UPDATES

അഴിമുഖം@7, എല്ലാവർക്കും നന്ദി

വാർത്തകൾ വാർത്തകളായി നൽകുമ്പോൾ തന്നെ ഞങ്ങൾ കൃത്യമായി പക്ഷം പിടിക്കുകയും ചെയ്യുന്നുണ്ട്. അത് മുഖ്യധാരാ മാധ്യമങ്ങളും സമൂഹവും പിന്നാമ്പുറങ്ങളിലേക്ക് തള്ളിയിട്ടുള്ള ദളിതരും ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും അടങ്ങുന്ന മനുഷ്യരുടെ കാര്യത്തിലാണ്

അഴിമുഖം ഇന്ന് ഏഴാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2013 മെയ് 17-ന് ആരംഭിച്ച യാത്രയാണ് ആറു വര്ഷം പൂർത്തിയാക്കിയിരിക്കുന്നത്. കേരളത്തിൽ ദിനംപ്രതി മുളച്ചു പൊന്തുകയും പൊടുന്നനെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നു കൂടിയാണ് ഓൺലൈൻ വാർത്താ പോർട്ടലുകളുടെ ലോകം. പരസ്യ ഇനത്തിലും നിക്ഷേപങ്ങളായുമൊക്കെ മെച്ചപ്പെട്ട റിസോഴ്‌സസും വർക്ക് ഫോഴ്‌സുമുള്ള മുഖ്യധാരാ മാധ്യമങ്ങൾ കൈയ്യടക്കിയിരിക്കുന്ന ഒരു മേഖലയിൽ സ്വതന്ത്ര ഓൺലൈൻ പോർട്ടലുകൾ ചക്രശ്വാസം വലിക്കുന്നുണ്ട് എന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്. ആ വെല്ലുവിളികൾക്കിടയിലും തുടക്കം മുതൽ തന്നെ മുന്നോട്ടു വച്ചിട്ടുള്ള ആശയ പരിസരങ്ങളും എഡിറ്റോറിയൽ നയങ്ങളും മുറുകെ പിടിച്ചുകൊണ്ടു മുന്നോട്ടു പോകാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ആർപ്പുവിളികൾക്കോ സ്തുതിപാടലുകൾക്കോ തളർത്താൻ ശ്രമിച്ചവർക്കോ ഞങ്ങൾ ചെവി കൊടുത്തിട്ടില്ല. വാർത്തകൾ വസ്തുനിഷ്ടമാവണമെന്നും നിലപാടുകൾ നീതിക്കൊപ്പമാവണമെന്നുമുള്ള ഉറച്ച നിലപാടുകളുടെ ഉറപ്പിലാണ് ഞങ്ങൾ മുന്നോട്ടു പോവുന്നത്. അതിൽ വിശ്വസിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നവരുടെ പിന്തുണയിലാണ്.

രാജ്യം ഒരു നിർണായക കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 180 രാജ്യങ്ങളിൽ 140 ആണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽക്കുന്ന ആശയ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പാക്കുന്ന നീതിയും മറികടക്കാനും ഇന്ന് വലിയൊരു വിഭാഗം മാധ്യമങ്ങൾ അധികാരി വർഗത്തിനൊപ്പം ചുവടുറപ്പിക്കുന്നു എന്നത് ആശങ്കപ്പെ ടുത്തുന്ന കാര്യമാണ്. മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ക്രോണി കാപിറ്റലിസ്റ്റുകളുടെ കൈകളിൽ എത്തുന്നതോടെ എന്താണ് സംഭവിക്കുക എന്നതും നാം ദിനംപ്രതി കാണുന്നുണ്ട്. ഇവിടെ ജേർണലിസം എന്നതിന്റെ സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്നതാണ് ഞങ്ങൾ തുടക്കം മുതൽ തന്നെ ശ്രമിക്കുന്നത്. വീഴ്ചകൾ ഉണ്ടാവുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നുണ്ട്, പക്ഷേ വിട്ടുവീഴ്ചകൾ ചെയ്തിട്ടില്ല എന്നുറപ്പിച്ചു പറയാനാവും.

വാർത്തകൾ വാർത്തകളായി നൽകുമ്പോൾ തന്നെ ഞങ്ങൾ കൃത്യമായി പക്ഷം പിടിക്കുകയും ചെയ്യുന്നുണ്ട്. അത് മുഖ്യധാരാ മാധ്യമങ്ങളും സമൂഹവും പിന്നാമ്പുറങ്ങളിലേക്ക് തള്ളിയിട്ടുള്ള ദളിതരും ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും അടങ്ങുന്ന മനുഷ്യരുടെ കാര്യത്തിലാണ്. ശാസ്ത്രീയത മുന്നോട്ടു വയ്ക്കാനും അന്ധവിശ്വാസ, അനാചാരങ്ങളെ എതിർക്കാനുമുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ കാര്യത്തിലാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ മേഖലകളിൽ നിർണായക ഇടപെടലുകൾ നടത്താനും കുറേയൊക്കെ ഫലപ്രാപ്തിയിൽ എത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ‘Re-imagining the Mainstream’ എന്നതാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുനന്ത്. അത് തുടരുകയും ചെയ്യും.

ഇതിനിടയിൽ ബാംഗ്ലൂർ ആസ്ഥാനമായ പ്രശസ്തമായ The Independent and Public-Spirited Media Foundation (IPSMF) അഴിമുഖത്തിന് പിന്തുണയുമായി വന്നത് ഞങ്ങൾ അഭിമാനത്തോടെ ഇവിടെ ഓർക്കുന്നു. ഈ ഫണ്ടിംഗിനെ തീർത്തും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അവാസ്തവമായും പ്രസ്താവിച്ചു കൊണ്ട് വാർത്ത നൽകിയ ജന്മഭൂമി ദിനപ്രത്രത്തിനെതിരെ ഞങ്ങൾ നിയമപടപടികളും സ്വീകരിക്കുന്നുണ്ട് എന്നും അറിയിക്കട്ടെ.

അഴിമുഖത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ നിരവധി പേർ എഴുത്തുകാരായും വായനക്കാരായും ഒപ്പം നിന്നിട്ടുണ്ട്. 70-ഓളം സ്ത്രീ എഴുത്തുകാരെ മുഖ്യധാരാ എഴുത്തിലേക്ക് കൊണ്ടുവരുന്നതിൽ ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്ന കടമയും ഞങ്ങൾ ചെയ്തിട്ടുണ്ട്. അവരിലൂടെ കൂടിയാണ് ഞങ്ങൾ മുന്നോട്ടു വന്നിട്ടുള്ളത്. ഈ യാത്രയിൽ നിർദേശങ്ങളും സഹായങ്ങളും വിമർശനങ്ങളുമായി ഒപ്പം നിന്നവർക്കെല്ലാം ഒരുപാട് നന്ദി.

എഡിറ്റര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍