UPDATES

ട്രെന്‍ഡിങ്ങ്

സമരത്തീയില്‍ ബനാറസിലെ പെണ്‍കുട്ടികള്‍

ആണ്‍-പെണ്‍ വിവേചനവും ഈ ക്യാമ്പസില്‍ ശക്തമായി നടപ്പാക്കപ്പെടുന്നു

രാജ്യത്തെ സര്‍വകലാശാലകളില്‍ മൂന്നാംസ്ഥാനത്തുള്ള ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുകയാണ്. കാമ്പസിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ മൂന്നംഗംസംഘം അപമാനിച്ചു എന്ന പരാതി സര്‍വകലാശാല അവഗണിച്ചതനെതിരായാണ് വിദ്യാര്‍ത്ഥികള്‍ സമരമുഖത്ത് നില്‍ക്കുന്നത്. താന്‍ അപമാനിക്കപ്പെട്ടെന്നു പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയോട് ഹോസ്റ്റലില്‍ എത്താന്‍ സന്ധ്യ വരെ വൈകിയത് എന്തിനാണെന്നായിരുന്നു അധികൃതരുടെ ചോദ്യം. തങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി വിദ്യാര്‍ത്ഥിനികള്‍ രാജ്യത്തെ സര്‍വ്വകലാശാലകളില്‍ പ്രക്ഷോഭം നടത്തുന്നത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ പ്രക്ഷോഭം അഞ്ചാംദിവസം പിന്നിടുമ്പോഴും ബി.എച്ച്.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വത്തെക്കുറിച്ച് യാതൊരു ഉറപ്പും അധികൃതര്‍ക്ക് നല്കാന്‍ സാധിച്ചില്ല എന്ന് പറയുന്നത് ഒരുജനാധിപത്യ സര്‍ക്കാറിനും ഭൂഷണമല്ല.

വ്യാഴാഴ്ച രാത്രിയാണ് ഇപ്പോഴത്തെ സമരത്തിന് ആസ്പദമായ സംഭവം ഉണ്ടാവുന്നത്. ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഭവം അരങ്ങേറുമ്പോള്‍ മീറ്ററുകള്‍ക്കപ്പുറം ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് പെണ്‍കുട്ടിയുടെ രക്ഷയ്‌ക്കെത്താതെ നിഷ്‌ക്രിയനായി നില്‍ക്കുക മാത്രമാണു ചെയ്തതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. അക്രമത്തില്‍ ഭയന്ന പെണ്‍കുട്ടി, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു ശേഷമാണ് പരാതി കൊടുക്കാന്‍ തയ്യാറായത്. പരാതിയുമായി വാര്‍ഡനെ സമീപിച്ചപ്പോള്‍, പെണ്‍കുട്ടിക്കെതിരെയാണു വാര്‍ഡന്‍ സംസാരിച്ചത്. ഹോസ്റ്റലിലേക്ക് തിരിച്ചെത്താന്‍ വൈകിയതു എന്താണെന്നും, അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും പറഞ്ഞു വാര്‍ഡന്‍ പരാതി അവഗണിക്കുകയായിരുന്നത്രെ.

ഈ പ്രതികരണത്തെ തുടര്‍ന്ന് വാര്‍ഡന്റെ ഓഫീസിന് പുറത്തും, യൂണിവേഴ്‌സിറ്റി ഗേറ്റിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയില്‍ ഉള്ളപ്പോഴാണ് ഈ പ്രതിഷേധം. വെള്ളിയാഴ്ചയോടെ മറ്റ് ഹോസ്റ്റലുകളിലെ പെണ്‍കുട്ടികളും സമരത്തില്‍ അണിചേര്‍ന്നു. എന്നാല്‍ സര്‍വ്വകലാശാലയും വൈസ് ചാന്‍സിലറും സമരത്തെ നേരിട്ടത് ഒട്ടും ജനാധിപത്യപരമായ രീതിയിലല്ല എന്നാണ് ആക്ഷേപം. സമരത്തിനു നേതൃത്വം കൊടുത്ത പത്തു പെണ്‍കുട്ടികളെ ചേംബറിലേക്കു വിളിപ്പിച്ച വൈസ് ചാന്‍സിലര്‍, പരാതി കേള്‍ക്കാന്‍ പോലും തയ്യാറാവാതെ അവര്‍ക്ക് സസ്‌പെന്‍ഷന്‍ കൊടുക്കുകയാണ് ചെയ്തത്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുകയും, പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പകരം സസ്‌പെന്‍ഷന് ഉത്തരവിടുകയും ചെയ്യുന്ന വൈസ് ചാന്‍സലര്‍മാരുടെ പട്ടികയിലേക്ക് തന്റെ പേര് കൂടെ എഴുതിചേര്‍ക്കുകയായിരുന്നു വി.സി ഗിരീഷ് ചന്ദ്ര ത്രിപാഠിയെന്ന് വിദ്യാര്‍ത്ഥികള്‍ പരിഹസിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരേയുള്ള ശിക്ഷ നടപടി സസ്‌പെന്‍ഷന്‍ കൊണ്ടും അവസാനിച്ചില്ല. ശനിയാഴ്ച കാമ്പസില്‍ പോലീസ് എത്തുകയും, സമരത്തെ ലാത്തികൊണ്ടു നേരിടുകയുമാണ് ചെയ്തത്. നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് പോലീസ് ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റു. തങ്ങളുടെ സുരക്ഷയ്ക്കായി സര്‍വകലാശാല നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു ലാത്തി ചാര്‍ജ്ജ്. സമരക്കാര്‍ തങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞപ്പോഴാണ് ലാത്തി വീശിയതെന്നും, സമരത്തില്‍ പങ്കെടുക്കുന്നവര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അല്ലെന്നുമാണ് പോലീസ് പക്ഷം. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയ്ക്കു വേണ്ടി നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍വ്വകലാശാല പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുന്ന സമരക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. ശനിയാഴ്ചത്തെ പോലീസ് ലാത്തി ചാര്‍ജ്ജിന് ശേഷം ബനാറസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ ഞായറാഴ്ച കാമ്പസില്‍ നിശബ്ദ മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു. വലിയ വിഭാഗം ആണ്‍കുട്ടികളും സമര്‍ത്തിനും മാര്‍ച്ചിനും പിന്തുണയുമായി എത്തി. എന്നാല്‍ നിശബ്ദ മാര്‍ച്ചിനു നേരേയും പോലീസ് ആക്രമണം ഉണ്ടായെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Also Read: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭപാതയില്‍; സമരരംഗത്ത് ഏറ്റവും മികച്ച സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍

കാമ്പസില്‍ സുരക്ഷയ്ക്കായി സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക, കാമ്പസില്‍ വഴിയോര വിളക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, യൂണിവേസിറ്റി അധികൃതരുടെ ലിംഗവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണു തങ്ങള്‍ ഈ കിരാത നടപടികള്‍ നേരിടുന്നതെന്നാണു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നിലവില്‍ പുറത്തുനിന്നുള്ള ആളുകള്‍ക്ക് കാമ്പസില്‍ പ്രവേശിക്കുന്നതിന് യാതൊരു വിധത്തിലുള്ള വിലക്കുകളുമില്ല. കാമ്പസിനുള്ളില്‍ ഒരു ആശുപത്രി ഉള്ളത് കൊണ്ട് സംസ്ഥാനത്തെ പല പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഗേറ്റിനുള്ളില്‍ എത്താറുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് സാധിക്കില്ലെങ്കില്‍, കുറഞ്ഞ പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സുരക്ഷ കൊടുക്കാന്‍ യൂണിവേസിറ്റി തയ്യാറാവണം എന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

"</p

അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാമ്പസുകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല. പോണ്ടിച്ചേരിയും ഹൈദരബാദും മദ്രാസ് ഐ.ഐ.ടിയും ജെ.എന്‍.യുവും എല്ലാം കടന്ന് ബനാറസിലേക്കു വ്യാപിച്ചിരിക്കുകയാണ് സമരങ്ങളോട് അധികാരികള്‍ക്കുള്ള അസഹിഷ്ണുത.

മറ്റ് കാമ്പസുകളെ അപേക്ഷിച്ച് രാഷ്ട്രീയസംഘടനകളുടെ പ്രവര്‍ത്തനം നാമമാത്രമാണ് ബനാറസില്‍. ഇവിടെ സ്റ്റുഡന്റ്സ് യൂണിയനുമില്ല. വിദ്യാര്‍ഥിനികള്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ട്. ക്യാമ്പസില്‍ ആണ്‍കുട്ടികള്‍ക്ക് രാത്രി പത്തു മണി വരെ ചിലവഴിക്കാമെങ്കില്‍ വനിതാ ഹോസ്റ്റലുകളില്‍ പലതിലും പല സമയമാണ്, ഒരു ഹോസ്റ്റലില്‍ ആറു മണിയും ബാക്കി ഹോസ്റ്റലുകളില്‍ എട്ടു മണിയും. ഏതാനും മിനിട്ടുകള്‍ വൈകിയാല്‍ പോലും തങ്ങള്‍ നോട്ട് ചെയ്യപ്പെടുകയും ഗാര്‍ഡുകള്‍ പേരെഴുതി വയ്ക്കുകയും ചെയ്യുമെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. മൂന്ന് തവണ ഇതാവര്‍ത്തിച്ചാല്‍ അടുത്ത തവണ ഹോസ്റ്റല്‍ അലോട്ട്മെന്റ് നടക്കുന്ന സമയത്ത് ഇവരെ ബ്ലാക്ക്ലിസ്റ്റില്‍ പെടുത്തും, കൂടാതെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും ആണ്‍കുട്ടികള്‍ക്ക് ബാധകമല്ല. ഇതൊന്നും നിയമപരമായി എവിടെയും പറഞ്ഞിട്ടില്ലെങ്കിലും അധികൃതര്‍ നടപ്പാക്കുകയാണ്. ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും ഇവര്‍ നേരിടുന്നത് വിവേചനമാണ്. നോണ്‍-വെജ് ഭക്ഷണമെന്ന പേരില്‍ ആഴ്ചയില്‍ ഒരിക്കല്‍ വനിതാ ഹോസ്റ്റലുകളില്‍ മുട്ടക്കറി നല്‍കുമ്പോള്‍ പുരുഷ ഹോസ്റ്റലുകളില്‍ ശനിയാഴ്ചകളില്‍ ചിക്കനും ലഭ്യമാണ്.

ശക്തമായ രാഷ്ട്രീയ നേതൃത്വമില്ലാത്തത് ബനാറസ് സമരത്തെ പ്രതികൂലമായി ബാധിക്കുമോ, അതോ വിദ്യാര്‍ത്ഥികള്‍ക്ക് അവസരത്തിനൊത്ത് നേതൃസ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. സംഭവത്തിന് പിന്തുണയുമായി എല്ലാ കാമ്പസുകളിലേയും പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. രാഷ്ട്രീയമായി ബനാറാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു സഹായകമാവും എന്ന് പ്രതീക്ഷിക്കുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍