UPDATES

അയ്യപ്പ സിന്‍ഡ്രോം; അന്ധവിശ്വാസത്തിന്റെ സാമ്പത്തിക ശാസ്ത്രം-ഗൌരി ലങ്കേഷ് എഴുതുന്നു

തിരഞ്ഞെടുപ്പു വിജയങ്ങള്‍ നേടാന്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നത്‌ ജനങ്ങളുടെ ജീവിതങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാകുമ്പോള്‍, ദൈവം വീണ്ടും വീണ്ടും മരിച്ചുകൊണ്ടേയിരിക്കും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലും.

ശബരിമല തീര്‍ത്ഥാടനം, യുക്തി ചിന്ത, ഭക്തിയുടെ സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം എന്നിവ സംബന്ധിച്ച തീക്ഷണവും പ്രൗഡവുമായ കാഴ്ച്ചപ്പാട് അവതരിപ്പിച്ചിരിക്കുകയാണ് സെപ്തംബര്‍ 5നു ബംഗളൂരുവില്‍ വെടിയേറ്റ് കൊല്ലപ്പെട്ട  മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷ്‌. ‘ഞാന്‍ ഗൌരി, ഞങ്ങള്‍ ഗൌരി‘ എന്ന ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ള ലേഖനം ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടായി സ്വയം അവതരിപ്പിക്കുന്ന കേരളം, ദൈവനാമത്തിലുള്ള ഒരുപാടു മരണങ്ങള്‍ക്കു സാക്ഷിയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല, രേഖപ്പെടുത്തപ്പെട്ട മൂന്നില്‍ കുറയാത്ത ദുരന്തങ്ങള്‍ക്കെങ്കിലും ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1952ല്‍ വെടിമരുന്ന് ദുരന്തത്തിലേക്കു വഴിമാറിയപ്പോള്‍ 66 തീര്‍ഥാടകരാണ് കൊല്ലപ്പെട്ടത്. 2016 ഏപ്രില്‍ 10നു പുറ്റിങ്ങലില്‍ സംഭവിച്ചതുപോലെത്തന്നെ. വീണ്ടും 1999ല്‍, മകരജ്യോതി ദര്‍ശിച്ചതിനു ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 52 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. 2011 ല്‍ 106 തീര്‍ഥാടകരുടെ ജീവന്‍ നഷ്ടമായ തിക്കിത്തിരക്കു തടയാന്‍ ഈ രണ്ടു ദുരന്തങ്ങള്‍ക്കുമായില്ല. വെടിക്കെട്ട് പൈശാചിക ശക്തികളെ അകറ്റിനിര്‍ത്തുമെന്നു പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഭക്തര്‍ വിശ്വസിക്കുന്നതുപോലെ, മകരജ്യോതി ദര്‍ശിക്കുന്നത് ആത്മാവുകളെ ശുദ്ധീകരിക്കുമെന്നും തങ്ങള്‍ക്കുമേല്‍ ദിവ്യാനുഗ്രഹം ചൊരിയപ്പെടുമെന്നും ശബരിമല അയ്യപ്പന്റെ ഭക്തരും വിശ്വസിക്കുന്നു. പക്ഷേ, പുറ്റിങ്ങലിലെ വെടിമരുന്നു പ്രകടനം വിവിധ ജാതികളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കള്‍ക്കിടയിലെ കേമത്തം ചമയലാണെന്ന വസ്തുത അവശേഷിക്കുന്നു. 6000 കോടി വാര്‍ഷിക വിറ്റുവരവുണ്ടെന്നു കണക്കാക്കപ്പെടുന്ന ഒരു വ്യവസായമാണ് വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്നത്.

അതുപോലെ കേരള വൈദ്യുത ബോര്‍ഡിലെ ജീവനക്കാരും ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗങ്ങളും കൂടി നടത്തുന്ന തട്ടിപ്പാണ്, ‘ദിവ്യമായ’ മകരജ്യോതി. എന്നിട്ടും എന്തുകൊണ്ടാണ് ‘കണ്ണേറും’ ‘ദിവ്യാനുഗ്രഹങ്ങളും’ പോലുള്ള അന്ധവിശ്വാസങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും വളര്‍ന്നുവരുന്നത്? കാരണം യുക്തിചിന്തയല്ല, അന്ധമായ വിശ്വാസമാണ് ‘വിശ്വാസ വ്യവസായത്തെ’ കുത്തനെ വളരാന്‍ സഹായിക്കുന്നത്.
മതഭ്രമങ്ങള്‍ക്കു പ്രോല്‍സാഹനമേകുന്നതിനു പകരം ശാസ്ത്രീയാഭിമുഖ്യത്തെ പ്രചരിപ്പിക്കാന്‍ ഭരണഘടനപരമായി തന്നെ ബാധ്യതയുള്ള നമ്മുടെ രാഷ്ട്രത്തിന്റെ ചുമതലയെക്കുറിച്ചോ? ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായി നമുക്ക് അയ്യപ്പ സിന്‍ഡ്രോമിനെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തികശാസ്ത്രം നോക്കാം. എല്ലാ വര്‍ഷവും 2-2.5 കോടി തീര്‍ഥാടകര്‍ ശബരിമല സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. തീര്‍ഥാടകര്‍ക്കു മേല്‍ ചുമത്തപ്പെടുന്ന വിവിധയിനം നികുതികളിലൂടെ സംസ്ഥാന ഖജനാവിലേക്ക് പതിനായിരത്തിലേറെ കോടി രൂപ മുതല്‍കൂട്ടുന്നു. ഭക്തരില്‍ നിന്നുള്ള കാണിക്കയായി 200 കോടിയിലേറെ രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേടുന്നു. എല്ലാ വര്‍ഷവും ശബരിമലക്കാലത്ത്, അതായത് നവംബറിനും ജനുവരിക്കുമിടയില്‍ ഹോട്ടലുകളും റസ്റ്റാറന്റുകള്‍ മറ്റ് വിവിധ തരം വ്യാപാരങ്ങളും നല്ലൊരു തുകയുണ്ടാക്കുന്നു.

എല്ലാവരും നേടാനായി നില്‍ക്കുകയും മനസും ശരീരവും നഷ്ടപ്പെടാനുള്ളത് തീര്‍ഥാടകര്‍ക്കു മാത്രമാവുകയും ചെയ്യുമ്പോള്‍, യുക്തിചിന്തയെ പരിപോഷിപ്പിക്കുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ല. മതേതരമെന്നു കരുതപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായാലും പ്രകടമായിത്തന്നെ നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന മുന്നണിയായാലും, അയ്യപ്പകെട്ടുകഥ വലുതായിക്കൊണ്ടേയിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം വിശ്വാസങ്ങളുടേതടക്കമുള്ള മറ്റു മതപരമായ ഇടങ്ങളിലും സമാനമായ പ്രതിഭാസം കാണാന്‍ കഴിയും. കോണ്‍ഗ്രസുകാരനായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറ്റിങ്ങല്‍ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു പോലെ, 1999ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കാനിടയായ ദുരന്തക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് എന്തു സംഭവിച്ചു? ‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുണ്ടായ അവഗണനയുടെ പേരില്‍ ജസ്റ്റിസ് ചന്ദ്രശേഖരമേനോന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരില്‍ കുറ്റം ചാര്‍ത്തിയെങ്കിലും തീര്‍ഥാടകരുടെ ജീവന്‍ രക്ഷിക്കാനായി കേരള സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പുറ്റിങ്ങല്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിനും സമാനമായ വിധിയുണ്ടാവുമെന്നു പ്രവചിക്കാന്‍ ദിവ്യശക്തിയൊന്നും വേണ്ട. മറ്റൊരു ദുരന്തമുണ്ടാകുമ്പോള്‍, മറ്റൊരു ജുഡീഷ്യല്‍ കമ്മിഷന്‍ കൂടി നിയോഗിക്കപ്പെടും. ഇതങ്ങനെ തുടരും.

ശബരിമല വിവാദം; ഭരണഘടനയാണ് ശരി, മത ഗ്രന്ഥങ്ങളല്ല

ഇനി നമുക്ക്, ആളുകളുടെ വിശ്വാസത്തിനു ചുറ്റും രാഷ്ട്രീയക്കാര്‍ കളിക്കുന്ന കളികളിലേക്കു വരാം. ഏകേദശം നാലു പതിറ്റാണ്ടുകള്‍ മുന്‍പുവരെ അയ്യപ്പ സിന്‍ഡ്രോം കേരളത്തിനുള്ളില്‍ ഒതുങ്ങിയിരുന്നു. 1970 കളുടെ തുടക്കം മുതല്‍ മകരജ്യോതി മിത്ത്, കേരളത്തിനു പുറത്തും അനുയായികളെ ഉണ്ടാക്കിയെടുക്കാന്‍ തുടങ്ങി. ഈ മിത്തില്‍ പ്രചോദിതരായി, അമിതാഭ് ബച്ചനെയും രജനീകാന്തിനെയും കര്‍ണാടകയുടെ സ്വന്തം രാജ്കുമാറിനെയും അദ്ദേഹത്തിന്റെ മക്കളെയും പോലുള്ള ‘താരഭക്തര്‍’ കാറുകളും ഷേവിങ് ക്രീമുകളും വില്‍ക്കുന്ന അതേ ലാഘവത്തോടെ അയ്യപ്പമാലയും പ്രചരിപ്പിക്കാന്‍ തുടങ്ങി. വേഗം തന്നെ അയ്യപ്പന്റെ ജനപ്രീതി രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തേക്കു പോലും പടര്‍ന്നു.

അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എസ്എഫ്ഐ നേതാവിന് ആര്‍എസ്എസ് മര്‍ദ്ദനം

ഈ പ്രതിഭാസം കണ്ട്, കേരളത്തിലെ യുക്തിവാദികള്‍ക്ക് അപായമണി മുഴങ്ങി. 1980കളില്‍ ഒരു കൂട്ടം യുക്തിവാദികള്‍ പഠനം നടത്തി മകരജ്യോതി തട്ടിപ്പാണു കാണിക്കുന്നതിനുളള തെളിവുകള്‍ ശേഖരിച്ചു. ശക്തമായ തെളിവുകള്‍ മുന്നോട്ട് വെച്ചിട്ടും സംസ്ഥാന സര്‍ക്കാരും ക്ഷേത്ര അധികൃതരും മൗനം പാലിച്ചു.  2008ല്‍ സത്യം സ്വീകരിക്കാന്‍ സാഹചര്യങ്ങള്‍ അവരെ നിര്‍ബന്ധിതരാക്കിയപ്പോള്‍ അവര്‍ അങ്ങനെത്തെ ചെയ്തു. നിഷകളങ്കരായ മനുഷ്യര്‍ ‘ദിവ്യ’മെന്ന്‌ അവര്‍ വിശ്വസിക്കുന്നത്‌ കാണാന്‍ വേണ്ടി ജീവിതം അപകടസാധ്യതയിലാക്കുകയാണെന്ന്‌ ആ വര്‍ഷങ്ങളിലെല്ലാം രണ്ട് കൂട്ടര്‍ക്കും അറിയാമായിരുന്നു എന്നതാണ്‌ ഇതിന്റെ അര്‍ഥം. അവരെ അങ്ങനെതന്നെ വിശ്വസിക്കാന്‍ വിടുതാണു ലാഭകരമെന്നും അവര്‍ മനസ്സിലാക്കി. പുറ്റിങ്ങല്‍ ദേവീക്ഷേത്ര കേസില്‍, വെടിക്കെട്ടിന്‌ പ്രാദേശിക അധികൃതര്‍ അനുമതി നിഷേധിച്ചെങ്കിലും രാഷ്ട്രീയക്കാര്‍ അധികൃതരെ വിറപ്പിക്കാന്‍ ആദ്യം വര്‍ഗീയതയുടെയും പിന്നെ മതവിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ചീട്ടിറക്കി. ഒടുവില്‍ അവര്‍ വീശിയതു നിയമത്തിനു ഞങ്ങള്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന ചീട്ടായിരുന്നു. എന്തുകൊണ്ട്? കാരണം ആ ചീട്ടുകളെല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു വോട്ടുകള്‍ വാരിക്കൂട്ടാനുമുളളതായിരുന്നു. തിരഞ്ഞെടുപ്പു വിജയങ്ങള്‍ നേടാന്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നത്‌ ജനങ്ങളുടെ ജീവിതങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാകുമ്പോള്‍, ദൈവം വീണ്ടും വീണ്ടും മരിച്ചുകൊണ്ടേയിരിക്കും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലും.

പുസ്തകം വാങ്ങിക്കാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക: https://goo.gl/k7VzEt, https://goo.gl/P1hQLw

അയ്യപ്പനെ ട്രോളിയാല്‍ സൂക്ഷിക്കണം; ഇത് മതനിന്ദയാണെങ്കില്‍ എല്ലാം മതനിന്ദയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍