UPDATES

ഓഫ് ബീറ്റ്

ഒരു കൂട്ടം ബംഗളൂരു മലയാളികളുടെ മതിലുകളില്ലാത്ത ലോകം

സര്‍ജയ്പൂരിനടുത്തുള്ള ഒരു ഗ്രാമ പ്രദേശമാണിത്. ഇവിടുത്തെ വീടുകള്‍ക്ക് മതിലുകള്‍ ഇല്ല

മതിലുകളില്ലാത്ത ലോകം സൗഹൃദങ്ങള്‍ സമ്മാനിക്കും. നഗരങ്ങളിലെ സൗഹൃദങ്ങള്‍ പലപ്പോഴും ‘ഔദ്യോഗിക’മാണ്. പലതിലും ഒരു കൃത്രിമത്വം കാണും. മലയാളികള്‍ സൗഹൃദബന്ധങ്ങളും അയല്‍ബന്ധങ്ങളും എല്ലാം ഇഷ്ടപ്പെടുന്നവരാണ്. ഏതു നാട്ടില്‍ ചെന്നാലും മലയാളികള്‍ അതിനുള്ള സാഹചര്യമുണ്ടാക്കും. നിലവില്‍ കേരളത്തില്‍ പോലും ഇത്തരം അയല്‍പക്ക ബന്ധവും, കൂട്ടായ്മയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മലയാള നാടിന് പുറത്ത് ബംഗളുരു നഗരത്തിലെ ഒരു കൂട്ടായ്മ പഴയപ്പോലെ ബന്ധങ്ങള്‍ വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ്. അതിനായി അവര്‍ ആദ്യം ചെയ്തത് നഗര തിരക്കുകളില്‍ നിന്ന് അല്‍പം മാറി മതിലുകളില്ലാത്ത ഒരു ലോകത്തേക്ക് ചേക്കേറുകയായിരുന്നു. സര്‍ജയ്പൂരിനടുത്തുള്ള ഒരു ഗ്രാമ പ്രദേശം ഇന്നറിയപ്പെടുന്നത് ക്രിസ്റ്റല്‍ ക്യാമ്പസ് എന്നാണ്. നൂറോളം വീടുകള്‍ ഉള്ള ഇവിടം മറ്റു നഗര സംസ്‌കാരങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അവിടുത്തെ വീടുകള്‍ക്ക് മതിലുകള്‍ ഇല്ല. ഇവിടെ കൂടുതലും താമസിക്കുന്നത് മലയാളികളാണ്.

പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രദേശത്ത് വലിയ കെട്ടിടങ്ങള്‍ വന്ന് അത്യാവശ്യം ടൗണ്‍ഷിപ്പായിയെങ്കിലും ഇവര്‍ തങ്ങളുടെ മതിലുകളില്ലാത്ത ലോകം തുടര്‍ന്നു. ക്രിസ്റ്റല്‍ ക്യാമ്പസിന് ചുറ്റുമുള്ള ഒരു മതിലൊഴിച്ച് അതിനുള്ളില്‍ മതിലുകളില്ല. മതിലുകളും, ഗേറ്റും നിര്‍മിച്ചു രണ്ടു വീടുകളിലേക്കുള്ള ബന്ധങ്ങള്‍ കൊട്ടിയടക്കുന്നതിനു പകരം ഇവിടെ ഒരു വീടിനും മതിലുകള്‍ ഇല്ല. അതുകൊണ്ടു തന്നെ ഇവരുടെ ബന്ധങ്ങള്‍ ഊഷ്മളമാണ്. ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള ഐടി ഉദ്യോഗസ്ഥരാണ് ഇവിടെ താമസക്കാരായുള്ളത്. തിരക്കുപിടിച്ച ജീവിത സാഹചര്യത്തിലും ഇവരുടെ സുഹൃത് ബന്ധങ്ങള്‍ക്ക് ആഴമുണ്ട്. വീടുകളും ഫ്‌ളാറ്റുകളും വന്നപ്പോള്‍ ഈ പ്രദേശത്തു ഒരുപാട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വന്നെങ്കിലും അതിനെ തരണം ചെയ്യുകയാണ് ഇവിടുത്തെ കൂട്ടായ്മ (ബംഗളുരു ക്രിസ്റ്റല്‍ കൂട്ടായ്മ). ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത് വീട്ടമ്മമാരാണ് എന്ന പ്രത്യേകതയുമുണ്ട്.

മിനി ഫോറെസ്‌റ് സോണ്‍, മഴവെള്ള സംഭരണി, എല്ലാ വീടിന്റെ ടെറസിലും അടുക്കള തോട്ടം, ബയോ ഗ്യാസ് പ്ലാന്റ് എന്നീ കാര്യങ്ങളെല്ലാം ഇവിടുത്തെ വീട്ടമ്മമാരുടെ പരിശ്രമ ഫലമാണ്. കെട്ടിട നിര്‍മാണത്തിന് വേണ്ടി മുറിച്ച മരങ്ങള്‍ക്കു പകരം കൂടുതല്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയാണു ഈ വീട്ടമ്മമാര്‍ മാതൃക ആയത്. കൂടാതെ ഇവര്‍, നൂറു വര്‍ഷത്തോളം പഴക്കമുള്ള അരയാലിനെയും പ്രദേശവാസികള്‍ ഇപ്പോഴും ആരാധിക്കുന്ന അത്തിമരത്തേയും സംരക്ഷിക്കുന്നുമുണ്ട്. ഈ അത്തിമരത്തെ പ്രദേശ വാസികള്‍ ‘അമ്മ മരം’, ‘ദേവമരം’ എന്ന നിലയിലാണ് കാണുന്നത്. ദുരന്തങ്ങളില്‍ നിന്ന് നാടിനെ ഈ വൃക്ഷം സംരക്ഷിക്കും എന്നാണ് ഇവരുടെ വിശ്വാസം. മുമ്പ് ഇവിടെ കെട്ടിടം പണിതപ്പോള്‍ പല തവണ തകര്‍ന്നു. പ്രദേശവാസികളുടെ അഭ്യര്‍ഥന മാനിച്ച് ഈ വൃക്ഷത്തെ സംരക്ഷിക്കുന്ന വേണ്ട നടപടികള്‍ കൈക്കൊണ്ടതിന് ശേഷമാണ് കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. തങ്ങളുടെ ആരാധനയില്‍ ഈ മരത്തിന് നല്ല പ്രാധാന്യമാണ് ഗ്രാമവാസികള്‍ നല്‍കുന്നത്. വിശ്വാസമില്ലാത്ത കൂട്ടായ്മയിലെ അംഗങ്ങള്‍ പോലും മരത്തിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ മുന്നിലുണ്ട്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ വെട്ടിയപ്പോള്‍ വ്യത്യസ്തമായ സമരരീതിയായാണ് ഇവര്‍ നടത്തിയത്. വഴിവക്കില്‍ വൃക്ഷതൈകള്‍ വെച്ചു പിടിപ്പിച്ചാണ് തങ്ങളുടെ പ്രതിഷേധം ഇവര്‍ അറിയിച്ചത്.

നാട്ടിന്‍പുറത്തുപോലെ വീടിനോട് ചേര്‍ന്നും കളിസ്ഥലത്തും മാവ്, സപ്പോട്ട, മാതളം, മാവ്, നെല്ലി, ചാമ്പ ഉള്‍പ്പടെയുള്ള ഫലവൃക്ഷാദികള്‍ നട്ടു വളര്‍ത്തി ഒരു പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ബംഗളുരുകാര്‍ക്ക് അത്ര എളുപ്പമല്ലാത്ത മട്ടുപ്പാവിലെ കൃഷിയും ഇവിടെ തുടങ്ങിയിട്ടുണ്ട്. മണ്ണ്, വളം, വെള്ളം എന്നിവ എല്ലാം പണം കൊടുത്തു വാങ്ങേണ്ട സാഹചര്യമാണ് ഇവിടെ. എന്നിട്ടും ഇവിടുത്തെ ടെറസുകളില്‍ വഴുതിന, തക്കാളി പയര്‍, വെണ്ടയ്ക്ക എന്നിവ കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്തിട്ടുണ്ട് കൂട്ടായ്മയിലെ സ്ത്രീകളും പുരുഷന്മാരും. ഇത്തവണ വിഷുവിന് നാട്ടില്‍ പോവാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് തങ്ങളുടെ കൃഷിഫലം കൊണ്ടാണ് കണിയൊരുക്കിയത്. നഗരത്തിനുള്ളില്‍ ബംഗളൂരുവിലെ മലയാളി യുവ തലമുറ പഴയ നമ്മുടെ നാട്ടിപുറത്തെ നന്മകള്‍ ഒരുക്കിയെടുക്കുകയാണ്. മറുനാടന്‍ മലയാളി കൂട്ടായ്മകള്‍ക്ക് മാത്രമല്ല കേരളത്തിലും മാതൃകയാണ് ഈ കൂട്ടായ്മകളുടെ പ്രവര്‍ത്തികള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കാര്‍ത്തിക പനങ്കാവില്‍

കാര്‍ത്തിക പനങ്കാവില്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കോഴിക്കോട് ഡോണ്‍ ബോസ്‌കോ കോളേജില്‍ അധ്യാപികയായിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍