്ല ഞങ്ങളുടെ അയ്യപ്പനെന്നും, ആ അയ്യപ്പന്‍ ആചാര മതില്‍ കെട്ടി ആരെയും തടയില്ലെന്നും പ്രഖ്യാപിക്കുമ്പോള്‍, അതീ നവോഥാന കേരളത്തിന്റെ നിലപാടായാണ് മാറുന്നത്. ഏത് അയ്യപ്പ ഭക്തിഗാനത്തിലാണ് ഒറ്റവരിയില്‍ ഇത്രവലിയൊരു രാഷ്ട്രീയം പറഞ്ഞിട്ടുള്ളത്?

തങ്കശ്രീകോവിലിനുള്ളിലും പൂങ്കാവനത്തിലുമൊക്കെ വാണരുളുന്ന ആര്യദൈവമായാണിന്നേവരെ പാട്ടെഴുത്തുകാരൊക്കെയും അയ്യപ്പനെ പ്രകീര്‍ത്തിച്ചിട്ടുള്ളത്. അവരോടുള്‍പ്പെടെയാണ്, രാജാവിനും തന്ത്രിക്കും സവര്‍ണസമുദായക്കാര്‍ക്കും മനുസ്മൃതി രാഷ്ട്രീയക്കാര്‍ക്കും മനസിലാക്കാന്‍ വേണ്ടി ഹരിനാരായണനും ബിജിബാലും പാടുന്നത്- നിങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിവച്ചിരിക്കുന്ന അയ്യപ്പന്‍ ഒരു വ്യാജസൃഷ്ടിയാണെന്ന്. നിങ്ങള്‍ പറയുന്നതല്ല, സത്യമെന്തെന്നാല്‍; ആദിമലയന്‍ തന്‍ തപസ്സാല്‍ പടുത്തതാം ദ്രാവിഡ വിഹാരമാണയ്യന്‍ എന്നതാണെന്നാണ് ബിജിബാലും ഹരിനാരായണനും പാടുന്നത്. ബ്രാഹ്മണ പശ്ചാത്തലത്തെ ശബരിമലയില്‍ നിന്നും തള്ളിക്കളയുകയാണ്. മലയരന്മാരും മലമ്പണ്ടാരങ്ങളും ഉയര്‍ത്തുന്ന അവകാശത്തെ അംഗീകരിക്കുകയാണ്. നാടുയര്‍ത്തുന്ന നവോഥാനമുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുകയാണ്.

ആര്യാധിപത്യത്തിന്റെ പിടിയില്‍ നിന്നും അയ്യപ്പനെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ ‘അയ്യന്‍’ ഊര്‍ജ്ജമാണ്. തന്ത്രമന്ത്രങ്ങള്‍ പരത്തുന്ന അന്ധതയില്‍ മൂടപ്പെട്ട അയ്യപ്പ വിശ്വാസമല്ല നമുക്ക് വേണ്ടത്. കാരണം, അതല്ല യഥാര്‍ത്ഥമായിട്ടുള്ളത്. അയ്യപ്പന്‍ ദ്രാവിഡ ദൈവമാണ്. ആര്യാഗമനത്തില്‍ തച്ചുടച്ചുകളഞ്ഞ ആ യാഥാര്‍ത്ഥ്യത്തെ തിരികെ പിടിക്കുകയാണ് യഥാര്‍ത്ഥ അയ്യപ്പ വിശ്വാസം. ബ്രാഹ്മണന്‍ നല്‍കുന്ന നൈവേദ്യമല്ല, കാടിന്റെ നന്മ നിറയുന്ന നിലാവാണ് അയ്യപ്പന് അഭിഷേകം നടത്തേണ്ടത്. ആ സ്‌നേഹമാണ് അയ്യപ്പന്‍ ആഗ്രഹിക്കുന്നത്. ആ അയ്യപ്പനാണ് തങ്ങളുടേതെന്നു പാടുന്ന ഹരിനാരായണനും ബിജിബാലിനും ഒപ്പം ചേര്‍ന്ന് കേരളവും അതു തന്നെയാണ് പാടുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍