UPDATES

ട്രെന്‍ഡിങ്ങ്

അമ്മ നഷ്ടപ്പെട്ട പൊന്നുണ്ണിയെ കാട്ടിലയയ്ക്കണോ കൂട്ടിലടയ്ക്കണോ? ഒരാനക്കുട്ടിയുടെ ദുരിതജീവിതം

ചിന്നക്കനാലില്‍, ആരുമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയ അഞ്ചുമാസം പ്രായമുള്ള കൊമ്പനാനക്കുഞ്ഞിനെ വനം വകുപ്പ് ജീവനക്കാര്‍ കൊട്ടൂരില്‍ എത്തിക്കുകയായിരുന്നു

ഇരുട്ട് നിറഞ്ഞ ആ കുടുസ്സുമുറി അവന്റെ വീടാണ്. അതിലെ നനഞ്ഞ സിമന്റ് തറയില്‍ നിരത്തിയിട്ട പച്ചപ്പുല്ല് അവന്റെ ശയ്യ. ഇടയ്ക്കിടെ അതില്‍ നിന്നും പുറത്തിറങ്ങി അവനാരെയോ തിരക്കും പോലെ കുഞ്ഞു തുമ്പിക്കൈ നീട്ടും. അമ്മയെ തിരയുകയാണ്. അമ്മയിനി ഇല്ലെന്ന് പറഞ്ഞു കൊടുക്കാന്‍ ആരുമില്ലാത്തതിനാല്‍ അവനന്നേരം നിലവിളിക്കും. നമുക്കതൊരു തേങ്ങല്‍ പോലെ കേള്‍ക്കാം; അവനത് വിങ്ങലാണ്.

‘ചിന്നു’; തിരുവനന്തപുരം കോട്ടൂരിലെ ഗജപരിപാലന കേന്ദ്രത്തില്‍ അവന്റെ പേരങ്ങനെയാണ്. അതവനറിയില്ല. ‘പൊന്നുണ്ണി’; മൃഗസ്‌നേഹികള്‍ അവന് നല്‍കിയ പേര് അതാണ്. ചിന്നക്കനാലില്‍, ആരുമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയ അഞ്ചുമാസം പ്രായമുള്ള കൊമ്പനാനക്കുഞ്ഞിനെ വനം വകുപ്പ് ജീവനക്കാര്‍ എത്തിച്ചതാണ്. അതും അവനറിയില്ല. മനുഷ്യരെ കണ്ടാലും അവന്‍ എത്തിനോക്കും. തുമ്പിക്കൈ അവര്‍ക്ക് നേരെ നീട്ടും. ആരെങ്കിലും ഒന്ന് തൊട്ടാല്‍ മതി. പക്ഷെ ആരും തൊടാനുമില്ല, അതിനുള്ള അനുവാദവുമില്ല. അസ്വസ്ഥനാണ്. ഈ കൂട്ടിലേക്ക് മാറ്റിയ അന്ന് തുടങ്ങിയതാണ് അവന്റെ ഈ നടത്തം.

ചിന്നക്കനാലില്‍ ഒരു കുട്ടിയാന റോഡിലിറങ്ങി മനുഷ്യരോടൊട്ടി നില്‍ക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് വരുന്നത്. അമ്മയാണെന്ന് കരുതി ഓട്ടോറിക്ഷയോട് ചേര്‍ന്ന് നിന്ന് തുമ്പിക്കൈ നീട്ടി ഓട്ടോറിക്ഷയെ പുണരുന്ന കാഴ്ചയും വേദനിപ്പിക്കുന്നതായിരുന്നു. പിന്നീട് ആനക്കുട്ടി എവിടെ നിന്ന് വന്നു എന്നന്വേഷിച്ച് പോയ വനംവകുപ്പ് അധികൃതരാണ് ആ കുട്ടിക്കൊമ്പന്റെ അമ്മയെ മരിച്ച നിലയില്‍ കാണുന്നത്. ചെറിയൊരു കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് കിടന്നിരുന്നു അവന്റെ അമ്മ. ആനയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ തലക്ക് ക്ഷതമേറ്റാണ് ആന മരിച്ചതെന്ന് വ്യക്തമാക്കി. മൃതദേഹ പരിശോധനയില്‍ അമ്മയാന മരിച്ചിട്ട് രണ്ട് ദിവസമായി എന്ന് മനസ്സിലാക്കുകയും ചെയ്തു. അമ്മ മരിച്ചതറിയാതെ അവന്‍ ആ തലോടലിനും സ്‌നേഹത്തോടെയുള്ള ചേര്‍ത്തുപിടിക്കലിനും അവനായി നല്‍കുന്ന പാലിനുമായി കാത്തുനിന്നു. ഒടുവില്‍ വിശന്ന് അവശനായപ്പോഴാണ് അവന്‍ അമ്മയെ വിട്ട് നാട്ടിലേക്കിറങ്ങിയത്. കാടാണ് തന്റെ വീടെന്നോ തന്റെ കുടുംബത്തിലേക്കാണ് പോവേണ്ടതെന്നോ അതിന് അറിയുമായിരുന്നില്ല. നാട്ടിലിറങ്ങിയ ആനക്കുട്ടിയെ കൗതുകത്തോടെയാണ് ആളുകള്‍ നോക്കി നിന്നത്. സ്‌നേഹം ചോദിച്ച് അവന്‍ ഓരോരുത്തരുടേയും അടുത്തേക്ക് ഓടിച്ചെന്നു. പക്ഷെ അവരെല്ലാം കുട്ടിക്കൊമ്പനെ കണ്ട് ഓടിമാറി.

അമ്മ മരിച്ച ആനക്കുഞ്ഞിനെ എന്ത് ചെയ്യണമെന്നായി വനംവകുപ്പ് അധികൃതരുടെ ആലോചന. റോഡിലേക്കിറങ്ങി മനുഷ്യരുടെ ഇടയിലേക്ക് കുസൃതിയും കളിയുമായി ചെല്ലുന്ന ആനക്കുട്ടി ക്ഷീണിതനുമായിരുന്നു. കുടുംബക്കാര്‍ ഏറ്റെടുക്കുമോ എന്നറിയാനായി ഒരു ദിവസം ആനയെ കാട്ടിലേക്ക് കയറ്റിവിട്ടു. വനാതിര്‍ത്തിയില്‍ വനംവകുപ്പ് ജീവനക്കാര്‍ കാവല്‍ നിന്നു. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ കുട്ടിയാന തിരികെ റോഡിലേക്ക് ഇറങ്ങിപ്പോന്നു. പിന്നീട് മുളകൊണ്ട് താല്‍ക്കാലിക കൂടൊരുക്കി കുട്ടിയാനയെ അതില്‍ ‘സൂക്ഷിച്ചു’. ആനക്കുടുംബത്തില്‍ പെട്ട ആരെങ്കിലും വന്ന് അവനെ ഏറ്റെടുക്കുമോ എന്ന് നോക്കാനായിരുന്നു ആ പരീക്ഷണം. ക്ഷീണമകറ്റാന്‍ ലാക്ടജന്‍ പാല്‍ കലക്കി നല്‍കിക്കൊണ്ടേയിരുന്നിരുന്നു. ഒരു തവണ ഒരു കൂട്ടം ആനകള്‍ വന്ന് അവനെ മണത്തുനോക്കി തിരിച്ചുപോയി. അത് അവന്റെ കുടുംബത്തില്‍ പെട്ടവര്‍ തന്നെയാണോ എന്ന് ഉറപ്പുമില്ല. മുളങ്കൂട്ടില്‍ കിടക്കുന്ന അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ കാണാന്‍ അനുതാപവും സഹതാപവും കൗതുകവും പ്രകടിപ്പിച്ച് പല നാട്ടില്‍ നിന്നും ആളെത്തി. മൊബൈല്‍ഫോണ്‍ ക്യാമറകളില്‍ ആനക്കുട്ടിക്കൊപ്പം സെല്‍ഫിയെടുത്തും ആനക്കുട്ടിയുടെ നിസ്സഹായതയെ പകര്‍ത്തിയും ആള്‍ക്കൂട്ടം അത് ആഘോഷിച്ചു. ആനകള്‍ വന്ന് ഏറ്റെടുക്കാത്ത കുഞ്ഞ് വനംവകുപ്പ് അധികൃതര്‍ക്ക് ഒരു ബാധ്യതയായി. നാട്ടിലെ ഗജപരിപാലന കേന്ദ്രത്തിലേക്ക് അവനെ മാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ തീരുമാനിച്ചു. പിന്നെ ലോറിയില്‍ കയറ്റി കിലോമീറ്ററുകള്‍ താണ്ടി തിരുവനന്തപുരം കോട്ടൂരുള്ള ഗജപരിപാലന കേന്ദ്രത്തിലേക്ക് അവന്റെ യാത്ര. അമ്മ മരിച്ച് നാല് ദിവസത്തിനുള്ളില്‍ അവന് അവന്റെ കാടും നഷ്ടമായി. കോട്ടൂരിലെ കുടുസ്സുമുറിയിലേക്ക് അവന്‍ തളയ്ക്കപ്പെട്ടു.

കോട്ടൂര്‍ പരിപാലന കേന്ദ്രം അധികൃതര്‍ അവന് ക്വാറന്റൈന്‍ പിരീഡ് നിശ്ചയിച്ചു. 30 ദിവസത്തേക്ക് സംസര്‍ഗ വിലക്ക്. അവന് മുമ്പ് ഇവിടെയെത്തിയ കുട്ടി കാട്ടാനകള്‍ അവടെയുണ്ട്. അവയോട് ഇണങ്ങാനോ അവയ്‌ക്കൊപ്പം കളിക്കാനോ ഉള്ള അവസരം അവന് നല്‍കുന്നതുമില്ല. മൂന്നാര്‍ മേഖലയില്‍ ആനകളില്‍ കണ്ടുവരുന്ന ഹെര്‍പ്പിസ് രോഗബാധ ‘പൊന്നുണ്ണി’ക്കും ഉണ്ടാവുമോയെന്ന് അവര്‍ സംശയിക്കുന്നു. മറ്റ് ആനകളുമായി സംസര്‍ഗം പുലര്‍ത്തിയാല്‍ രോഗം പടരുമെന്ന ഭീതി. അതുകൊണ്ട് ഒരു നിശ്ചിതകാലയളവ് വരെ അവനെ ആ മുറിക്കുള്ളില്‍ പൂട്ടിയിടാന്‍ തീരുമാനിച്ചു.

ആനക്കുട്ടിയെ സന്ദര്‍ശിക്കാന്‍ പോയ, അവനെ പൊന്നുണ്ണി എന്ന പേര് നല്‍കിയ പീപ്പിള്‍ ഫോര്‍ ആനിമല്‍ പ്രവര്‍ത്തക ശ്രീദേവി എസ് കര്‍ത്ത സംസാരിക്കുന്നു: “ആ കുഞ്ഞിന്റെ അവസ്ഥ കണ്ടാല്‍ സങ്കടം വരും. അമ്മ മരിച്ച കുട്ടിയെ വനംവകുപ്പുകാര്‍ ഇറക്കുകയായിരുന്നു. സ്വാഭാവികമായും രണ്ട് ആനക്കൂട്ടങ്ങള്‍ കാട്ടില്‍ നില്‍ക്കുന്നുണ്ട്. വനംവകുപ്പ് ചെയ്യേണ്ടത് ഈ ആനക്കുട്ടിയെ അവര്‍ക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യുക, ഒരുപാട് മനുഷ്യരുമായി ഇടപെടല്‍ ഉണ്ടാവുന്നതിന് മുമ്പ് അതിനെ തിരിച്ചുവിടുക എന്നതാണ്. അതിന് പകരം വനംവകുപ്പ് ചെയ്തത് പേരിന് വേണ്ടി മുളകൊണ്ട് ഒരു കൂടുണ്ടാക്കി എന്നിട്ട് ഈ കുഞ്ഞിനെ അതിനുള്ളില്‍ വച്ചു. ആനക്കുട്ടിയെക്കാണാന്‍ നാട്ടുകാരുടെ ഒഴുക്കായിരുന്നു. സ്വാഭാവികമായും പിന്നീട് ആനക്കൂട്ടം അവിടേക്ക് വരില്ല. അത് വെറും ഒരു പ്രഹസനമായിരുന്നു. മൂന്നാമത്തെ ദിവസം ചെറിയ കുഞ്ഞിനെ വണ്ടിയില്‍ നിര്‍ത്തി കോട്ടൂര് കൊണ്ടുവന്നു. ഒരു കണക്കിന് കോടനാടും കോന്നിയും കൊണ്ടുപോവാതെ കോട്ടൂരേക്ക് കൊണ്ടുവന്നത് നന്നായി. കോടനാടും കോന്നിയും ആനകളെ സംബന്ധിച്ച് നരകമാണ്. കോട്ടൂര്‍ സ്വാഭാവികമായ ഒരു പ്രകൃതിയെങ്കിലും ആനകള്‍ക്ക് കിട്ടും. കൊണ്ടുവന്നപ്പഴേ അറിയാം ആ കുട്ടി ഒരു എക്‌സിബിഷന്‍ പീസ് ആയി മാറാന്‍ പോവുകയാണെന്ന്. അപ്പോള്‍ മുതല്‍ ആനക്കുട്ടിയെ തിരികെ കാട്ടിലേക്കയയ്ക്കാന്‍ പലരീതിയിലും ശ്രമിച്ചു. പലര്‍ക്കുമെഴുതി, സോഷ്യല്‍ കാമ്പയിനിങ് തുടങ്ങി. പക്ഷെ അതൊന്നും വിലപ്പോയില്ല.

പീപ്പിള്‍ ഫോര്‍ ആനിമലിന്റെ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ആനക്കുട്ടിയുടെ അവസ്ഥ പരിശോധിക്കാന്‍ ഞങ്ങള്‍ അവിടെ പോയി. മുപ്പത് ദിവസം ക്വാറന്റൈന്‍ പിരീഡ് എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയിരുന്നു. അസുഖമൊന്നുമില്ലാത്ത കുഞ്ഞിനെ 30 ദിവസം പിടിച്ചിടേണ്ട ആവശ്യമില്ല. ഒരു കുടുസുമുറിയില്‍ ഷീറ്റിട്ടിട്ടുണ്ട്, അതിന് മുകളില്‍ കുറച്ച് പുല്ലുണ്ട്. അവിടെ മുഴുവന്‍ നനഞ്ഞ് കിടക്കുന്നു. അവിടെ നില്‍ക്കുമ്പോള്‍ തന്നെ ആരോ പറഞ്ഞു കേട്ടു ആ കുട്ടിക്ക് വയറിന് സുഖമില്ല എന്ന്. ഇവര്‍ കൊടുക്കുന്നത് ലാക്ടജന്‍ പാലും ഗ്ലൂക്കോസുമാണ്. വളരെ ശാസ്ത്രീയമായി അമ്മയുടെ പാലിന് ഒപ്പം നില്‍ക്കുന്ന പാല് കൊടുക്കാനുള്ള ഫോര്‍മുലയുണ്ട്. ഇടവേളകള്‍ ശ്രദ്ധിച്ചാണ് അത് കൊടുക്കേണ്ടത്. പക്ഷെ അതിന് പകരം പരമ്പരാഗത രീതിയില്‍ ലാക്ടജനും ഗ്ലൂക്കോസും കൊടുക്കുന്നത് കൊണ്ടാണ് അതിന് വയറിളക്കം വന്നതും. നമ്മള്‍ ചെന്നപ്പോള്‍ അതെല്ലാം മറക്കാന്‍ ശ്രമിച്ചെങ്കിലും നിലമെല്ലാം കഴുകിയിരിക്കുന്നത് കണ്ടപ്പോള്‍ തന്നെ നേരത്തെ കേട്ടത് സത്യമാണെന്ന് മനസ്സിലായി. ആ കുട്ടിയാണെങ്കില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നില്ല. ആ ചെറിയ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. പിന്നെ ജനലിനടുത്ത് വന്ന് തുമ്പിക്കൈ നീട്ടും. പുറത്തേക്ക് നീട്ടുന്ന തുമ്പിക്കൈയിലൂടെ വെള്ളമൊഴുകും. അതിനെ തൊടാന്‍ വേണ്ടിയാണ്. ആനകളെ സംബന്ധിച്ച് തൊടല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മളെ തൊടീക്കാത്തത് മനസ്സിലാവും. പക്ഷെ അതിന്റെ കൂടെ കഴിയുന്ന മനുഷ്യനെപ്പോലും തൊടാന്‍ സമ്മതിക്കുന്നുമില്ല.

ആ കുഞ്ഞ് നടക്കുന്നത് കണ്ടാല്‍ അറിയാം അത് ന്യൂറോട്ടിക് ആണെന്ന്. തുമ്പിക്കൈ അകത്തേക്കെടുത്താന്‍ പിന്നെ നിര്‍ത്താത്ത നടത്തം തുടരും. അമ്മയുടെ മരണവും ഇത്രയും ദൂരമുള്ള യാത്രയും പിന്നെയുള്ള ഈ നടത്തുവുമെല്ലാംകൂടി ആ കുഞ്ഞ് ആകെ തളര്‍ന്നിരിക്കുകയാണ്. അവിടെ നില്‍ക്കുന്ന മറ്റ് ആനക്കുട്ടികളുണ്ട്. ഒരു കളിയുമില്ല ഉഷാറുമില്ലാതെ. കുറച്ചുപുല്ല് ഇട്ട് കൊടുത്തിട്ട് അവരെ പുറത്തുനിര്‍ത്തിയിരിക്കുകയാണ്. എങ്കില്‍ പോലും ആ കുട്ടികളുടെ കൂടെയെങ്കിലും ഇതിനെ വിട്ടാല്‍ അതിന്റെ ഒറ്റപ്പെടലെങ്കിലും മാറുമായിരുന്നു. അത് ചോദിക്കുമ്പോള്‍ അധികൃതര്‍ പറയുന്നത് അവര്‍ ഇതുപോലെയാണ് ആ നാല് ആനക്കുട്ടികളേയും വളര്‍ത്തിയതെന്നാണ്.

നൂറ്റമ്പത് കോടിയുടെ എന്തോ പദ്ധതി അവിടെ വരുന്നുണ്ട്. അതിന് അവിടെ ആനക്കുട്ടികളെ വേണം. അതാണ് അവരുടെ പ്രധാന ഉദ്ദേശം. പൊന്നുണ്ണിയെ തിരികെ കാട്ടിലെത്തിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ആവശ്യം. അതാനായാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും. മനുഷ്യരുമായി സംസര്‍ഗം വന്നാല്‍ ആനക്കുട്ടികളെ ആന സമൂഹം തിരിച്ചെടുക്കില്ല എന്നത് വനംവകുപ്പ് ഉണ്ടാക്കിയെടുത്ത കള്ളമാണ്. വിദഗ്ദ്ധരോട് സംസാരിക്കുമ്പോള്‍ അവരെല്ലാം അതാണ് പറയുന്നത്. അത് മാത്രമല്ല, ആനക്കുട്ടികളെ വളര്‍ത്തുന്നത് അതിന്റെ അമ്മ മാത്രമല്ല. ഒരു കൂട്ടമാണ് അതിനെ വളര്‍ത്തുന്നത്. ഒരമ്മ നഷ്ടപ്പെട്ടാല്‍ വേറെ അമ്മമാരുണ്ടാവും. അച്ഛനുണ്ടാവും. ആനക്കുട്ടി ഉള്‍പ്പെട്ടതല്ലാത്ത മറ്റ് ആനക്കൂട്ടങ്ങള്‍ വരെ കുട്ടിയെ സ്വീകരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെല്ലാം സമയമെടുത്തേക്കും. കുഞ്ഞിനേയും കൊണ്ട് പോയി പതിയെ അവര്‍ക്ക് പരിചയപ്പെടുത്തി, ഉപദ്രവിക്കുന്നുണ്ടോ എന്ന് പരിശോധിച്ച്, അങ്ങനെ ഘട്ടംഘട്ടമായേ അത് നടക്കൂ. പക്ഷെ അത് ചെയ്യണമെങ്കില്‍ ഇച്ഛാശക്തി വേണം. അതില്ല. അതിനേക്കാള്‍ എളുപ്പം ഇതാണല്ലോ. കുഞ്ഞിനെ നാട്ടില്‍ കൊണ്ടു വന്ന് രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോള്‍ മെരുക്കാന്‍ തുടങ്ങും. അത് കഴിഞ്ഞാല്‍ മറ്റ് കുഞ്ഞുങ്ങളുടേത് പോലെ തന്നെയാവും. മനുഷ്യത്വമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കാട്ടില്‍ ജീവിക്കേണ്ട ഒരു കുഞ്ഞിനെ നാട്ടില്‍ കൊണ്ടുവന്ന് മെരുക്കിയെടുത്ത് പിന്നീടുള്ള നാല്‍പ്പതോ അമ്പതോ വര്‍ഷങ്ങള്‍ അതിന് നരകം സമ്മാനിക്കുകയാണ് ചെയ്യുന്നത്.”

എന്നാല്‍ ആനക്കുട്ടിയെ നല്ല രീതിയിലാണ് സംരക്ഷിക്കുന്നതെന്നും അതിന് ലാക്ടജന്‍ പാലിനൊപ്പം മറ്റ് പോഷകങ്ങളും ലഭ്യമാക്കുന്നുണ്ടെന്നുമാണ് കോട്ടൂര്‍ ഗജപരിപാലന കേന്ദ്രത്തിലെ ഡോക്ടര്‍ സി.എസ്. ജയകുമാര്‍ പറയുന്നത്. തെറ്റായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സ്വയം പേരെടുക്കാന്‍ ഉദ്ദേശിച്ചവരാണ് ഇപ്പോള്‍ ആനക്കുട്ടിയുടെ സംരക്ഷണമെന്ന പേരില്‍ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡോക്ടറുടെ വാക്കുകള്‍: “പാല് കുടിച്ചുകഴിഞ്ഞാല്‍ ആനക്കുട്ടി ഉറങ്ങും. ആ ഉറക്കത്തിനിടയില്‍ ശല്യം ചെയ്താല്‍ പിന്നെ അത് ഉറങ്ങില്ല. ക്വാറന്റൈന്‍ പിരീഡ് കഴിയാതെ ആനക്കുട്ടിയെ പുറത്തിറക്കാന്‍ കഴിയില്ല. കാരണം അതിന് രോഗം ഉണ്ടോയെന്ന് നോക്കണം, ആരോഗ്യം ശരിയാണോ എന്ന് പരിശോധിക്കണം. അതിനായി ഐസലേറ്റ് ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ആനകള്‍ കാട്ടിലും നടന്നുകൊണ്ടേയിരിക്കുന്നവരാണ്. ഒരു കുട്ടി അവരുടെ കൂട്ടത്തില്‍ നിന്ന് വേര്‍പെട്ട് പോയാല്‍ പിന്നീട് അതിനായി കാത്ത് നില്‍ക്കാനൊന്നും ആനകള്‍ നില്‍ക്കില്ല. അവര്‍ നടപ്പ് തുടരും. അവരവരുടെ കുട്ടികളെ മാത്രമേ ആനകള്‍ സ്വീകരിക്കൂ. അല്ലാതെ ഒരു ആനക്കൂട്ടം ഇതിനായി ശ്രമിക്കുകയോ കാത്തിരിക്കുകയോ ഇല്ല. അങ്ങനെ അവര്‍ ഈ ആനക്കുട്ടിയെ കളഞ്ഞിട്ടുണ്ടാവും.

ലാക്ടജന്‍ പാലും ഗ്ലൂക്കോസും മാത്രമാണ് നല്‍കുന്നതെന്നത് തെറ്റിദ്ധാരണയാണ്. വേണ്ട പോഷകങ്ങള്‍ പാലിനൊപ്പം നല്‍കാറുണ്ട്. അങ്ങനെതന്നെയാണ് ഈ ആനക്കുട്ടികളെയെല്ലാം വളര്‍ത്തിയത്. ആര്‍ക്കും ഒരു ആരോഗ്യപ്രശ്‌നവുമില്ല. പിന്നെ തറ നനഞ്ഞ് കിടക്കുന്നു എന്നൊക്കെ പറഞ്ഞാല്‍, കാട്ടിലെന്താ ആനകള്‍ കാറ്റത്തും മഴയത്തും കുട പിടിച്ചാണോ നടക്കുക? കാട്ടില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലിലൊന്നുമല്ലല്ലോ ആനകളുടെ താമസം. കാറ്റും മഴയുമൊക്കെ കൊണ്ട് തന്നെയല്ലേ? മൂന്നാര്‍ മേഖലയില്‍ ആനകളില്‍ ഹെര്‍പ്പിസ് കാണപ്പെടുന്നതിനാല്‍ ഈ കുട്ടിക്ക് അത് ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം. അതിനാണ് 30 ദിവസത്തെ ക്വാറന്റൈന്‍ പിരീഡ് തീരുമാനിച്ചിരിക്കുന്നത്. പിന്നെ ആനക്കുട്ടിയെ കൊണ്ടുവന്ന് പീഡിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നവര്‍ അവരവര്‍ക്ക് പേരും പ്രശസ്തിയും നേടാന്‍ മാത്രം പറയുന്നവരാണ്. അതിന് പറ്റിയ വഴി മൃഗസ്‌നേഹമാണ്. ഇക്കാര്യങ്ങളൊന്നും എന്റെയടുത്ത് ഇതേവരെ ആരും ചോദിച്ചിട്ടില്ല. അവര്‍ക്ക് അത്ര വിയോജിപ്പുണ്ടെങ്കില്‍ ആനയെ വളര്‍ത്താന്‍ അവരെ ഏല്‍പ്പിക്കാം.”

ആനക്കുട്ടിയെ തിരികെ കാട്ടിലേക്കയയ്ക്കാന്‍ തങ്ങളാലാവുന്നത് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടാണ് ഒടുവില്‍ കോട്ടൂരിലേക്ക് മാറ്റിയതെന്ന് ചിന്നക്കനാല്‍ ഫോറസ്റ്റ് റേഞ്ചിലെ ഡോക്ടര്‍ അബ്ദുള്‍ ഫത്താ പറയുന്നു. മരിച്ച അമ്മയാനയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയതും ഈ ഡോക്ടറാണ്: “ചിന്നക്കനാല്‍ ഫോറസ്റ്റ് എന്നുപറയുന്നത് മറ്റ് ഫോറസ്റ്റുകളെപ്പോലെയല്ല. അത്ര കൊടും കാടല്ല. സത്യത്തില്‍ വനം എന്ന് പറയാന്‍ പോലും പറ്റാത്ത സ്ഥലമാണ്. യൂക്കാലി പ്ലാന്റേഷനാണ് പ്രധാനമായും. അതിനോട് ചേര്‍ന്ന് ടൗണും ഉണ്ട്. മൂന്ന് സ്‌ക്വയര്‍ കിലോമീറ്ററിലധികം വിസ്തൃതിയില്ലാത്ത കാട്ടില്‍ രണ്ട് ആന സമൂഹങ്ങളാണുള്ളത്. മുപ്പത് ആനകളേക്കാള്‍ കൂടുതല്‍ അവിടെ കാണണമെന്നില്ല. അതില്‍ ഏതോ ഒരു സമൂഹത്തിലെ കുട്ടിയാണ് ടൗണിലേക്കിറങ്ങിയത്. സാധാരണഗതിയില്‍ മുളകൊണ്ടെന്നല്ല, കോണ്‍ക്രീറ്റ് കൂടുണ്ടാക്കിയിട്ടാലും ആനകള്‍ കുഞ്ഞുങ്ങളെ കൊണ്ടുപോവും. എന്നാല്‍ ഈ കേസില്‍ അതുണ്ടായില്ല. കുട്ടിയെ പിടിച്ച് ഞങ്ങള്‍ കാട്ടിലേക്ക് കയറ്റിവിട്ടതുമാണ്. ചാടി വെളിയില്‍ പോവാതിരിക്കാന്‍ ജീവനക്കാരെ വനാതിര്‍ത്തിയില്‍ നിര്‍ത്തുകയും ചെയ്തു. പക്ഷെ കുട്ടി തിരിച്ചുവന്നു. മുളകൊണ്ടുള്ള കൂട്ടില്‍ സൂക്ഷിച്ചപ്പോള്‍ ഒരു ആനസമൂഹം വന്ന കുട്ടിയെ തൊട്ട് നോക്കി തിരികെ പോയി. വേറെ സമൂഹത്തില്‍ പെട്ടതാണെങ്കില്‍ മറ്റ് ആനകള്‍ കുട്ടിയെ സ്വീകരിക്കില്ല. എന്നുമാത്രമല്ല, ആ ആനസമൂഹത്തില്‍ വേറെ അമ്മയാനകളില്ലെങ്കില്‍ കുട്ടി ഒരു വര്‍ഷം പോലും സര്‍വൈവ് ചെയ്യില്ല. സത്യത്തില്‍ വനംവകുപ്പിന് ആനകളെ തിരികെ അയയ്ക്കണമെന്ന് തന്നെയാണ്. കാരണം ഓരോ ആനയെ വളര്‍ത്തുന്നതിനും പത്ത് ലക്ഷം രൂപയെങ്കിലും ചെലവ് വരും. കോട്ടൂരേക്ക് മാറ്റിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. കൂട്ടിലടയ്ക്കുന്ന മൃഗങ്ങള്‍ ആദ്യം അസ്വസ്ഥരായിരിക്കും. ഇത് കൊമ്പനും കൂടിയാണ്. പിടിയാനകളാണെങ്കില്‍ അത്രയും പ്രശ്‌നം വരില്ല.”

എന്നാല്‍ ഇതിനെല്ലാം പിന്നില്‍ വലിയ മാഫിയാ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മൃഗസ്‌നേഹികള്‍ ആരോപിക്കുന്നത്. കാട്ടില്‍ നിന്ന് മൃഗങ്ങളെ പിടിച്ചുകൊണ്ട് വരാന്‍ പാടില്ല എന്ന നിയമം വന്നതോടെ ആനബിസിനസുകാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നാട്ടിലെ ആനകള്‍ ക്രമാതീതമായി ചത്തൊടുങ്ങുന്നതും കാട്ടില്‍ നിന്ന് പുതിയ ആനകളെ കൊണ്ടുവരാന്‍ കഴിയാത്തതും ആന ബിസിനസ് നടത്തുന്നവര്‍ക്ക് തിരിച്ചടിയാണ്. അതിനാല്‍ ആ പ്രതിസന്ധി മറികടക്കാന്‍ ഓരോ കാരണങ്ങള്‍ നിരത്തി ആനക്കുട്ടികളെ കാട്ടില്‍ നിന്ന് നാട്ടിലേക്കെത്തിക്കുക എന്നത് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയുടെ ഗൂഢ തന്ത്രമാണ്. അതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഗജപരിപാലന കേന്ദ്രത്തില്‍ മെരുക്കിയെടുത്ത ആനകളെ വനംവകുപ്പ് മറിച്ച് വിറ്റതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നും ഇത്തരത്തില്‍ കൊള്ളലാഭം പ്രതീക്ഷിച്ചാണ് ആനയെ കാട്ടിലേക്ക് തിരികെ വിടാതെ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് നാട്ടിലേക്കെത്തിച്ചതെന്നുമുള്ള ആരോപണമാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ അംഗമായ ജയചന്ദ്രന്‍ നായര്‍ ഉന്നയിക്കുന്നത്: “ആനകള്‍ വന്ന് കുട്ടിയെ തൊട്ട് നോക്കി എന്ന് പറഞ്ഞാല്‍ അവര്‍ ആ കുട്ടിയെ തിരിച്ചറിഞ്ഞു എന്നാണ്. അല്ലാതെ അവര്‍ തൊട്ട് നോക്കില്ല. പക്ഷെ മുളക്കൂടിനകത്തായതുകൊണ്ട് അവര്‍ തിരിച്ചുപോയതാകാം. ചിലപ്പോള്‍ വീണ്ടും വന്നേക്കാം. എന്ത് തന്നെയായാലും എത്ര സമയമെടുത്തിട്ടായാലും ആ കുട്ടിയെ ആനക്കൂട്ടങ്ങളുടെ അടുത്തെത്തിക്കാനുള്ള പരിപാടികളായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം പേരിന് എന്തൊക്കെയോ ചെയ്യുന്നു എന്ന് കാട്ടിക്കൂട്ടി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അതിനെ കോട്ടൂരേക്ക് എത്തിക്കുകയാണ്. ഇതിന് പിന്നില്‍ വലിയ ഒരു ഉദ്യോഗസ്ഥലോബി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ വനംവകുപ്പിനകത്ത് വൈല്‍ഡ്‌ലൈഫ് എക്‌സ്പര്‍ട്ടുകളില്ല എന്നതാണ് വലിയ പോരായ്മ. ആനകളുടെ പെരുമാറ്റ രീതികള്‍ പഠിച്ച് ഇങ്ങനെ ഒറ്റപ്പെട്ട് പോകുന്ന കുട്ടികളെ എങ്ങനെ ആനക്കൂട്ടത്തിലേക്ക് തിരികെ വിടാം എന്ന് അറിയാവുന്ന എക്‌സ്പര്‍ട്ടുകളെ ഉപയോഗിച്ച് അത് ചെയ്യുകയാണ് വേണ്ടത്. പകരം കുട്ടി പുറത്ത് വരുമ്പഴേ അതിന് ലാക്ടജന്‍ പാല് കലക്കിക്കൊടുത്ത് വിശപ്പ് മാറ്റുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കുട്ടിയെ എങ്ങനെയെങ്കിലും കാട്ടില്‍ നിന്ന് നാട്ടിലേക്ക് പിടിച്ചുകൊണ്ട് പോവുക എന്നത് തന്നെയാണ് അവരുടെ ഗുഢ ഉദ്ദേശം.

അതുമായി ചേര്‍ത്ത് വായിക്കേണ്ട ഒരു സംഗതിയുണ്ട്. കേരളത്തിലെ അവസാന ഉത്സവം നടക്കുന്നത് ഇരിങ്ങാലക്കുടയിലാണ്. അവിടെ ഉത്സവത്തിന് ശേഷം ചില നാട്ടുപ്രമാണികള്‍ ചര്‍ച്ച നടത്തി. ആനയുടെ എണ്ണം കുറയുന്നു, അതിനാല്‍ ഉത്സവ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുന്നു, കേരളസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആനകളെ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആ ലോബിക്കായി ആനകളെ പിടിച്ചുകൊണ്ട് പോവുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. കാട്ടിലേക്ക് ആനയെ കയറ്റിവിട്ട് ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ ആദ്യമെല്ലാം ആ കുട്ടിയെ സ്വീകരിക്കാതെ ആനക്കൂട്ടം തിരികെ പോയെന്നുമിരിക്കും. പക്ഷെ പിന്നീട് അത് സ്വീകരിച്ചെന്നുമിരിക്കും. അതിന് ആഴ്ചകളല്ല, ചിലപ്പോള്‍ മാസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വന്നേക്കാം. അതിനൊന്നും മിനക്കെടാതെ ഒന്നു ശ്രമിച്ചു പരാജയപ്പെട്ടാല്‍ ഉടനെ അവര്‍ റീഹാബിലിറ്റേഷന്‍ സെന്ററുകളിലേക്കാണ് എത്തിക്കുന്നത്. ആനകളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ലാഭം വനംവകുപ്പിനും ഉദ്യോഗസ്ഥര്‍ക്കും നന്നായറിയാം. പിടിയാനക്കുഞ്ഞാണെങ്കില്‍ ചിലപ്പോള്‍ അവര്‍ കാട്ടില്‍ തന്നെ ഉപേക്ഷിച്ചെന്നുമിരിക്കും.

പുറത്ത് കൊടുത്തില്ലെങ്കിലും ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന് തന്നെ ആനകളെ ആവശ്യമുണ്ട്. ടൂറിസത്തിന്റെ ഭാഗമായി ആനകളെ എഴുന്നള്ളിച്ച് കാശ് വാരാനും, ആന സവാരിക്കായി സഞ്ചാരികളെ ആകര്‍ഷിക്കാനുമെല്ലാം ആനകളെ വേണം. കോന്നിയില്‍ ആനസവാരിയൊരുക്കുന്നുണ്ട്. മറ്റ് പലയിടങ്ങളിലും ടിക്കറ്റ് വച്ച് ആനകളെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 120-തോളം വ്യത്യസ്ത ഇലകളും പുല്ലുകളും തിന്ന് ജീവിക്കേണ്ട ആനയാണ് ലാക്ടജന്‍ പാലും ഗ്ലൂക്കോസും കുടിച്ച് ജീവിക്കേണ്ടി വരുന്നതെന്ന് ആലോചിക്കണം. ഇനി ഹെര്‍പ്പിസിന്റെ പേര് പറഞ്ഞ് ആനക്കുട്ടിയെ കൂട്ടിലടക്കുന്നതിന് എന്ത് ന്യായമാണ് വനംവകുപ്പിന് പറയാനുള്ളത്? ഹെര്‍പ്പിസ് പിടിപെട്ട് മൂന്നാറിലോ മറ്റോ ഏതെങ്കിലും ആനകള്‍ ചരിഞ്ഞതായി റിപ്പോര്‍ട്ടുണ്ടോ? ആനകള്‍ ചരിഞ്ഞതെല്ലാം മറ്റ് പലകാരണങ്ങളാലുമാണ്. ഇനി, ഇവര്‍ പറയുന്നത് പ്രകാരം ആനകളില്‍ ഹെര്‍പ്പിസ് വ്യാപകമായി കണ്ടെത്തുന്നുണ്ടെങ്കില്‍ അത് തടയാനും രോഗം പടരാതിരിക്കാനുമുള്ള എന്ത് ദ്രുതകര്‍മ്മ നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചിട്ടുള്ളത്? കാട്ടിലെ ആനകള്‍ തണലില്‍ മാത്രമേ കിടക്കൂ. മഴ നനയുന്നത് പോലെയാണോ സിമന്റ് തറയിലെ തണുപ്പും, അതിലെ ഈര്‍പ്പവും ആനകളെ ബാധിക്കുക? കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടിയാണ് വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.”

പൊന്നുണ്ണിയെ തിരികെ കാട്ടിലേക്ക് അയയ്ക്കണമെന്ന് ഒരു പക്ഷം. അതിന് സാധ്യതയില്ലെന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ ഇങ്ങനെ തുടരുമ്പോഴും പൊന്നുണ്ണി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് അവന്‍ മോചിതനല്ല എന്നതാണ് യാഥാര്‍ഥ്യം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍